എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-56)
കൂക്കാനം റഹ് മാന്‍
(www.kvartha.com 03.01.2021) കുട്ടിക്കാലം അവിസ്മരണീയമാണ് എല്ലാവര്‍ക്കും. 55 വയസ്സിലെത്തി നില്‍ക്കുന്ന ജനാര്‍ദ്ദനന്‍ എന്ന എന്റെ അനൗപചാരിക പഠന കേന്ദ്രത്തിലെ പഠിതാവ് തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കിടുകയാണ്. 'മൂന്നാം ക്ലാസില്‍ നിന്നും ജയിച്ചു നാലിലെത്തി. ഒമ്പത് വയസ്സായി കാണും. സ്‌ക്കൂളില്‍ പോകാന്‍ മടി. സ്‌ക്കൂളില്‍ പോകാനും പഠിക്കാനും ഇഷ്ടമേയല്ല. തന്റെ പ്രായത്തിലുളള കൂട്ടുകാരെല്ലാം ബീഡി പണിക്കും മറ്റും പോവുകയാണ്. അവരെ ഒപ്പം കളിക്കാനൊന്നും കിട്ടുന്നില്ല. ആകെ ഒരു വിരസത. രാവിലെ സ്‌ക്കൂളിലേക്കാണെന്നും പറഞ്ഞ് സ്ലേറ്റും പുസ്തകവുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങും. പക്ഷേ സ്‌ക്കൂളിലെത്തില്ല. ഒരു കൂട്ടുകാരന്‍ ഭാരത് ബീഡിയില്‍ പണിയെടുക്കുന്ന ഒരാളുടെ വീട്ടില്‍ പോകുന്നുണ്ടെന്നറിഞ്ഞു. അവന്റെ കൂടെ ആ വീട്ടിലെത്തും. അവനോടൊപ്പം ബീഡിക്ക് നൂല് കെട്ടാന്‍ ഞാനും കൂടും. വൈകുന്നേരം നാലു മണികഴിഞ്ഞ് പുസ്തകവും സ്ലേറ്റും എടുത്ത് വീട്ടിലേക്ക് ചെല്ലും. വീട്ടുകാര്‍ സ്‌ക്കൂളില്‍ പോയി തിരിച്ചുവരുന്ന എനിക്ക് ഭക്ഷണവും മറ്റും തരും. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ സ്‌ക്കൂളില്‍ പോകാത്ത കാര്യം മാഷമ്മാര്‍ വീട്ടില്‍ പറയുന്നത്. അപ്പോള്‍ മാത്രമാണ് എന്റെ കളളത്തരം വെളിവായത്. തുടര്‍ന്നും സ്‌ക്കൂളില്‍ പോയില്ല. ഒന്നു രണ്ടു വര്‍ഷം ഭാരത് ബീഡി തെറുപ്പുകാരനായി ജീവിച്ചു. തുടര്‍ന്ന് ഓണക്കുന്നില്‍ ആരംഭിച്ച ദിനേശ് ബീഡി ബ്രാഞ്ചില്‍ തൊഴിലാളിയായി മാറി'.
ബീഡിക്കമ്പനയിലെ ചില സുഹൃത്തുക്കള്‍ വൈകുന്നേരമാവുമ്പോള്‍ പുസ്തകവുമായി എവിടേക്കോ പോവുന്നത് ജനാര്‍ദ്ദനന്റെ ശ്രദ്ധയില്‍ പെട്ടു. അവന്‍ അങ്ങിനെ പോകുന്ന സുഹൃത്തുക്കളോട് കാര്യം അന്വേഷിച്ചു. അവരാണ് കരിവെളളൂരില്‍ കാന്‍ഫെഡ് നടത്തുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് പറഞ്ഞത്. പകല്‍ സമയത്ത് പുസ്‌കങ്ങളുമെടുത്ത് സ്‌ക്കൂളില്‍ പോകാതെ ബീഡിക്ക് നൂല് കെട്ടാന്‍ പോയ ജനാര്‍ദ്ദനന്‍ ബീഡിക്കമ്പനിയില്‍ നിന്ന് രാത്രികാലത്ത് പുസ്തകവുമെടുത്ത് പഠിക്കാന്‍ പോകാന്‍ തുടങ്ങി.
സുഹൃത്തുക്കള്‍ എങ്ങിനെയാണോ ചെയ്യുന്നത് അതേ പോലെ പ്രവര്‍ത്തിക്കാനുളള മനസ്സാണ് ജനാര്‍ദ്ദനന്. വെളളൂരിലെ പവിത്രന്‍ മാഷ്, അന്തരിച്ച എ നാരായണന്‍ മാഷ്, അന്തരിച്ച കേരളീയന്‍ എന്നിവരില്‍ നിന്ന് പഠനകാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയ ജനാര്‍ദ്ദനന്‍ കാന്‍ഫെഡ് ഓഫീസില്‍ വന്ന് എന്നെ കണ്ടു.
പഠിച്ചാലുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും, അതിന് അനുഭവിക്കേണ്ട ബുദ്ധിമുട്ടുകളെക്കുറിച്ചും ഞാന്‍ വിവരിച്ചു കൊടുത്തു. ജനാര്‍ദ്ദനന് കാര്യങ്ങള്‍ കൃത്യമായി അറിയണം. അവന്റെ സംസാരവും കണിശതയുളളതാണ്. ജനാര്‍ദ്ദനന്‍ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കീനേരി കൃഷ്ണന്റെ മകനാണെന്ന് ഞാനറിഞ്ഞു. സാധാരണ സ്‌ക്കൂളിലെ പഠനം പോലെയാണോ ഇവിടെ ശിക്ഷയും മറ്റും ഉണ്ടാകുമോ തോല്‍വിയും ജയവുമൊക്കെയുണ്ടോ എന്ന ജനാര്‍ദ്ദനന്റെ സംശയങ്ങള്‍ക്കെല്ലാം ഞാന്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോള്‍ ക്ലാസിനു വരാന്‍ തയ്യാറായി. ക്ലാസിലും ഊര്‍ജ്ജസ്വലനാണ് ജനാര്‍ദ്ദനന്‍. എപ്പോഴും സംശയങ്ങള്‍ ചോദിച്ച് ക്ലീയറാക്കും ഗൗരവം മനസ്സിലുണ്ടെങ്കിലും അത് പുറത്ത് കാണിക്കില്ല. ചിരിച്ചുകൊണ്ടേ സംശയങ്ങളും മറ്റും ചോദിക്കൂ...
ജനാര്‍ദ്ദനന്‍ തുടര്‍ വിദ്യാകേന്ദ്രത്തില്‍ ഒരു വര്‍ഷം പഠിച്ചു. പരീക്ഷയും സര്‍ട്ടിഫിക്കേറ്റും ഒന്നും ആവശ്യമില്ലായിരുന്നു. ജീവിതത്തിന് ആവശ്യമായ കണക്ക്, ഇംഗ്ലീഷ്, മാതൃഭാഷ ഇവ പഠിക്കണം എന്നേ ലക്ഷ്യമുണ്ടായുളളൂ. അത് ഒരു വര്‍ഷക്കാലം നീണ്ടു നിന്ന പഠനം വഴി അവന്‍ നേടിയെടുത്തു. ക്ലാസിന് വന്നു കൊണ്ടിരിക്കുന്ന സമയം തന്നെ ഡ്രൈവിംഗ് പഠനവും നടത്തി. ഇതറിഞ്ഞ ജ്യേഷ്ഠന്‍ ഒരു ജീപ്പ് വാങ്ങിക്കൊടുത്തു. പിന്നെ അതിലായി കൂടുതല്‍ താല്‍പര്യം അക്കാലത്ത് നാട്ടില്‍ ടാക്‌സിയും മറ്റും കുറവായിരുന്നു. എന്തെങ്കിലും ഓട്ടം കിട്ടിയാല്‍ ജനാര്‍ദ്ദനന്‍ ചെല്ലും. അന്ന് ക്ലാസില്‍ വരില്ല. പക്ഷേ ആ കാര്യത്തിലും അവന്‍ മാന്യത കാണിച്ചു. അനുവാദം വാങ്ങിയിട്ടേ ഓട്ടത്തിന് പോകൂ...
ക്ലാസില്‍ പഠിക്കാന്‍ വന്നതില്‍ ഉണ്ടായ നേട്ടത്തിനെക്കുറിച്ചും ജനന്‍ പറയുന്നതിങ്ങിനെ 'തെറ്റു കൂടാതെ മലയാളം എഴുതാന്‍ സാധിച്ചു. അത്യാവശ്യമുളള ഇംഗ്ലീഷ് പദങ്ങള്‍ എഴുതാനും വായിക്കാനും സാധിച്ചു. കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കാന്‍ പഠിച്ചു. ഇതിനൊക്കെ പുറമേ സമൂഹത്തില്‍ ഇടപെടേണ്ടതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍ പറ്റി. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന മോഹം ഉണ്ടായത് ക്ലാസില്‍ വന്നപ്പോഴുണ്ടായ ചര്‍ച്ചകളില്‍ നിന്നും മറ്റുളളവരുടെ അനുഭവങ്ങള്‍ കേട്ടറിഞ്ഞപ്പോഴുമാണ്. ആ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു അടുത്ത നീക്കങ്ങളെല്ലാം...'
1980കളില്‍ ഗള്‍ഫിലേക്കുളള ഒഴുക്കായിരുന്നു. നിരവധി ചെറുപ്പക്കാര്‍ ഗള്‍ഫ് മോഹം വെച്ച്, അതിനുളള കഠിന ശ്രമം നടത്തുകയായിരുന്നു. ജനന്റെ പഴയ ചിന്ത തന്നെ ഇവിടെയും ഉടലെടുത്തു. എല്ലാ സുഹൃത്തുക്കളും ഗള്‍ഫിലേക്കാണ് പോകുന്നത്, അതുകൊണ്ട് എനിക്കും പോകണം. സുഹൃദ് ബന്ധങ്ങളില്‍ അതീവ തല്‍പരനാണ് ജനന്‍. ഇന്നും ആത്മാര്‍ത്ഥമായി കൂടെ നടക്കുന്ന നിരവധി സുഹൃത്തുക്കള്‍ ജനനുണ്ട്. സ്‌ക്കൂള്‍ കുട്ടിയായിരിക്കമ്പോള്‍ തന്റെ പ്രായത്തിലുളള കൂട്ടുകാര്‍ ബീഡിപ്പണിക്കും മറ്റും പോകുന്നത് കണ്ടു. അവരോടൊപ്പം ആ മേഖലയിലേക്ക് പോയി. സ്‌ക്കൂള്‍ പഠനം നിര്‍ത്തി. ബീഡിക്കമ്പനിയിലെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും രാത്രി ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞു. അവരോടൊപ്പം രാത്രി ക്ലാസിലെത്തി. ഇപ്പോള്‍ പല സുഹൃത്തുക്കളും ഗള്‍ഫിലേക്കാണ് ഞാനും പോകും എന്ന് അവന്‍ തീരുമാനിച്ചു. ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അത് നടപ്പാവും വരെ ജനന്‍ വിശ്രമിക്കില്ല.
അങ്ങിനെ 1989 ല്‍ ജനന്‍ ഇന്ത്യ വിട്ടു. നേരെ സൗദി അറേബ്യയിലേക്കാണ് ചെന്നത്. കയ്യില്‍ ഡ്രൈവിംഗ് ലൈസന്‍സുണ്ട്. അത്യാവശ്യം കാര്യങ്ങള്‍ സംസാരിക്കാനും എഴുതാനും പഠിച്ചിട്ടുണ്ട്. ഒട്ടും വൈകാതെ തന്നെ അവിടെ ഒരു കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി കിട്ടി. ജനന്റെ പെരുമാറ്റ വൈശിഷ്ഠ്യം കൊണ്ട് അതേ കമ്പനിയില്‍ തന്നെ ഇരുപത്തി രണ്ട് വര്‍ഷം സേവനം ചെയ്തു. ആഗ്രഹം പോലെ തന്നെ മോശമല്ലാത്ത ഒരു സാമ്പത്തിക സ്ഥിതി കൈവന്നു. ഇത്രയും ദൈര്‍ഘ്യമേറിയ കാലത്തിനിടയില്‍ ഞാന്‍ ജനനെ നേരിട്ടുകണ്ടിട്ടില്ല.
അഞ്ചാറു മാസം മുമ്പ് കരിവെളളൂര്‍ ബസാറിലൂടെ ഞാന്‍ നടക്കുകയായിരുന്നു. സാര്‍ എന്ന വിളി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. അതാ പഴയ ചുരുളമുടിയുളള ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന ജനാര്‍ദ്ദനന്‍ പിന്നില്‍. എല്ലാ കാര്യങ്ങളും സംസാരിച്ചു. സല്‍ക്കാര പ്രിയനും കൂടിയാണ് ജനന്‍. നിര്‍ബന്ധിച്ച് ഒരു ഹോട്ടലില്‍ കയറി. ഞാന്‍ സാധാരണയായി നാട്ടിലെ ഹോട്ടലില്‍ കയറില്ല. ജനന്റെ നിര്‍ബന്ധം മൂലം കയറിയതാണ്. തിരിഞ്ഞു നോക്കുമ്പോള്‍
ഒരു സ്ത്രീയും ഞങ്ങളുടെ പിന്നാലെ ഹോട്ടലില്‍ കയറി. ജനാര്‍ദ്ദനന്‍ പരിചയപ്പെടുത്തി തന്നു. 'ഇതെന്റെ ഭാര്യ ഷൈലജ, ബേക്കല്‍ ഗവ. എല്‍ പി സ്‌ക്കൂളിലെ അധ്യാപികയാണ്. ഞങ്ങള്‍ക്ക് രണ്ടു മക്കളാണ് മകന്‍ ഗോകുല്‍ ബിടെക്ക് കഴിഞ്ഞു. മകള്‍ ഗാഥ ബി ഡി എസ് കോര്‍സ് പൂര്‍ത്തിയാക്കി'.
'പഴയകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഇങ്ങിനെയൊക്കെ ആകാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷം മനസ്സിലുണ്ട്. നമ്മള്‍ മനസ്സ് വെച്ചാല്‍ എന്തെങ്കിലുമൊക്കെ ആകന്‍ കഴിയുമെന്നാണ് ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചത്. ഓരോ മേഖലയിലും അതിന്റെതായ പ്രയാസമുണ്ടാവും. സ്‌ക്കൂളില്‍ പോകാന്‍ മടി കാണിച്ചപ്പോള്‍ അച്ഛനമ്മമാരുടെ കടുത്ത ശിക്ഷ ഏറ്റു വാങ്ങി. വീണ്ടും രാത്രി കാലങ്ങളില്‍ പഠിക്കാന്‍ വന്നപ്പോള്‍ നല്ല ബുദ്ധിമുട്ട് തോന്നി. ഗള്‍ഫിലെത്തിയിട്ടും കഠിനാധ്വാനത്തിലൂടെയാണ് ഇത്രയെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. ജീവിതത്തില്‍ ഞാന്‍ സംതൃപ്തനാണ്.'
എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55
Keywords: Article, Kookanam-Rahman, Study class, Job, Worker, Janardhanan, Forward through hard work.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.