Grrr Review | ഗ്ർർർ: കുറച്ച് പേടിച്ച്, കുടുകുടെ ചിരിക്കാം; ചാക്കോച്ചൻ - സുരാജ് കോമ്പോ തകർത്തു


കുറച്ചു കാലമായി സീരിയസ് ട്രാക്കിൽ പോയി കൊണ്ടിരിക്കുന്ന സൂരാജ് വെഞ്ഞാറമൂടിനെ കോമഡി ട്രാക്കിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്ന സിനിമ
ഏദൻ ജോൺ
(KVARTHA) എസ്ര എന്ന പേടിപ്പിക്കുന്ന സിനിമയ്ക്ക് ശേഷം ജയ് കെ എന്ന ജയകൃഷ്ണൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും സുരാജും പിന്നെ മോജോ എന്ന സിംഹവും പ്രധാന വേഷത്തിലെത്തുന്ന 'ഗ്ർർർ' എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ചിത്രമാണ് ഗ്ർർർ. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചാക്കോച്ചൻ - സുരാജ് കോമ്പോ തന്നെയാണ് സിനിമയുടെ മെയിൻ പോസിറ്റീവ്. സിംഹത്തിന്റെ കൂട്ടിൽ വീണ നായകന്റെയും അവനെ അതിൽ നിന്നും രക്ഷിക്കാൻ നോക്കുന്ന സഹനായകന്റെയും ചിരിപ്പിക്കുന്ന പേടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ഹൈലൈറ്റ്.
തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിൽ റെജിമോൻ എന്ന യുവാവ് അകപ്പെടുന്നതും അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രമെന്ന് ഒറ്റവാചകത്തിൽ പറയാം. ചാക്കോച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രം മൃശാലയിലെ സിംഹത്തിൻ്റെ മടയിലേക്ക് ചാടുന്നതും ശേഷം ഉള്ള രക്ഷാ പ്രവർത്തനവുമാണ് പ്രമേയം. കൂടെ അയാളുടെ പ്രണയവും, സുരാജിൻ്റെ കഥയും ഒക്കെ പറയുന്നുണ്ട്. ഇതൊക്കെ തന്നെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്നതാണ്. കുറച്ച് പേടിച്ച് ചിരിക്കാം എന്ന് മാത്രമേയുള്ളൂ വ്യത്യാസം.
ഇനി സിനിമയിലേക് വരുകയാണെങ്കിൽ ചാക്കോചാന്റെ മികച്ച പ്രകടനമാണ് സിനിമയിൽ. പുള്ളിക്കാരൻ സിംഹമടയിലേക്ക് എടുത്ത് ചാടിയതിനുശേഷം സുരാജ് വരും. മഥനോത്സവത്തിനുശേഷം സുരാജിന്റെ അഴിഞ്ഞാട്ടം തന്നെയാണ് പടം. സിംഹക്കൂട്ടിൽ വീണുപോയ റെജിമോനെ രക്ഷിക്കാൻ മൃഗശാലയിലെ ഉദ്യോഗസ്ഥൻ ഹരിദാസ് എത്തുന്നതും പിന്നീട് അദ്ദേഹം അവിടെ പെട്ടുപോകുന്നതും പിന്നീട് ഇരുവരും ചേർന്ന് സിംഹക്കുട്ടിൽ ദർശൻ എന്ന സിംഹത്തെ നേരിടുന്നതുമൊക്കെ ആരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.
റെജിമോൻ ആയി മലയാളത്തിൻ്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബനും ഹരിദാസ് ആയി സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നു. കുറച്ചു കാലമായി സീരിയസ് ട്രാക്കിൽ പോയി കൊണ്ടിരിക്കുന്ന സൂരാജ് വെഞ്ഞാറമൂടിനെ കോമഡി ട്രാക്കിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്ന സിനിമ കൂടിയാകുന്നു ഗ്ർർർ. മികച്ച കോമഡി തന്നെയാണ് സുരാജിലൂടെ ഈ ചിത്രത്തിൽ പുറത്തുവരുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റെ നായികയായെത്തുന്നത് അനഘയാണ്. ഭീഷമപർവതിനുശേഷം ആദ്യമായിട്ട് ആണെന്ന് തോന്നുന്നു അനഘ ഒരു മുൻനിര നായിക വേഷം ചെയ്യുന്നത്. അനഘയും തൻ്റേ റോൾ മികച്ചതാക്കിയെന്ന് പറയാം.
അലൻസിയർ, മഞ്ജു പിള്ള, പിഷാരടി, രാജേഷ് മാധവൻ, ശ്രുതി രാമചന്ദ്രൻ, ധനേഷ് ആനന്ദ്, രാകേഷ് ഉഷാർ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ഷോബി തിലകനും തുടങ്ങിയവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്. രാജേഷ് മാധവന്റെ റോൾ പുള്ളി കിടുവായി ചെയ്തിട്ടുണ്ട്. പുള്ളിയെ കാണിച്ചപ്പോൾ തന്നെ തിയേറ്ററിൽ വൻ ഓളമായിരിന്നു എന്ന് തന്നെ പറയാം. ഷോബി തിലകനും തൻ്റെ റോൾ ഗംഭിരമാക്കി. തിരുവനന്തപുരം, കണ്ണൂർ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ശരിക്കും ദൃശ്യഭംഗി കൊണ്ട് സിനിമ വളരെ മികച്ചു നിന്നു. ഛായാഗ്രഹണം ജയേഷ് നായർ ആണ് നിർവഹിച്ചിരിക്കുന്നത്, സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിങ്.
ഡോൺ വിൻസെന്റ് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിൻ്റെ കോമഡി മൂഡ് നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ് എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ പാട്ടുകൾ എല്ലാം നൈസ് ആയിരുന്നു. മൂന്ന് പാട്ടുകളും കൊള്ളാം. ഒരു വെഡിങ് സോങ് ഉണ്ട്. അതിൽ മാത്രമാണ് പടം കുറച്ചെങ്കിലും മടുപ്പ് തോന്നിപ്പിച്ചത്. മൊത്തത്തിൽ പറഞ്ഞാൽ തീയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട മികച്ച ചിത്രം തന്നെയാണ് ഇത്. ഫസ്റ്റ് ഹാഫിനെക്കാൾ ഇഷ്ടപ്പെട്ടത് സെക്കന്റ് ഹാഫ് ആയിരുന്നു. സിംഹത്തിനെ കാണിച്ച സീനുകൾ എല്ലാം സൂപ്പർ തന്നെ എന്ന് വിശേഷിപ്പിക്കാം. സിംഹം ഒർജിനൽ ആണോ ഗ്രാഫിക്സ് ആണോ എന്ന് പ്രേക്ഷകന് സംശയം തോന്നാവുന്ന രീതിയിൽ സസ് പെൻസ് നിലനിർത്തുകയും ചെയ്തിട്ടുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ഡീസന്റ് സിനിമ തന്നെ ഗ്ർർർ.