Movie Review | പേടിപ്പെടുത്തുന്ന ലോകം കണ്‍മുന്നില്‍; 'ഗു' മികച്ചൊരു ഹൊറർ ചിത്രം

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത മലയാളം ഹൊറർ ഫാൻ്റസി ചിത്രം 'ഗു' റിലീസ് ആയിരിക്കുകയാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജുവാണ് 'ഗു' എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ബാലതാരമായ ദേവനന്ദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവനന്ദയുടെ പുതിയ ചിത്രമാണ് ഗു. സൈജു കുറുപ്പിന്റെ മകളായാണ് ദേവനന്ദ ചിത്രത്തിലെത്തിയത്. ഇതിലും സൈജു കുറുപ്പിൻ്റെ മകളായാണ് ദേവനന്ദ അഭിനയിക്കുന്നത്.

Movie Review | പേടിപ്പെടുത്തുന്ന ലോകം കണ്‍മുന്നില്‍; 'ഗു' മികച്ചൊരു ഹൊറർ ചിത്രം

മലബാറിലെ 'ഗുളികൻ' എന്ന തെയ്യവുമായി ബന്ധപ്പെട്ട കഥയാണ് 'ഗു'. മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ഗുളികന്‍ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്നവരെ ഭയത്തിലാഴ്ത്തുന്ന ഒട്ടേറെ സംഭവങ്ങളും ഈ സിനിമയിൽ കാണാം. മിന്നയായി ദേവനന്ദ അഭിനയിച്ചിരിക്കുന്നു. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായും ചിത്രത്തിൽ എത്തുന്നു.

യക്ഷി, പ്രേതം, ബാധ അങ്ങനെ അരൂപികളുടെ പേടിപ്പെടുത്തുന്ന ലോകം കണ്‍മുന്നില്‍ എത്തിക്കുന്നു ഈ സിനിമയിലൂടെ. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലൂമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, കുഞ്ചൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. എല്ലാ താരങ്ങളും അവരവരുടെ റോളുകൾ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മിന്നയുടെ അച്ഛനായി അഭിനയിച്ച സൈജു കുറുപ്പിൻ്റേ അഭിനയം എടുത്തുപറയേണ്ടത് തന്നെയാണ്. തൻ്റെ കൈയ്യിൽ ഏത് റോളും ഭദ്രമാണെന്ന് സൈജു കുറഞ്ഞകാലം കൊണ്ട് തെളിയിച്ചുകൊണ്ടും ഇരിക്കുന്നു. ഈ സിനിമയിലും സൈജു അതു തന്നെ തുടരുന്നു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവും എഡിറ്റിംഗ് വിനയൻ എം ജിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് ഈണമിട്ടത് ജോനാഥൻ ബ്രൂസ് ആണ്. ഈ സിനിമയുടെ തിരക്കഥയും മനു രാധാകൃഷ്ണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മാളികപ്പുറം എന്ന സിനിമയ്ക്ക് ശേഷം ബാലതാരം ദേവാനന്ദ അഭിനയിക്കുന്നതുകൊണ്ട് തന്നെ ഈ സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ വലിയൊരു പ്രചാരം കൈവന്നിരുന്നു. അത്രകണ്ട് അന്ന് ദേവാനന്ദ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചിരുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ലീൻ എൻറർടെയ്നർ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. ധൈര്യമായി ടിക്കെറ്റെടുത്ത് തിയേറ്ററിൽ പോയി തന്നെ സിനിമ കാണാം.

Keywords: Movies, Entertainment, Cinema, Manu Radhakrishnan, Direction, Malayalam, Horror, Fantasy, Triller, Gu, Maniyanpilla Raju, Ghost, Pattambi, Gu Malayalam Movie Review.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia