വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്ത

 


വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്ത
ന്റെ പ്രഭാത നടത്തം കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുമ്പോള്‍ സഹധര്‍മ്മിണി പത്രപാരായണത്തിലായിരിക്കും. എത്തിയ ഉടനെ പത്രം എന്റെ കയ്യിലേല്‍പ്പിച്ച് അവള്‍ അടുക്കള ഭാഗത്തേക്ക് കയറും. അന്ന് അതിന് വിപരീതമായൊരു രീതിയാണ് കണ്ടത്. പത്രം എന്റെ കയ്യിലേല്‍പ്പിക്കാതെ അതും പിടിച്ചു നിന്ന് എന്നോട് പറയുകയാണ്. സ്ത്രീ പക്ഷക്കാരനായ എഴുത്തുകാരനല്ലേ ഇന്നത്തെ പത്രത്തില്‍ നല്ലൊരു വാര്‍ത്തയുണ്ട്. ആരെങ്കിലും വിമര്‍ശനാത്മകമായി വല്ലതും എഴുതിയതാവുമോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ആകാംക്ഷയോടെ ഞാന്‍ തിരക്കി എന്താണ് വാര്‍ത്ത? അവള്‍ സന്തോഷത്തോടെയാണത് പറഞ്ഞത്. വീട്ടമ്മമാര്‍ക്കും ശമ്പളം നല്‍കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കുന്നുണ്ടത്രേ.

അതിലൊന്നും വലിയ കാര്യമില്ല എന്ന നിലയാണ് ഞാന്‍ പ്രതികരിച്ചത്. ഇതാണോ കാര്യം. ഇത്തരം അഭിപ്രായങ്ങള്‍ ഞങ്ങളെ പോലുളളവര്‍ വളരെകാലം മുമ്പേ പറയാന്‍ തുടങ്ങിയതല്ലേ? വീട്ടമ്മമാര്‍ക്കും അവര്‍ ചെയ്യുന്നതൊഴിലിന് കൂലികിട്ടിയേ പറ്റൂ. അത്തരം ഒരു നടപടിയിലേക്കു നീങ്ങുന്ന ഭരണ കര്‍ത്താക്കള്‍ അഭിനന്ദമര്‍ഹിക്കുന്നവര്‍ തന്നെ. എന്റെ പ്രതികരണം കേട്ട അവള്‍ പത്രം എന്നെ ഏല്‍പ്പിച്ചു ഒന്നും പറയാതെ അടുക്കളയിലേക്ക് കടന്നു.

ആവാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചു വായിച്ചു. വീട്ടമാര്‍ക്കുളള വേതനം കൊടുക്കേണ്ടത് ഭര്‍ത്താവാണ് എന്ന് വാര്‍ത്തയിലൂടെ മനസിലായി. വീട്ടമ്മമാര്‍ക്ക് സര്‍ക്കാര്‍ തന്നെയാവും വേതനം നല്‍കുകയെന്ന ചിന്തയിലാണ് ഞാനുണ്ടായിരുന്നത്. ഇതിപ്പോള്‍ പ്രശ്‌നമാകുമല്ലോ. ദിവസകൂലിക്കാരായാലും മാസവേതനക്കാരായാലും ഇരുതല മുട്ടിക്കാന്‍ പെടാപാടുപെടുന്ന ഇക്കാലത്ത് വീട്ടമ്മയ്ക്ക് അതില്‍ നിന്ന് ഒരു തുക വേതനമായി നല്‍കാന്‍ നിര്‍ദേശിച്ചാല്‍ അതെങ്ങിനെ സാധ്യമാവും? എന്തു മാനദണ്ഡം വെച്ചായിരുക്കും വേതനം കണക്കാക്കുക?

വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം വീട്ടമ്മയ്ക്ക് കൂലിയായി നല്‍കണമെന്നായിരുക്കുമോ? സര്‍ക്കാര്‍ സര്‍വീസിനെ പോലെ വീട്ടമ്മമാരിലും സീനിയേര്‍സും ജൂനിയേര്‍സുമുണ്ടല്ലോ? അത്തരം വേര്‍തിരിവില്ലാതെ വേതനം നല്‍കാന്‍ തീരുമാനിക്കുന്നത് ഉചിതമായിരിക്കുമോ? ഓരോ ഐറ്റത്തിനും ഓരോ സ്‌കോര്‍ കണക്കാക്കിയാണെങ്കില്‍ കൂടുതല്‍ നന്നായേനെ. ഒരു സ്‌കോറിന് ഇത്ര രൂപ എന്നും കണക്കാക്കണം. ഡ്രസ്സലക്കുന്നതിന്, വീട് ശൂചികരിക്കുന്നതിന്, ഭക്ഷണം പാചകം ചെയ്യുന്നതിന് ഒക്കെ എ­ണ്ണ­ത്തിനും, വിസ്തൃതിക്കും അനുസരിച്ച് 'സ്‌കോര്‍' കണക്കാക്കണം ഈയൊരു രീതി സ്വീകരിച്ചാല്‍ അധ്വാനത്തിനനുസരിച്ച് വേതനം കണക്കാക്കി നല്‍കാന്‍ പറ്റു.

ചില സ്ത്രീകള്‍ക്ക് 'വീട്ടമ്മ' എന്ന് നാമകരണം ചെയ്യുന്നത് തന്നെ ഇഷ്ടമല്ല. ഇംഗ്ലീഷിലെ ഹൗസ് വൈഫ് എന്ന് പറയാന്‍ ഗമകാണിക്കുകയും ചെയ്യും. അതിന്റെ അര്‍ത്ഥവിശകലനം മലയാളത്തിലാവുമ്പോള്‍ ആദ്യത്തേക്കാള്‍ മോശ പദവിയായിമാറും. വീട്ടുഭാര്യ ഹൗസ് വൈഫിന്റെ വിശദമായ അര്‍ത്ഥം വീട് വൃത്തിയാക്കുകയും, കുഞ്ഞുങ്ങളെ പരിചരിക്കുകയും, ഭക്ഷണപാനീയങ്ങള്‍ പാകം ചെയ്യുകയും മറ്റും ചെയ്യുന്നവള്‍ എന്നാണ്. ഇത് പോലെ ഹൗസ് ഹസ്ബന്റ് മാരും ഉണ്ട്.

ഈയിടെ എന്നെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ഒരു പത്രത്തില്‍ ഭാര്യ വീട്ടമ്മയായ ശ്രിമതി...എന്ന് അച്ചടിച്ചു വന്നപ്പോള്‍ ഭാര്യയ്ക്ക് അതത്ര ഇഷ്ടമായില്ല. വേറൊരു പത്രത്തില്‍ സഹധര്‍മ്മിണി ശ്രിമതി...എന്നടിച്ചു കണ്ടപ്പോള്‍ അവള്‍ സന്തോഷിക്കുന്നതും കണ്ടു. വീട്ടമ്മയ്ക്ക് എന്തോ ഒരു അപകര്‍ഷതാധ്വാനി ഉണ്ടോ? ഉണ്ടെങ്കില്‍ അത് മറ്റൊന്നും കൊണ്ടല്ല. വരുമാനമില്ലാത്ത ഒരു ജോലി ആയതുകൊണ്ടാണ്. ഇനി ആജാള്യത മാറാന്‍ പോകുന്ന. വീട്ടമ്മമാര്‍ക്കും ശമ്പളം കിട്ടാന്‍ പോകുന്നു. എല്ലാ വീട്ടമ്മമാരും ഇനി അഭിമാനത്തോടെ പറയും ഞാന്‍ “വീട്ടമ്മയാണ് ഇംഗ്ലീഷ് ഭാഷയില്‍ ഹൗസ് വൈഫ് എന്ന് ഉറക്കെ പറയാനും തൂടങ്ങും

പല പരിശീലന ക്ലാസുകളിലും, കൂടിക്കാഴ്ചകളിലും പങ്കെടുക്കേണ്ടി വന്നപ്പോള്‍ പരിപാടിയില്‍ പങ്കാളികളായവരുടെ വ്യക്തിഗതവിവരങ്ങള്‍ ചോദിച്ചറിയേണ്ടി വന്നിട്ടുണ്ട്. മിക്ക വീട്ടമ്മമാരും തൊഴിലെന്ത്? എന്ന ചോദ്യത്തിന് 'ഒന്നുമില്ല' എന്നാണ് പ്രതിവചിക്കുക. ചിലര്‍ സ്വരം താഴ്ത്തി പറയും 'വീട്ടമ്മ'. യുവതികളായ സ്ത്രീകള്‍ 'ഹൗസ് വൈഫ്' എന്നും ചെറുശബ്ദത്തില്‍ പറയും.

വീട്ടമ്മമാരുടെ ശക്തിയെക്കുറിച്ച് ശരിക്കും ബോധ്യപ്പെട്ടവരാണ് പുരുഷകേസരികള്‍. വീട്ടമ്മമാര്‍ നടത്തിയ അടുക്കള ബഹിഷ്‌ക്കരണ സമരവും, കിടപ്പറ ബഹിഷ്‌ക്കരണ സമരവും ശ്രദ്ധപിടിച്ചു പറ്റിയവയായിരുന്നില്ലേ? അതുപോലുളള ശക്തമായ സമരമുറകള്‍ സ്വീകരിച്ചാല്‍ വീട്ടമ്മമാര്‍ക്കും സമൂഹത്തില്‍ മാന്യമായ സ്ഥാനം കിട്ടും. സര്‍ക്കാര്‍ ജോലി പോലെയോ, ചിലപ്പോള്‍ അതില്‍ കൂടുതലായോ മാന്യത കിട്ടുന്ന ഒരു തൊഴിലായി വീട്ടമ്മ ജോലിയെ കാണേണ്ടി വരുന്ന കാലം അധികം അകലെയല്ല.

പ്രാതല്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഭാര്യ വീണ്ടും പ്രസ്തുത വാര്‍ത്ത എടുത്തിട്ടു. ശമ്പളം കിട്ടിയാലും പെണ്‍ഷന്‍ കിട്ടിയാലും അതിന്റെ മുക്കാല്‍ പങ്കും നിന്റെ കയ്യിലല്ലേ ഞാന്‍ ഏല്‍പ്പിക്കുന്നത്? പിന്നെത്തിനാണ് വെറൊരു ശമ്പളം? മിക്ക ഭര്‍ത്താക്കന്മാരും ചെയ്യുന്നത് ഇപ്രകാരമായിരിക്കില്ലേ? അവളുടെ പ്രതികരണം ഉടനെ വന്നു. കാര്യം ശരിതന്നെ. കയ്യിലേല്‍പ്പിച്ച തുക നിങ്ങളുടേതാണ്. എന്റേതല്ല. അത് ധൈര്യം പൂര്‍വം ചെലവിടാന്‍ എനിക്കാവില്ല. നിങ്ങളുടെ ചോദ്യം ചെയ്യലിന് ഉത്തരം പറയാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. എന്റെ സ്വന്തം കാശാണെങ്കില്‍ അത്രയ്ക്ക് ഭയക്കേണ്ട ആവശ്യം വരില്ലല്ലോ? അതുകൊണ്ട് കൃത്യമായൊരു വേതനം ലഭിക്കേണ്ട അവസ്ഥ ഉണ്ടാവുന്നത് എന്തു കൊണ്ടും ശ്ലാഘനീയമാണ്.

ആ പ്രസ്താവന ശരിയാണെന്ന് എനിക്കും തോന്നി. കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിനും, അവരുടെ വസ്ത്രം, മറ്റ് അത്യാവശ്യ കാര്യങ്ങള്‍ ഇതിനൊക്കെ ഭര്‍ത്താവിനെ ആശ്രയിക്കേണ്ടി വരുന്നു. വരുമാനമില്ലാത്ത ഒരു വീട്ടമ്മയ്ക്ക്. അവരുടെ കൈയ്യില്‍ കാ­ശു­ണ്ടെ­ങ്കില്‍ ഇത്തരം അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റാന്‍ വീട്ടമ്മമാര്‍ക്ക് കഴിയും. രോഗശൂശ്രൂഷക്കായാലും, പോഷണ ഗു­ണ­മുള്ള ഭക്ഷ്യ വസ്തുക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും വീട്ടമ്മമാര്‍ക്കാണ് കൂടുതല്‍ ശ്രദ്ധയൂന്നാന്‍ കഴിയുക. അതിനവര്‍ക്ക് സാമ്പത്തികമായ കഴിവുണ്ടായാലേ സാധ്യമാകൂ. അതിന് ഭര്‍ത്താവിന്റെ ദയാ ദാക്ഷിണ്യങ്ങള്‍ക്ക് കാത്തു നിന്ന് കിട്ടുന്ന പണത്തിന് കാത്തൂ നില്‍ക്കാതെ സ്വന്തം ആഗ്രഹങ്ങള്‍ക്കൊത്ത് കാര്യം നടത്തുന്നതിനും ഇത്തരം സാമ്പത്തിക സ്രോതസ് വഴിവെക്കും.

തൊഴിലിന്റെ മഹത്വത്തെക്കുറിച്ചും മറ്റും വാതോരാതെ നാം സംസാരിക്കും വരുമാനം. ഉണ്ടാക്കേണ്ട കാര്യം സംസാരിക്കും. പുറമേ പോയി പണിയെടുത്ത് കിട്ടുന്ന പണം മാത്രമാണ് വരുമാനം എന്ന് നാം വിവക്ഷിക്കുകയും ചെയ്യും. പുറത്ത് തൊഴിലിനു പോകാതെ; തൊഴിലെടുക്കാന്‍ പോകുന്ന ഭര്‍ത്താവിന് അതിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന, അധ്വാനിക്കുന്ന വീട്ടമ്മ പലപ്പോഴും അവഗണിക്കപ്പെടുന്നു. അവള്‍ തൊഴിലില്ലാത്തവളാണെന്ന് മുദ്ര കുത്തപ്പെടുന്നു. വരുമാനമില്ലാത്തവള്‍ എന്ന അവജ്ഞപേറിക്കൊണ്ട് ജീവിക്കേണ്ടി വരുന്നു.

മൂന്നോ നാലോ പേര്‍ മാത്രം ജീവിക്കുന്ന ഒരു വീട്ടിലെ വീട്ടമ്മ ചെയ്യുന്ന ജോലി അതി കഠിനമാണ്. രാവിലെ അഞ്ച് മണിക്കോ, അതിനു മുമ്പോ തുടങ്ങുന്ന കര്‍മ്മ രംഗം അവസാനിക്കുന്നത് രാത്രി 11 മണിക്കോ 12 മണിക്കോ ആയിരിക്കും. പതിനെട്ട് മണികൂറിലേറെ അവള്‍ പണിയെടുക്കുന്നു. വീട്ടിനകത്തെയും ചുറ്റുപാടിലെയും നടത്തം മാത്രം കണക്കു കൂട്ടിയാല്‍ അഞ്ചോ പത്തോ കിലോമീറ്റര്‍ ഒരു ദിവസം നടന്നു തീര്‍ക്കുന്നുണ്ടാവും അവള്‍. എന്നിട്ടും അവര്‍ പണിയില്ലാത്തവരും കൂലിയില്ലാത്തവരും എന്ന പേരിന് അര്‍ഹരായിത്തീരുന്നു.

രോഗീപരിചരണത്തിനോ, കുഞ്ഞുങ്ങളുടെ പരിചരണത്തിനോ വരുന്ന ഒരു സ്ത്രീക്ക് മാസം പ്രതി പത്തായിരത്തിനടുത്ത് ശമ്പളം കിട്ടുന്നു. വീട്ടുജോലിക്കായിട്ട് ഇംഗ്ലീഷില്‍ ഹൗസ് മെയ്ഡ് ആയിവരുന്നവര്‍ക്ക് മാത്രം എട്ടായിരത്തിന് മേല്‍ ശമ്പളം കൊടുക്കണം. ഒരു സെറ്റ് ഡ്രസ്സ് അലക്കി ഇസ്തരിയിട്ട് കിട്ടാന്‍ 50 രൂപ കൊടുക്കണം. ഇതൊക്കെ ശമ്പളക്കാരാണ്. ഈ ചെയ്യുന്നതെല്ലാം ജോലിയാണ്. ഇത് സമൂഹം അംഗീകരിക്കുന്നു.

ഇത്തരത്തില്‍ വീട്ടമ്മയായ ഒരു സ്ത്രീ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നു. ഇതിനും പുറമെ ഒരു വീട്ടിലേക്കാവശ്യമായ എല്ലാ പ്രവര്‍ത്തികളും ചെയ്തു ക്ഷീണിക്കുന്നു. അവര്‍ ചെയ്യുന്നതിന് കൂലിയുമില്ല. ജോലിയാണെന്ന് അംഗീകാരവുമില്ല. ഈ ക്രൂരത അവസാനിപ്പിച്ചേ പറ്റൂ. 'വീട്ടമ്മ' എന്നത് മാന്യമായ ജോലിയാണെന്നും, അതിന് മാന്യമായ ശമ്പളം കിട്ടണമെന്നും വീട്ടമ്മമാര്‍ സ്വയം പ്രഖ്യാപിക്കണം. അക്കാര്യം സമൂഹവും സര്‍ക്കാരും അംഗീകരിക്കണം.

വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്ത
-കൂക്കാനം റഹ്മാന്‍

Keywords:  Happy news, Housewife, Article, Kookanam Rahman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia