Noble Person | കണ്ടാല്‍ എത്ര മാന്യന്‍!

 


അവള്‍ അവളുടെ കഥ പറയുന്നു (3)

- കൂക്കാനം റഹ്മാന്‍

(www.kvartha.com) ഉച്ചയ്ക്ക് ക്ലാസില്‍ കയറുന്നതിന് മുമ്പ് ബാത്ത്‌റൂമില്‍ പോകുന്നത് അവളുടെ സ്ഥിരം സ്വഭാവമാണ്. അന്ന് ബാത്ത്റൂമിന് പുറത്തുവെച്ചിട്ടുളള വെയ്സ്റ്റ് ബാസ്‌ക്കറ്റില്‍ ഒരു കാഴ്ച കണ്ടു. വെളുത്ത പാഡും അതില്‍ മുഴുവന്‍ രക്തവും. അവള്‍ക്ക് തൊട്ടുമുമ്പ് ഇറങ്ങി പോയ പെണ്‍കുട്ടി ബാസ്‌ക്കറ്റിലേക്ക് എന്തോ ഇടുന്നത് അവള്‍ ശ്രദ്ധിച്ചിരുന്നു. അവളുടെ ക്ലാസിലെ ഒന്നു രണ്ടു കുട്ടികള്‍ക്ക് അവള്‍ അത് കാട്ടിക്കൊടുത്തു. ആര്‍ക്കും അതെന്താണെന്നറിയില്ല. എല്ലാ കാര്യവും അമ്മയോട് പറയുന്ന സ്വഭാവം അവള്‍ക്കുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ അമ്മയോടുളള ആദ്യം ചോദ്യം ഇതായിരുന്നു. അമ്മയ്ക്ക് കാര്യം മനസ്സിലായി. ഒറ്റ വാചകത്തില്‍ മറുപടി കൊടുത്തു. 'അത് കുറച്ചു കഴിഞ്ഞാല്‍ മോള്‍ക്ക് മനസ്സിലാവും' അമ്മയുടെ ചിരിയില്‍ എല്ലാം ഒതുങ്ങിയിട്ടുണ്ടായിരുന്നു.
                
Noble Person | കണ്ടാല്‍ എത്ര മാന്യന്‍!

ഏഴാം ക്ലാസിലെത്തുമ്പോഴേക്കും അമ്മ പറഞ്ഞത് നടന്നു. അവള്‍ക്ക് ശാരീരിക മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കൗമാര പ്രായക്കാര്‍ക്ക് വേണ്ടി നടത്തിയ ക്ലാസില്‍ നിന്ന് ശാരീരിക മാറ്റങ്ങളെക്കുറിച്ച് മനസിലാക്കാന്‍ പറ്റിയിരുന്നു. ആ കാലത്തു അവളുടെ രോഗം മൂര്‍ച്ഛിക്കാന്‍ തുടങ്ങി. ശ്വാസതടസം കൂടികൂടി വന്നു. ഒരു ദിവസം ക്ലാസില്‍ ക്ഷീണിച്ചു വീണുപോയി. കുറച്ചു കൂടി നല്ല ചികില്‍സ ലഭിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് എല്ലാവരും തീരുമാനിച്ചു. അതിനിടയില്‍ സ്‌കൂളിലെ മാഷും എളേമ്മയും തമ്മിലുളള പ്രണയം വര്‍ദ്ധിച്ചു വന്നു. അവര്‍ തമ്മില്‍ പിരിയാന്‍ കഴിയാത്ത വിധം അടുത്തു.

ജാതി പ്രശ്നങ്ങളൊക്കെ ഉണ്ടായി. അവര്‍ അതൊക്കെ തൃണവല്‍ക്കരിച്ചു കൊണ്ട് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. അവളുടെ വീട്ടുകാര്‍ ശക്തമായി പിന്‍തുണച്ചു. വിവാഹം നടന്നു. അങ്ങിനെ അവള്‍ക്കൊരു എളേപ്പാന്‍ ഉണ്ടായി. അവളെ മംഗലാപുരത്തോ മണിപ്പാലിലോ കൊണ്ടുപോകാന്‍ എല്ലാവരും സന്നദ്ധരായി. മണിപ്പാലിലെ പേരുകേട്ട ഹാര്‍ട്ട് സ്പെഷലിസ്റ്റിന്റെ ഡേറ്റ് ഫിക്സ് ചെയ്തു. ആശുപത്രിയിലേക്ക് ചെല്ലാന്‍ പ്ലാന്‍ ചെയ്തു. രാവിലെ പതിനൊന്നു മണിക്ക് കണ്‍സല്‍ട്ടേഷന്‍ നിശ്ചയിച്ചു. രാവിലെയുളള ചെറുവത്തൂര്‍ മംഗലാപുരം ലോക്കലിന് പോകാന്‍ ധാരണയായി. രാവിലെ ആറുമണിക്ക് ചെറുവത്തൂരിലെത്തണം. അവിടുന്ന് പുറപ്പെടുന്ന വണ്ടിയായതിനാല്‍ തിരക്കു കുറവായിരിക്കും. അവള്‍ക്ക് തീവണ്ടിയാത്ര ഇഷ്ടമാണ്. തലേന്നാള്‍ രാത്രി ഉറക്കം വന്നതേയില്ല.

അതിരാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി ബ്രേക്ക്ഫാസ്റ്റ് വണ്ടിയില്‍ നിന്ന് കഴിക്കാന്‍ പാക്ക് ചെയ്തെടുത്തു. അവളും അച്ഛനും എളേപ്പനുമാണ് പോകുന്നത്. സ്റ്റേഷനിലെത്തി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് വണ്ടിയുളളത്. വണ്ടി പുറപ്പെടാനുളള സമയമായി. ഓവര്‍ ബ്രിഡ്ജ് കയറി വേണം അപ്പുറത്തെത്താന്‍. അവള്‍ക്ക് കയറാന്‍ ബുദ്ധിമുട്ട് തോന്നി. കൈപിടിച്ച് മെല്ലെ കയറിയിറങ്ങി. വണ്ടിയില്‍ അന്ന് നല്ല തിരക്കായിരുന്നു. കമ്പാര്‍ട്ടുമെന്റുകളൊക്കെ നിറഞ്ഞിട്ടുണ്ട്. അടുത്തു വന്ന ഒരു കമ്പാര്‍ട്ടുമെന്റില്‍ കയറി. അവളെ ആദ്യം കയറ്റി പിന്നാലേ ഇരുവരും കയറി. തിരക്കു തന്നെ മൂന്നുപേരും നിന്നാണ് യാത്ര. വണ്ടി ചൂളം വിളിച്ചുകൊണ്ട് ഓടാന്‍ തുടങ്ങി.
                 
Noble Person | കണ്ടാല്‍ എത്ര മാന്യന്‍!

വെളള ഫുള്‍കൈ ഷര്‍ട്ടും മുണ്ടും ധരിച്ച അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു വ്യക്തി ദയാപുരസരം അവളെ നോക്കുന്നത് കണ്ടു. നരച്ച തടിച്ച മീശയുണ്ട്. പ്രായമുളള വ്യക്തികളോട് അവള്‍ക്ക് ഇഷ്ടം തോന്നാറുണ്ട്. അവള്‍ അദ്ദേഹത്തോട് ചിരിച്ചു. അവളും അച്ഛനും എളേപ്പനും അടുത്തടുത്താണ് നില്‍ക്കുന്നത്. നാലുപേര്‍ക്കിരിക്കാന്‍ പറ്റുന്ന സീറ്റില്‍ ഏഴുപേര്‍ ഇരിക്കുന്നുണ്ട്. അവള്‍ ആ കണക്കും എടുത്തു കഴിഞ്ഞു. ആ മാന്യ വ്യക്തി സീറ്റിനിരുവശത്തേക്കും ശ്രദ്ധിച്ചു. അദ്ദേഹം ഒന്നുകൂടി ഒതുങ്ങിയിരുന്നു. അവളെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ഇരിക്കാന്‍ പറഞ്ഞു. അവള്‍ ഇരിക്കാന്‍ മടികാണിച്ചപ്പോള്‍ അച്ഛന്‍ അവളെ ഇരിക്കാന്‍ പ്രേരിപ്പിച്ചു. വണ്ടി കാഞ്ഞങ്ങാട് എത്തിയപ്പോഴേക്കും ആളുകളുടെ തളളിക്കയറ്റമായിരുന്നു.

സീറ്റുകള്‍ക്കിടയിലേക്കും കാര്യേജ് ബര്‍ത്തിലേക്കും ആളുകള്‍ തള്ളിക്കയറി. അതിനു മുന്നേ അവള്‍ ആ മാന്യവ്യക്തിയുടെ സഹാനുഭൂതികൊണ്ട് സീറ്റില്‍ ഇരുന്നു. ബ്രേക്ക് ഫാസ്റ്റിനുളള പലഹാര പൊതി അവളുടെ കയ്യിലുണ്ടായിരുന്നു. നല്ല വിശപ്പു തുടങ്ങിയിരുന്നു. അവള്‍ക്ക് പെട്ടെന്ന് 'ചായ ചായ കാപ്പി കാപ്പി' വിളികേട്ടു. 'കാപ്പി വേണോ?' അയാള്‍ ചോദിച്ചു. അവള്‍ തലയാട്ടി. ജനലിലൂടെ പല ആളുകളുടെ കൈമാറി ഒരു കപ്പ് കാപ്പി അവളുടെ കയ്യിലെത്തി. കാപ്പിയുടെ പണം അദ്ദേഹം നല്‍കി. അച്ഛന്‍ നിഷേധിച്ചെങ്കിലും 'എന്റെ മകളെ പോലേയല്ലേ അവള്‍' എന്നാണയാള്‍ പറഞ്ഞത്. മംഗലാപുരത്ത് കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അവള്‍ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.

കയ്യിലുണ്ടായിരുന്ന പലഹാരപ്പൊതി അഴിച്ചു എങ്ങിനെയല്ലാമോ കഴിച്ചു. ഒരു കപ്പുകാപ്പിയും കൂടി കഴിച്ചപ്പോള്‍ അല്പം സമാധാനമായി. അവള്‍ സീറ്റിന്റെ അറ്റത്താണിരിക്കുന്നത്. പുറകില്‍ സ്പേസ് ഉണ്ട്. ആ മാന്യന്‍ ഇടതുകൈ അവിടെ കുത്തിവെച്ചിട്ടുണ്ട്. അയാള്‍ കണ്ണടച്ചു ഉറക്കിത്തിലാണെന്ന് മനസ്സിലായി, അവളുടെ പിറകില്‍ അയാളുടെ കൈവിരല്‍ ഉരസുന്നുണ്ട്. ഉറക്കത്തിലല്ലേ എന്നവള്‍ സമാധാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ കൈപ്പത്തി മുഴുവന്‍ അവളുടെ ചന്തിക്കടിയിലായി. തിരക്കിനിടയില്‍ ഒന്നും പ്രതികരിക്കാന്‍ പോയില്ല.

അച്ഛനെ നോക്കി. അച്ഛന്‍ നിന്നുകൊണ്ട് ഉറക്കത്തിലാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ നുളളാന്‍ തുടങ്ങി. ഉറക്കത്തിലല്ല അയാളെന്ന് അവള്‍ക്ക് മനസ്സിലായി. അയാളുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ 'വിഷമം തോന്നുണ്ടോ മോള്‍ക്ക്? അവിടെ ഇരുന്നോളൂ', അവള്‍ ഒന്നുകൂടി നീങ്ങിയിരുന്നു. പക്ഷേ പഴയപണി അയാള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. അവള്‍ എഴുന്നേറ്റ് നിന്നു. അയാള്‍ അപ്പോഴും ഒന്നും അറിയാത്തപോലെ കള്ള ഉറക്കത്തിലായിരുന്നു. മംഗലാപുരത്തെത്തി അവര്‍ ട്രെയിനിറങ്ങി. പിന്നാലേ അയാളും ഉണ്ടായിരുന്നു. ഓട്ടോയില്‍ കയറി ബസ്സ്റ്റാന്റിലെത്തി. മണിപ്പാലിലേക്കുളള ബസില്‍ കയറുമ്പോഴേക്കും അയാളും ഒപ്പം എത്തി. അയാള്‍ സീറ്റിലിരുന്നു. അവളെ ആ സീറ്റിലിരിക്കാന്‍ ക്ഷണിച്ചു. അവള്‍ ഇരുന്നില്ല അവര്‍ മൂന്നുപേരും ഒരു സീറ്റിലിരുന്നു.

അവള്‍ അയാളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ ഇടതുകാലില്‍ വലിയൊരു ബാന്‍ഡേജ് കണ്ടു.അച്ഛന്‍ അയാളുമായി സംസാരിച്ചു. ഷുഗര്‍ കൂടി പാദം മുറിച്ചു കളഞ്ഞു. തുടര്‍ ചികിത്സയ്ക്ക് മണിപ്പാലിലേക്ക് പോകുന്നതാണെന്ന് സംസാരത്തിനിടയില്‍ നിന്ന് മനസിലായി. അവള്‍ ചിന്തിക്കുകയായിരുന്നു, കണ്ടാല്‍ എത്ര മാന്യന്‍ . അദ്ദേഹത്തിന്റെ ഉളളിലിരുപ്പ്!. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തതിനാല്‍ ഡോക്ടറെ പെട്ടെന്ന് കാണാന്‍ പറ്റി. പ്രാഥമിക പരിശോധനകള്‍ നടത്തി.

അഡ്മിറ്റ് ചെയ്തിട്ട് ചില പരിശോധനകള്‍ നടത്താനുണ്ട്. രണ്ടുദിവസം കൊണ്ട് അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്സ്‌റെ, ബ്ലഡ്, മൂത്രം, മലം എന്നിവ പരിശേധന നടത്തി. റിസല്‍ട്ട് അറിഞ്ഞു. ഹാര്‍ട്ടിനു ചെറിയൊരു ദ്വാരമുണ്ട്. പ്രശ്നമാക്കാനൊന്നുമില്ല. സ്ഥിരമായി മരുന്നു കഴിക്കണം. ഡോക്ടര്‍ സമാധാനിപ്പിച്ചു. ഒരത്ഭുതം കൂടി ഉണ്ടായി, ഞങ്ങള്‍ എടുത്ത മുറിയുടെ തൊട്ടടുത്തായിരുന്നു അയാളുടെ മുറിയും. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് മുറിയുടെ പുറത്തു വന്ന് സുഖാന്വേഷണം നടത്തും. അയാള്‍ക്കെന്തോ അവളോട് പ്രത്യേക മമത ഉളളതുപോലെ തോന്നി.

(തുടരും)
Keywords: Article, School-Memories, Mangalore-News, Manipal-News, Collage Story, Student Life, How noble to see!
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia