ഭര്‍ത്താവിന്റെ രഹസ്യവും ഭാര്യയുടെ ആശയും

 


കൂക്കാനം റഹ്‌മാന്‍

വീടും സ്‌കൂളും മാത്രമായി കഴിഞ്ഞു വന്ന, സാമൂഹ്യ ബന്ധങ്ങളില്ലാത്ത പെണ്‍കുട്ടികള്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ ഏറെയാണ്. ഭര്‍ത്താവിന്റെയും, ഭര്‍തൃവീട്ടുകാരുടെയും സമീപനങ്ങള്‍ ദ്രോഹകരമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഈയൊരവസ്ഥയില്‍ പെട്ടു പോയൊരു പെണ്‍കുട്ടി അനുഭവിക്കേണ്ടി വന്ന ദുരിതം കണ്ണീരോടെ പറഞ്ഞറിഞ്ഞപ്പോള്‍, വിഷമം തോന്നി.

18 വയസില്‍ വിവാഹിതയായി ഇപ്പോള്‍ 45 ല്‍ എത്തി നില്‍ക്കുന്ന ആ സ്ത്രീയ്ക്ക് ഇന്നും ജീവിതം പൊള്ളുന്ന അനുഭവങ്ങളിലൂടെ മാത്രം കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. നിസഹായയായ ആ സ്ത്രീ ആത്മഹത്യക്ക് പലവട്ടം ശ്രമിച്ചു. മക്കളെ ഓര്‍ക്കുമ്പോള്‍ ആ ശ്രമത്തില്‍ നിന്ന് പിന്‍മാറാന്‍ തോന്നും. കഴുത്തിന് കയര്‍ കുടുക്കി മുന്നോടു തുളളാന്‍ ഒരുങ്ങിയേടത്തു നിന്ന് കുടുക്ക് ഊരിയെടുത്തതും ഈ മകള്‍ക്കു വേണ്ടിയാണെന്ന് കൂടെ വന്ന മകളെ ചൂണ്ടി ആ സ്ത്രീ പറയുന്നു.

ആ സ്ത്രീ പറഞ്ഞ തിക്താനുഭവങ്ങള്‍ ഇങ്ങിനെ: ഇവരെ നമുക്ക് പങ്കജാക്ഷി എന്നു വിളിക്കാം (യഥാര്‍ത്ഥ പേരല്ല). പങ്കജാക്ഷി പത്താം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. 18ല്‍ വിവാഹം നടന്നു. വരനെക്കുറിച്ച് പറഞ്ഞറിഞ്ഞത് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്, ലീവെടുത്ത് ഗള്‍ഫില്‍ പോയവനാണ് എന്നൊക്കെയാണ്. വയസ് 25 ആണെന്നും പറഞ്ഞിരുന്നു.

ഇക്കാര്യം രണ്ടും ശരിയായിരുന്നില്ല. ബാങ്ക് ഉദ്യോഗസ്ഥനല്ല, അയാള്‍ക്ക് വയസ് 35 കഴിഞ്ഞിരുന്നു. ഏതായാലും പെട്ടുപോയില്ലേ. പങ്കജാക്ഷി ക്ഷമിച്ചു. ഭര്‍തൃ വീട്ടിലെത്തിയ ആദ്യ ദിവസം ഓര്‍ക്കുമ്പോള്‍ പോലും പങ്കജാക്ഷി വിങ്ങിപ്പൊട്ടുന്നു. രാത്രി 12 മണിവരെ വീട്ടുജോലി ചെയ്യിച്ചു. വീട്ടുകാരെല്ലാം ഉറക്കത്തിലായി. ഭര്‍ത്താവിന്റെ ബെഡ്‌റൂം അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നു. പാവം ബെഡ്‌റൂമിന് പുറത്ത് നിലത്ത് തുണിവിരിച്ച് കിടന്നു.

ആഴ്ചകളോളം ഈ രീതി തുടര്‍ന്നു. അതിരാവിലെ നാല് മണിക്ക് വീട്ടമ്മ വിളിച്ചെഴുനേല്‍പ്പിക്കും. രാത്രി 12 മണിവരെ പണിചെയ്യിക്കും. കിടന്നുറങ്ങല്‍ ആദ്യദിനം പോലെ തന്നെ. ഒന്നു രണ്ടാഴ്ച ഈ രീതിയില്‍ കഴിച്ചുകൂട്ടി. ഒരു ദിവസം ഭര്‍തൃപിതാവ് അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പങ്കജാക്ഷിയുടെ മുറിക്കു പുറത്തുളള കിടത്തം കാണുന്നു. അദ്ദേഹം വാതില്‍ മുട്ടി വിളിച്ചു. ഭര്‍ത്താവായ മനുഷ്യന്‍ കതക് തുറന്നു. അച്ഛന്‍ മകനെ വഴക്കു പറഞ്ഞു. അങ്ങിനെ ആ ദിവസം ഭര്‍ത്താവിന്റെ കിടപ്പു മുറിയിലേക്ക് ഭാര്യക്ക് പ്രവേശനം കിട്ടി.

ക്രൂരത ഇവിടെയും തുടര്‍ന്നു. അദ്ദേഹത്തിനൊപ്പം കട്ടിലില്‍ കിടത്തിയില്ല. താഴെ തുണിവിരിച്ച് കിടക്കാന്‍ പറഞ്ഞു. അവള്‍ അതനുസരിച്ചു. എനിക്ക് നിന്നെ വേണ്ട എന്ന് അയാള്‍ തുറന്നു പറഞ്ഞു. പക്ഷേ പങ്കജാക്ഷി വിട്ടില്ല. യൗവനയുക്തയായ സ്ത്രീയല്ലെ, അയാളെ പങ്കജാക്ഷി കീഴ്‌പ്പെടുത്തിയെന്നു പറയാം. അങ്ങനെ അവള്‍ ഗര്‍ഭിണിയായി. ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി.

ഭര്‍ത്താവിന്റെ രഹസ്യവും ഭാര്യയുടെ ആശയും
കാലം കടന്നു പോയി. ഇതൊക്കെ സംഭവിച്ചിട്ടും ഭര്‍ത്താവെന്ന മനുഷ്യന്റെ പെരുമാറ്റം പഴയ പടി തന്നെ. ഇതേവരെ പറഞ്ഞു കേള്‍ക്കാത്ത ഒരനുഭവം കൂടി പങ്കജാക്ഷി സൂചിപ്പിച്ചു. പകല്‍ നേരങ്ങളില്‍ വിവാഹിതയായ സ്വന്തം സഹോദരിയുമായി ഇയാള്‍ കിടപ്പു മുറിയില്‍ മണിക്കൂറുകളോളം വാതിലടച്ച് കൂടും. സഹിക്കാന്‍ വയ്യാതെ പങ്കജാക്ഷി ചോദ്യം ചെയ്തു. ഞങ്ങള്‍ക്ക് നീ കേള്‍ക്കാതെ ചില സ്വകാര്യങ്ങള്‍ പറയാനുണ്ട് എന്നായിരുന്നു പോലും മറുപടി.

സഹോദരിയുടെ ഭര്‍ത്താവും ഗള്‍ഫുകാരനാണ്. അവളുടെ ആദ്യകുഞ്ഞ് ബധിരയും മൂകയുമാണ്. രക്ത ബന്ധമുളളവരുടെ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം അംഗവൈകല്യങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് പങ്കജാക്ഷി കേട്ടറിഞ്ഞിട്ടുണ്ട്.......

ഭര്‍തൃവീട്ടിലെ വേലക്കാരിയെ പോലെ പങ്കജാക്ഷി നാളുകള്‍ കഴിച്ചു കൂട്ടി. ഗള്‍ഫില്‍ നിന്നുളള അടുത്തവരവില്‍ ആദ്യത്തെ കുഞ്ഞു ഉദരത്തില്‍ ഉണ്ടായപോലെ രണ്ടാമതും സംഭവിച്ചു. ഒരു പെണ്‍ കുഞ്ഞായിരുന്നു ഇത്തവണത്തേത്. മക്കളെ ശ്രദ്ധിക്കുന്ന പതിവൊന്നും അച്ഛനെന്നു പറയുന്ന മനുഷ്യനില്ല. കുട്ടികളുടെ പഠനവും, ജീവിതവും എല്ലാം അദ്ദേഹത്തിന്റെ അച്ഛന്‍ മുഖേന നടന്നു. ഭാര്യയെന്ന സ്ത്രീയുമായി അത്തരം ഏര്‍പാടുകളൊന്നും അദ്ദേഹത്തിനില്ല. സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റാത്തതു കൊണ്ട് പങ്കജാക്ഷി പിടിച്ചു നില്‍ക്കുകയാണ്.

18 എത്തിയ മകന്‍ അച്ഛന്റെ ക്രൂരത നിറഞ്ഞ പെരുമാറ്റത്തില്‍ മനംനൊന്ത് ആത്മഹത്യാകുറിപ്പെഴുതി വെച്ച് ജീവന്‍ വെടിഞ്ഞു. ആകെ ഉണ്ടായിരുന്ന ആണ്‍തരി നഷ്ടപ്പെട്ട പങ്കജാക്ഷിയും മകന്റെ വഴി സ്വീകരിക്കാന്‍ തീരുമാനിച്ചു. ആത്മഹത്യ ചെയ്യാനുളള ആദ്യശ്രമം പരാജയപ്പെട്ടു. മകളുണ്ടല്ലോ എന്ന ചിന്തമൂലം പിടിച്ചു നില്‍ക്കാന്‍ നിശ്ചയിച്ചു.

മകള്‍ക്കു വേണ്ടി ജീവിക്കാന്‍ പങ്കജാക്ഷി തീരുമാനിക്കുകയായിരുന്നു. ആട്ടും കുത്തും സഹിച്ച് മകള്‍ക്കു വേണ്ടിയുളള ജീവിതം. പക്ഷേ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. വീട്ടു പണി ചെയ്ത് പങ്കജാക്ഷിക്ക് വയ്യാതായി. രോഗങ്ങള്‍ ഓരോന്നായി കാര്‍ന്നുതിന്നാന്‍ തുടങ്ങി.

ഗള്‍ഫില്‍ നിന്ന് അദ്ദേഹം തിരിച്ചു വന്നു. ഇനി പോകുന്നില്ല എന്ന തീരുമാനമാണ്. ഇപ്പോള്‍ ഇറങ്ങി പോകാനാണ് പങ്കജാക്ഷിയോടും മകളോടും അയാള്‍ ആവശ്യപ്പെടുന്നത്. പങ്കജാക്ഷിക്ക് സ്വന്തക്കാരായി ഇപ്പോള്‍ ആരുമില്ല. അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. കൂടപ്പിറപ്പുകള്‍ പല വഴിക്കായി പിരിഞ്ഞു. മുകളിലാകാശം താഴെ ഭൂമി എന്ന പരുവത്തിലാണിപ്പോള്‍.

60 ലെത്തിയ അദ്ദേഹം സ്വന്തം മകളെ കാമക്കണ്ണോടെ കാണാന്‍ തുടങ്ങി. പങ്കജാക്ഷി പുറത്തു പോയ ഒരു ദിവസം. മകള്‍ പനിച്ച് കിടക്കുകയായിരുന്നു. അച്ഛനെന്നു പറയുന്ന ആ പിശാച് പനിച്ചു മൂടിപ്പുതച്ചു കിടക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് വന്നു. അവളുടെ പുതപ്പ് വലിച്ചു മാറ്റി. കാമഭ്രാന്തോടെ അവളെ വാരി പുണര്‍ന്നു. കുഞ്ഞ് നിലവിളിച്ചു. വായപൊത്തിപ്പിടിച്ച് അയാള്‍ അവളെ കരവലയത്തിലൊതുക്കി.

അവള്‍ ആവുന്നത്ര ശക്തി കാണിച്ച് കുതറി രക്ഷപ്പെട്ടു പുറത്തേക്കോടി. ഒച്ചവെച്ച് കരയുന്ന മകളുടെ അടുത്തേക്ക് പങ്കജാക്ഷി ഓടിയെത്തി. അവള്‍ എല്ലാം അമ്മയോട് പറഞ്ഞു. ഒരു ഭദ്രകാളിയെപോലെ പങ്കജാക്ഷി കയ്യിലെടുത്ത കത്തിയുമായി അയാളുടെ നേര്‍ക്ക് ആഞ്ഞടുത്തു.... ആജാനുബാഹുമായ ആ മനുഷ്യാധമന്റെ തളളലില്‍ അവള്‍ നിലംപൊത്തി വീണു.

സ്വന്തം വീട്ടില്‍ നിന്ന് പങ്കജാക്ഷിയെയും, മകളെയും ഒഴിപ്പിക്കാന്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായിരിക്കാം സ്വന്തം രക്തത്തില്‍ പിറന്ന മകളെ കാമാര്‍ത്തമായ ദാഹത്തോടെ പ്രാപിക്കാന്‍ ശ്രമിച്ചത്. അമ്മയ്ക്കും മകള്‍ക്കും പോകാനൊരിടമില്ല. ഭക്ഷണത്തിന് മാര്‍ഗമില്ല. ആരുടെയും അടുത്ത് കൈ നീട്ടാന്‍ അവര്‍ക്കാവുന്നില്ല. അമ്മയും മകളും ഒപ്പം പറയുന്നു, ഞങ്ങള്‍ ഒന്നിച്ച് ജീവനൊടുക്കുകയാണ്. മറ്റെന്തുണ്ട് ഞങ്ങള്‍ക്ക് വഴി?

ഭര്‍ത്താവിന്റെ രഹസ്യവും ഭാര്യയുടെ ആശയും
Kookanam Rahman
(Writer)
അവരുടെ തീരുമാനം നടക്കാതിരിക്കാന്‍ നമുക്ക് ആശിക്കാം. പക്ഷേ വേറെന്തുണ്ട് വഴി പറഞ്ഞു കൊടുക്കാന്‍? നമ്മുടെ നാട്ടില്‍ നടക്കുന്ന പല ആത്മഹത്യകള്‍ക്കു പിന്നിലും ഇത്തരം ദയനീയ അനുഭവങ്ങളുണ്ട്. പറയാനും അറിയാനും ആളില്ലാത്ത അവസ്ഥ. ജീവിതം മുഴുവന്‍ ഹോമിക്കുന്ന പങ്കജാക്ഷിയെ പോലുളള നിരവധി സഹോദരിമാര്‍ നമുക്കു ചുറ്റുമുണ്ട്. അവരുടെ നീറുന്ന അവസ്ഥ ആരും അറിയില്ല. ആരോടും അവരിത് പറഞ്ഞിട്ടുമില്ല. ആരോരുമറിയാത്ത  കദന കഥയുമായി അവര്‍ ഇതേവരെ ജീവിച്ചു.

എന്നെയും മകളെയും രക്ഷിക്കാനാവുമോ സാറേ, ഇതാണവരുടെ ആവശ്യം. സമൂഹവുമായി ബന്ധമില്ലാത്ത ആ സ്ത്രീ. പുറത്താരുമായും കൂട്ടുകൂടാത്ത, ഗള്‍ഫിലും വീട്ടിലും മാത്രമായി ഒതുങ്ങുന്ന മനുഷ്യപറ്റില്ലാത്ത പുരുഷന്‍.....അവന്റെ കാടത്തവും അവളുടെ ദയനീയതയും.......... മാറ്റിയെടുക്കാന്‍ വല്ലവഴിയുമുണ്ടെങ്കില്‍ വായനക്കാരെ പറഞ്ഞു തരൂ....

Also Read: 
പ്രകൃതി സ്‌നേഹത്തിന്റെ കഥാകാരി
Keywords : Kookanam-Rahman, Article, Husband, Wife, Marriage, Room, House, Hope, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia