എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

 


എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-33)

കൂക്കാനം റഹ്മാന്‍

(www.kvartha.com 27.08.2020)
പ്രിയ മോഹനേട്ടന്,
ഞാന്‍ എത്ര ബുദ്ധിമുട്ടിയാണ് മോഹനേട്ടനെ കാണാന്‍ അന്ന് വന്നത്. കാണാനും പഴയ ഓര്‍മ്മകള്‍ പങ്കിടാനും, പറ്റുമെങ്കില്‍ മനസ്സില്‍ താലോലിച്ചു നടന്ന കാര്യങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് വന്നത്. പക്ഷേ ഒന്നും നടക്കാതെ പോയില്ലേ. മംഗലാപുരത്ത് മെഡിസിന് പഠിക്കുന്ന മകളെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഗംഗേട്ടന്‍ സ്റ്റേഷന്‍വരെ കൂടെ വന്നിരുന്നു. മംഗലാപുരത്തേക്ക് ടിക്കറ്റെടുത്തു തന്നാണ് എന്നെ യാത്രയാക്കിയത്. പഴയ കാമുകനെ നേരില്‍ കാണാന്‍ വേണ്ടി നാല്പത് വര്‍ഷത്തോളം ഒപ്പം ജീവിച്ചു വന്ന ഭര്‍ത്താവിനോട് കളളം പറയേണ്ടി വന്നു. മനസ്സിലെ വേവലാതി തീര്‍ക്കാനും, കാണാനുളള അത്യാര്‍ത്തി മൂലവുമാണ് അങ്ങിനെ ഒരു കളളപ്പണി ഒപ്പിച്ചത്.

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മംഗലാപുരം പോകണമെന്നു പറഞ്ഞ ഞാന്‍ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഇറങ്ങി. ആ വണ്ടിക്ക് കാഞ്ഞങ്ങാട് മാത്രമേ സ്റ്റോപ്പുളളൂ. അവിടെ നിന്ന് തൃക്കരിപ്പൂരിലേക്ക് ബസ്സിനു വന്നു. മോഹനേട്ടന്റെ വീട് കണ്ടുപിടിക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ല. വിവാഹത്തിനു വന്ന വഴി നല്ല ഓര്‍മ്മയുണ്ടായിരുന്നു. മക്കള്‍ രണ്ടുപേരും പുറത്താണെന്നറിയാമായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഇന്ന് രാവിലെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണെന്ന്. വൈകീട്ടേ തിരിച്ചെത്തൂ. …മോഹനേട്ടന്റെ മുഖത്തേക്കു നോക്കി. കണ്ണ് നിറഞ്ഞിരിക്കുകയാണ്.

സംസാരിക്കാന്‍ പ്രയാസപ്പെടുന്നതുപോലെ. ചാരു കസേരയില്‍ നിന്ന് മെല്ലെ എഴുന്നേറ്റ് കര്‍ച്ചീഫെടുക്കുന്നത് കണ്ടു. കണ്ണ് തുടക്കാനാണ്. എല്ലാം പറയണമെന്നുണ്ട് പക്ഷേ എവിടുന്നു തുടങ്ങണമെന്ന് നിശ്ചയമില്ല. പഴയതൊന്നും പറഞ്ഞിട്ട് കാര്യമില്ലായെന്നറിയാം. എല്ലാം പരസ്പരം കൈവിട്ടു പോയി. എങ്കിലും അന്ന് പറഞ്ഞ ആ നല്ല വാക്കുകളെക്കുറിച്ച് അമ്പതാണ്ടുകള്‍ക്കപ്പുറം നടന്ന സംഭവങ്ങളെക്കുറിച്ച് എന്നും മനസ്സിലിട്ട് നടക്കുകയാണ്. നമ്മള്‍ രണ്ടുപേരും.

കാലമെത്ര പിന്നിട്ടാലും അതങ്ങിനെ തന്നെ മനസ്സില്‍ മായാതെ നില്‍ക്കട്ടെ. ഭാര്യ ഉച്ചഭക്ഷണമൊക്കെ ഒരുക്കി വെച്ചിട്ടാണ് പോയിരിക്കുന്നത്. അത് ഭാഗ്യമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റി. ഭക്ഷണം എന്റെ കൈകൊണ്ട് വിളമ്പിത്തരാനും പറ്റി. എന്തൊരു രുചിയായിരുന്നു ആ ഭക്ഷണത്തിന്?. അല്ല ഒപ്പമിരുന്നു ഭക്ഷണം കഴിച്ചതിന്. ഇവിടെ നമ്മള്‍ ഒറ്റക്കല്ലേയുളളൂ. പ്രായം നമ്മെ രണ്ടുപേരെയും തളര്‍ത്തിയിട്ടുണ്ട്. എങ്കിലും നഷ്ടപ്പെട്ടുപോയത് വീണ്ടെടുക്കാന്‍ പറ്റുമെന്നാണ് ഞാന്‍ കൊതിച്ചത്. പരസ്പരം നോക്കിയിരിക്കുമ്പോള്‍ കോളേജ് കാമ്പസ് ഓര്‍മ്മയിലെത്തി. ഒപ്പം നടന്ന നല്ല കാലത്തെക്കുറിച്ചോര്‍ത്തു. കോളേജ് ഡേക്കും മറ്റും ഞാന്‍ പാടിയ പാട്ടുകള്‍ മോഹനേട്ടന് വേണ്ടിയായിരുന്നു. അത് തിരിച്ചറിഞ്ഞതുകൊണ്ടല്ലേ അടുത്ത ദിവസം ബുക്കിനുളളില്‍ ഒളുപ്പിച്ച് വെച്ച് സ്വീററ്‌സ് എനിക്ക് കൈമാറിയത്?.

കോളേജ് കാമ്പസ് കഴിഞ്ഞ് അല്പം പടിഞ്ഞാറോട്ട് നടന്നാലെത്തുന്ന കടപ്പുറം ലക്ഷ്യമാക്കി നമ്മള്‍ നടന്നില്ലേ?. കടല്‍ തീരത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ഒന്നിച്ചിരുന്ന് സ്വപ്നങ്ങള്‍ നെയ്തില്ലേ?
പരസ്പരം സ്പര്‍ശിക്കാന്‍ നമുക്ക് ഭയമായിരുന്നില്ലേ? എങ്കിലും എന്റെ പാറിപ്പറക്കുന്ന
മുടിയിഴകളില്‍ മോഹനേട്ടന്‍ തലോടിയപ്പോള്‍ ഞാന്‍ വികാര വിവശയായി. മോഹനേട്ടന്റെ മാറില്‍ തലവെച്ചു കിടന്നുപോയി. പെട്ടെന്ന് ആരോ അതിലൂടെ കടന്നു പോയപ്പോഴാണ് ഞെട്ടി എഴുന്നേറ്റത്. എന്റെ നീളന്‍ മുയിയെക്കുറിച്ച് എത്ര നല്ല വാക്കുകളാണ് മോഹനേട്ടന്‍ പറഞ്ഞത്.

എന്റെ സാരി ഉടുപ്പില്‍ അല്പം പ്രായാസമുണ്ടായതായി അറിയാം. ഞാന്‍ പൊക്കിള്‍ കാണിച്ച് സാരി ഉടുക്കുന്നത് ശരിയല്ല എന്ന് പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് അങ്ങനേ ഉടുക്കാനാവൂ. എന്റെ കൂട്ടുകാരികളായ ശോഭ, നന്ദിനി, ശാരദ ഒക്കെ അങ്ങിനെയുളള സാരി ഉടുപ്പിനെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്തത്. അതു കൊണ്ട് ആ രീതി ഞാന്‍
തുടരുന്നു……….

ശരീരം അല്പം കറുത്തതാണെങ്കിലു എന്നെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. എന്റെ നീളന്‍ മുടിയും ശബ്ദവും എല്ലാവരേയും ആകര്‍ഷിച്ചു. അതില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് പിന്നിടാണ് അറിഞ്ഞത്. മോഹനേട്ടന്റെയും നിറം അല്പം കറുപ്പായിരുന്നില്ലേ? നീണ്ടുമെലിഞ്ഞ ശരിരവും, ചുരുളന്‍ മുടിയും. കണ്ണിറുക്കിയുളള ചിരിയും. ഞാന്‍ ഇഷ്ടപ്പെട്ടു. നാടോ ജാതിയോ ഒന്നും ഞാന്‍ തിരക്കിയില്ല. എനിക്കതൊന്നും അറിയേണ്ടായിരുന്നു. കോഴ്‌സ് കഴിഞ്ഞ ഉടനെ നമുക്കൊന്നാകാം എന്നല്ലേ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്….

അതിനിടയിലാണ് നമ്മോടൊപ്പം പഠിച്ച ഗംഗേട്ടന്‍ പാരയായി വന്നത്. ഗംഗേട്ടന് അന്നേ എന്നില്‍ കണ്ണുണ്ടായിരുന്നു. എന്റെ നാട്ടിനടുത്താണ് ഗംഗേട്ടന്റെ വീടും. ഇതൊന്നും അദ്ദേഹം എന്നോടു പറഞ്ഞില്ല. നേരെ വീട്ടില്‍ ചെന്നു വിവാഹലോചന നടത്തുകയായിരുന്നു. സാമ്പത്തികമായി നല്ല ചുറ്റുപാടുളള കുടുംബം. വെളുത്ത സുമുഖന്‍. ഒന്നിച്ചു പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തി. എന്നെ
ഇഷ്ടപ്പെട്ടാണ് ബന്ധം അന്വേഷിച്ചു വന്നത്. ഇതൊക്കെ കേട്ടപ്പോള്‍ വീട്ടുകാര്‍ക്കിഷ്ടപ്പെട്ടു. പ്രശ്‌നം എന്റെ ചെവിയിലുമെത്തി.. ഞാന്‍ എതിര്‍ത്തു. പറ്റില്ലെന്നു തീര്‍ത്തു പറഞ്ഞു.

അതറിഞ്ഞപ്പോള്‍ മുതല്‍ ഗംഗേട്ടന്‍ എന്റെ പുറകേ നടക്കാന്‍ തുടങ്ങി. ഞാന്‍ എങ്ങിനെയും അദ്ദേഹത്തെ ഇഷ്ടപ്പെടുമെന്നായിരുന്നു ഗംഗേട്ടന്‍ കരുതിയിരുന്നത്. എന്റെ ദൃഢനിശ്ചയം അറിഞ്ഞപ്പോള്‍ ഗംഗേട്ടന്‍ പ്ലേറ്റുമാറ്റി. സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയായി…. വീട്ടുകാര്‍ പ്രലോഭനങ്ങള്‍ തുടങ്ങി. എനിക്ക് നില്‍ക്കക്കളളിയില്ലാതായി….

മോഹനേട്ടനോട് എങ്ങിനെ കാര്യങ്ങള്‍ പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. താങ്കള്‍ എങ്ങിനെയോ ഇക്കാര്യം മണത്തറിഞ്ഞു. എന്റെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍ മനസ്സില്ലാ മനസ്സോടെ എനിക്ക് ആശ്വാസം പകര്‍ന്ന് ഗംഗേട്ടനൊപ്പം ജീവിക്കാന്‍ അനുവാദം തന്നത് ഇന്നലെയെന്നപോലെ എന്റെ മനസ്സിലുണ്ട്. നമുക്ക് പരസ്പരം മറക്കാന്‍ കഴിയില്ല എന്നെനിക്കറിയാം. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാമെന്നും നമ്മള്‍ തീരുമാനിച്ചതല്ലേ? നമ്മള്‍ പരസ്പരം എല്ലാം അറിഞ്ഞുകൊണ്ടല്ലേ ജീവിച്ചു വന്നത്. വിവാഹം, കുട്ടികള്‍ പിറന്നത്, അവരുടെ വിദ്യാഭ്യാസം, ജോലി ഇതെല്ലാം പരസ്പരം അറിയിച്ചിരുന്നു. എനിക്കും രണ്ടു കുട്ടികള്‍ മോഹനേട്ടനും രണ്ടു കുട്ടികള്‍ എല്ലാവരും പഠിച്ചുയര്‍ന്നു. എല്ലാവരും സ്റ്റ്‌റ്റേസിലും, ഗള്‍ഫിലുമായി ജോലി ചെയ്തു ജീവിച്ചു വരുന്നു.

പക്ഷേ ഇത്ര കാലമായിട്ടും ഗംഗേട്ടന്‍ നമ്മള്‍ തമ്മിലുളള ബന്ധത്തെക്കുറിച്ചറിഞ്ഞിരുന്നില്ല. ഞാന്‍ അറിയിച്ചുമില്ല. ഇങ്ങിനെതന്നെ പോവട്ടെയെന്നു കരുതി. മോഹനേട്ടന്‍ രണ്ടു വര്‍ഷം മുന്നേ മകന്റെ വിവാഹത്തനു വന്നപ്പോഴും നമ്മള്‍ സമര്‍ത്ഥമായി മാറിനിന്നില്ലേ. ഇതൊക്കെയാണെങ്കിലും നമ്മുടെ ഇരുവരുടെയും കുടുംബജീവിതത്തില്‍ വിളളലേല്‍ക്കാതെ ഇത്രയും കാലം ജീവിച്ചില്ലേ? അതല്ലേ നമ്മുടെ ഭാഗ്യം?. എന്നും സ്വപ്നം കാണുന്നതും സമയം കിട്ടുമ്പോഴൊക്കെ ചിന്തിക്കുന്നതും മോഹനേട്ടന്റെ മുഖമാണ്. ആ മുഖം മരിക്കും വരെ എനിക്ക് മറക്കാന്‍ കഴിയില്ല.

കഴിഞ്ഞ വര്‍ഷം നടന്ന കോളേജ് ഗെറ്റ്ടുഗതര്‍ പരിപാടി സംഘടിപ്പിച്ചതിന്റെ പ്രധാന സൂത്രധാരന്‍ മോഹനേട്ടനാണെന്നറിയാം. തമ്മില്‍ കാണാനുളള ഒരു അവസരം സൃഷ്ടിക്കലാണതെന്നും അറിയാം. അന്നു വെറും നോട്ടത്തിലും ചിരിയിലും മാത്രം നമ്മുടെ അടുപ്പം ഒതുക്കിനിര്‍ത്തിയില്ലേ? ഇതൊക്കെ തുറന്നു പറയാനും നമ്മുക്ക് രണ്ടുപേര്‍ക്കും മനസ്സിലുളള അസ്വസ്ഥത മാറ്റാനുമയിരുന്നു ഞാന്‍ വന്നത്. അതൊന്നും പറയാനോ സ്വയം സാന്ത്വനം നേടാനോ ആ വരവ് മൂലം സാധ്യമായില്ല.

അതു കൊണ്ടാണിങ്ങിനെ ഒരു കത്ത് വേണ്ടിവന്നത്. നമുക്ക് രണ്ടാള്‍ക്കും വയസ്സ് എഴുപതിനോടടുത്തില്ലേ ? ഗംഗേട്ടനും അതേ പ്രായം. തന്നെ കാണണമെന്നും സംസാരിക്കണമെന്നും ഉളള മോഹം ഇല്ലാതാവുന്നേയില്ല. കണ്ടിട്ടും പറഞ്ഞിട്ടും പ്രയോജനമില്ലെങ്കിലും അങ്ങിനെയുളള മോഹം മരിക്കും വരെ മനസ്സിലിട്ടു നടക്കുന്നത് ഒരു സന്തോഷമല്ലേ? ഇവിടെ നിന്ന് നമ്മളിലാരാദ്യം യാത്രയാവുമെന്നറിയില്ല. ഒപ്പം തന്നെ
യാത്രയായാല്‍ നന്നായിരുന്നു. അങ്ങിനെയാവാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ ജീവിത രഹസ്യം നമ്മോടൊപ്പം തന്നെ ഇല്ലാതാവട്ടെ. മറ്റൊരാളും അറിയാതെ ഇതേവരെ എത്തിയില്ലേ? കഴിഞ്ഞകാല ഓര്‍മ്മകളെ താലോലിച്ചുകൊണ്ട്, പരസ്പരം ഓര്‍ത്തുകൊണ്ട് ശിഷ്ട ജീവിതവും നമുക്ക് തുടരാം.

നല്ലതുമാത്രം വരട്ടെയെന്ന പ്രാര്‍ത്ഥനയോടെ
മോഹനേട്ടന്റെ സ്വന്തം വിമല.




Keywords: Article, Love, Old Age, Kooknam-Rahman,  In her seventies she writes love stories


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia