Country Name | ഇന്ത്യയും ഭാരതവും

 


-ഹിലാല്‍ ആദൂര്‍

(www.kvartha.com) സിന്ധു എന്ന പദത്തില്‍ നിന്നാണ് ഹിന്ദു എന്നും, ഇന്‍ഡസ് (Indus valley) എന്ന പദത്തില്‍ നിന്നാണ് ഇന്ത്യ എന്നുമുള്ള പദങ്ങള്‍ ഉണ്ടായതെന്നാണ് ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ബി സി അഞ്ചാം നൂറ്റാണ്ടില്‍ സിന്ധു നദിക്കപ്പുറമുള്ള ഭൂമിയെ പരാമര്‍ശിക്കാന്‍ വേണ്ടി ഗ്രീക്കുകാരാണ് ഇന്ത്യ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടോടെ പഴയ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇന്ത്യ എന്ന് പരാമര്‍ശിച്ചതായി കാണാം. പതിനേഴാം നൂറ്റാണ്ടോടെ ആ പദം ആധുനിക ഇംഗ്ലീഷ് ഭാഷയിലും, സാഹിത്യത്തിലും ഇടം പിടിച്ചു.
     
Country Name | ഇന്ത്യയും ഭാരതവും

എന്നാല്‍ ഹിന്ദു എന്ന പദം ആദ്യമായി ഉരുത്തിരിഞ്ഞത് പേര്‍ഷ്യക്കാരില്‍ നിന്നാണ് - അവര്‍ സിന്ധു നദീ തീരത്തു താമസിക്കുന്നവരെ സിന്ധു എന്നതിന് പകരം ഹിന്ദു എന്ന് വിളിച്ചു. പിന്നീട് അത് ഹിന്ദുസ്ഥാന്‍ ആയി മാറി. അറബികള്‍ ഇന്ത്യക്കാരെ ഹിന്ദ് എന്ന് അഭിസംബോധന ചെയ്യുന്നതായി കാണാം. ഭാരതം എന്ന വാക്ക് ഉത്ഭവിച്ചത് - ഇന്ത്യയുടെ രണ്ട് പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തില്‍ നിന്നാണ്.

വിഭജന കാലത്തെ സങ്കീര്‍ണതകള്‍ക്കിടയിലും യാതൊരു എതിര്‍പ്പും ഇല്ലാതെയാണ് ഇന്ത്യ എന്ന നാമധേയം ഉണ്ടായത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 'ഇന്ത്യ', അതായത് 'ഭാരതം' എന്നാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇന്ന് ലോകത്ത് 195 രാജ്യങ്ങളുണ്ട്, അവയില്‍ പല രാജ്യങ്ങളും പേര് മാറ്റിയിട്ടുണ്ട്. പക്ഷെ അതിനൊക്കെ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. അതിര്‍ത്തി മാറ്റം, യുദ്ധം, സ്വാതന്ത്ര്യം, ഒരു നേതാവിനെ ബഹുമാനിക്കാന്‍, രാജ്യങ്ങളുടെ വിഭജനം, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കല്‍ തുടങ്ങിയവ.

രാജ്യത്തിന്റെ പേര് മാറ്റുന്നത് ലളിതമായ പ്രക്രിയ അല്ല, ദശ ലക്ഷക്കണക്കിന് ഡോളര്‍ ചിലവ് വരും എന്ന് മാത്രമല്ല അത്ര തന്നെ പ്രയത്നവും, ഏകോപന സംവിധാനങ്ങളും ആവശ്യമാണ്. പേര് മാറ്റിയ ചില രാജ്യങ്ങളും - അതിന്റെ കാരണങ്ങളും പരിശോധിക്കാം

പേര്‍ഷ്യ - ഇറാന്‍

1935 മാര്‍ച്ചിന് മുമ്പ് ഇറാന്റെ ഔദ്യോഗിക നാമം പേര്‍ഷ്യ എന്നായിരുന്നു. പിന്നീട് ഇറാനിയന്‍ സര്‍ക്കാര്‍ അവരുടെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളോട് പേര്‍ഷ്യയെ 'ഇറാന്‍' എന്ന് വിളിക്കാന്‍ അഭ്യര്‍ത്ഥിച്ചു. നാസികളുടെ സ്വാധീനത്തിന് കീഴില്‍ അധികാരത്തില്‍ വന്ന ജര്‍മ്മനിയിലെ ഇറാന്‍ അംബാസഡറില്‍ നിന്നാണ് മാറ്റത്തിനുള്ള നിര്‍ദേശം വന്നതെന്ന് പറയപ്പെടുന്നു.

സയാം - തായ്ലാന്‍ഡ്

ബ്രിട്ടീഷുകാരോ ഫ്രഞ്ചുകാരോ ഒരിക്കലും കോളനിവത്കരിക്കാത്ത ചുരുക്കം ചില തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് തായ്ലന്‍ഡ്. നൂറ്റാണ്ടുകളായി, ഈ പ്രദേശം ഒരു രാജാവിന്റെ ഭരണത്തിലായിരുന്നു, അത് സയാം എന്നറിയപ്പെട്ടു. 1939-ല്‍ രാജ്യം ഭരിച്ച രാജാവ് ഭരണഘടനാപരമായ രാജവാഴ്ചയായതിന് ശേഷം അതിന്റെ പേര് മാറ്റി. പ്രാദേശിക ഭാഷയില്‍ ഇത് പ്രതേത് തായ് എന്നാണ് ഉച്ചരിക്കുന്നത്, അതിനര്‍ത്ഥം 'സ്വതന്ത്രരായ ആളുകളുടെ രാജ്യം' എന്നാണ്.
     
Country Name | ഇന്ത്യയും ഭാരതവും

ബര്‍മ്മ - മ്യാന്മര്‍

1989 ല്‍ ബര്‍മയില്‍ ഒരു ജനകീയ പ്രക്ഷോഭം നടക്കുകയും, തുടര്‍ന്ന് നിരവധി പേര് അതില്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നാലെ ഭരണ കക്ഷിയായ സൈനീക ഭരണകൂടം അതിന്റെ പേര് മ്യാന്മര്‍ എന്നാക്കി മാറ്റി. ഇത് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചുവെങ്കിലും അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.

ഹോളണ്ട് - നെതര്‍ലന്‍ഡ്സ്

സൗത്ത് ഹോളണ്ട്, നോര്‍ത്ത് ഹോളണ്ട് എന്നിങ്ങനെ രണ്ട് പ്രദേശങ്ങളുണ്ട്, വിപണ നീക്കവും മറ്റും സുഗമമാക്കാന്‍ ഇവ രണ്ടും ഏകീകരിച്ചു. 2020 ജനുവരിയില്‍ നെതര്‍ലന്‍ഡ്സ് എന്ന് നാമകരണം ചെയ്തു. പല പരിഷ്‌ക്കാരങ്ങള്‍ക്ക് പുറമെ കായിക ടീമുകളുടെ പേരും നെതര്‍ലന്‍ഡ്സ് എന്നാക്കി മാറ്റി.

അതേസമയം ഇന്ത്യയുടെ പേര് മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ്. ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും പേര് മാറ്റത്തിനുള്ള കാരണങ്ങള്‍ വ്യക്തമല്ല. ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ് ഇന്ത്യ എന്നും, അത് കൊണ്ട് ഭാരതം എന്നാക്കി മാറ്റണം എന്ന് ഭരണപക്ഷത്തെ അനുകൂലിക്കുന്നവരും 'ഇന്‍ഡ്യ' എന്നത് പ്രതിപക്ഷ ഐക്യത്തിന്റെ പേര് ആയത് കൊണ്ട് രാജ്യത്തിന്റെ പേര് തന്നെ മാറ്റാനുള്ള തിടുക്കത്തിലാണ് ഭരണപക്ഷമെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

അതിനിടയില്‍ പ്രതിപക്ഷ ഐക്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റാനും തങ്ങള്‍ തയ്യാറെന്ന് ശശി തരൂര്‍ പറഞ്ഞതും ശ്രദ്ധേയമാണ്. ഏതായാലും പാവം ജനങ്ങള്‍ ഇതിനെല്ലാം ഇടയില്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നു. കാരണം ഭാരതം ആയാലും, ഇന്ത്യ ആയാലും പണിയെടുത്താലെ നമ്മുടെയും കുടുംബത്തിന്റെയും വയറു നിറയൂ. രാഷ്ട്രീയക്കാര്‍ നാളെ പുതിയ തന്ത്രവുമായി ഇറങ്ങും, അവരുടെ പോക്കറ്റ് നിറക്കാന്‍, മതവും ജാതിയും പറഞ് ജനങ്ങളെ ഭിന്നിപ്പിച്ചു അധികാരത്തിലേറാന്‍.

Keywords: India, Bharat, History, Nation, Politics, Hilal Adhur, Article, Country Name, India and Bharat: History of the nation's names.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia