Infosys | ഇന്‍ഫോസിസിന് നല്‍കിയ 32,000 കോടിയുടെ ജി എസ് ടി നോട്ടീസ് പിന്‍വലിച്ചത് എന്തുകൊണ്ട്?
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയാണ് ഇന്‍ഫോസിസ്.
ഐടി സേവനങ്ങളുടെ കയറ്റുമതിക്കായി ക്രെഡിറ്റിനോ റീഫണ്ടിനോ ജി എസ് ടി പേയ് മെന്റുകള്‍ അര്‍ഹമാണെന്ന് ഇന്‍ഫോസിസ്
അര്‍ണവ് അനിത
ബംഗളൂരു: (KVARTHA) ഇന്‍ഫോസിസിന് (Infosys)അയച്ച 32,000 കോടിയിലധികം രൂപയുടെ ചരക്ക് സേവന നികുതി (GST) നോട്ടീസ് (Notice) കര്‍ണാടക (Karnataka) അധികൃതര്‍ പിന്‍വലിച്ചതായി ഇന്‍ഫോസിസ്. 2017 മുതല്‍ 2022 വരെ വിദേശ ശാഖകളില്‍ നിന്ന് കമ്പനി നേടിയ സേവനങ്ങള്‍ക്ക് കര്‍ണാടക ജി എസ് ടി അധികൃതര്‍ 32,403 കോടി രൂപയുടെ നോട്ടീസ് നല്‍കിയതായി ഇന്‍ഫോസിസ് ബുധനാഴ്ച അറിയിച്ചിരുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയാണ് ഇന്‍ഫോസിസ്. ഈ വിഷയത്തില്‍ ഡിജിജിഐ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി എസ് ടി ഇന്റലിജന്‍സ്) അതോറിറ്റിക്ക് മറുപടി സമര്‍പ്പിക്കാന്‍ ഐടി സ്ഥാപനത്തിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2017 മുതല്‍ അഞ്ച് വര്‍ഷം കമ്പനിക്ക് വിദേശ ശാഖകളില്‍ നിന്ന് ലഭിച്ച സേവനങ്ങള്‍ക്കാണ് 32,403 കോടി രൂപയുടെ നോട്ടീസ് കര്‍ണാടക ജി എസ് ടി അധികൃതര്‍ അയച്ചത്. ഇതിന് പിന്നാലെ ജി എസ് ടി ബാധകമല്ലെന്ന് കമ്പനി അറിയിച്ചിരുന്നു.
ഇതേ വിഷയത്തില്‍ ജി എസ് ടി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ കമ്പനിക്ക് പ്രീ-ഷോ കോസ് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും അറിയിച്ചു. ജി എസ് ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ (2024 ജൂണ്‍ 26 ലെ സര്‍ക്കുലര്‍ നമ്പര്‍ 210/4/2024പ) പ്രകാരം വിദേശ ശാഖകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഇന്ത്യയിലെ സ്ഥാപനം ജി എസ് ടിക്ക് വിധേയമല്ല എന്നും ഇന്‍ഫോസിസ് പറയുന്നു.
എന്നാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയോ കമ്പനിയോ, രാജ്യത്തിന് പുറത്ത് ബന്ധമുള്ള വ്യക്തിയില്‍ നിന്നോ കമ്പനിയില്‍ നിന്നോ സേവനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് ജൂണില്‍ കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല റിവേഴ്‌സ് ചാര്‍ജ് സമ്പ്രദായത്തിന് കീഴില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി നികുതി അടയ്ക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ഐടി സേവനങ്ങളുടെ കയറ്റുമതിക്കായി ക്രെഡിറ്റിനോ റീഫണ്ടിനോ ജി എസ് ടി പേയ് മെന്റുകള്‍ അര്‍ഹമാണെന്ന് ഇന്‍ഫോസിസ് പറയുന്നു. കമ്പനി അതിന്റെ എല്ലാ ജി എസ് ടി കുടിശ്ശികയും അടച്ചു. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നെന്നും അറിയിച്ചു. ഇന്‍ഫോസിസുമായുള്ള കരാറിന്റെ ഭാഗമായി ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്നതിനായി കമ്പനി വിദേശത്ത് ശാഖകള്‍ തുറന്നു.
ഈ ശാഖകളെയും കമ്പനിയെയും സംയോജിത ജി എസ് ടി നിയമത്തിന് കീഴില്‍ രണ്ടായി കണക്കാക്കുന്നു, അതുകൊണ്ട് അന്തര്‍ സംസ്ഥാന ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണത്തിന് അല്ലെങ്കില്‍ രണ്ടിനും നികുതി പിരിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നു- അന്വേഷണ ഏജന്‍സി പറയുന്നു.
അതിനാല്‍, വിദേശ ബ്രാഞ്ചുകളില്‍ നിന്നുള്ള സാധനങ്ങള്‍ ലഭിക്കുന്നതിന് നല്‍കുന്ന പണം അവിടുത്തെ ചെലവുകളുടെ രൂപത്തില്‍ കമ്പനി( COMPANY) ബ്രാഞ്ച് ഓഫീസുകള്‍ക്ക് നല്‍കി. അതിനാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ശാഖകളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ക്ക് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന് കീഴില്‍ GST അടയ്ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്ന് നോട്ടീസില്‍ പറയുന്നു.
2017-18 (ജൂലൈ 2017 മുതല്‍) 2021-22 വരെയുള്ള കാലയളവില്‍ 32,403.46 കോടി രൂപ വരെ, ഇന്ത്യക്ക് പുറത്തുള്ള ശാഖകളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ക്ക് ഈടാക്കുന്ന റിവേഴ്സ് ചാര്‍ജ് നിയമത്തിന്റെ പരിധിയില്‍ ഇന്റഗ്രേറ്റഡ് ജി എസ് ടി അടയ്ക്കാന്‍ ബെംഗളൂരു ആസ്ഥാനമായ കമ്പനി ബാധ്യസ്ഥമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
സേവനങ്ങള്‍ സ്വീകരിച്ച ഇന്‍ഫോസിസ് അതിന്റെ ഇറക്കുമതിക്കുള്ള ഇന്റഗ്രേറ്റഡ് ജി എസ് ടി അടച്ചിട്ടില്ലെന്ന് ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി എസ് ടി ഇന്റലിജന്‍സ് പറയുന്നു. 32,403 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും തുക ഇന്‍ഫോസിസിന് ഒരു വര്‍ഷം ലാഭമായി ലഭിക്കുന്നില്ല. ജൂണിലെ സാമ്പത്തിക പാദത്തില്‍ ഇന്‍ഫോസിസിന്റെ (INFOSYS) അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.1 ശതമാനം ഉയര്‍ന്ന് 6,368 കോടി രൂപയായി.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 3.6 ശതമാനം വര്‍ധിച്ച് 39,315 കോടി രൂപയായി. അതേസമയം ഇന്‍ഫോസിസിന് പിന്തുണയുമായി ഐടി സ്ഥാപനങ്ങളുടെ സംഘടനയായ നാസ് കോം രംഗത്തെത്തി. ഐടി വ്യവസായത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു അവബോധവും ഇല്ലാത്തത് കൊണ്ടാണ് ഇത്രയും നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടത് അവര്‍ ചൂണ്ടിക്കാട്ടി.
ജി എസ് ടി കൗണ്‍സിലിന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ നടപ്പാക്കണമെന്നും നാസ്‌കോം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം നോട്ടീസുകള്‍ വ്യവസായത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും രാജ്യത്തെ ഈസിടു ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 32,403 കോടി രൂപ ജി എസ് ടി അടയ്ക്കണമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യവസായത്തിന്റെ പ്രവര്‍ത്തനം അറിയാത്തത് കൊണ്ടാണ്.
ഇത് വ്യവസായത്തെ വ്യാപകമായി ബാധിക്കുന്ന പ്രശ്നമാണ്, കൂടാതെ ഒന്നിലധികം കമ്പനികള്‍ ഇത്തരത്തിലുള്ള ഒഴിവാക്കാവുന്ന കേസുകളും അനിശ്ചിതത്വവും നേരിടുന്നു. ഇത് നിക്ഷേപകരിലും ഉപഭോക്താക്കളിലും ആശങ്ക സൃഷ്ടിക്കുന്നെന്നും നാസ്‌കോം പറഞ്ഞു.
ഹെഡ് ഓഫീസും വിദേശ ബ്രാഞ്ചും തമ്മില്‍ യാതൊരു സേവനവുമില്ലാത്ത സന്ദര്‍ഭങ്ങളിലും ഇന്ത്യയിലെ ഹെഡ് ഓഫീസ് വിദേശ ശാഖകളിലേക്ക് പണമയയ്ക്കുന്നതിന് ജി എസ് ടി എന്‍ഫോഴ്‌സ്‌മെന്റ് അധികാരികള്‍ നോട്ടീസ് നല്‍കുന്നുണ്ടെന്ന് നാസ്‌കോം വാദിച്ചു. ഇത് 'ഇറക്കുമതി' സേവനം അല്ല, ശാഖകളില്‍ നിന്ന് ഹെഡ് ഓഫീസ് വഴി നല്‍കുന്ന സേവനമാണെന്നും സംഘടന പറയുന്നു. പല കമ്പനികളും ഇത്തരം നോട്ടീസുകള്‍ അവഗണിക്കുകയാണ് പതിവ്.
ഇപ്പോഴുണ്ടായത് പുതിയ പ്രശ്നമല്ല. ഇത്തരം കേസുകളില്‍ കോടതികള്‍ (COURT) കമ്പനികള്‍ക്ക് അനുകൂലവിധിയാണ് നല്‍കിയിട്ടുള്ളത്. സേവന നികുതി നിയമത്തില്‍ പോലും ഈ പ്രശ്നം അഭിസംബോധന ചെയ്യപ്പെട്ടിരുന്നു. കസ്റ്റംസ് , എക്സൈസ്, സര്‍വീസ് ടാക്സ് , അപ്പലേറ്റ് ട്രിബ്യൂണല്‍ എന്നിവ പുറപ്പെടുവിച്ച മുന്‍കാല അനുകൂല വിധികളുണ്ടെന്നും നാസ്‌കോം പറഞ്ഞു.