Career | ത്രിമാന പ്രിന്റിങ്ങിന്റെ ലോകത്ത് തൊഴിൽ സാധ്യതകൾ ഏറെ! എവിടെയൊക്കെ പഠിക്കാം, അറിയേണ്ടതെല്ലാം

 


-മുജീബുല്ല കെ എം

(KVARTHA) വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലൂടെയാണ് പലരും ത്രിമാന സിനിമ എന്ത് എന്നറിഞ്ഞത്. ആ ത്രിമാന സിനിമയുടെ ലോകം 5ഡി-യും കഴിഞ്ഞു അതിനപ്പുറത്തേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രിന്റിങ്ങിന്റെ ലോകത്തെ ത്രിമാന പ്രിന്റിങ്ങിനെ പറ്റി പഠിച്ചു കൊണ്ടിരിക്കയാണ് സമൂഹം.
    
Career | ത്രിമാന പ്രിന്റിങ്ങിന്റെ ലോകത്ത് തൊഴിൽ സാധ്യതകൾ ഏറെ! എവിടെയൊക്കെ പഠിക്കാം, അറിയേണ്ടതെല്ലാം

വമ്പന്‍ മൂശകളില്‍ തീപോലെ തിളയ്ക്കുന്ന ലോഹക്കൂട്ടുകള്‍, തുളച്ചുകയറുന്ന ശബ്ദമുള്ള ലെയ്ത് മെഷീന്‍, ഡ്രില്ലര്‍, ഷേയ്പര്‍, വെല്‍ഡിങ് ജ്വാലയുടെ പേടിപ്പെടുത്തുന്ന തിളക്കം... വ്യാവസായികോത്പാദന മേഖലയെ കുറിച്ചോര്‍ക്കുമ്പോള്‍ മനസില്‍ വരുന്ന ഈ ദൃശ്യങ്ങളൊക്കെ പതുക്കെ പതുക്കെ മാഞ്ഞുകൊണ്ടിരിക്കയാണ്.. ഉത്പാദനമേഖലയിലെ 'ഡിസ്‌റപ്റ്റീവ്' സാങ്കേതികവിദ്യയായി 3ഡി പ്രിന്റിങ് ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്നത്.

കുട്ടിക്കാലത്തു പലരും തെര്‍മോകോള്‍, കാര്‍ഡ്‌ബോഡ് എന്നിവയൊക്കെ ഉപയോഗിച്ച് ത്രിമാനരൂപങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ യഥാര്‍ഥ ത്രിമാനരൂപങ്ങള്‍ ഉണ്ടാക്കാന്‍ എളുപ്പമല്ല. ഇവയുടെ രൂപം, വലുപ്പം, നിലവാരം എന്നിവയൊക്കെ ഉറപ്പുവരുത്തുക ശ്രമകരമായ പണിയാണ്. ഇന്‍ജക്ഷന്‍ മോള്‍ഡിങ്, സബ്ട്രാക്ടീവ് സാങ്കേതികവിദ്യകള്‍ എന്നിവയൊക്കെ ത്രിമാനരൂപങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്നുണ്ടെങ്കിലും ഇവയെയെല്ലാം വെല്ലുന്ന മികവാണു 3ഡി പ്രിന്റിങ്ങിന്. ഫ്‌ലക്‌സിബിലിറ്റി, വേഗം, ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങിയ പല ഗുണങ്ങളും ഇതിനെ മാറ്റിനിര്‍ത്തുന്നു.

എന്താണ് അഡിറ്റീവ് മാനുഫാക്ചറിങ് (Additive manufacturing)?

3ഡി പ്രിന്റിങ് പ്രവര്‍ത്തിക്കുന്നത് അഡിറ്റീവ് സാങ്കേതികവിദ്യയിലാണ്. ആദ്യം ഒരു ലെയര്‍ നിര്‍മിക്കും, ഇതിനു മുകളില്‍ അടുത്തത്... ഇപ്രകാരം കൂട്ടിവച്ചു കൂട്ടിവച്ചാണു ത്രിമാനരൂപം നിര്‍മിക്കുക. ഇതാണ് അഡിറ്റീവ് മാനുഫാക്ചറിങ്ങിന്റെ പ്രധാനതത്വം. എണ്‍പതുകളുടെ തുടക്കത്തില്‍ ചക്ക് ഹില്‍ എന്ന സാങ്കേതികവിദഗ്ധനാണ് ഇതിന്റെ ആദ്യരൂപം നിര്‍മിച്ചത്. സ്റ്റീരിയോ ലിതോഗ്രഫി എന്നായിരുന്നു ആദ്യപേര്. ദ്രാവകങ്ങളില്‍നിന്ന് അള്‍ട്രാവയലറ്റ് രശ്മികളുപയോഗിച്ച് ഖരരൂപങ്ങളുണ്ടാക്കുകയായിരുന്നു ഇതിന്റെ രീതി. പതിയെ ഈ മേഖല വളര്‍ന്നു. ഫ്യൂസ്ഡ് ഡിപോസിഷന്‍ മോഡലിങ് (Fused Deposition Modeling - FDM) എന്ന രീതിയാണ് 3ഡി പ്രിന്റിങ്ങില്‍ ഇന്നു കൂടുതലായി ഉപയോഗിക്കുന്നത്.

എഫ് ഡി എം എങ്ങനെ?

കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (CAD) സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഒരു ത്രിമാനരൂപം ഡിസൈന്‍ ചെയ്യും.
ഈ ഡിസൈനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ 'എസ്ടിഎല്‍' ഫയല്‍ 3ഡി പ്രിന്ററിന്റെ കംപാനിയന്‍ സോഫ്റ്റ്വെയറിലേക്ക് ലോഡ് ചെയ്യും. ഇവയെ സോഫ്റ്റ്വെയര്‍ പല 2ഡി ലെയറുകളായി വിഭജിക്കും. എത്ര നേര്‍ത്തതാണോ ലെയറുകള്‍, അത്ര നിലവാരമുള്ളതായിരിക്കും ത്രിമാനരൂപം. ലെയറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജി-കോഡ് എന്ന പ്രത്യേകഫോര്‍മാറ്റില്‍ പ്രിന്ററിലേക്കു നല്‍കും.

ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ത്രീഡി പ്രിന്ററിലാണ്

അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന പ്രിന്റ്‌ഹെഡ്, ഇവയെ നിയന്ത്രിക്കുന്ന ഗൈഡുകള്‍, ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനം എന്നിവയടങ്ങിയതാണ് പ്രിന്ററുകള്‍. പ്രിന്റ്‌ഹെഡ്ഡില്‍ എക്‌സ്ട്രൂഡര്‍ എന്നൊരു ഭാഗമുണ്ട്. ഇതില്‍നിന്നു തെര്‍മോപ്ലാസ്റ്റിക് ഗണത്തിലുള്ള ഉരുക്കിയ നിര്‍മാണവസ്തു വെളിയിലേക്കുവരും. പ്രിന്റ്‌ഹെഡ്ഡിലെ ഒരു നോസില്‍ വഴി പ്ലേറ്റിലേക്ക് ഈ വസ്തു വീഴുകയും പലപാളികള്‍ മേല്‍ക്കുമേല്‍ കൂട്ടിച്ചേര്‍ന്ന് ത്രിമാനരൂപം ഉണ്ടായിവരികയും ചെയ്യും.

ഇലക്ട്രോമെക്കാനിക്കല്‍ സംവിധാനമാണ് പ്രിന്റ്‌ഹെഡിനെ മുന്നോട്ടും പിന്നോട്ടും നീക്കുന്നത്. ഇവയില്‍ സെന്‍സറുകളും മോട്ടോര്‍ ഡ്രൈവറുമൊക്കെ ഉണ്ടായിരിക്കും. ഇവ ഉപയോഗിച്ചാണ് ജി കോഡില്‍നിന്നു കൃത്യമായ രൂപം നിര്‍മിക്കുന്നത്. 3ഡി പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന ചില വസ്തുക്കളാണ് അസെറ്റോനൈട്രൈല്‍ ബ്യൂട്ടാഡൈന്‍ സ്‌റ്റൈറിന്‍ (ABS), പോളിലാക്റ്റിക് ആസിഡ് (PLA), തെര്‍മോപ്ലാസ്റ്റിക് പോളിയൂറഥേന്‍ (TPE/TPU), ഹൈ ഇംപാക്ട് പോളിസ്‌റ്റൈറിന്‍ (HIPS), നൈലോണ്‍, കാര്‍ബണ്‍ ഫൈബര്‍, പോളികാര്‍ബണേറ്റ്, പോളിവിനൈല്‍ അസറ്റേറ്റ് (PVA) എന്നിവ.

3ഡി പ്രിന്റിങിന്റെ ഭാവി

ഭാവിയിലെ ഉത്പാദന മേഖലയില്‍ 3ഡി പ്രിന്റിങ്ങിനു ശക്തമായ സ്വാധീനമുണ്ടാകും. ഒന്നാമത്തെ കാര്യം മാറ്റങ്ങള്‍ വരുത്താനുള്ള എളുപ്പമാണ്. സാധാരണരീതിയില്‍ ഒരു ഉത്പന്നം നിര്‍മിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഒരുപാട് ശ്രമകരമായ ജോലിയാണ്. ഉദാഹരണത്തിന് ഒരു മൂശ നമുക്ക് സങ്കല്‍പിക്കാം. എന്നാല്‍ ത്രീഡി പ്രിന്റിങ്ങില്‍ ജികോഡില്‍ മാറ്റം വരുത്തുകയേ വേണ്ടൂ. മെഷീനിങ് ജോലികള്‍ക്കു ചെലവാകുന്ന തുകയില്‍ വലിയ ലാഭം ഇതുമൂലം ലഭിക്കും. ക്രൗഡ്ഫണ്ടിങ് സൈറ്റുകളിലൂടെ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ചെറുകിട സംരംഭകര്‍ക്കും ഇതു വലിയ ഉപകാരമായിരിക്കും.
സാധാരണ ഉത്പാദനത്തില്‍ മെഷീനിങ്, മില്ലിങ് തുടങ്ങിയ പ്രക്രിയകളില്‍ വലിയ രീതിയില്‍ നിര്‍മാണവസ്തു നഷ്ടപ്പെടും. എന്നാല്‍ ത്രീഡി പ്രിന്റിങ്ങില്‍ ഇപ്രകാരം നഷ്ടമുണ്ടാകില്ല. ഭാവനാപൂര്‍ണമായ ഡിസൈന്‍, കൃത്യത തുടങ്ങിയവ ഇത് ഉറപ്പുനല്‍കും.

എവിടെയൊക്കെ ഉപയോഗിക്കാം?

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തില്‍ തുടങ്ങുന്നു ഇതിന്റെ ഉപയോഗം. മറ്റുവസ്തുക്കള്‍ നിര്‍മിക്കുന്നതു പോലെ ഭക്ഷണവും 3ഡി പ്രിന്റ് ചെയ്യാം. ഉദാഹരണമായി ഒരു കേക്ക് വേണമെന്നിരിക്കട്ടെ, ഇതിന്റെ ചേരുവകള്‍ 3 ഡി പ്രിന്ററിലേക്ക് ലോഡ് ചെയ്തു കൊടുത്താല്‍ മതി- ഔട്ട്പുട്ടായി ഉഗ്രന്‍ കേക്ക് തയ്യാര്‍ . വലിയ ബില്‍ഡിങ്ങുകള്‍ 3ഡി പ്രിന്റ് ചെയ്‌തെടുക്കാന്‍ സാധിക്കും. ഗള്‍ഫിലും ഇന്ത്യയിലും വരെ ത്രിമാന കെട്ടിടങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു സാങ്കേതികവിദ്യ വഴിയൊരുക്കുന്നുണ്ട് . അവയവദാനം ഇന്നത്തെ വലിയ ഒരു പ്രശ്‌നമാണ്. ജീവകോശങ്ങളില്‍നിന്ന് അവയവങ്ങള്‍ നിര്‍മിക്കാനുള്ള ടിഷ്യു എന്‍ജിനീയറിങ് വളരെ പ്രചാരമുള്ള മേഖലയാണ്. ഇതിലും ത്രീഡി പ്രിന്റിങ് സഹായകമാകുന്നു . ഇത്തരം കോശങ്ങളെ 3ഡി കണ്ടെയ്ന്‍മെന്റില്‍ വളര്‍ത്തി അവയെ നമുക്ക് വേണ്ട അവയവങ്ങളാക്കി വളര്‍ത്താന്‍ സാധിക്കുമെന്നായാല്‍ അപകടത്തിലും യുദ്ധങ്ങളിലുമൊക്കെ അവയവനഷ്ടം സംഭവിക്കുന്നവര്‍ക്ക് വലിയ ഉപകാരമാകും.

ഇംപ്ലാന്റുകള്‍, ഡെഞ്ചറുകള്‍, ക്രൗണ്‍, ബ്രിജ് തുടങ്ങിയ കൃത്രിമപ്പല്ലുകള്‍ക്ക് ഇന്നു വലിയ ചെലവാണ്. ഇവ ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിക്കാന്‍ 3ഡി പ്രിന്റിങ്ങില്‍ സാധ്യതയുണ്ട്. തലയോട്ടി, മറ്റ് എല്ലുകള്‍ തുടങ്ങിയവയുടെ കൃത്രിമരൂപങ്ങള്‍ നിര്‍മിച്ച് ഇവ മാറ്റിവയ്ക്കാനും കഴിയും. ഇവ കൂടാതെ ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, എയ്റോസ്പേസ്, പ്രതിരോധം തുടങ്ങി നിരവധി മേഖലകളില്‍ വലിയ സാധ്യതകളാണ് ത്രീഡി പ്രിന്റിംഗിന് ഉള്ളത്.

ത്രീഡി പ്രിന്റിങ്ങിന്റെ ഇന്ത്യയിലെ ഇന്നത്തെ നില

ആഗോളതലത്തില്‍ ത്രീഡി പ്രിന്റിംഗിന്റെ അഞ്ച് ശതമാനം ഇന്ത്യയിലാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദേശീയ നയം കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്നിവയുടെ ഭാഗമായുള്ള ഈ നയത്തിലൂടെ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഈ നയവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അനുകൂലനടപടികളുംമൂലം, വരും വര്‍ഷങ്ങളില്‍ ത്രീഡി പ്രിന്റിംഗ് മേഖലയില്‍ ധാരാളം പുതിയ കമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിതമാവുകയും വലിയതോതില്‍ ത്രീഡി പ്രിന്റിംഗ് ഉത്പാദനം നടക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുമൂലമുണ്ടാകുന്ന തൊഴില്‍ സാധ്യതകളും വലിയതോതിലായിരിക്കും.

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക് ലിമിറ്റഡ്, വിപ്രോ, ഇന്ത്യന്‍ കരസേന, HP, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ്, സ്‌കൈറൂട്ട് ഏറോസ്പേസ് തുടങ്ങിയവയൊക്കെ ത്രീഡി പ്രിന്റിംഗ് മേഖലയില്‍ ഇതിനകം തന്നെ നിര്‍ണ്ണായകമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു.

തൊഴില്‍ സാധ്യതകള്‍

മറ്റേതു മേഖലയെയും പോലെ ത്രീഡി പ്രിന്റിംഗ് മേഖലയിലും തൊഴില്‍ അവസരങ്ങള്‍ പല തലങ്ങളിലാണ് ഉള്ളത്. ഉദാഹരണത്തിന് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക്, പ്രത്യേകിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ത്രീഡി പ്രിന്റിംഗ് പരിശീലന കോഴ്സിന് ശേഷം ഉയര്‍ന്ന തലത്തിലുള്ള തൊഴില്‍ നേടുവാന്‍ കഴിയും. അതുപോലെതന്നെ സയന്‍സ് മാത്തമാറ്റിക്സ് വിഷയങ്ങളോട് പ്ലസ് ടു / പത്താം ക്ലാസ് പാസ്സായവര്‍ക്ക് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ച് അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യന്‍ ആകുവാനും കഴിയും.

എന്‍ജിനീയറിങ്, ഡിസൈന്‍, ആനിമേഷന്‍, മെഡിക്കല്‍ ടെക്നോളജി, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എന്നിവയിലൊന്നില്‍ ബിരുദം നേടിയതിനു ശേഷം ഒരു 3D CAD കോഴ്സ് പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ത്രീഡി പ്രിന്റിംഗിനുള്ള പ്രത്യേക പരിശീലനം നേടുകയും ചെയ്താല്‍ ഈ മേഖലയില്‍ നല്ലൊരു കരിയറിന് സജ്ജമാണ് എന്ന് പറയുവാനാവും.

എവിടെയൊക്കെ പഠിക്കാം

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ അഡ്വാന്‍സ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി ആന്‍ഡ് ന്യൂ മെറ്റീരിയല്‍സ്, ഡിഫന്‍സ് മെറ്റലോര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി,ന്റര്‍ ഫോര്‍ അഡ്വാന്‍സ് ടെക്നോളജി, ദുര്‍ഗാപൂരിലെ സെന്‍ട്രല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെറാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കാരൈക്കുടിയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് സെന്റര്‍, ബംഗളൂരുവിലെ സെന്‍ട്രല്‍ മാനുഫാക്ചറിങ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈയിലെയും ഹൈദരാബാദിലെയും ഖരക്പൂരിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍ ഇവയൊക്കെ അഡിറ്റീവ് മാനുഫാക്ചറിയിലും ത്രീഡി പ്രിന്റിംഗിലും അക്കാഡമി കോഴ്സുകളും ഗവേഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
        
Career | ത്രിമാന പ്രിന്റിങ്ങിന്റെ ലോകത്ത് തൊഴിൽ സാധ്യതകൾ ഏറെ! എവിടെയൊക്കെ പഠിക്കാം, അറിയേണ്ടതെല്ലാം

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും വാറംഗലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയും ത്രീഡി പ്രി ന്റിംഗില്‍ ഒരാഴ്ചത്തെ ഹ്രസ്വകാല കോഴ്സുകള്‍ നടത്താറുണ്ട്.
ബിടെക്, എംഎസ്സി ബിരുദധാരികള്‍ക്കാണ് പ്രവേശനം ലഭിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന് കീഴില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കായി നാലുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തിവരുന്നുണ്ട്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് പഠിക്കാവുന്ന ഒരു വര്‍ഷത്തെ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നീഷ്യന്‍ കോഴ്സ് ഐ ടി ഐ കോഴ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദധാരികള്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിസൈന്‍ ഫോര്‍ അഡിറ്റീവ് മാനുഫാക്ചറിങ് എന്ന ഹ്രസ്വകാല കോഴ്സ് നടത്തുന്നുണ്ട്. ജെ.ഐ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‌സ്ഡ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കൊല്‍ക്കത്ത- സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡിറ്റീവ് മാനുഫാക്ചറിംഗ് ആന്‍ഡ് ത്രീഡി പ്രിന്റിങ് കോഴ്‌സ് നടത്തുന്നുണ്ട്.

Keywords: Career, Jobs, Education, 3D Printing, Article, MujeebUlla KM, Into the world of 3D printing.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia