എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-52)
കൂക്കാനം റഹ് മാന്‍
(www.kvartha.com 15.12.2020) അറിയപ്പെടുന്ന നാട്ടിപ്പാട്ടുകാരി കൊല്ലച്ചാന്‍ മാണിക്കത്തിന്റെ മകനാണ് കൊല്ലച്ചാന്‍ തമ്പാന്. മാന്യഗുരു സ്കൂളില്‍ രണ്ടാം ക്ലാസ്സുവരെ പോയി. അവിടെ പഠിപ്പിച്ചിരുന്ന ജാനകി ടീച്ചര്‍ ഒരു ദിവസം തമ്പാന്റെ അമ്മയായോട് പറഞ്ഞു. 'നിന്റെ മോന് ഒന്നും അറീല്ല മാണിക്കേ'. ഇത് കേട്ട ഉടനെ അമ്മ പറഞ്ഞു 'ഞാനെന്താക്കണ്ട് ടീച്ചറെ ഓന് ബീഡി പണിക്കാറ്റം പൊയ്ക്കോട്ട്'. ഈ വര്‍ത്തമാനം കേട്ട് നിന്ന തമ്പാന് സന്തോഷമായി. ഇനി സ്കൂളില്‍ പോകേണ്ടല്ലോ. ആ കാലഘട്ടത്തില്‍ നാട്ടില്‍ ബീഡി പണി മാന്യമായ തൊഴിലാണ്. രാവിലെ നല്ല ഷര്‍ട്ടും മുണ്ടും ഉടുത്തു കയ്യില്‍ ഉച്ച ഭക്ഷണത്തിനുള്ള ചോറ്റുപാത്രം തൂക്കി പിടിച്ചു പോകുന്ന ബീഡി തൊഴിലാളികളോട് നാട്ടുകാര്‍ക്ക് ബഹുമാനമായിരുന്നു. അതാണ് ബീഡിപ്പണിയോട് തമ്പാന് താല്പര്യം തോന്നിയത്.
പെരളം സ്വദേശിയായ കൃഷ്ണന് എന്ന ആളുടെ കീഴില്‍ ബീഡി പണി പഠിക്കാന്‍ ചെന്നു. അന്ന് പത്തു വയസ്സുകാരനാണ് തമ്പാന്. ബീഡിക്ക് നൂല് കെട്ടല്‍ പണിക്കു ചെന്നാല്‍ കൂലിയൊന്നുമില്ല. ഗുരു ചായ കുടിക്കുമ്പോള്‍ ചായയും സുഖിയനും കിട്ടും. പട്ടിണിക്കാലത്തു കിട്ടിയ ആ ചായയും കടിയും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് തമ്പാന് പറയുന്നു. ബീഡി തെരക്കാരനായപ്പോള് ദിനേശ് ബീഡിയിലേക്ക് ചേക്കേറി. ഓണക്കുന്ന് ദിനേശ് ബ്രാഞ്ചിലാണ് പണി കിട്ടിയത്. ആ സമയത്തും അക്ഷരമറിയാതെ ഉഴലുകയായിരുന്നു ഞാന്‍. ആരോ പറഞ്ഞറിഞ്ഞു കൂക്കാനം റഹ് മാന്‍ മാഷ് കരിവെള്ളൂരില്‍ സാക്ഷരതാ ക്ലാസ് നടത്തുന്നുണ്ട് എന്ന വിവരം. നാണക്കേട് മാറ്റാന്‍ അക്ഷരം പഠിച്ചേ പറ്റൂ എന്ന ചിന്തയില്‍ തമ്പാനെത്തി.
തമ്പാന് എന്നെ കാണാന്‍ വന്നു. ബീഡിപ്പണി കഴിഞ്ഞു വൈകിട്ട് ഏഴ് മണിക്ക് ക്ലാസ്സില്‍ എത്താന്‍ നിര്‍ദേശിച്ചു. ആ ക്ലാസ്സിന്റെ ആദ്യ ദിവസം മുതല്‍ തമ്പാന് നേടിയ കാര്യങ്ങളെ കുറിച്ച് തമ്പാന് പറയുന്നതിങ്ങനെ: 'ക്ലാസ്സിലെത്തിയ ഉടനെ പ്രാര്‍ത്ഥനയുണ്ട്. ഈശ്വര പ്രാര്‍ത്ഥന അല്ല. മാഷ് ചൊല്ലിത്തന്ന വരികള്‍ ഞങ്ങള്‍ ഞങ്ങള്‍ ഏറ്റു ചൊല്ലണം. അതിങ്ങനെയാണ്.
'പുറത്തിരുട്ടകറ്റുവാന്‍
കൊളുത്തണം വിളക്ക് നാം
അകത്തിരുട്ടകറ്റുവാന്‍
അക്ഷരം പഠിക്കണം
അക്ഷരം പഠിക്കണം'.
ഈ വരികള്‍ ഇന്നും ഓര്‍മയുണ്ട്. എന്റെ മനസ്സിന്റെ ഇരുട്ട് അകറ്റുവാന്‍ മാഷിന്റെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സാക്ഷരതാ ക്ലാസ് വഴി സാധ്യമായിട്ടുണ്ട്. ഒന്നും അറിയാത്തവനാണ് ഞാന്‍. അക്ഷരം വായിക്കാനും എഴുതാനും അറിയില്ല. ഞങ്ങള്‍ പ്രസ്തുത ക്ലാസ്സില്‍ ഇരുപത്തേഴു പേരുണ്ടായിരുന്നു. ചെറിയ കുട്ടികളോട് പെരുമാറുന്നത് പോലെയാണ് മാഷ് ഞങ്ങളോട് ഇടപെട്ടത്. തൊഴിലുമായി ബന്ധപ്പെട്ട വാക്കുകള്‍, വാചകങ്ങള്‍ എന്നിവയാണ് പഠിപ്പിച്ചു തന്നത്. അക്ഷരത്തിനപ്പുറം ജീവിതം പഠിപ്പിക്കുകയായിരുന്നു അവിടെ. പാട്ട് പാടിയും കഥപറഞ്ഞു തന്നും ജീവിതാനുഭവങ്ങള്‍ പങ്കിട്ടു തന്നുമാണ് ക്ലാസ് മുന്നോട്ടു പോയത്.രാത്രി ക്ലാസ്സില്‍ എത്തുക എന്നത് സന്തോഷം തരുന്ന കാര്യമായിരുന്നു എനിക്ക്. ഒരു ദിവസം പോലും ഞാന്‍ ലീവ് എടുത്തില്ല. പാട്ട് പാടി സമ്മാനം വാങ്ങിയതും മറ്റും മധുരമുളവാക്കുന്ന ഓര്‍മകളാണ്.
ആളുകളോട് സംസാരിക്കേണ്ടത് എങ്ങനെയെന്നും പെരുമാറേണ്ടത് എങ്ങനെയെന്നും പറഞ്ഞു തന്നു. കൃത്യനിഷ്ഠ പാലിക്കേണ്ട കാര്യവും പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചാലുള്ള ഗുണവും നടക്കേണ്ടതും ഇരിക്കേണ്ടതും ബഹുമാനാദികള്‍ പാലിക്കേണ്ടതും എങ്ങനെയെന്ന് പഠിച്ചത് ആ ഒരുവര്‍ഷ കാലത്തിനിടയിലാണ്. അവിടുന്ന് കിട്ടിയ ജീവിത പരിശീലനം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ഞാനിന്നും മുന്നോട്ടു പോകുന്നത്
ഇരുപത് വര്‍ഷക്കാലം ബീഡി പണി ചെയ്തു. ഒരു സ്വതന്ത്ര ജീവിതം വേണമെന്ന് മനസ്സ് കൊതിച്ചു. ആദ്യകാലമനുഭവിച്ച ജീവിത പ്രാരാബ്ദങ്ങളോര്ത്തു. അമ്മ പണിക്ക് പോയ സ്ഥലത്തു നിന്ന് അമ്മക്ക് കിട്ടിയ ഭക്ഷണ സാധനങ്ങള്‍ കുഞ്ഞുങ്ങളായ ഞങ്ങള്‍ക്ക് എത്തിച്ചു തരുന്നതും, നെല്ല് കുത്താന്‍ പോയാല്‍ കിട്ടുന്ന പൊടിയരി കൊണ്ടുവന്ന് കഞ്ഞി വെച്ച് തന്നതും ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണ് നിറയും. അത്തരം വിഷമഘട്ടത്തെ അതിജീവിക്കാന്‍ പറ്റി. ബീഡിപ്പണിക്ക് വന്നതിനു ശേഷം. പൊരിച്ച മീനിന്റെ മണം അടുത്ത വീടുകളില്‍ നിന്ന് വരുമ്പോള്‍ വായില്‍ വെള്ളമൂറിയ കാലമുണ്ടായിരുന്നു. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ സ്ഥിരമായി പണിക്ക് പോയിരുന്ന ചെമ്മങ്ങാട് വീട്ടില്‍ വെച്ചാണ് ആദ്യമായി പൊരിച്ച മീന്‍ കിട്ടിയത്. ഇതൊക്കെ ഓര്‍ത്തുകൊണ്ടും ക്ലാസ്സില്‍ നിന്ന് കിട്ടിയ അറിവ് കൊണ്ടും പുറത്തിറങ്ങി ജോലി ചെയ്യാന്‍ തീരുമാനിച്ചു.
1992 ല്‍ ബീഡിപ്പണി അവസാനിപ്പിച്ചു. 86 ല്‍ രാധയെ ജീവിത പങ്കാളിയായി സ്വീകരിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒപ്പം നിന്ന് വീട്ടില്‍ വെച്ച് കേക്ക് നിര്‍മാണം തുടങ്ങി. 'നായ്മുട്ടകേക്ക്' എന്ന് ആ കേക്കിന് തമാശയായി പേരിട്ടിട്ടുണ്ട്. ദിവസം രാവിലെ എഴുന്നേറ്റ് കിഴക്കന്‍ പ്രദേശങ്ങളില്‍ കേക്ക് വില്‍പ്പനക്കായി പോകും. ആയിരം കേക്ക് വരെ ഉണ്ടാക്കും. മോശമല്ലാത്ത വരുമാനം അത് വഴി ഉണ്ടായി. ചീമേനി, പെരുമ്പട്ട, കയ്യൂര്‍, ആലന്തട്ട തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പ്രധാനമായും കേക്ക് വില്‍പ്പന നടത്തിയിരുന്നത്.
അതിനോടൊപ്പം തന്നെ മണ്ണെണ്ണ വാങ്ങി വില്‍പ്പന നടത്തുന്ന പരിപാടിയും തുടങ്ങി. പുതിയങ്ങാടി ഭാഗങ്ങളില്‍ ചെന്ന് ബോട്ട് മുതലാളിമാരെ കാണും. അവരുടെ ആവശ്യം കഴിഞ്ഞു മെച്ചം വരുന്ന മണ്ണെണ്ണ വാങ്ങി നാട്ടില്‍ കൊണ്ടുവന്ന് വില്പന നടത്തും. ആയിരം ലിറ്റര്‍ മണ്ണെണ്ണ വരെ വില്‍പ്പന നടത്താന്‍ സാധിച്ച കാലമായിരുന്നു അത്. ലിറ്ററിന് 8 രൂപ കൊടുത്തു വാങ്ങി 12 രൂപക്ക് വില്പന നടത്തിയ അവസരം മോശമല്ലാത്ത വരുമാനം ഉണ്ടാക്കാന്‍ ആ കച്ചവടത്തിലൂടെ സാധ്യമായി.
ഇതിനൊക്കെ സഹായകമായത് തമ്പാന്റെ വാക്ക് സാമര്ത്യമാണ്. ആളെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ഏറ്റവും നല്ല കമ്മ്യൂണിക്കേഷന്‍ സ്കില്‍ നേടിയ വ്യക്തിയാണ് തമ്പാന്. ആളുകളുമായി ഇടപഴകാനുള്ള സാമര്‍ഥ്യം കണ്ടറിഞ്ഞ തമ്പാന്റെ ജേഷ്ടന് കൃഷ്ണന് അദ്ദേഹത്തോടൊപ്പം 'റിയല്‍ എസ്റ്റേറ്റ്' ബിസിനസിന് ഒപ്പം കൂട്ടി.
ഇപ്പോള്‍ 'റിയല്‍ എസ്റ്റേറ്റ്' ബിസിനസ്സ് തമ്പാന് ഒറ്റയ്ക്ക് ചെയ്യാന്‍ തുടങ്ങി. നിരവധി ആളുകള്‍ തമ്പാന്റെ സേവനം തേടി വരുന്നുണ്ട്. വഞ്ചന ഇല്ലാത്ത രീതിയിലാണ് അവന്റെ ബിസിനസ്സ്. ഇടനിലക്കാരനായി പ്രവൃത്തിക്കുമ്പോള്‍ രണ്ടു വിഭാഗക്കാരുടെയും ഒപ്പം വിശ്വാസം നേടിയെടുക്കണം. കൃത്യമായി തനിക്കു ഇത്ര കിട്ടണം എന്ന് പറഞ്ഞു കൊണ്ടാണ് തമ്പാന് ഈ ബിസിനസ്സില്‍ ഏര്‍പ്പെട്ടുവരുന്നത്.
ചൂഷണത്തിന് കൂട്ട് നില്‍ക്കില്ല. പാവപ്പെട്ടവര്‍ക്ക് അടിയന്തിര ആവശ്യത്തിന് തങ്ങളുടെ സ്വത്തു വില്പന നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടാല്‍ അവരുടെ പ്രയാസം ചൂഷണം ചെയ്ത് കുറഞ്ഞ വിലക്ക് എടുക്കാനൊന്നും തമ്പാന് കൂട്ട് നില്‍ക്കില്ല. അവര്‍ക്ക് ന്യായമായി കിട്ടേണ്ട തുക വാങ്ങിച്ചു കൊടുക്കലാണ് തമ്പാന്റെ ലക്ഷ്യം.
തമ്പാന് പറയുന്നു 'ജീവിക്കാന്‍ പഠിപ്പും, ഡിഗ്രിയും, പത്രാസുമൊന്നും വേണ്ട. സത്യസന്ധമായും, നീതി യുക്തമായും പറഞ്ഞ വാക്ക് പാലിച്ചുകൊണ്ടും പ്രവര്‍ത്തിച്ചാല്‍ സമൂഹം അംഗീകരിക്കും. അതുകൊണ്ടാണ് ഞാന്‍ ഇന്ന് മുന്നോട്ട് പോകുന്നത്. അതിന് ഉത്തേജകമായത് റഹ് മാന്‍ മാഷിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ഒരു വര്‍ഷക്കാലം പഠിച്ച അനൗപചാരിക വിദ്യാഭ്യാസവും സാക്ഷരതാ ക്ലാസ്സുമാണ്'.
രണ്ട് മക്കളുണ്ട്. സൗമ്യയും, സജിയും. രണ്ടുപേരും അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരിവെള്ളൂര്‍ ഓണാക്കുന്നില് മോശമല്ലാത്തൊരു വീട് നിര്‍മ്മിച്ചു. സന്തോഷമായി ജീവിച്ചു വരുന്നു. ഇപ്പോള്‍ ബിസിനസ്സുമായി എന്നും തിരക്കിലാണ് തമ്പാന്.
Keywords: Article, Kookanam-Rahman, Teacher, Student, Worker, Employee, Beedi, Kollachan Thamban is busy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.