മഅദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം

 


ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.

From

Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To

His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

മഅദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം
ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998 മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു.

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

PART 2 :  തന്റേത് രോഗങ്ങള്‍ തളര്‍ത്തിയ ശരീരം

Keywords : Abdul Nasar Madani, Letter, President, Jail, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia