Police Mammootty! | മമ്മൂട്ടിയിൽ ഇനി ഒരു ആവനാഴിയും ഇൻസ്പെക്ടർ ബലറാമും ഉണ്ടാകുമോ?

 


/ കെ ആർ ജോസഫ് മുണ്ടക്കയം 

(KVARTHA) ഇനി മമ്മൂട്ടിയിൽ ഒരു ഇൻസ്പെക്ടർ ബലറാമും ആവനാഴിയും ഉണ്ടാകുമോ. ശരിക്കും പോലീസ് വേഷങ്ങൾക്ക് പ്രത്യേക മാനം നൽകിയ സിനിമയായിരുന്നു മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ആവനാഴി. പോലീസ് ഇൻസ്പെക്ടർ എന്നാൽ ആക്രോശിക്കുന്ന യുവത്വമാണ് എന്ന് ഒരു ശരാരശി മലയാളിയെ സ്വൽപം പരിഭാന്ത്രിയോടെ പറഞ്ഞു പഠിപ്പിച്ചതും ഈ സിനിമയാണ്. അല്ലെങ്കിൽ ഇൻസ്പെക്ടർ ബലറാം എന്ന മമ്മൂട്ടി.
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഒരോ മലയാളിയും ആവനാഴിയെയും മമ്മൂട്ടിയുടെ ഇൻസ്പെക്ടർ ബലറാമിനെയും പച്ചയായി ഇന്നും ഓർക്കുന്നുണ്ടെന്നതാണ് സത്യം. മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ഐക്കണിക് ക്യാരക്ടർ ആയിരുന്നു ഇൻസ്പെക്ടർ ബലറാം. മോഹൻ ലാലിൻ്റെ സ്ഫടികം പോലെ തന്നെ പുതിയ ശാസ്ത്ര സാങ്കേതിക രീതിയിൽ കെ.ഫോർ മെതേഡിൽ പുറത്തിറക്കാവുന്ന സിനിമ തന്നെയാണ് മമ്മൂട്ടിയുടെ ആവനാഴിയും.

Police Mammootty! | മമ്മൂട്ടിയിൽ ഇനി ഒരു ആവനാഴിയും ഇൻസ്പെക്ടർ ബലറാമും ഉണ്ടാകുമോ?

1986 സെപ്റ്റംബർ 12 ന് തിരുവോണ ദിനത്തിലാണ് ആവനാഴി റീലീസ് ആകുന്നത്. മലയാള സിനിമ അന്നേ വരെ കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ വിജയത്തിന് സാക്ഷിയാവുക കൂടിയായിരുന്നു ആക്ഷരാർഥത്തിൽ അന്നേ ദിവസം. ആ സിനിമയിലെ വില്ലനായ സത്യരാജ് ആയി നടൻ ക്യാപ്റ്റൻ രാജുവും നിറഞ്ഞാടി. മമ്മൂട്ടിക്ക് ഒപ്പം തന്നെ ക്യാപ്റ്റൻ രാജുവും സിനിമയിൽ ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു എന്നുവേണമെങ്കിൽ പറയാം. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു നായകന്റെ ഇൻട്രോക്ക് പോലും ഇത്ര മാത്രം ശ്രദ്ധ കൊടുത്ത ഒരു സിനിമ 1980കളുടെ ചരിത്രത്തിൽ ആദ്യമായിരിക്കും. സിനിമ കണ്ടു കൈയ്യടിച്ചിരുന്ന 80' കാലത്തെ പ്രേക്ഷകരെ കൊണ്ട് ഇൻട്രോ കാണിച്ചു കൈയ്യടി മേടിച്ച ആദ്യത്തെ നായകൻ 'ഇൻസ്‌പെക്ടർ ബൽറാം' എന്ന ചൂടൻ പോലീസ് ഓഫീസർ ആണ്.

മമ്മൂട്ടി എന്ന മലയാളക്കരയുടെ സ്വന്തം മമ്മൂക്ക ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ എടുത്തു പറയാവുന്ന 10 ചിത്രങ്ങൾ എടുത്താൽ ആവനാഴി എന്ന സിനിമയുമുണ്ടാകും. ഇന്ന് പുതു തലമുറയിലെ കുട്ടികൾ പോലും ഈ സിനിമ കണ്ടാൽ ബോറടിക്കുമെന്ന് തോന്നുന്നില്ല. ഇക്കാലത്തും കണ്ടിരിക്കാവുന്ന മികവുറ്റ മൂവി തന്നെയാണ് ആവനാഴി. ഈ സിനിമയുടെ ഇൻട്രോ മുതൽ ഓരോ സീനും അന്നത്തെ മലയാളികൾ ഒരുപോലെ ഏറ്റെടുത്തപ്പോൾ പിറന്നത് അന്തരിച്ച മഹാനടൻ ജയൻ്റെ അങ്ങാടിക്ക് ശേഷം മലയാള സിനിമ അത്രമേൽ ആഘോഷമാക്കിയ മെഗാ മാസ്സ് സിനിമയും, മമ്മൂട്ടി എന്ന താരങ്ങളുടെ താരവും ആയിരുന്നു.

ന്യൂഡൽഹി എന്ന സിനിമ പോലെ തന്നെ മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ താരസിംഹാസനത്തിലേയ്ക്ക് നയിച്ച സിനിമയും ആയിരുന്നു ആവനാഴി. ഇത് ഇറങ്ങിയശേഷം സ്റ്റേജ് പ്രോഗ്രാമുകളിലും, മിമിക്രി വേദികളിലും റഫറൻസുകളുടെ പൊടിപൂരം തന്നെയായിരുന്നു പിന്നീട് കണ്ടത്. അങ്ങാടിക്ക് ശേഷം ആ പതിറ്റാണ്ടിൽ ഇത്രമാത്രം അനുകരണം വന്ന മറ്റൊരു മൂവിയും 80 ന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, അന്ന് ഇത്രമാത്രം തിയേറ്ററിലും, മിനി സ്ക്രീനിലും, ഓഫ് സ്ക്രീനിലും ആഘോഷമാക്കിയ ഒരു മൂവിയും വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. 1986 സെപ്തംബർ 12ന് 20 ഓളം
തീയേറ്ററുകളിൽ അന്നേ വരെ കണ്ടതിൽ വെച്ചു ഏറ്റവും വലിയ ഹൈപ്പിലാണ് ആവനാഴി റിലീസ്‌ ആകുന്നത്.

സർവകാല റെക്കോർഡ് ഇനിഷ്യൽ കലക്ഷനോടെ തുടക്കം കുറിച്ച ചിത്രം റിലീസ് ചെയ്ത് 20 തിയേറ്ററിലും റെഗുലർ ഷോസോടെ 25 ദിവസം പൂർത്തിയാക്കുന്ന ആദ്യ മലയാള ചിത്രമായി പിന്നീട് മാറുകയായിരുന്നു. സ്ത്രീകളും യുവജനങ്ങളും കുട്ടികളും, പ്രായമായവരും അടക്കം എല്ലാവരും തന്നെ ഈ സിനിമയെ ഏറ്റെടുത്തു.
ഫാമിലിയായി തന്നെ എല്ലാവരും ഈ സിനിമ കാണാനെത്തി. തങ്ങളുടെ രക്ഷയ്ക്ക് ബലറാം പോലെ നല്ലൊരു പോലീസ് ഇസ്പ്കെടർ ഉണ്ടാകണമെന്ന് പ്രേക്ഷകൻ ആഗ്രഹിച്ചു. അങ്ങനെ ഇതിലെ ഇൻസ്പെക്ടർ ബലറാം ഹീറോയായി. ഒരോ മലയാളി മനസിലും മമ്മൂട്ടിയും ഇൻസ്പെക്ടർ ബലറാമും തങ്ങളുടെ നായകൻമാരായി.

പോലീസ് സിനിമകൾ പിന്നിട് തുടർച്ചയായി വരുന്ന കാലമാണ് ശേഷം പിന്നീട് കണ്ടത്. സുരേഷ് ഗോപിയും മോഹൻലാലും ജയറാമും ഒക്കെ ഇത്തരം സിനിമകളിൽ നായകന്മാരായി എത്തി. അതിൽ സുരേഷ് ഗോപിയുടെ കമ്മീഷണർ വിജയിക്കുകയും ചെയ്തു. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച മറ്റൊരു പോലീസ് ചിത്രമായ സുരേഷ്ഗോപിയുടെ കമ്മീഷണറിൽ പോലും ആവനാഴി റഫറൻസ് കൊണ്ട് തന്നെ തുടക്കം കുറിച്ചു എങ്കിൽ ആവനാഴി ഉണ്ടാക്കിയ തരംഗം ചില്ലറ ഒന്നുമല്ല എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ആവനാഴി റിലീസ് ചെയ്ത് ആദ്യത്തെ 7 ദിവസം കൊണ്ട് നേടിയ തിയേറ്റർ കളക്ഷൻ തന്നെ ഒരു സർവ്വകാല റെക്കോഡ് ആയിരുന്നു.

7 ദിവസം കൊണ്ട് അന്ന് ഈ ചിത്രം നേടിയ കളക്ഷൻ 21 ലക്ഷം രൂപയായിരുന്നു. 86 ൽ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പണം വാരി പടമായ രാജാവിന്റെ മകന്റെ മൊത്തം കളക്ഷൻ പോലും 85 ലക്ഷത്തിനും താഴെ ആണെന്ന് ഓർക്കുമ്പോളാണ് ആവനാഴി ഉണ്ടാക്കിയ തരംഗം എത്രമാത്രം വലുതായിരുന്നു
എന്ന് മനസ്സിലാക്കേണ്ടത്. റിലീസ് ചെയ്ത് 11 തിയേറ്ററിൽ 50 ദിവസം പൂർത്തിയാക്കി ആവനാഴി എന്ന മമ്മൂട്ടി ചിത്രം തുടർച്ചയായ പ്രദർശനത്തിലൂടെ കളക്ഷനിലും അത് പുതു റെക്കോർഡുകൾ സൃഷ്ടിച്ചു എന്ന് തന്നെ പറയാം.

മോഹൻലാലിന്റെ കരിയറിലെ മറ്റൊരു ബിഗ് ഹിറ്റ് ആയ 'ഇരുപതാം നൂറ്റാണ്ട്' പോലും 50 ദിവസം തികയ്ക്കുന്നത് 8 ഇടത്ത് മാത്രമുള്ളപ്പോളാണ് സർവകാല റെക്കോർഡ് സൃഷ്ടിച്ചിട്ടു പോലും ആവനാഴിയുടെ ഈ പരാജയമില്ലാത്ത മുന്നേറ്റം നടന്നത്. അത്രമാത്രം ആവനാഴിയും ഇൻസ്പെക്ടർ ബലറാമും ജനങ്ങളെ സ്വാധീനിച്ചു എന്ന് വേണം ഇതിൽ നിന്നു മനസിലാക്കാൻ. ഒരു പോലെ ഇനീഷ്യലിലും ലോംഗ് റണിലും റെക്കോർഡ് സൃഷ്ടിച്ച ആവനാഴിക്ക് മുകളിൽ നിൽക്കുന്ന ഒരു സിനിമ 80 കാലഘട്ടത്തിൽ അധികമൊന്നും ഉണ്ടായിക്കാണില്ല. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരി പടമായി സർവകാല റെക്കോർഡുകൾ ഭേദിച്ച സിനിമ 98 ൽ വീണ്ടും റീ റീലീസ് ചെയ്തപ്പോൾ പോലും പുതുറെക്കോർഡുകൾ സൃഷ്ടിച്ചു.

തിരുവനന്തപുരം അതുല്യ കോംപ്ലസിൽ 50 ദിവസം പൂർത്തിയാക്കിയ ആവനാഴി റീ റീലീസ് ചിത്രങ്ങളിൽ കുട്ടിച്ചാത്തന് ശേഷം 50 ദിവസം പൂർത്തിയാക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായി മാറുകയായിരുന്നു.
1991ൽ ഇൻസ്പെക്ടർ ബൽറാം എന്ന അതേ ക്യാരക്ടർ നെയിമിൽ ആവനാഴിക്ക് ഒരു രണ്ടാം ഭാഗം വന്നപ്പോൾ അത് ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.

മലയാളത്തിന് പോലീസുകാരന്റെ ശൗര്യവും, വീര്യവും, ആമ്പിയൻസും, തലയെടുപ്പും. തുടങ്ങി അങ്ങനെ എന്തെല്ലാമുണ്ടോ അതൊക്കെയും ചിരപരിചിതമാക്കിയ ഇൻസ്പെക്ടർ ബൽറാം മലയാള സിനിമ ഉള്ളിടത്തോളം കാലം മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും എന്ന് തീർച്ചയാണ്. അപ്പോൾ നമുക്ക് ഇൻസ്പെക്ടർ ബലറാമിന് നീട്ടിയൊരു സല്യൂട്ട് കൊടുക്കേണ്ടേ. വേണ്ട..! കാരണം, അങ്ങകലെ ബൽറാമിനെയും,
പെരുമാളിനെയും, ഇന്നിവിടെ രാജൻ സക്കറിയെയും, മണി സാറിനെയും വരെ പ്രക്ഷകന്റെ ആത്മാവിലേക്ക് ആകർഷിച്ചിറക്കിയ മമ്മൂട്ടിക്ക് തന്നെയിരിക്കട്ടെ ആ വലിയ സല്യൂട്ട്. ഇനി മമ്മൂൂട്ടിയിൽ നിന്ന് ഇതുപോലൊരു ആവനാഴിയും ഇൻസ്പെക്ടർ ബലറാമിനെയും പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചാൽ മമ്മൂട്ടിക്ക് എന്നല്ല പകരം മറ്റൊരാൾക്ക് പോലും മറ്റൊരു ഇൻസ്പെക്ടർ ബലറാം ആകാൻ ആകില്ല എന്ന് തന്നെയാകും ഉത്തരം.

കാരണം മമ്മൂട്ടിക്ക് ഇന്നുള്ള പ്രായം കണക്കിലെടുക്കേണ്ടത് ഉണ്ട്. ഒപ്പം മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയ പ്രതിഭയുള്ള ഒരു യുവനടനും വളർന്നിട്ടില്ലെന്നതാണ് മറ്റൊരു സത്യം. ഇൻസ്പെക്ടർ ബലറാം എന്നത് മമ്മൂട്ടിയായി തന്നെ മലയാള മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കും. പിന്നെ പുതിയ ശാസ്ത്ര സാങ്കേതിക വിദ്യയിൽ മോഹൻലാലിൻ്റെ സ്ഫടികം പോലെ ഈ ചിത്രവും തീയേറ്ററുകളിലേയ്ക്ക് വീണ്ടും ഇറക്കിയാൽ അത് പുതു തലമുറയ്ക്ക് ആസ്വാദ്യകരമാകും എന്നതിൽ സംശയമില്ല. അതെ, അവനാഴിയുടെ അത്തരമൊരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു മലയാളി ചലച്ചിത്ര പ്രേമികൾ. കാരണം. ആവനാഴി എന്നും ഇൻസ്പെക്ടർ ബലറാം എന്നും കേൾക്കുമ്പോൾ സ്നേഹം എന്നും ഒന്നിനൊന്ന് കൂടി വരികയാണ്.

Keywords: Articals, Movies,  Entertainment, Cinema, Mammootty, Mohanlal, Inspector Balram, Mammootty's police role in 'Aavanazhi' and 'Inspector Balram'
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia