പലതും അപ്രതീക്ഷിതമായി നടക്കുന്നു

 


എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-15)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 26.05.2020) ചിലകാര്യങ്ങള്‍ സാധിച്ചു കിട്ടിയേ പറ്റൂയെന്ന് നമ്മള്‍ ആഗ്രഹിച്ചുപോവാറുണ്ട്. ആ ലക്ഷ്യം സാധ്യമാവാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.  അത് ശരിയാവാന്‍ ഒരു സാധ്യതയുമില്ലെന്ന് അറിഞ്ഞു പിന്‍വാങ്ങുകയും ചെയ്യും.എങ്കിലും മനസ്സിലുണ്ടാവും അത് കിട്ടിയിരുന്നെങ്കില്‍ എന്ന്. നിരാശപ്പെട്ട് കഴിയുമ്പോള്‍  ഒരു മണിക്കൂറിനകത്തോ, ഒരു ദിവസത്തിനുളളിലോ ആകസ്മികമായി നാം ആഗ്രഹിച്ച കാര്യങ്ങള്‍ നമ്മെ തേടിയെത്തുകയും ചെയ്യും. ഇത്തരം നിരവധി അനുഭവം എനിക്കുണ്ടായിട്ടുണ്ട്. നിങ്ങള്‍ക്കുമുണ്ടാവാം. ദുഖിച്ചിരിക്കേ തന്നെ  സന്തോഷം നമ്മെ തേടിയെത്തുന്ന നിമിഷങ്ങള്‍. അത്തരം കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും, മറ്റുളളവരോട് പങ്കുവെക്കാനും എനിക്ക് താല്‍പര്യമാണ്.

എന്റെ മകള്‍ പ്ലസ്ടു കഴിഞ്ഞ് പയ്യന്നൂര്‍  വനിതാ പോളിടെക്കിനിക്കില്‍ കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നു. അന്ന് അത്തരം കോഴ്‌സുകള്‍ക്ക് വളരെ ഡിമാന്റായിരുന്നു. ആ സമയത്തുതന്നെ ടി.ടി.സി. ക്കും അപേക്ഷ അയച്ചിട്ടുണ്ടായിരുന്നു. ടി.ടി.സി.ക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍ ഏതിനു പോകണമെന്ന അങ്കലാപ്പായി. പോളി ടെക്ക്‌നിക്കില്‍ ജോയിന്‍ ചെയ്തതേയുളളൂ. ടി.സി. വാങ്ങാന്‍ ചെന്നപ്പോള്‍ അവിടുത്തെ സ്റ്റാഫ് നിരാശപ്പെടുത്തി. എന്തിനാണ് ഇത്ര നല്ല ട്രേഡ് കിട്ടിയിട്ട് ഒഴിവാക്കിപോകുന്നത്. ആധൂനിക ജീവിതത്തില്‍ ഇതല്ലേ നല്ലത്.  എന്നൊക്കെയായിരുന്നു അവരുടെ നിര്‍ദേശം.

ടി.ടി.സി.കോര്‍സിന് മായിപ്പാടി ഡയറ്റിലാണ് ചേരേണ്ടത്. അവിടേക്ക് ദിവസേന പോയി വരാന്‍ പറ്റില്ല. മാറിത്താമസിച്ചിട്ട് അവള്‍ക്ക് പരിചയവുമില്ല. എന്തുചെയ്യും പോളിയില്‍ തുടര്‍ന്നാല്‍ മതിയായിരുന്നു എന്ന് വീണ്ടും ശങ്ക  തുടങ്ങി. ഏതായാലും കാസര്‍കോട് ഡി.ഡി.ഇ.യില്‍ ചെന്ന് നീലേശ്വരം ടി.ടി.ഐ.യിലേക്ക് മാറ്റിത്തരാന്‍ പറ്റുമോ എന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ രണ്ടുപേരും ചെന്ന് പ്രയാസങ്ങള്‍ ഡി.ഡി.ഇ.യുമായി പങ്കുവെച്ചു. നീലേശ്വരം വേക്കന്‍സി ഇല്ലായെന്നും മായിപ്പാടിയില്‍ത്തന്നെ ചേരേണ്ടിവരും എന്ന നിര്‍ദേശവും കിട്ടി. മനസ്സില്ലാ മനസ്സോടെ മായിപ്പാടി ഡയറ്റിലേക്കു ചെന്നു. അവിടെ അന്നത്തെ പ്രിന്‍സിപ്പാള്‍ എന്റെ  സുഹൃത്തായിരുന്നു. കാര്യങ്ങളെല്ലാം അദ്ദേഹത്തേയും ബോധ്യപ്പെടുത്തി. ഞങ്ങള്‍ സംസാരിച്ചു കഴിഞ്ഞതിനുശേഷം അഡ്മിഷന്‍ ഫീസടക്കാന്‍ ഓഫീസില്‍ ചെന്നു. അപ്പോള്‍ പ്രിന്‍സിപ്പാള്‍ എന്നെ തിരിച്ചുവിളിച്ചു. കാസര്‍കോട് ഡി.ഡി.ഇ.യില്‍ നിന്ന് ഇപ്പോള്‍ വിളിച്ചിരുന്നു ഇവിടെ ജോയിന്‍ ചെയ്യാതെ ഡി.ഡി.ഇ.യിലേക്ക് ചെല്ലാന്‍ പറഞ്ഞു.

കാര്യമറിയാന്‍ അടുത്ത ബസ്സിന് കാസര്‍കോട് ഓഫീസിലെത്തി. സൂപ്രണ്ട് പറഞ്ഞു നീലേശ്വരം ടി.ടി.ഐ.യില്‍ ഇപ്പോള്‍ ഒരൊഴിവു വന്നിട്ടുണ്ട്. അവിടെ ജോയിന്‍ ചെയ്യാനുളള പേപ്പര്‍ ശരിയാക്കിത്തരാം. സന്തോഷത്തോടെ നീലേശ്വരത്തു ചെന്നു. അവിടെ മകളെ അഡ്മിറ്റ് ചെയ്തു. അതൊരു മഹാഭാഗ്യമായി ഞാനിന്നും ഓര്‍ക്കുകയാണ്. കിട്ടില്ല എന്ന് വിചാരിച്ചത് വീണ്ടും കിട്ടിയപ്പോഴുളള ആത്മസംതൃപ്തി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

കാസര്‍കോട് സബ്ബ് ജില്ലയിലെ കല്ലും കൂട്ടം ഗവ.എല്‍.പി.സ്‌ക്കൂളിലായിരുന്നു പ്രൈമറി ഹെഡ്മാസ്റ്ററായി ആദ്യ നിയമനം. പിലിക്കോട് ഗവ.ഹൈസ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് ഈ നിയമനം.ശമ്പളത്തില്‍ വര്‍ദ്ധനവ് കിട്ടുമെന്നും,അതാണ് കൂടുതല്‍ നല്ലതെന്നും സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചു. വീട്ടില്‍നിന്നു നടന്നു വരാവുന്ന ദൂരത്തിലുളളതും, പ്രശസ്തമായതുമായ സ്‌ക്കൂളാണ് പിലിക്കോട് ഗവ.ഹൈസ്‌ക്കൂള്‍.അവിടുന്ന് മാറാന്‍ മനസ്സു സമ്മതിക്കുന്നില്ല. എപ്പോഴും മാറ്റം കൊതിക്കുന്നവനുമാണ് ഞാന്‍. അതിനാല്‍ രണ്ടും കല്‍പിച്ച് റിലീവ് ചെയ്തു.കല്ലുംകൂട്ടം ഗവ.എല്‍.പി.സ്‌ക്കൂളില്‍ ഹെഡ്മാസ്റ്ററായി ജോയിന്‍ചെയ്തു. സ്ഥലപ്പേരു പോലെത്തന്നെ സ്‌ക്കൂളും പരിസരവും എനിക്ക് ഇഷ്ടപ്പെട്ടില്ല. ആകെ അഞ്ചു അധ്യാപകര്‍.നൂറില്‍ താഴെ കുട്ടികള്‍ രണ്ടു മണിക്കൂര്‍ ബസ്സ് യാത്ര .വീണ്ടും കുന്നു കയറണം. അവിടെനിന്നു രക്ഷപ്പെട്ടേ മതിയാവൂ. എവിടേയും വേക്കന്‍സിയില്ല. പിടിച്ചു നിന്നേ പറ്റൂ. ഒരു ജനുവരിയിലാണ് അവിടെ ജോയിന്‍ ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷത്തിലേ മാറ്റം നടക്കൂ.

രണ്ടുമാസം കഴിഞ്ഞതേയുളളൂ. സ്‌ക്കൂളിലെത്തുമ്പോള്‍ മേശപ്പുറത്ത് ഓണ്‍ ഐ.ജി.എസ്. എന്ന കവര്‍ കണ്ടു. ഡി.ഡി.ഇ.യില്‍ നിന്ന് വന്ന കവറാണത്. ആകാംഷയോടെ പൊളിച്ചുനോക്കി. എനിക്കുളള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ആയിരുന്നു അത്. ബേക്കല്‍ സബ്ബ് ജില്ലയിലെ ബാര.ഗവ.യു.പി.സ്‌ക്കൂളിലേക്കാണ് ട്രാന്‍സ്ഫര്‍ കിട്ടിയത്.

ഞാന്‍ അത്ഭുതപ്പെട്ടു. അപേക്ഷിച്ചിട്ടില്ല. അവിടെ ഒഴിവില്ലായെന്നെനിക്കറിയാം. പിന്നെങ്ങിനെ ഇത്തരമൊരു ഓര്‍ഡര്‍ വന്നു. എനിക്ക് സംശയം വന്നു ഡി.ഡി.ഇ.യിലെ സൂപ്രണ്ട് എന്റെ സുഹൃത്ത് സലീമിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു ഗ്രാഡുവേറ്റായ നിങ്ങള്‍ക്ക്  യു.പി.ഹെഡ്മാസ്റ്ററായിട്ടാണ് നിയമനം തരേണ്ടിയിരുന്നത്,എവിടേയും വേക്കന്‍സി ഇല്ലാത്തതിനാലാണ് ഇപ്പോഴത്തെ സ്‌ക്കൂളിലേക്ക് നിയമനം തന്നത്.

ബാര.ഗവ.യു.പി.സ്‌ക്കൂള്‍ എച്ച്.എം.ആയി നിയമിച്ച ടി.കെ.ഗോവിന്ദന്‍ മാസ്റ്റ്ര്‍ ആരോഗ്യപരമായ കാരണത്താല്‍ ഒഴിവായി പഴയ ലാവണത്തിലേക്ക് തിരിച്ചു പോയി. അങ്ങിനെയാണ് അവിടെ വേക്കന്‍സി വന്നത് പ്രസ്തുത വേക്കന്‍സിയിലേക്കാണ് നിങ്ങളെ നിയമിച്ചട്ടുളളത്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്നു തന്നെയായി. സന്തോഷമായി. അങ്ങിനെ അനുയോജ്യമായ സ്‌ക്കൂളില്‍ തന്നെ നിയമനം കിട്ടിയ ആഹ്ലാദം മറക്കാന്‍ പറ്റാത്തതാണ്. വേണമെന്ന് മനസ്സില്‍ തോന്നുകയും നടക്കാന്‍ സാധ്യതയില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന സംഭവം അവിചാരിതമായി ലഭ്യമാവുമ്പോഴുണ്ടാകുന്ന സന്തോഷം അനിര്‍വചനീയമാണ്.

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ബാര.ഗവ.യു.പി. സ്‌ക്കൂള്‍ എച്ച്.എം. ആയിരിക്കേയാണ് രണ്ട് അവാര്‍ഡുകള്‍ എന്നെ തേടിയെത്തിയത്. വിനോബഭാവെ നാഷണല്‍ വളണ്ടിയര്‍ അവാര്‍ഡും,സംസ്ഥാന അധ്യാപക അവാര്‍ഡും. രക്ഷാകര്‍ത്താക്കളുടേയും, നാട്ടുകാരുടേയും,സഹാധ്യാപകരുടേയും  അകം നിറഞ്ഞ അനുമോദനങ്ങള്‍  എന്നെ വീര്‍പ്പുമുട്ടിച്ചു. അവിടെ ജോയിന്‍ ചെയ്ത് രണ്ടു വര്‍ഷം കഴിഞ്ഞതേയുളളൂ.അപ്പോഴാണ് സര്‍വ്വശിക്ഷാ അഭിയാനിലേക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതായി അറിഞ്ഞത്. ഗ്രാഡുവേറ്റായ പ്രൈമറി ഹെഡ്മാസ്റ്ററെയാണ് പ്രസ്തുത പോസ്റ്റിലേക്ക് പരിഗണിക്കുന്നതെന്നും അിറഞ്ഞു. ഡി.പി.ഇ.പി.യുടെ ട്രൈനര്‍ എന്ന നിലയിലുളള യോഗ്യത അഡീഷനലായിട്ടുണ്ടു താനും.

അപേക്ഷ അയച്ചു. ഇന്റര്‍വ്യൂ തിരുവന്തപുരത്തുവെച്ചാണ് കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയവുമാണ്. അതിന്റെ ടെസ്റ്റും നടത്തുന്നുണ്ട്. ഇന്റര്‍വ്യൂവിലും ടെസ്റ്റിലും വിജയിച്ചു. നാട്ടില്‍ തിരിച്ചെത്തി ഒരാഴ്ചക്കകം അപ്പോയന്റ്‌മെന്റ് ഓര്‍ഡര്‍ കിട്ടി. കണ്ണൂര്‍ സൗത്ത് എ.ഇ.ഒ.വിലാണ് ജോയിന്‍ ചെയ്യേണ്ടത്. വീണ്ടും അങ്കലാപ്പിലായി. ഇത്ര ദൂരം ചെല്ലണം സബ്ബ് ജില്ലയിലെ സ്‌ക്കൂളുകള്‍ സന്ദര്‍ശിക്കണം ബുദ്ധിമുട്ടായിരിക്കും സ്‌ക്കൂളില്‍ നിന്ന് സഹപ്രവര്‍ത്തകരും, രക്ഷാകര്‍തൃസമിതിക്കാരും നിരുല്‍സാഹപ്പെടുത്തി. പുതിയൊരു സംവിധാനത്തില്‍ എത്തിപ്പെടണം എന്ന എന്റെ ആഗ്രഹത്തിന് മുന്‍തൂക്കം നല്‍കികൊണ്ട് എസ്.എസ്.എ.യില്‍ ജോയിന്‍ചെയ്യാന്‍ തീരുമാനിച്ചു. സ്‌ക്കൂളില്‍ നിന്ന് റിലീവ് ചെയ്തു. കണ്ണൂര്‍ എസ്.എസ്.എ.പ്രൊജക്ട് ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ ചെന്നു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് എന്റെ ബി.എഡ്.ക്ലാസ്സ്‌മേറ്റ് ഡോ.വിജയന്‍ ചാലാടാണ് ജില്ലാ പ്രൊജക്ട് ഓഫീസറെന്ന്. കുറച്ചു സമാധാനമായി ഒരു മാസം പിന്നിട്ടു അപ്പോഴാണറിഞ്ഞത് പയ്യന്നൂര്‍ സബ്ബ് ജില്ലയില്‍ ബി.ആര്‍.സി.പ്രോഗ്രാം ഓഫീസറായി നിശ്ചയിച്ച ടി.ശങ്കരന്‍ നമ്പൂതിരി താല്‍പര്യമില്ലാത്തതിനാല്‍ ജോയിന്‍ ചെയ്തില്ലായെന്നും,അവിടെ വേക്കന്‍സിയുണ്ടെന്നും.

തിരുവന്തപുരത്ത് ചെന്ന് കാര്യമായി ശ്രമിച്ചാലെ പയ്യന്നൂരിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടൂ. അത് എളുപ്പമല്ല. നല്ല പിടിപാട് വേണം. അപ്പോഴാണറിഞ്ഞത് കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ.ക്ക് തിരുവന്തപുരത്ത് നല്ല പിടിപാടുണ്ടെന്നും അദ്ദേഹം വിചാരിച്ചാല്‍ ട്രാന്‍സ്ഫര്‍ നടക്കുമെന്നും.അദ്ദേഹത്തോട് കാര്യം പറഞ്ഞു. അപേക്ഷ എഴുതിക്കൊടുത്തു. അടുത്തുതന്നെ തിരുവന്തപുരം പോകുന്നുണ്ടെന്നും ശരിയാക്കാന്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു. എനിക്കദ്ദേഹത്തെ മുന്‍പരിചയവുമില്ല. ഒരു തവണ മാത്രമേ കണ്ടിട്ടുളളൂ.

അദ്ദേഹം തിരുവന്തപുരത്ത് എത്തിയിട്ടുണ്ടെന്നറിഞ്ഞു. പിന്നെ ഞാന്‍ വിളിയോട് വിളിയായിരുന്നു. രണ്ട് ദിവസത്തിനകം ട്രാന്‍ഫര്‍ ഓര്‍ഡര്‍ ടെലഗ്രാമായി കിട്ടി. ഇതും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു. ഉടനെ പയ്യന്നൂര്‍ ബി.ആര്‍.സി.യില്‍ പ്രോഗ്രാം ഓഫീസറായി ജോയിന്‍ ചെയ്തു. സംഭവിക്കാന്‍ സാധ്യതയില്ലായെന്ന ഈ കാര്യവും അജ്ഞാതനായ ഒരു നല്ല മനുഷ്യന്റെ സഹായം നിമിത്തം സാധ്യമായി.

മുകളില്‍ സൂചിപ്പിച്ച മൂന്നു അനുഭവങ്ങളും ദുഖത്തോടൊപ്പം സന്തോഷവും പങ്കിടുന്നതാണ്. അറിയാതേ സംഭവിച്ചുപോയ  ഒരു ദുഖ അനുഭവവും എനിക്കുണ്ടായി. ഉപ്പ ഞങ്ങളെ (മക്കളെ) സ്‌നേഹിച്ചിരുന്നെങ്കിലും, ജീവിത പ്രാരാബ്ദങ്ങളില്‍ താങ്ങായി നിന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ ബന്ധവും അകന്നു തന്നെ നിന്നു.

ഇടയ്ക്ക് എപ്പോഴെങ്കിലും ഉപ്പയെ കാണാന്‍ ഞാന്‍ ചെല്ലും. മരുമക്കളുടേയും പെങ്ങളുടേയും കൂടെയാണ് ഉപ്പ താമസം. മരുമക്കത്തായ സമ്പ്രദായത്തില്‍ ഉപ്പയുടെ അധ്വാനവും, സമ്പാദ്യവും എല്ലാം മരുമക്കള്‍ക്കായിരുന്നു. അതിനെക്കുറിച്ച് ചിന്തിച്ചിട്ടോ, പരാതിപ്പെട്ടിട്ടോ കാര്യമില്ലല്ലോ ? ഞങ്ങളും മനസ്സുകൊണ്ട് അതൊക്കെ വിട്ടുകളഞ്ഞ മട്ടാണ്.

ഒരു ഞായറാഴ്ചയാണെന്നു തോന്നുന്നു മനസ്സില്‍ ഒന്നു ഉപ്പയെ ചെന്നു കാണണമെന്നു തോന്നി. ഉപ്പ ആ സമയത്ത് താമസിച്ചിരുന്നത് തൃക്കരിപ്പൂരിലെ ബീരിച്ചേരി .(നിലമ്പത്ത്) എന്ന സ്ഥലത്തായിരുന്നു. ഞാന്‍ ഉമ്മയോടും അനിയന്‍മാരോടുമൊക്കെ ഉപ്പയെ കാണാന്‍ പോകുന്നു എന്ന വിവരം പറഞ്ഞു. പാലക്കുന്നില്‍ നിന്ന് ഒരു റിക്ഷയാക്കിയാണ് പോയത്. വെറുംകൈയോടെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതി കൂറച്ച് ഫ്രൂട്ട്‌സും,ബേക്കറി സാധങ്ങളും വാങ്ങിയാണ് യാത്ര തിരിച്ചത്. തൃക്കരിപ്പൂര്‍ നിമ്പത്ത് എത്തിയപ്പോള്‍ പത്ത് മണിയായി കാണും. എന്നെ അറിയുന്ന പയ്യന്നൂരിലെ അനാദിക്കച്ചവടം നടത്തുന്ന അബ്ദുറഹിം എന്നെക്കണ്ടതുകൊണ്ടാവാം ഓട്ടോയ്ക്ക് കൈനീട്ടി. മുഖത്ത് സന്തോഷമില്ല. 'അറിഞ്ഞിട്ടാണോ വന്നത'്.? ഞാന്‍ ഒന്നും മനസ്സിലാകാത്തപോലെ അദ്ദേഹത്തെ തുറിച്ചുനോക്കി. ''ഇപ്പോള്‍ കാല്‍ മണിക്കൂറേ ആയുളളൂ'....ഉപ്പ മരിച്ചു എന്ന വാര്‍ത്തയാണ് അദ്ദേഹം പറഞ്ഞത്. ഉടനെ അവിടെയെത്തി.മരിച്ചുകിടക്കുന്ന എന്റെ പ്രീയപ്പെട്ട ഉപ്പയെ ഒരു നോക്കു കണ്ടു. കയ്യില്‍ കരുതിയ പലഹാരങ്ങളിലേക്ക് എന്റെ കണ്ണീരൊലിച്ചിറങ്ങി...ഒരു വാക്ക് പറയാനാവാതെ....ഒരു തുളളി വെളളം നല്‍കാന്‍ കഴിയാതെ ഉപ്പ പോയതില്‍ ഉളളുരുകി കരഞ്ഞുപോയി.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍
Keywords:  Article, Kookanam-Rahman, Father, Son, Death, Trikaripur, Family, Stay, Crying, Time, Many things happen unexpectedly
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia