പുതിയ 'പീഢന വിവാദ പീഢനം'

 


ന്തോഷമായും സ്വസ്ഥമായും കഴിഞ്ഞിരുന്ന കൊച്ചു കുടുംബത്തിനുമേല്‍ വലിയൊരു ബോംബ് ( പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത്) പതിച്ച കാലത്ത് കേരളത്തില്‍ ടിവി ചാനലുകളുടെ എണ്ണം ഇത്രയ്ക്കുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വിശേഷങ്ങളും അന്താരാഷ്ട്ര വാര്‍ത്തകളുമൊക്കെയായി ദൂരദര്‍ശന്‍. ഏഷ്യാനെറ്റിന്റെ ശൈശവകാലം. തെളിവെടുപ്പിന്റെ പേരില്‍ പെണ്‍കുട്ടിയെ പൊലീസ് നാടുമുഴുവന്‍ കൊണ്ടുനടന്ന കാലത്ത് ഇപ്പോഴത്തെ ചില ടിവി ചാനലുകളുണ്ടായിരുന്നെങ്കില്‍ സ്വന്തം ജീവിത ചുറ്റുവട്ടത്തിനപ്പുറത്ത് ഇപ്പോള്‍ അനുഭവിക്കുന്ന സ്വകാര്യത പോലും തനിക്കുണ്ടാകുമായിരുന്നോ എന്ന് പെണ്‍കുട്ടി ആശങ്കപ്പെടുന്നു.

മുഖം കാണിക്കുകയോ ആളുടെ പേരുപറയുകയോ ചെയ്യാതെ തന്നെ, പെണ്‍കുട്ടി ജോലി ചെയ്യുന്ന ഓഫീസും താമസിക്കുന്ന സ്ഥലവുമൊക്കെ പണാപഹരണക്കേസിന്റെ കാലത്ത് ചില ചാനലുകള്‍ നാട്ടുകാര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു.
ഇപ്പോള്‍ പുതിയൊരു പീഢന വിവാദം ഉണ്ടാക്കിയതിലും ചാനലുകളുടെ ചില രീതികളെ കുറ്റം പറയാതിരിക്കാനാകില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. സുപ്രീംകോടതിയിലെ കേസ് എത്രയും വേഗം പരിഗണനക്കെടുക്കാന്‍ ചീഫ് ജസ്റ്റിസ് തന്നെ ഇടപെട്ടതിനെക്കുറിച്ച് പ്രതികരണം തേടിയാണ് കഴിഞ്ഞ ദിവസം കുറേ മാധ്യമപ്രവര്‍ത്തകര്‍ വീട്ടിലെത്തിയത്.

മുമ്പ് മാധ്യമങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ കൂടെനില്‍ക്കുകയും കനിവോടെ മാത്രം സമീപിക്കുകയും ചെയ്തത് മറക്കാനാകാത്തതുകൊണ്ട് അച്ഛന്‍ വിശദമായി സംസാരിച്ചു. ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്ന ദിനങ്ങളായിരുന്നല്ലോ. അതുകൊണ്ടാകാം, പെണ്‍കുട്ടിയുടെ നേര്‍ക്ക് ഇപ്പോള്‍ ഓഫീസിലും പുറത്തുമൊക്കെയുള്ള സമീപനത്തെക്കുറിച്ചു ചിലര്‍ കുത്തിക്കുത്തി ചോദിച്ചു. രണ്ടു വര്‍ഷം മുമ്പ് ഓഫീസിലെ മേലുദ്യോഗസ്ഥരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കൈയില്‍ കടന്നു പിടിച്ചത് അച്ഛന്റെ എല്ലാ രോഷത്തോടെയും സങ്കടത്തോടെയുമാണ് പറഞ്ഞത്. സന്തം മകളുടെ കൈയില്‍ മറ്റൊരാള്‍ അങ്ങനെ കയറിപ്പിടിച്ചാല്‍ ആ ഉദ്യോഗസ്ഥന്‍ സഹിക്കില്ലല്ലോ എന്നുകൂടി പറഞ്ഞു, ഇപ്പോഴും പറയുന്നു. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ ചാനലുകളില്‍ വാര്‍ത്ത വന്നത് , സൂര്യനെല്ലി പെണ്‍കുട്ടിക്ക് വീണ്ടും പീഢനം എന്നായിരുന്നു.

പുതിയ 'പീഢന വിവാദ പീഢനം'പിന്നെ പകല്‍ മുഴുവന്‍ അരമണിക്കൂര്‍ ഇടവിട്ട് വാര്‍ത്താ ബുള്ളറ്റിനുകളില്‍ അതങ്ങുകത്തിച്ചു. പ്രതികരണങ്ങള്‍, പ്രതിഷേധങ്ങള്‍, ചര്‍ചകള്‍... അതിനു തുടര്‍ച്ചയായാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇനിയിപ്പോ, അവരെന്തൊക്കെ ചോദിക്കും, ആരാണു സാക്ഷി പറയുക എന്നുമൊക്കെ വേവലാതിപ്പെട്ടാണ് നിസഹായനായ ആ അച്ഛന്‍ കഴിയുന്നത്. വാര്‍ത്ത വന്ന ദിവസം രാത്രി, മൂത്ത മകള്‍ ഫോണില്‍ വിളിച്ച് കരഞ്ഞതിനേക്കുറിച്ച് അമ്മ പറഞ്ഞു. ദൈവത്തെച്ചൊല്ലി സഹിക്കാനും ക്ഷമിക്കാനും തീരുമാനിച്ച് മിണ്ടാതിരുന്നിട്ട് ഇപ്പഴെന്തിനാ അങ്ങനെയൊക്കെ പറഞ്ഞത് എന്നു ചോദിച്ചായിരുന്നു സങ്കടപ്പെട്ടത്. പറഞ്ഞതല്ല വാര്‍ത്തയായി വന്നത് എന്നു പറഞ്ഞപ്പോ ഫോണിന്റെ രണ്ടുതലയ്ക്കലും സങ്കടം പൊട്ടി. പിന്നെ, അതൊരു പരസ്പരം ആശ്വസിപ്പിക്കുന്ന കരച്ചിലായി മാറി.

ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അച്ഛനും മകളുമായി അര മണിക്കൂര്‍ അഭിമുഖത്തിന് പ്രമുഖ ചാനല്‍ വിളിച്ചെങ്കിലും സമ്മതിച്ചില്ല. പിന്നീട്, അതിനിടയില്‍ നടുക്കുന്ന മറ്റൊരു അനുഭവവുമുണ്ടായി. ഏതായാലും മേലുദ്യോഗസ്ഥന്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചു എന്നു പറയുന്നു, എങ്കില്‍ പണാപഹരണക്കേസിന്റെ പേരില്‍ ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞുകൂടായിരുന്നോ എന്ന് ഒരു ചാനല്‍ റിപോര്‍ട്ടര്‍ ചോദിച്ചതാണ് നടുക്കമായത്.


ഓര്‍മകളിലെ നടുക്കം

16 വര്‍ഷം മുമ്പുള്ള ആ ദിവസങ്ങളെക്കുറിച്ച് വീണ്ടും ഓര്‍മിക്കാന്‍ ഇവരാരും ഇഷ്ടപ്പെടുന്നില്ല. മകളോട് അതേക്കുറിച്ച് എന്തെങ്കിലും ചോദിക്കുന്നത് അച്ഛനും അമ്മയും ഇഷ്ടപ്പെടുന്നുമില്ല. പക്ഷേ, കേസ് തുടങ്ങി വിധി വരുന്നതുവരെയുള്ള നാലു വര്‍ഷക്കാലം ലഭിച്ച പോലീസ് സംരക്ഷണത്തെക്കുറിച്ച് ഭീതിയോടെ ഓര്‍ക്കാതിരിക്കാന്‍ മൂന്നുപേര്‍ക്കും കഴിയുന്നില്ല.

നാല് പുരുഷ പൊലീസുകാരും രണ്ട് വനിതാ പൊലീസുകാരുമാണ് ദേവികുളത്തെ മലയാളം പ്ലാന്റേഷന്‍സ് എസ്റ്റേറ്റിലെ വീട്ടില്‍ കാവല്‍ കിടന്നത്. വീടും അമ്മ നഴ്‌സായി ജോലി ചെയ്യുന്ന എസ്റ്റേറ്റ് ഡിസ്‌പെന്‍സറിയും തൊഴിലാളികള്‍ക്കുള്ള പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന 'ബസാറു'മെല്ലാം ചേര്‍ന്നതായിരുന്നു അത്. വീടിനോടു ചേര്‍ന്ന നല്ല സൗകര്യത്തില്‍ ചായ്പും ഭക്ഷണം പാകം ചെയ്തുകൊടുക്കാന്‍ ഒരു വേലക്കാരനെത്തന്നെയും പ്ലാന്റേഷന്‍ കമ്പനി കൊടുത്തു.

പക്ഷേ, ഒരു ദിവസം പോലും , ഒരു നേരം പോലും അവര്‍ നന്നായി പെരുമാറിയില്ല. വീടിനു സമീപത്തെ കാടും പടര്‍പുമെല്ലാം വെട്ടിനീക്കാന്‍ ഏര്‍പാടു ചെയ്ത്, പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ അന്നത്തെ ഐജി സിബി മാത്യൂസിന്റെ കരുതലിന്റെ തുടര്‍ച്ചയായിരുന്നു പോലീസ് സംരക്ഷണം. അത് വിനയായി മാറുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല. ഏതായാലും കേസില്‍ പ്രത്യേക കോടതിയുടെ വിധി വന്ന പിന്നാലെ, പോലീസ് സംരക്ഷണമൊന്നു മാറ്റിത്തരണേ എന്ന് ആവശ്യപ്പെടുകയാണു ചെയ്തത്.

ടൂറിസം വികസനം

രണ്ടുപേരുടെയും സര്‍വീസ്‌കാലത്തെ കരുതലെല്ലാം നീക്കിവച്ചാണ് ഒരു കൊച്ചുവീടുവച്ച് താമസം മാറിയത്. അവിടെ നിന്നു താമസം കോട്ടയം ജില്ലയിലെ ഇപ്പോഴത്തെ വീട്ടിലേയ്്ക്ക് മാറാന്‍ തീരുമാനിച്ചത് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. സ്വന്തം നാട്ടില്‍ നിന്ന് സമാധാനത്തോടെ ശിഷ്ടകാലം കഴിയാനും മുറ്റത്ത് മക്കളുടെ വിവാഹപ്പന്തല്‍ ഇടാനുമൊക്കെ ആഗ്രഹിച്ചു നിര്‍മിച്ച വീട്ടില്‍ നിന്ന് അറിയാത്ത ആളുകള്‍ മാത്രമുള്ള അപരിചിത സ്ഥലത്തേയ്ക്ക്.

സ്‌കൂള്‍, കോളജ് കുട്ടികളുടെ വിനോദ യാത്രാ സംഘങ്ങളുള്‍പ്പെടെ ഹൈറേഞ്ച് കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തന്റെ മകളോ വീടോ കാഴ്ച വസ്തുവാകുന്നത് നടുക്കത്തോടെയാണ് ആ മാതാപിതാക്കള്‍ അറിഞ്ഞത്. കണ്ണീരോടെ മൂത്ത മകളാണ് അതു ശ്രദ്ധയില്‍പെടുത്തിയത്. എല്ലാ ടൂറിസ്റ്റ് വാഹനങ്ങളും പരിസരത്തൊക്കെ നിര്‍ത്തുന്നു. അവരുടെ ഗൈഡുകള്‍ വിശദീകരിച്ചുകൊടുക്കുന്നു, അതാണ് മറ്റേ, സൂര്യനെല്ലിപ്പെണ്ണിന്റെ വീട്. ഇനിയും ഇവിടെ ജീവിക്കാന്‍ വയ്യമ്മേ , നമുക്ക് വേറെ എവിടെയെങ്കിലും പോയേക്കാം എന്നും പറഞ്ഞു മകള്‍. പിന്നെ, അന്വേഷണമായി. ഉള്ളത് ധൃതിയില്‍ വിറ്റപ്പോള്‍ കിട്ടിയത് ചെറിയ തുക. പക്ഷേ, പകരം വാങ്ങാന്‍ നോക്കുമ്പോള്‍ കൈയിലൊതുങ്ങുന്നില്ല. ആ അലച്ചിലിന് ഒടുവിലാണ് ഈ വീട് വാങ്ങിയത്.
നിങ്ങള്‍ക്കറിയാമോ, അടുത്ത വീടുകളിലൊന്നും ആരും മിണ്ടുന്നില്ല, അവരോട്.

ഗൈഡുകള്‍ക്ക് സഞ്ചാരികളെ കാണിക്കാനുതകുന്ന പ്രദേശങ്ങള്‍ എത്രയോ ഉണ്ട് കേരളത്തില്‍ ഇപ്പോള്‍. കിളിരൂര്‍, കവിയൂര്‍, കോതമംഗലം, വിതുര......... പതിയെപ്പതിയെ അല്ല, അതിവേഗം കേരളം ടൂറിസം മേഖലയില്‍ കുതിക്കുകയാണല്ലോ. കേരളം മൊത്തത്തില്‍തന്നെ പെണ്‍ശരീരങ്ങളുടെ അത്യാകര്‍ഷകമായ ഡെസ്റ്റിനേഷന്‍ ആയി മാറുന്ന കാലത്ത് പെണ്‍കുട്ടികളെയും കൂട്ടി അച്ഛനും അമ്മയും എവിടെപ്പോയി ഒളിക്കുമെന്നറിയില്ല.
ഏതായാലും സുര്യനെല്ലി പെണ്‍കുട്ടി ഓടിയോടി തളരുകതന്നെയാണ്.

-പി.എസ്. റംഷാദ്

(കടപ്പാട്:  സമകാലിക മലയാളം വാരിക)


Part 1:
പേരില്ലാത്ത പെണ്‍കിടാവിന്റെ നേരും നോവും

Keywords : Article, P.S. Ramshad, Suryanelli Case, Police, Arrest, Supreme Court, Cash, Family, Story, Accuse, Marriage, Tourism, House, Natives, Mother, Father, Jail, Inquiry, Minister, Delhi Gang Rape, Job, Suspension, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Real story of sooryanelli girl and her family. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia