മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

 


എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-24)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 01.07.2020) ഒരു വസ്തുവിനെ ആദ്യമായി കാണുമ്പോള്‍ അത്ഭുതം തോന്നുക സ്വാഭാവികം. ഒരു പുതിയ ഉപകരണം പുറത്തിറങ്ങിയിട്ടുണ്ടെന്ന് അറിയുമ്പോള്‍ അത് കാണണം എന്ന പൂതി മനസിലുണരും. ചിലപ്പോള്‍ അതിനെ കാണാനുളള അവസരം കിട്ടിയാല്‍ അതിനെ സ്പര്‍ശിക്കാന്‍, പ്രവര്‍ത്തിപ്പിക്കാന്‍  ഉളള ആഗ്രഹം ജനിക്കും. ഞങ്ങള്‍ 1950-60 കാലഘട്ടത്തില്‍ ജനിച്ചവര്‍ക്ക് ഇക്കാലത്ത് കാണുന്ന പല ഉപകരണങ്ങളും അന്യമായിരുന്നു. ഇന്നത്തെ ന്യൂജന്‍സിന് ഞങ്ങളുടെ കാഴ്ചാനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ പുച്ഛം തോന്നാം. ഞങ്ങള്‍ പറയുന്നതൊക്കെ സത്യമാണോ എന്ന തോന്നലുണ്ടാവാം. ഇന്ന് 65 ലും70 ലും അതിനപ്പുറവും എത്തിയവരൊക്കെ അനുഭവിച്ചറിഞ്ഞ അത്ഭുതങ്ങളെക്കുറിച്ചാണ് ഞാന്‍ ഇവിടെ പ്രതിപാദിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതൊന്നും അല്‍ഭുതങ്ങളല്ല ഇന്ന് പക്ഷേ ഞങ്ങള്‍ക്കന്ന് ഈ പറയുന്ന കാര്യങ്ങളൊക്കെ അത്ഭുതങ്ങളായിരുന്നു.

ആദ്യമായി റേഡിയോ കണ്ടത് 1960 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, സാമൂഹ്യ പാഠം പഠിപ്പിച്ചിരുന്ന ശങ്കരനാരായണന്‍ അടിയോടി മാഷ് ഞങ്ങളെ റോഡിയോ കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയത് ആ പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമയായ കാരിക്കുട്ടിയുടെ വീട്ടിലേക്കാണ്. വീടിനടുത്ത് എത്താറായപ്പോള്‍ മാഷ് ഞങ്ങളെ ഏരിയല്‍ കെട്ടിയത് കാണിച്ചു തന്നു. അതിലൂടെയാണ് റേഡിയോവിലേക്ക് വാര്‍ത്തയും പാട്ടും ഒക്കെ വരുന്നതെന്നും പറഞ്ഞു തന്നു. വീടിന്റെ പൂമുഖത്തറയില്‍ ഞങ്ങളെ ഓരോരുത്തരെയായി ഇരുത്തി. മേശപ്പുറത്ത് വലിയൊരു പെട്ടിപോലുളള സാധനം വെച്ചിട്ടുണ്ട്. ഇതാണ് റേഡിയോ എന്ന് മാഷ് കാണിച്ചു തന്നു.വീട്ടുടമ റേഡിയോ ഓണ്‍ ചെയ്തു. അതാ പെട്ടിയില്‍ നിന്ന് പാട്ടു വരുന്നു. ഒരാള്‍ സംസാരിക്കുന്നു. അത്ഭുതം കൂറിയ കണ്ണുകളോടെ ആ പെട്ടി നോക്കുകയൂം അതില്‍ നിന്നു വരുന്ന സംസാരവും, പാട്ടും കേള്‍ക്കുകയും ചെയ്തു. കോഴിക്കോട് റേഡിയോ നിലയത്തില്‍ നിന്നു വരുന്ന വാര്‍ത്തയും പാട്ടും വായുവിലൂടെ ഈ യന്ത്രത്തിലെത്തുന്നു. അതാണ് നമ്മള്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ശ്വാസം പിടിച്ചാണ് മാഷ് പറയുന്നതും, റേഡിയോവിലൂടെ വരുന്ന പാട്ടും കേട്ടത്. 'ഞാന്‍ ഇന്ന് റോഡിയോ കണ്ടു'. അഭിമാനത്തോടെയാണ് ഇക്കാര്യം വീട്ടില്‍ വന്ന് പറഞ്ഞത്. നാട്ടിലെ മറ്റു സുഹൃത്തുക്കളോടും അന്തസ്സോടെ ഇക്കാര്യം പങ്കിട്ടു.

മൂന്നാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് 1957 ല്‍ കൂക്കാനത്ത് വാണിയന്‍ വളപ്പ് എന്ന ഒഴിഞ്ഞ പറമ്പില്‍ ഒരു നാടകം അരങ്ങേറുന്നത്. ആ പറമ്പില്‍ ഒരു വലിയ ഓടിട്ട കെട്ടിടം പൊളിഞ്ഞ് , അതിനുളളില്‍ ആല്‍മരം മുളച്ച് വളര്‍ന്ന് നിന്നിരുന്നത് ഓര്‍മ്മവരുന്നു. കൂട്ടുസ്വത്തായതിനാല്‍ പാര്‍ട്ടീഷന്‍ ചെയ്യാതെ അനാഥമായി കിടക്കുന്ന ഒരു പറമ്പായിരുന്നു അത്. 'ഇത് ഭൂമിയാണ്' എന്ന നാടകമാണ് അവിടെ അവതരിപ്പിക്കുന്നത്. ആ നാടക അഭിനേതാക്കളൊക്കെ കാലയവനികയ്ക്കുളളില്‍ മറഞ്ഞു പോയി.... കുണ്ടത്തില്‍ അമ്പു, അപ്യാല്‍ വെളുത്തമ്പു, തൈവളപ്പില്‍ കാരിക്കുട്ടി, എം.ടി.പി.മുഹമ്മദ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

മൂന്നാലു ദിവസം മുമ്പ് തന്നെ സ്റ്റേജ് ഒരുക്കിയിരുന്നു.  ഗ്രൗണ്ടിനു ചുറ്റും ചൂടി കെട്ടി., മാവിന്റെ ഇല, തിരിയോല, വിവിധതരം പൂക്കള്‍ എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. ഉച്ചഭാഷിണി ഉണ്ടാവുമെന്ന് നോട്ടീസില്‍ പ്രത്യേകം അച്ചടിച്ചിട്ടുണ്ട്. അന്നാണ് ഞാന്‍ ആദ്യമായി ഉച്ചഭാഷിണി കാണുന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് കുഴിച്ചിട്ട കവുങ്ങിന്‍ തടിയിലാണ് കോളാമ്പി മൈക്ക് കെട്ടിയിട്ടുളളത്. കുട്ടികളായ ഞങ്ങള്‍ അതിനു ചുറ്റും കറങ്ങികൊണ്ടിരുന്നു. അന്ന് പെട്ടിപാട്ടാണ്. ഇന്നത്തെ സി.ഡി.യെക്കാള്‍ വലിപ്പമുളള പ്ലേറ്റ് വച്ചാണ് പാട്ടുവെക്കല്‍ . ആദ്യത്തെ പാട്ടുകേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ കുട്ടികള്‍ ആര്‍പ്പുവിളിയുമായി ഓടിക്കളിക്കാന്‍് തുടങ്ങി.

സന്ധ്യമയങ്ങിയപ്പോള്‍ നാലോ, അഞ്ചോ ഗ്യാസ് ലൈറ്റ് (പെട്രോമാക്‌സ്) കത്തിച്ചു വെച്ചു. കൂക്കാനത്താകെ വെളിച്ചം പടര്‍ന്നു .അന്നാണ് പെട്രോമാക്‌സ് ആദ്യമായി കാണുന്നത്. എന്റെ അമ്മാവന്‍ മുഹമ്മദാണ് സ്ത്രീവേഷം കെട്ടുന്നത്. അതിനായി പയ്യന്നൂരില്‍ നിന്ന് കൊണ്ടു വന്ന വിഗ് കണ്ടു. ആദ്യമായി വിഗ് കാണുന്നതും അന്ന്. അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറത്ത് കണ്ടകാഴ്ചകള്‍ ഒരോന്നും ജീവിതത്തില്‍ ആദ്യമായി കാണുന്നതാണ്.

ടേപ്പ് റിക്കാര്‍ഡര്‍ ആദ്യമായി കാണുന്നത് 1970 ലാണെന്നു തോന്നുന്നു. അന്ന് ഞങ്ങളുടെ അയല്‍ പ്രദേശത്തുനിന്നു ബാലന്‍ എന്ന യുവാവ് ദുബൈയില്‍ നിന്നു വരുമ്പോള്‍ കൊണ്ടുവന്നതാണ് ടേപ്പ് റിക്കാര്‍ഡര്‍. ദുബൈ ബാലന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്നയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. അദ്ദേഹം പറഞ്ഞ വീര കഥകളൊക്കെ ഓര്‍മ്മയുണ്ട്. കപ്പലില്‍ മാസങ്ങളോളം യാത്ര ചെയ്യണം. അന്ന് കപ്പലില്‍ വെച്ച് പലരും മരിച്ചു പോയിരുന്നു. മരിച്ചവരെ കടലിലേക്ക് എടുത്തെറിയും. കര എത്താറാവുമ്പോള്‍  എല്ലാവരും കടലിലേക്ക് എടുത്തു ചാടണം. നീന്തി കരപിടിക്കണം. അത്രയും വിഷമം സഹിച്ചായിരുന്നു പോലും അക്കാലത്തെ ഗള്‍ഫ് യാത്ര. ടേപ്പ് റിക്കാര്‍ഡുമായി വരുന്ന ബാലനെ കുട്ടികളായ ഞങ്ങള്‍ വളരെ ആദരവോടെയാണ് നോക്കിയിരുന്നത് . അദ്ദേഹം വരുമ്പോള്‍ ഫോറിന്‍ ഷര്‍ട്ടുകൊണ്ടുവരും. ഒന്നു കിട്ടിയാല്‍ കൊളളാമെന്നു ഞാനും കൊതിച്ചു. ചോദിക്കാന്‍ നാണക്കേട് തോന്നി. അന്ന് ഞങ്ങളുടെ നാട്ടില്‍ മീശക്കാരന്‍ ദാമോദരേട്ടന്‍ എന്നൊരാളുണ്ടായിരുന്നു. ബാലനും മീശദാമോദരേട്ടനും സുഹൃത്തുക്കളായതിനാല്‍ മീശക്കാരന് ഒരു ഷര്‍ട്ട് സമ്മാനമായി ബാലന്‍ കൊടുത്തു. ദോമോദരന്‍ തോര്‍ത്തു മാത്രം ഉടത്തു നടക്കുന്ന വ്യക്തിയാണ്. ഞാനന്ന് കോളേജില്‍ പഠിക്കുകയാണ്. ദാമോദരേട്ടന്‍ ആഷര്‍ട്ട് എനിക്കു തന്നു. അങ്ങിനെ ആദ്യമായി ഫോറിന്‍ ഷര്‍ട്ട് എനിക്കു കിട്ടി.

അധ്യാപകനായി ജോലിയില്‍ ചേര്‍ന്നതിന് ശേഷം. ശമ്പളത്തില്‍ നിന്ന് മെച്ചം വെച്ച് 1972 ല്‍ നാഷണല്‍ പാനസോണിക്ക് കമ്പനിയുടെ ട്രാന്‍സിസ്റ്റര്‍ റേഡിയോ വാങ്ങി. കരിവെളളൂരില്‍ സൊണാറ്റ എന്ന പേരില്‍  നാരായണന്‍ എന്നയാള്‍ റേഡിയോവും മറ്റും ഇന്‍സ്റ്റാള്‍മെന്റായി നല്‍കുന്ന ഷോപ്പ് തുടങ്ങിയിരുന്നു. അവിടെ നിന്നാണ് തവണ വ്യവസ്ഥയില്‍ റേഡിയോ വാങ്ങിയത്.

1978 ല്‍ കാടങ്കോട് ഗവ.ഫിഷറീസ് ഹൈസ്‌ക്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ആ നാട്ടുകാരനും, അതേ സ്‌ക്കൂളിലെ അധ്യാപകനുമായ അബ്ദുളള മാഷില്‍ നിന്ന് ഒരു   ടേപ്പ് റിക്കാര്‍ഡര്‍ വാങ്ങി. അങ്ങിനെ ടേപ്പ് റിക്കാര്‍ഡിന്റെ ഉടമയുമായി മാറി ഞാന്‍. ആദ്യമായി ടെലിവിഷന്‍ കണ്ടത് 1975 ലാണ്. അന്തരിച്ച അനിയന്‍ അബ്ദുളള ഒരു ചെറിയ ടെലിവിഷന്‍ വാങ്ങി വീട്ടില്‍ ഫിറ്റ് ചെയ്തു. വലിയ ഏരിയലൊക്കെ വലിച്ചു കെട്ടിയാണ് സംഭവം ഫിറ്റ് ചെയ്തത്. ആദ്യ ദിവസം അതില്‍ പരിപാടി കാണാന്‍ ഇരുന്നു. ഒന്നും ക്ലിയര്‍ ആയി കിട്ടുന്നില്ല. ഒരു തരം കുമിളകള്‍ പോലുളളവ വന്നു കൊണ്ടേയിരിക്കുന്നു. ഇത്രയേ ഈ ടി.വി.യില്‍ കിട്ടു എന്ന് സമാധാനിച്ചു. ഏതായാലും ടി.വി.എന്ന ഉപകരണം കണ്ടു അന്നതിലെ പരിപാടി കാണാന്‍ പറ്റിയില്ല.1990 ല്‍ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞ കാലത്ത് ടെലിവിഷനെക്കുറിച്ചും സുഹൃത്തുക്കള്‍ പരസ്പരം സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഉളളില്‍ ഒരു മോഹം ഉദിച്ചു. അങ്ങിനെ ഞാനും കാവുങ്കല്‍ നാരായണന്‍ മാഷും ഓരോ ടെലിവിഷന്‍ സെറ്റ് വാങ്ങി. വീട്ടില്‍ കൊണ്ടുവന്ന് ഏരിയലും മറ്റും കെട്ടി  ഫിറ്റ് ചെയ്തപ്പോള്‍ മുതല്‍ വീട് നിറയെ അയല്‍ക്കാരായിരുന്നു. അന്ന് എന്തു ഗമയായിരുന്നു എനിക്ക്. ഒരു ടി.വി. സ്വന്തമാക്കിയതില്‍.

ലാന്റ് ഫോണ്‍ നേരിട്ട് ആദ്യമായി കാണുന്നത് 1966 ല്‍ കാസര്‍കോട് ഗവ.കോളേജില്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലാണ്. കറുത്ത ഒരു ലാന്റ് ഫോണ്‍. പ്രിന്‍സിപ്പാളിന്റെ മേശ പുറത്ത് കാണുമ്പോള്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. പണ്ട് കുഞ്ഞു നാളില്‍ ഫോണ്‍ ആക്കി കളിച്ചതും ഓര്‍മ്മയുണ്ട്. രണ്ട് ഒഴിഞ്ഞ തീപ്പെട്ടിക്കൂടോ ടോര്‍ച്ച് ബാറ്ററിയുടെ ഒഴിഞ്ഞ കവറോ എടുത്ത് അതിന്റെ ഒരറ്റം കടലാസ് കൊണ്ട് മൂടും. ചെറിയ ഈര്‍ക്കില്‍ കഷ്ണമെടുത്ത് നൂലിന്റെ അറ്റം കെട്ടി കടലാസില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ കടത്തും. നീളമുളള നൂലിന്റെ മറ്റേ അറ്റം വേറൊരു ഈര്‍ക്കില്‍ കഷ്ണത്തില്‍ കെട്ടി മറ്റേ തീപ്പെട്ടിയുടെ പൊതിഞ്ഞ ഭാഗത്തുകൂടെ ഉളളില്‍ കടത്തും. രണ്ടുപേര്‍ രണ്ടറ്റത്തുനിന്ന് അതിലൂടെ സംസാരിക്കും. കേള്‍ക്കാന്‍ കഴിയും, അത് നൂലിലൂടെ വന്നിട്ടല്ല, ഉറക്കെ പറയുമ്പോളള്‍ വായുവിലൂടെ തന്നെ വന്ന് കേള്‍ക്കാന്‍ പറ്റും.

ഫോണാക്കി കളിച്ച കളി ഇങ്ങിനെ യാഥാര്‍ത്ഥ്യമാവുമെന്നു കരുതിയിരുന്നില്ല അന്ന്. അതിനു ശേഷം മൊബൈല്‍ വന്നു. മൊബൈല്‍ഫോണ്‍ ആദ്യമായി കാണുന്നത് പാപ്പിനിശ്ശേരിയില്‍ സ്റ്റുഡിയോ നടത്തുന്ന എന്റെ ഒരു കുടുംബ സുഹൃത്തായ അബ്ദുളള ഗള്‍ഫില്‍ നിന്ന് വന്ന് സമ്മാനിച്ചപ്പോഴാണ്. അത് 1999 ലാണ്. പ്രസ്തുത മൊബൈല്‍ ഫോണിന് ഏരിയല്‍ ഉണ്ടായിരുന്നു. നല്ല വെയ്റ്റും വലിപ്പവും ഉണ്ട്. അന്ന് ഇന്‍കമ്മിംഗ് കോളിനു ചാര്‍ജ് ഈടാക്കും. കുറേ വര്‍ഷം പ്രസ്തുത മൊബൈല്‍ ഫോണ്‍ എന്റെ കസ്റ്റഡിയില്‍ തന്നെ ഉണ്ടായിരുന്നു.

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
വാച്ചും,ഫൗണ്ടൈന്‍ പെന്നും കണ്ടതും കൈവശപ്പെടുത്തിയതും യു.പി.സ്‌ക്കൂള്‍ പഠനക്കാലത്താണ്. ഇങ്ങിനെ ഓരോന്നും ഉണ്ടെന്നറിയുമ്പോള്‍ കാണാനുളള ആകാംക്ഷയായിരുന്നു. ക്രമേണ അങ്ങിനെയുളള വസ്തുക്കള്‍ സ്വന്തമാക്കാനും ,ഉപയോഗിക്കാനും .  അതൊക്കെ സാധ്യമായത് വളരെ താമസിച്ചാണെന്നു മാത്രം. ഇന്നത്തെ തലമുറക്ക് എല്ലാ പുതിയ സാങ്കേതിക ഉപകരണങ്ങള്‍ കാണാനും  കൈകാര്യം ചെയ്യാനുമുളള അവസരം ഉണ്ടാവുകയും ചെയ്തു. ഞങ്ങളുടെ പ്രായക്കാരെ സംബന്ധിച്ചുളള അനുഭവങ്ങളാണ്. ഇവിടെ കുറിച്ചത്. ഇങ്ങിനെയൊക്കെയായിരുന്നു ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നവര്‍ അനുഭവിച്ചിരുന്നതെന്ന് വരും തലമുറ അറിയണം.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

Keywords:  Article, Kookanam-Rahman, Mustache, Damodaran, Watch, Memories, Gulf, Study time, Mobile phone, Mustache Damodarettan and Foreign shirt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia