● രാവിലെ ആറുമണിക്ക് ഓത്തുപള്ളിയിലേക്ക് യാത്ര തുടങ്ങും.
● ബീഫാത്തിമ എന്ന സഹോദരിയോടൊപ്പമാണ് മദ്രസയിലേക്ക് പോയിരുന്നത്
● മണക്കാട്ടെ കടയിൽ നിന്നും മുട്ടായി വാങ്ങുന്നത് പതിവായിരുന്നു.
● ഓത്തുപള്ളിക്ക് ശേഷം ഓലാട്ട് സ്കൂളിലേക്കും ഓടേണ്ടി വന്നിരുന്നു.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 38
(KVARTHA) തിരക്കുപിടിച്ച ഇപ്പോഴത്തെ ജീവിതത്തിനിടയിലെ ചില തിരിഞ്ഞ് നോട്ടങ്ങളും നടത്തങ്ങളുമാണ്, നമ്മൾ ആരായിരുന്നെന്നും എന്തായിരുന്നെന്നും എങ്ങനെയൊക്കെയായിരുന്നു, എന്നൊക്കെയുള്ള ഓർമപ്പെടുത്തലുകൾ ഉണ്ടാക്കുന്നത്. അങ്ങനെയൊരു ചിന്തയിൽക്കിടയിലാണ്, പഴയ തറവാട് വീടും, ഓത്ത് പള്ളിയും അവിടത്തെ മനുഷ്യരുമൊക്കെ ഓർമകളായി, മനസ്സിലേക്കോടിക്കിതച്ചെത്തിയത്. അന്നെനിക്ക് ആറ് വയസ് പ്രായം. രാവിലെ വളരെ നേരത്തേയാണ് മതപാഠശാലയിലേക്ക് പഠനത്തിനായി പോകേണ്ടത്. എന്നെ ഒറ്റയ്ക്ക് വിടാൻ ഉമ്മയ്ക്ക് വല്ലാത്ത പേടിയാണ്. വീട്ടിൽ നിന്ന് അവിടേക്ക് അത്യാവശ്യം ദൂരവുമുണ്ട്.
എന്നും അവിടം വരെ കൊണ്ട് വിടൽ, ഉമ്മാക്ക് പറ്റുന്നതുമല്ലായിരുന്നു. അതിന് ഉമ്മ കണ്ടു പിടിച്ച ഒരു പോം വഴിയായിരുന്നു, ബീഫാത്തിമയും ഉമ്മുകുൽസുവും. അവരെ കുറിച്ചോർത്തപ്പോൾ എന്തോ എനിക്കവരെ കാണാനൊരു പൂതി പോലെ. അന്വേഷിച്ചപ്പോൾ ബീഫാത്തിമ അസുഖ ബാധിതയായി കിടപ്പിലാണെന്നറിഞ്ഞു. ഇപ്പോഴത്തെ അഡ്രസ് എങ്ങനെയൊക്കയോ ഒപ്പിച്ചെടുത്തു. ഉച്ചൻവളപ്പ് എന്നായിരുന്നു അന്നവർ താമസിച്ചിരുന്ന പറമ്പിൻ്റെ പേര്. ആറോ എട്ടോ ഏകർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പറമ്പായിരുന്നത്. ആകെ ഒരോടിട്ട വീടേ അപ്പൊ ആ പറമ്പിൽ ഉണ്ടായിരുന്നുള്ളൂ.
ഇന്ന് പക്ഷെ എട്ടോളം വീടുകളുണ്ടതിൽ. പറമ്പിൻ്റെ കുറേ ഭാഗം വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് അറിവ്. അങ്ങനെ അന്വേഷണത്തിനൊടുവിൽ ബീഫാത്തിമ താമസിക്കുന്ന വീട് കണ്ടെത്തി. എൻ്റെ കൂടെ എം ശശിമോഹനനും കെ കൃഷ്ണനും ഷറഫുദ്ദീനുമൊക്കെയുണ്ടായിരുന്നു. വീട്ടിലെത്തി, വീട്ടുകാരുമായി അല്പം സംസാരിച്ചു. വന്നതിന്റെ ഉദ്ദേശം വവ്യക്തമാക്കുകയും ആവശ്യം ഉന്നയിക്കുകയും ചെയ്തു. സന്തോഷത്തോടെ അവരുടെ മക്കൾ അതിന് അനുവാദം നൽകുകയും ചെയ്തു. ശേഷം ഞങ്ങൾ ബീഫാത്തിമ കിടക്കുന്ന മുറിയിലേക്ക് കടന്നു ചെന്നു. പ്രായത്തിന്റെ വയ്യായ്ക നല്ലപോലെ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പെട്ടന്ന് എന്നെ മനസ്സിലായില്ല.
എങ്കിലും ഞങ്ങളെ കണ്ടയുടനെ വയ്യായ്കയിലും അവർ കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അവരുടെ തൊട്ടരികിലായി ഞാനിരുന്നു. അതിന് പിന്നിൽ ഒരു കാര്യമുണ്ട്. വകയിൽ ഈ ബീഫാത്തിമ എൻ്റെ സഹോദരിയായി വരും. എന്റെ പോത്താം കണ്ടത്തിലെ അവ്വകർ എന്ന എന്റെ വല്യമ്മാവൻ്റെ മകളാണ്. ആളെ തിരിച്ചറിഞ്ഞത് കൊണ്ട്, അസുഖ കാര്യങ്ങളും കുടുംബകാര്യങ്ങളുമൊക്കെ പരസ്പരം പങ്കുവെച്ചു. അതിനിടയിൽ ഞാൻ വെറുതെ പണ്ട് മദ്രസയിൽ പോയ കാര്യം ഓർമ്മയുണ്ടോയെന്ന് ചോദിച്ചു. കേട്ടപ്പോ ബീഫാത്തിമ ഒന്ന് ചിരിച്ചു. കൂടെ ഞങ്ങളും.
എന്നേക്കാൾ മൂന്നോ നാലോ വയസിന് മൂപ്പത്തിയാണ് ബീഫാത്തിമ. അത് കൊണ്ട് തന്നെയാണ് ഉമ്മ, അന്നെന്റെ ഉത്തരവാദിത്വം അവരെ ഏല്പിച്ചത്. രാവിലെ ആറ് മണിക്ക് ഞാൻ വീട്ടിൽ നിന്ന് ഓത്തു പള്ളിയിലേക്ക് പുറപ്പെടും. ഉച്ചൻ വളപ്പ് വരെ ഉമ്മയെനിക്ക് കൂട്ട് വരും. അവിടന്ന് അവരും ഓത്തുപ്പള്ളിയിൽ പോകുന്നുണ്ട്. അവരുടെ കൂടെ എന്നെ പറഞ്ഞു വിടും. എങ്കിലും തിരിഞ്ഞു നടക്കുന്നതിന് മുമ്പ്, ഉമ്മ അവരോടെന്ന പോലെ ഒന്ന് പറഞ്ഞു വെക്കും. 'മക്കളെ, അവനെ ഒന്ന് ശ്രദ്ധിക്കണേ'. അത് കേൾക്കുമ്പോൾ സന്തോഷത്തോടെ അവര് തലയാട്ടും. പാവം ഉമ്മ അതിരാവിലെ എഴുന്നേറ്റ് ഞാൻ പോകുന്നതിന് മുമ്പ്, അമ്മിയിൽ അരിയരച്ച് എനിക്ക് ദോശ ചുട്ടു തരും.
തലേന്നാളത്തെ മത്തിക്കറിച്ചട്ടിയുടെ പള്ളക്ക് പറ്റിയ കറിയിൽ ഉരച്ച്, ചൂട് ദോശ വായിലിട്ടു തരും. അതൊക്കെ കഴിഞ്ഞാണ് അവരെ അടുത്തേക്ക് എന്നെ കൊണ്ട് വിടുന്നത്. ഉച്ചൻ വളപ്പിൽ ഞാനെത്തിയാൽ പിന്നെ മൂന്നു പേരും കരിവെള്ളൂരിലേക്ക് ഓരോട്ടമാണ്. ആറരയ്ക്ക് മദ്രസയിൽ എത്തിയില്ലെങ്കിൽ ഉസ്താദിൻ്റെ ചൂരൽ കഷായം ഉറപ്പാണ്. എങ്കിലും ആ ഓട്ടത്തിനിടയിൽ ഞങ്ങൾക്ക് ചില പരിപാടികളൊക്കെയുണ്ട്. ആ വളപ്പിൻ്റ പടിഞ്ഞാറ് നിറയെ വയലാണ്. അതിന്റെ സൈഡിൽ വയലിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയൊരു പറങ്കിമാവുണ്ടായിരുന്നു. അതിൽ പിടിച്ച കശുവണ്ടി, വയലിലേക്ക് വീണിട്ടുണ്ടാകും. മൂന്നു പേരും വാശിയോടെ അണ്ടി പെറുക്കിയെടുക്കും. പിന്നെ അതും കെട്ടിപ്പിടിച്ചാവും ഓട്ടം.
മണക്കാടെത്തിയാൽ അവിടെ വെള്ളിയെന്ന് പേരുള്ള ഒരു വ്യക്തി നടത്തുന്ന പീടികയുണ്ട്. അവിടെ കൊരട്ട കൊടുത്ത് ഒയലിച്ച മുട്ടായി വാങ്ങും. അതും വായിട്ടാണ് പിന്നെയുള്ള ഓട്ടം. അന്ന് ബാഗുകളൊന്നും അത്ര സുലഭമല്ലായിരുന്നു. തുണികൊണ്ട് കവർ ചെയ്താണ് 'മുസഹഫ്' ഉണ്ടാവുക. അതും മാറോടടുക്കി പിടിച്ചാണ് ഈ ഓട്ടങ്ങളൊക്കെയും. ഒരിക്കൽ ആ ഓട്ടത്തിനിടയിൽ മണക്കാട്ട് വെച്ച് തടിച്ച ഒരു യുവാവ് എന്നോട് കിത്താബ് ഒന്ന് നോക്കാൻ ചോദിച്ചു. പക്ഷെ ഞാൻ കൊടുത്തില്ല. 'മറ്റുള്ളവർ ഞങ്ങടെ കിത്താബ് തൊടാൻ പാടില്ല'. അതും പറഞ്ഞ് കൊണ്ട് ഞാൻ അവിടന്ന് അല്പം കൂടെ വേഗത്തിലോടി. പക്ഷെ അയാൾ വിട്ടില്ല. പിന്നാലെ ഓടി വന്ന് എന്റെ കയ്യിലുണ്ടായിരുന്ന കിത്താബിൽ ഒന്ന് തൊട്ടു.
എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ഒപ്പം സങ്കടവും. അതോടെ ഞാനയാളെ, കുട്ടികളുടെ ഇടയിലുള്ള ഒരു പേടിപ്പിക്കൽ വാക്ക് പറഞ്ഞു ഒന്ന് പേടിപ്പിച്ചു. 'നിങ്ങളുടെ കണ്ണുപൊട്ടും, നോക്കിക്കോ'. അത് കേട്ടപ്പോൾ അയാൾ ഉച്ചത്തിൽ ഒന്ന് ചിരിച്ചു. അപ്പോഴേക്കും മുന്നേ ഓടിയ ബീഫാത്തിമ പിന്നിലേക്ക് തിരികെ ഓടി വന്ന് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവിടന്ന് ഓടി മറഞ്ഞിരുന്നു. എങ്ങനെയൊക്കെ ആയാലും മദ്രസയിൽ ഞങ്ങൾ കൃത്യസമയത്ത് എത്തുമായിരുന്നു. അവിടന്ന് ഉസ്താദ് ഓതി തരുന്നതെല്ലാം മനപാഠമാക്കണം. എന്നിട്ടത് ചൊല്ലി കേൾപ്പിക്കണം. അതാണ് പതിവ്. അക്കാലത്ത് ഓതാൻ മാത്രമെ പഠിപ്പിക്കുമായിരുന്നുള്ളൂ. എഴുത്ത് പരിപാടിയില്ല.
രണ്ട് ഉസ്താദന്മാരെ അന്ന് കരിവെള്ളൂരിലെ ഓത്ത് പള്ളിയിൽ ഉണ്ടായിരുന്നുള്ളു. നരച്ച താടിയുള്ള മൂസാൻകുട്ടി സീതിയും, 'ക്രൂരനായ' മുഹമ്മദ് മുക്രിയും. സീതി പാവമാണ്. പക്ഷെ മുക്രി അടിച്ച് ദ്രോഹിക്കും. അക്കാലത്തെ ശിക്ഷകഠിനവുമായിരുന്നു. അത് രക്ഷിതാക്കൾ ചോദ്യം ചെയ്യാൻ പാടില്ല എന്നാണ് ചിട്ട. അത് കൊണ്ട് തന്നെ കുട്ടികളെ, അദ്ദേഹം നല്ല പോലെ ദ്രോഹിക്കുമായിരുന്നു. സഹിക്ക വയ്യാതായപ്പോൾ മഹമൂദ് മുക്രിക്ക് അസുഖം വരാൻ ഞങ്ങളെന്നും പ്രാർത്ഥിക്കാൻ തുടങ്ങി. പ്രാർത്ഥനക്ക് ഫലമുണ്ടായില്ലെങ്കിലും അത് മുടക്കാറില്ല. അത്രയും ക്രൂരനായിരുന്നയാൾ. രാവിലെ ആറര മുതൽ എട്ടരമണി വരെ സഹിച്ചേ പറ്റൂ. അല്ലാതെ മറ്റു വഴികളൊന്നുമില്ല.
കിഴക്കുഭാഗത്ത് നിന്ന് വരുന്ന വെയിൽ മദ്രസയുടെ വാതിലിനുള്ളിലൂടെ കടന്നുവരും. ആ സൂര്യവെളിച്ചം ഒരു നിശ്ചിത സ്ഥലത്തെത്തുമ്പോഴാണ് എട്ടര മണിയാവുക. അപ്പോഴാണ് മുഹമ്മദ് മുക്രി അദ്ദേഹത്തിൻ്റെ മേശമേലുള്ള മണി മുട്ടുക. അതിന് വേണ്ടി, വെളിച്ചത്തിന്റെ വരവും കാത്ത് ആകാംക്ഷയോടെ ഞങ്ങൾ കാത്തുനിൽക്കും. ഓത്ത് പള്ളി വിട്ടു കഴിഞ്ഞാൽ പിന്നെ തിരിച്ചും ഓട്ടമാണ്. എനിക്ക് ഓലാട്ട് സ്കൂളിലെത്തണം. കരിവെള്ളൂരിൽ നിന്ന് കൂക്കാനത്തെ വീട്ടിലെത്തി അവിടന്ന് സ്കൂലിലേക്കുള്ള സ്ലേറ്റും പുസ്തകവുമെടുത്ത് വേണം വീണ്ടും സ്കൂളിലേക്കോടാൻ. ബീഫാത്തുവിനും ഉമ്മുകുൽസുവിനും പിന്നെ സ്കൂളിൽ പോകേണ്ട. അത് കൊണ്ട് തന്നെ തിരിച്ചു നടക്കുമ്പോൾ അവർക്ക് വല്യ തിരക്കൊന്നും കാണില്ല.
അക്കാലത്ത് ചിലർ പെൺകുട്ടികളെ സ്കൂളിൽ ചേർക്കില്ലായിരുന്നു. ആ ഒറ്റ കാരണം കൊണ്ട് എന്റെ കണ്ണിൽ അന്നത്തെ ഏറ്റവും വലിയ ഭാഗ്യവതികൾ അവരായിരുന്നു. അത് പറഞ്ഞപ്പോൾ ബീഫാത്തിമ വീണ്ടും ഒന്നുച്ചത്തിൽ ചിരിച്ചു. എല്ലാം ഓർമ്മയില്ലെങ്കിലും ചില കാര്യങ്ങളൊക്കെ അവളിപ്പോഴും ഓർമ്മിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ വല്ലാത്ത സന്തോഷം തോന്നി. പിന്നെയും ഞാൻ എന്തൊക്കെയോ സംസാരിച്ചു. അവൾ മറന്ന് വെച്ച ഓർമ്മകൾ പുതുക്കി കൊടുത്തു. ഓർത്തു ചിരിച്ചു. കളി പറഞ്ഞു. കഥ പറഞ്ഞു. ഒടുവിൽ യാത്രയും പറഞ്ഞു. പോരുമ്പോൾ എനിക്കല്പം സങ്കടം തോന്നിയെങ്കിലും ബീഫാത്തുന്റെ ചുണ്ടിൽ അപ്പോഴും ആദ്യം കണ്ട അതേ ചിരിയുണ്ടായിരുന്നു.
#MadrasaMemories #KeralaNostalgia #ChildhoodDays #EducationInKerala #ReligiousEducation #MemoryLane