Controversy | പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായി പി.ജയരാജന്‍; സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്താന്‍ സാധ്യതയേറി; പിണറായി കൊട്ടി അടച്ച വാതില്‍ തള്ളി തുറക്കാന്‍ കണ്ണൂരിലെ കരുത്തന്‍
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) നിരന്തരം വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ട് പാര്‍ട്ടിയിലും സര്‍ക്കാരിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ബലനാകാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വൈര്യ നിര്യാതന ബുദ്ധിക്കും ഒതുക്കലിനും വിധേയരായ നേതാക്കള്‍ മുഖ്യധാരയിലേക്ക് തിരിച്ചു വരുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പിന്തുണയോടെ പി.ജയരാജനാണ് സംസ്ഥാന നേതൃത്വത്തിലേക്ക് ശക്തമായി തിരിച്ചു വരാന്‍ ഒരുങ്ങുന്നത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും ഇ.പി. ജയരാജനെ ഒഴിവാക്കിയത് പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ടു ഇ.പി ജയരാജനും കുടുംബത്തിനും അനധികൃത സാമ്പത്തിക ഇടപാടുകളുണ്ടെന്നായിരുന്നു പി.ജയരാജന്റെ ആരോപണം. ഇത് ഇതുപാര്‍ട്ടിക്കുള്ളില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
എം.വി ഗോവിന്ദന്റെ രഹസ്യ പിന്തുണയോടെയാണ് പി. ജയരാജന്‍ ഇ.പിക്കെതിരെ കടന്നാക്രമണം നടത്തിയതെന്നാണ് പാര്‍ട്ടിയിലെ അണിയറ സംസാരം. പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായി മാറിയ പി.ജയരാജനെ കൊല്ലം സമ്മേളനത്തില്‍ സംസ്ഥാന സെകട്ടറിയേറ്റിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. നിലവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൂടിയാണ്.
2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ കെ മുരളീധരനോട് പരാജയപ്പെട്ട പി ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനവും തിരികെ നല്‍കിയിരുന്നില്ല. മത്സരിക്കാനായി പദവിയൊഴിഞ്ഞ പി ജയരാജന് പകരം എം വി ജയരാജനെ ചുമതലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെയാണ് പി ജയരാജനെതിരെ വ്യക്തിപൂജ ആരോപണം വരുന്നത്. കണ്ണൂരിലെ പാര്‍ട്ടിയില്‍ പി ജയരാജന് ജനപിന്തുണയുണ്ടെങ്കിലും വിവാദങ്ങളെ തുടര്‍ന്നെല്ലാം സംസ്ഥാന നേതൃനിരയില്‍ സജീവമായിരുന്നില്ല.
മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരായ വൈദേകം റിസോര്‍ട്ട് വിവാദവും പാര്‍ട്ടിക്കുള്ളില്‍ വിടാതെ പിന്തുടര്‍ന്നത് പി ജയരാജനായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും പി ജയരാജന്‍ ഇക്കാര്യം ഉന്നയിച്ചെന്നാണ് വിവരം. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയാണ് പി ജയരാജന്‍. നേരത്തെ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായിട്ടും പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തത് പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിരുന്നു.
#PJayarajan, #KeralaPolitics, #CPM, #PartyReforms, #Kannur, #LeadershipChange