Social Media | സോഷ്യല്‍മീഡിയയിലെ ഉറഞ്ഞുതുളളലുകള്‍ ഭരണിപ്പാട്ടായി മാറുമ്പോള്‍, ചെകുത്താനും പാലാക്കാരനും മലയാളികളോട് പറയുന്നതെന്ത്?
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) യൂട്യൂബില്‍ റീച്ചിനുവേണ്ടി സെലിബ്രേറ്റികളെ തേജോവധം ചെയ്യുന്ന പ്രവണത സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നതോടെ ധാര്‍മികതയും നഷ്ടമാവുന്നതിന്റെ തെളിവായാണ് ചെകുത്താന്‍ അജു അലക്‌സിന്റെയും പാലാക്കാരന്റെയും അറസ്റ്റോടെ കേരളം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയുകയും അതു വ്യക്തി അവഹേളന തലത്തിലേക്ക് തരം താഴ്ത്തപ്പെടുകയും ചെയ്യുന്ന ദുരന്തമാണ് ഇതിന്റെ അടിത്തട്ടില്‍ ആരും കാണാതെ പോകുന്ന കാര്യം.
ചെകുത്താനും പാലാക്കാരനും മാത്രമല്ല മറ്റു പലരും മാധ്യമ ധാര്‍മികതയ്ക്കു നിരക്കാത്ത പരാക്ഷേപങ്ങളുമായി യൂട്യൂബില്‍ നിറഞ്ഞാടുന്നുണ്ട്. വളരെ ഗൗരവകരമായി സര്‍ക്കാരിനെയും ഭരണകൂടത്തെയും കാമ്പോടെ വിമര്‍ശിക്കുന്നവര്‍ പോലും ചെകുത്താനെ പോലുളളവര്‍ അറസ്റ്റിലായതോടെ വെട്ടിലായിരിക്കുകയാണ്. ചെകുത്താനെതിരെയുളള പരാതി നല്‍കിയത് അമ്മയുടെ ഭാരവാഹിയായ സിദ്ദീഖാണെന്നത് ഏറെ അപായകരമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
നേരത്തെ ആറാട്ടണ്ണനെയും പൊലീസ് 'അമ്മ'യുടെ പരാതിയില്‍ അറസ്റ്റു ചെയ്തിരുന്നു. അമ്മ ഭാരവാഹിയായ മോഹന്‍ലാലിനുവേണ്ടി അദ്ദേഹം നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന തന്നെയാണ് പരാതി നല്‍കിയത്. സെലിബ്രേറ്റികള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ കൈയ്യില്‍ വിലങ്ങുവീഴുമെന്ന വ്യക്തമായ സന്ദേശമാണ് അമ്മയെന്ന ചലച്ചിത്ര സംഘടന ഇതിലൂടെ ചെയ്യുന്നത്.
എന്നാല്‍ മോഹന്‍ലാലിനെയും രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യത്തെയും തന്റെ വീഡിയോകളിലൂടെ താറടിച്ചു കാണിച്ച അജുഅലക്സിന്റെ ഭാഷയാണ് നെഗറ്റീവ് സന്ദേശം നല്‍കുന്നത്. വീടിന്റെ തട്ടുമ്പുറത്ത് ഇരുന്ന് മൈക്കും പിടിച്ച് ക്യാമറകൊണ്ട് വീഡിയോയും ചെയ്യുന്ന ചെകുത്താനെപോലുളളവര്‍ കളത്തിലിറങ്ങാതെ നടത്തുന്ന വിമര്‍ശനങ്ങള്‍ വയനാട് ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കു മേല്‍ നെഗറ്റീവിസമായാണ് വിഷതുളളികളായി പതിച്ചത്. മോഹന്‍ലാല്‍ കണ്ണൂര്‍ 122- ഇന്‍ഫെന്റെറി ബാറ്റാലിയന്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണലെന്ന പരിഗണനയിലാണ് എത്തിയത്.
മോഹന്‍ലാല്‍ അവിടെ പോയത് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികരില്‍ ആത്മവിശ്വാസം വളര്‍ത്താനാണെന്നാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മേജര്‍ രവി പറയുന്നത്. മേജര്‍ രവിയെ മൈനര്‍ രവിയാണെന്ന് അപഹസിച്ചു കൊണ്ടാണ് ചെകുത്താന്‍ ഇതിനു മറുപടി പറഞ്ഞത്.
എന്നാല്‍ ചെകുത്താന്‍ തെറ്റായ ഭാഷയില്‍ ചൂണ്ടിക്കാണിച്ചതു പോലെ മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപ ചെലവഴിച്ചു വീട് നിര്‍മിക്കുമെന്നു ദുരന്തഭൂമിയില്‍ വെച്ചുതന്നെ പ്രഖ്യാപിച്ചത് അനൗചിത്തമാണെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കാലികമായ വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍ പൊതുവെ. എന്നാല്‍ നമ്മള്‍ വിമര്‍ശിക്കപ്പെടുന്നവര്‍ ആരോ അവര്‍ക്കു പോലും അക്കാര്യം ബോധ്യമാകണമെന്ന സംയമനത്തിന്റെ ഭാഷ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
മലയാള സാഹിത്യത്തിലും ചരിത്രത്തിലും രാഷ്ട്രീയത്തിലും പ്രൗഡഗംഭീരമായ വിമര്‍ശനങ്ങള്‍ കേട്ടതും അനുഭവിച്ചവരുമാണ് മലയാളികള്‍. എന്നാല്‍ വ്യക്തി അധിക്ഷേപം ഇതില്‍ അന്തര്‍ലീനമായിരുന്നില്ല. കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിവെച്ച ആക്ഷേപ ഹാസ്യവും വിമര്‍ശനവും നിറയുന്ന തുളളല്‍ക്കഥകള്‍ സോഷ്യല്‍മീഡിയയിലേക്ക് മൊഴിമാറ്റപ്പെടുമ്പോള്‍ അതു ഭരണിപ്പാട്ടായി മാറ്റപ്പെടുന്ന ദുരവസ്ഥയാണ് ചെകുത്താന്റെയും പാലാക്കാരന്റെയും വീഡിയോകളായി മലയാളി പ്രേക്ഷകര്‍ ഇന്ന് അനുഭവിച്ചുവരുന്നത്.
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണെന്ന് സംവാദങ്ങളെ കുറിച്ചു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ കേരളം ഇന്ന് എത്തിച്ചേര്‍ന്ന ദുരവസ്ഥ കൂടിയാണിത്.