രജിസ്ട്രാര്‍ കൈക്കൂലി സ്വീകരിക്കില്ല (മിനിമം 1000)

 


ജെ.പി.

യനാട്ടിലെ ഒരു രജിസ്ട്രാര്‍ ഓഫീസ്. ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. സ്റ്റെപ്പ് കയറുമ്പോള്‍ തന്നെ പഴയ ഫയലുകള്‍ കെട്ടുകെട്ടായി അടുക്കിവച്ചിരിക്കുന്നത് കാണാം. ഈ ഓഫീസിന് സമീപത്തു തന്നെ എട്ടോ പത്തോ ആധാരം എഴുത്ത് ഓഫീസുകളും ഓഫീസര്‍മാരുമുണ്ട്.

മടക്കിമല എന്ന കുഗ്രാമത്തില്‍ താമസിക്കുന്ന വേലായുധന്‍ മകളുടെ വിവാഹ ആവശ്യത്തിനായി കുറച്ച് ഭൂമി വിറ്റു. ഭൂമാഫിയ വയനാടിന്റെ മണ്ണിലും ശക്തമായി വേരുറപ്പിച്ചിട്ടുള്ളതിനാല്‍ പിടിയാവിലക്കാണ് അദ്ദേഹം സ്ഥലം വിറ്റത്. വേലായുധന്‍ ഭൂമി വാങ്ങിയവരില്‍ നിന്നും 50,000- അഡ്വാന്‍സും വാങ്ങി. പിറ്റേ മാസം രജിസ്‌ട്രേഷന്‍ ചെയ്യാമെന്ന രീതിയില്‍ എഗ്രിമെന്റും എഴുതി. രജിസ്‌ട്രേഷന്‍ സമയം അടുത്തുവന്നു. താന്‍ അധ്വാനിച്ചുണ്ടാക്കിയ മണ്ണ് വേറൊരാള്‍ക്ക് കുറഞ്ഞ തുകയ്ക്ക് വില്‍ക്കുന്നതില്‍ മനപ്രയാസം തോന്നിയെങ്കിലും മകളുടെ കാര്യമോര്‍ത്ത് അതെല്ലാം ഉള്ളിലൊതുക്കി.

ഒരു ദിവസം ഭൂമി വാങ്ങിയ രണ്ടുപേര്‍ ഒരു ലിസ്റ്റുമായി വേലായുധന്റെ അടുത്തെത്തി. അത് രജിസ്‌ട്രേഷന് ആവശ്യമായ രേഖകളുടെ ലിസ്റ്റായിരുന്നു. ആധാരം, അടിയാധാരം, പട്ടയം, പട്ടയത്തിന്റെ ഓര്‍ഡര്‍കോപ്പി, നികുതിച്ചീട്ട്, കുടിക്കിട സര്‍ട്ടിഫിക്കറ്റ് തുടങ്ങി നീണ്ട ഒരു നിര. പിറ്റേന്നു മുതല്‍ ഇത്തരം കടലാസുകള്‍ക്കായി പല ഓഫീസുകളിലും വേലായുധന്‍ മാറി, മാറി കയറിയിറങ്ങി. ഒരാഴ്ച്ചയ്ക്കുശേഷം വീണ്ടും ആ ഓഫീസുകളില്‍ ചെന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. കാലതാമസം ഉണ്ടാകുമെന്ന സര്‍ക്കാര്‍ ഓഫീസുകളിലെ പഴമൊഴി.

രജിസ്‌ട്രേഷന് സമയം അടുത്തുവരികയാണ്. വേലായുധന്റെ മനസ് പുകയാന്‍ തുടങ്ങി. രണ്ടാഴ്ച്ച കൂടി കടന്നുപോയി. ഫലമില്ല. ഒരു ദിവസം ഒരു സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ അപേക്ഷകള്‍ പൂരിപ്പിച്ചു കൊടുക്കുന്ന വൃദ്ധനായ ഒരാളെ കണ്ടുമുട്ടി. സംസാരത്തിനിടയില്‍ തന്റെ ബുദ്ധിമുട്ട് അദ്ദേഹത്തെ അറിയിച്ചു. ഇത് നിസ്സാര കാര്യമല്ലേ എന്ന രീതിയില്‍ ആ വൃദ്ധന്‍ വേലായുധനെ നോക്കി ഒന്ന് ആക്കിചിരിച്ചു. പിന്നെ ഒരു അഞ്ഞൂറിന്റെ ഗാന്ധി എടുത്തു തരാന്‍ ആവശ്യപ്പെട്ടു.

പിന്നെ വേലായുധനേയും കൊണ്ട് അദ്ദേഹം ആ ഓഫീസില്‍ ചെന്നു. ഒരു ഓഫീസറുടെ ചെവില്‍ ആ വൃദ്ധന്‍ എന്തൊക്കെയോ കുശുകുശുത്തു. അഞ്ച് മിനുട്ട് കഴിഞ്ഞപ്പോഴേക്കും വേലായുധനുള്ള സര്‍ട്ടിഫിക്കറ്റ് റെഡി. അഞ്ഞൂറ് പോയാലെന്താ കാര്യം നടന്നില്ലെ എന്നോര്‍ത്ത് വേലായുധന്‍ സന്തോഷത്തോടെ ആ ഓഫീസില്‍ നിന്നും ഇറങ്ങി നടന്നു. മറ്റൊരു സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ ചെന്നപ്പോള്‍ മുന്‍ അനുഭവം വേലായുധന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ട് ആ സര്‍ട്ടിഫിക്കറ്റും വേഗത്തില്‍ ലഭിച്ചു. അങ്ങിനെ രജിസ്‌ട്രേഷനുവേണ്ടിയുള്ള കടലാസുകളെല്ലാം വേലായുധന്‍ സംഘടിപ്പിച്ചു.
രജിസ്ട്രാര്‍ കൈക്കൂലി സ്വീകരിക്കില്ല (മിനിമം 1000)
രജിസ്‌ട്രേഷന്‍ നടക്കുന്നത് ഒരു ചൊവ്വാഴ്ച്ചയാണ്. രാവിലെതന്നെ കുളിച്ചൊരുങ്ങി എല്ലാ രേഖകളുമായി വേലായുധന്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി. ഓഫീസിലേക്കു കയറുമ്പോള്‍ ഒരു ബോര്‍ഡ് വേലായുധന്റെ ശ്രദ്ധയില്‍പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. 'പാരിതോഷികങ്ങള്‍ കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഇത്തരം എന്തെങ്കിലും നടപടി ശ്രദ്ധയില്‍പെടുന്നവര്‍ ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടുക. കൂടെ രണ്ട് ഫോണ്‍ നമ്പറും'. ആ പൊടിപിടിച്ച ബോര്‍ഡ് കണ്ടുകൊണ്ട് അകത്തേക്കു കയറിപ്പോയ വേലായുധന് പിന്നീട് ഞെട്ടലുണ്ടാക്കിയ ഒരു സംഭവമുണ്ടായി.

ആധാരം എഴുതിയ ഓഫീസര്‍ കുറേ കടലാസുകളുമായി അവിടേക്കുവന്നു. പിന്നീട് തന്റെ ഫീസ് ആവശ്യപ്പെട്ടു. ഏഴായിരം രൂപ. സന്തോഷപൂര്‍വ്വം അത് കൊടുത്തപ്പോള്‍ രണ്ടായിരം രൂപകൂടി അദ്ദേഹം ആവശ്യപ്പെട്ടു. അത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അകത്ത് മിനിമം കൊടുക്കേണ്ടത് ആയിരമാണ്. ഇതിപ്പോ സ്ഥലത്തിന്റെ അളവ് കൂടുതലായതിനാല്‍ രണ്ടായിരം വേണമെന്നായിരുന്നു മറുപടി. അത് കേട്ടപ്പോള്‍ വേലായുധന് സഹിക്കാനാവുന്നതിനുമപ്പുറം ദേഷ്യം വന്നു. പണം തരില്ലെന്നു പറഞ്ഞു. എന്നാല്‍ ഇത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ആധാരമെഴുത്തുകാരന്‍ മറുപടിയായി പറഞ്ഞു.

എങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ വേലായുധന്റെ സ്ഥലം രജിസ്റ്റര്‍ ചെയ്യാനുള്ള വിളി വന്നു. കൈക്കൂലി കൊടുക്കാതെ കാര്യം നടക്കുമെന്നു കരുതിയ ആ പാവം തെല്ലു ഗമയോടെ ആധാരമെഴുത്ത് ഓഫീസറുടെ മുഖത്തേക്കൊന്നു നോക്കിയ ശേഷം അകത്തേക്കു കയറിപ്പോയി. ഒരു പുലിമടയിലേക്കാണ് താന്‍ചെന്നു പെട്ടതെന്ന് പിന്നീടാണ് വേലായുധന് മനസിലായത്. ഒരു സെന്റിന് ഒരുലക്ഷം രൂപ വീതമാണ് ഭൂമി വാങ്ങിയ ആള്‍ വേലായുധന് നല്‍കിയത്. എന്നാല്‍ പുതിയ ആധാരത്തില്‍ വെറും 2500 രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്.

എന്തുകൊണ്ട് താങ്കള്‍ വെറും 2500 രൂപയ്ക്ക് സ്ഥലം വിറ്റു, ഇതില്‍ എന്തോ ക്രമക്കേട് നടന്നിട്ടുണ്ട്, ഇക്കാര്യം പരിശോധിച്ച ശേഷം മാത്രമേ രജിസ്റ്റര്‍ചെയ്യാനാവൂ, അന്വേഷിക്കാന്‍ ഒരു ഓഫീസറെ അവിടേക്ക് അയക്കുന്നുണ്ട് തുടങ്ങി നൂറ് നൂറ് കാര്യങ്ങള്‍ രജിസ്ട്രാര്‍ വേലായുധനോട് പറഞ്ഞു. അപ്പോഴേക്കും ആധാരമെഴുതിയ ഓഫീസര്‍ വേലായുധനെ പുറത്തേക്ക് കൈകാട്ടി വിളിച്ചു. ഞാന്‍ തന്നോട് 2000 കൊടുക്കാന്‍ അപ്പോഴേ പറഞ്ഞതല്ലേയെന്നു ചോദിച്ചു. ഒരു ഗത്യന്തരവുമില്ലാതെ വേലായുധന്‍ രണ്ടായിരം രൂപ ആധാരമെഴുത്തുകാരന്റെ കൈയ്യില്‍വച്ചുകൊടുത്തു. അയാള്‍ അതുമായി ഓഫീസിലേക്ക് കയറിപ്പോയി. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേക്കും രജിസ്‌ട്രേഷന്‍ നടന്നു. എല്ലാം ശുഭം.

പക്ഷേ രജിസ്ട്രാര്‍ കൈക്കൂലി വാങ്ങിയെന്ന് ആരും തെറ്റിദ്ധരിക്കരുത്. അദ്ദേഹത്തിന്റെ ഓഫീസിലെ ക്ലാര്‍ക്കാണ് ആ തുക കൈപ്പറ്റിയത്. എല്ലാം ചേര്‍ത്ത് വൈകുന്നേരമാണ് രജിസ്ട്രാര്‍ തുക കൈപ്പറ്റുക. ക്ലാര്‍ക്കിനും കിട്ടും ഒരു പങ്ക്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ആ കെട്ടിടത്തിലെ ഒരു മൂലയിലിരുന്ന് രജിസ്ട്രാര്‍ ഒരു ദിവസം സമ്പാദിക്കുന്ന തുക വേലായുധന് ഉണ്ടാക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും.

പിന്നീട് വേലായുധന്‍ പലതവണ സ്ഥലം വില്‍ക്കുകയും വാങ്ങുകയും ചെയ്തു. അതോടെ സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ ചട്ടങ്ങളും രീതികളും അദ്ദേഹം സ്വായത്തമാക്കി. ഇത് വേലായുധന്റെ മാത്രം അവസ്ഥയല്ല. വയനാട്ടിലെ ഒരു രജിസ്ട്രാര്‍ ഓഫീസില്‍ മാത്രം ഉണ്ടായ ദുരനുഭവമല്ല. ഇനി ഏതെങ്കിലുമൊരു നാട്ടിലെ രജിസ്ട്രാര്‍ കൈക്കൂലി വാങ്ങാത്തവനാണെങ്കില്‍ വേലായുധനെപ്പോലുള്ളവര്‍ നിര്‍ബന്ധിച്ച് കൈക്കൂലി കീശയില്‍വച്ചുകൊടുക്കും. ഒരു സ്ഥലം വാങ്ങുകയോ, വില്‍ക്കുകയോ, വിവാഹം രജിസ്റ്റര്‍ചെയ്യുകയോ, വാഹനം രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാത്ത ഒരു മലയാളി പോലും നാട്ടിലുണ്ടാവില്ല. എല്ലാവരും ഈ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരായിരിക്കും. അത്തരം ലക്ഷക്കണക്കിന് വേലായുധന്‍മാര്‍ നല്‍കുന്ന പണം തിന്നു മുടിക്കുന്ന ഓഫീസര്‍മാര്‍ കുളിര്‍മയുള്ള കാറില്‍ ഞെളിഞ്ഞിരുന്ന് വരുമ്പോള്‍ വേലായുധന്‍മാരുടെ മുണ്ട് താനെ അഴിയും. ചുണ്ടിലുണ്ടായിരുന്ന ബീഡിക്കുറ്റി അറിയാതെ താഴെവീഴും, ഭവ്യതയോടെ, ബഹുമാനപൂര്‍വ്വം എഴുന്നേറ്റു നില്‍ക്കും. കൂടെ സര്‍ എന്നൊരു വിളിയും.....

ഉദ്യോഗസ്ഥ പ്രഭുത്വത്തിനു കീഴില്‍ അടിയറവ് പറഞ്ഞവരുടെ ചില കഥനകഥകള്‍... വരും ദിവസങ്ങളില്‍

പരമ്പര ഇവിടെ തുടങ്ങുന്നു  കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞ സത്യം...

പരമ്പര 2 :  ജനനസര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ മരിക്കണം

പരമ്പര 3 :  പാത്തുമ്മ സ്വര്‍ണ്ണം പണയംവച്ച കഥ

Keywords: Registrar Office, Wayanad, Certificate, Officer, Article, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia