● ഗൾഫ് വോയ്‌സ് മാസികയുടെ അഡ്വൈസറായിരുന്നു എംടി
● എംടിയോടൊപ്പം ബഹ്‌റൈൻ സന്ദർശിക്കാൻ അവസരമുണ്ടായി
● സഹാനുഭൂതിയുള്ള മനുഷ്യനായിരുന്നു അദ്ദേഹം
അഡ്വ. ബേവിഞ്ച അബ്ദുല്ല
(KVARTHA) കോമയോ അർദ്ധവിരാമമോ പൂർണ വിരാമമോ അനാവശ്യമായ അനവരതമായ രണ്ടക്ഷരമാണ് എംടി. കാലത്തിന്നതീതനായ 'കാല'ത്തിൻ്റ കർത്താവിന് കാലം വിട ചൊല്ലി, സാഹിത്യ, സിനിമാ സാംസ്ക്കാരിക പ്രപഞ്ചത്തിൽ അമരത്വമേകിക്കൊണ്ട്. ഒന്നും അനുസ്മരിക്കണമെന്ന് തോന്നിയിരുന്നില്ല. കാരണം എന്നെക്കാൾ ആ വിശ്വ പ്രതിഭയെ നേരിട്ടറിയുന്നവരും നേരറിയുന്നവരുമായ ആരാധകരും, രാഷ്ട്രീയ സാംസ്കാരിക നായകരും പിന്നെ അക്ഷരാസ്വാദകരുമുണ്ടാവുമല്ലൊ അനുസ്മരിക്കാൻ ഞാൻ മുമ്പിലെന്ന മട്ടിൽ.
എന്നു മാത്രമല്ല വിശകലനങ്ങളിലൂടെ ആ യുഗ പ്രഭാവൻ്റെ ഉദാത്ത സാഫല്യങ്ങളുടെ ഉത്തുംഗതയെ ഉയർത്തിക്കാട്ടാൻ ഞാൻ അത്രമേൽ ആളുമല്ല. അല്ലെങ്കിൽ തന്നെ ഏതൊരു പരേതനും ജീവിച്ച കാലത്ത് തനിക്ക് ഇഷ്ടമില്ലാതിരുന്നവരും തന്നെ ഇഷ്ടമില്ലാതിരുന്നവരുമായ ഒരു പറ്റം, മരണശേഷം പരേതൻ്റെ അപദാനങ്ങൾ പാടാൻ ഒരു മണി തൂക്കം മുന്നിൽ നില്ക്കുന്ന കാപട്യത്തിൻ്റെ ആസുര കാലമാണല്ലൊ വർത്തമാനം.
സാഹിത്യം, സാംസ്കാരികം, രാഷ്ട്രീയം, വാണിജ്യം തുടങ്ങി നിഖില മേഖലകളിലും അതുണ്ട്. എം ടിയുടെ കാര്യത്തിലും ഏറെയുണ്ട് ഇത്. രാഷ്ട്രീയത്തിലാണ് ഏറ്റവും കൂടുതൽ പാര വെപ്പും കുശുമ്പും
വൈരവുമെന്നാണ് ഞാൻ മുമ്പ് ധരിച്ചിരുന്നതെന്നും മീഡിയ രംഗത്ത് ആണ്ടിറങ്ങിയപ്പോഴാണ്
രാഷ്ട്രീയ രംഗം മാധ്യമ രംഗത്തെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞതെന്നും എൻ്റെ എത്രയും ബഹുമാന്യ മിത്രം എം പി വീരേന്ദ്ര കുമാർ ഒരിക്കൽ എന്നോട് പറയുകയുണ്ടായി.
എംടി മരിച്ച അന്ന് രാവിലെ പ്രാതൽ കഴിഞ്ഞിരുന്ന് ഗതകാലം ആവുന്നത്ര ഓർത്തെടുക്കുന്നതിന്നിടയിലാണ്
ഫോണിൽ തുടരെ മൂന്ന് മിസ് കോളുകൾ കണ്ടത്. തിരിച്ചു വിളിച്ചപ്പോൾ അത് എൻ്റെ ആത്മ മിത്രങ്ങളിൽ ഒരാളായ മാധ്യമ - സാഹിത്യ പ്രവർത്തകൻ കെപികെ വെങ്ങര. 20 വർഷങ്ങളിലേറെയായി അദ്ദേഹത്തെ കാണുകയോ തമ്മിൽ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ഏഷ്യാനെറ്റിലെ ഫൈസൽ ബിൻ അഹമ്മദിൽ നിന്നാണ് എൻ്റ നമ്പർ വാങ്ങിയതെന്നും പറഞ്ഞു.
കുടുംബ വിശേഷങ്ങൾ കൈമാറിയ ശേഷം അദ്ദേഹം മുഖവുരയില്ലാതെ പറഞ്ഞത് എംടി നിര്യാതനായ വിവരം ലഭിച്ച് അൽപനേരം സ്തംഭിച്ചു നിന്നു പോയതിനു ശേഷം ആദ്യം ഓർത്തത് താങ്കളെയാണ് എന്നാണ്. അതാണ് ഇപ്പോൾ വിളിക്കാൻ കാരണമത്രെ. എനിക്ക് അത്ഭുതം. അതെന്താണ് അങ്ങിനെയെന്ന് ഞാൻ തിരക്കി. ഏകദേശം 27 വർഷങ്ങൾക്കും അപ്പുറം കെപികെ വെങ്ങര ഉമ്മുൽ ഖുവൈൻ റേഡിയോയിലെ എഡിറ്റോറിയൽ തലവനായിരുന്ന കാലം. എം.ടി.യും പത്നിയും യുഎഇയിൽ വന്നു.
തുഞ്ചൻ പറമ്പിൻ്റെ വികസനവും തുഞ്ചത്തെഴുത്തൻ്റെ സ്മാരക നിർമ്മാണവും സജീവമായി നടന്നിരുന്ന ഘട്ടത്തിലാണ് എം ടിയുടെ വരവ്. അതിനായി പ്രവാസികളുടെ സഹകരണം തേടാനും ഗൾഫ് വോയ്സ് മാസികക്ക് വേണ്ടിയുമാണ് അദ്ദേഹം വന്നത്. 1994-95മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഞങ്ങൾ നടത്തിയിരുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു 'ഗൾഫ് വോയ്സ്' മാസിക. എംടി തൻ്റെ പേരിന് മാത്രമല്ലാത്ത അതിൻ്റെ ഏക സജീവ അഡ്വൈറായിരുന്നു. ഞാൻ ചീഫ് എഡിറ്ററും ഡയറക്ടറും. മാതൃഭൂമിയുടെ ഗൾഫ് - മിഡിൽ ഈസ്റ്റ് മുഖ്യ പ്രതിനിധിയായിരിക്കെ തന്നെയാണ് എൻ്റെ ഈ ദൗത്യവും.
പാർലമെൻ്റ് അംഗം പി വി അബ്ദുൽ വഹാബ് (അന്ന് എം.പിയായിട്ടില്ല), വ്യവസായിയും ഒരു വിദ്യാഭ്യാസ ശൃംഖലയുടമയുമായ എൻ എ അബൂബക്കർ (കാസർകോട്) , ആസ്റ്റർ മിംസ് മെഡിക്കൽ ശൃംഖലയുടെ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവരായിരുന്നു ഗൾഫ് വോയ്സിൻ്റെ മറ്റു ഡയറക്ടർമാർ. ഗൾഫ് വോയ്സിൻ്റെ ഉപജ്ഞാതാവായ അബു അതിൻ്റെ പ്രിൻ്ററും പബ്ലിഷറും കൂടിയായിരുന്നു. ദുബായിൽ പബ്ലിക് ഗ്രാഫിക് എന്ന അന്നത്തെ വൻകിട പരസ്യ കമ്പനിയുടെ ഫിനാൻസ് ഡയറക്ടറായിരുന്ന പരേതനായ മോഹൻ ദാസ് (തൃശൂർ) മാസികയുടെ മാനേജിംഗ് ഡയരക്ടറായിരുന്നു.
പ്രസിദ്ധ സാഹിത്യകാരൻ പരേതനായ ടി വി കൊച്ചു ബാവയായിരുന്നു എഡിറ്റർ. കറസ്പോണ്ടൻ്റും പരസ്യ ഇൻചാർജുമായി ഇപ്പോൾ സിറാജ് ഗൾഫ് എഡിറ്റർ ആയ കെ എം അബ്ബാസും കൂടെ പ്രമീള എന്നൊരു വനിതയുമുണ്ടായിരുന്നു. അബ്ബാസ് ഗൾഫിൽ മാധ്യമ പ്രവർത്തനം തുടങ്ങുന്നത് ഗൾഫ് വോയ്സിലൂടെയാണ്. അതിന് മുമ്പ് അദ്ദേഹം ബർ ദുബായിൽ മറ്റേതോ ജോലിയിലായിരുന്നു. എൻ എ അബൂബക്കറാണ് അബ്ബാസിനെ എനിക്ക് നേരിട്ട് പരിചയപ്പെടുത്തുന്നതും ഗൾഫ് വോയ്സിൽ കൊണ്ട് വരുന്നതും.
ദുബായിൽ എൻ്റ ഓഫീസിന് പുറമെ അജ്മാനിലും ഗൾഫ് വോയ്സിന് ഓഫീസുണ്ടായിരുന്നു. കോഴിക്കോട് മാതൃഭൂമിക്ക് തൊട്ടടുത്ത് അന്നത്തെ ത്രിവേണി ബിൽഡിങ്ങിൽ വിശാലമായ ഒരു ഓഫീസുമുണ്ടായിരുന്നു. എം ടി ചിലപ്പോഴൊക്കെ അവിടം സന്ദർശിക്കുകയും ഉപദേശ നിദ്ദേശങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. അവിടെ കൊച്ചു ബാവയും ദീപു എന്ന സഹായിയും കുറച്ചു സ്റ്റാഫും കാര്യങ്ങൾ നിയന്ത്രിച്ചു പോന്നു. ദുബായിൽ മലയാള പ്രിൻ്റിംഗ് സംവിധാനമില്ലാതിരുന്ന ആ കാലത്ത് കോഴിക്കോട് നിന്നാണ് പ്രിൻ്റിംഗും ടൈപ് സെറ്റിംഗും എല്ലാം ചെയ്തിരുന്നത്.
എം ടി ഗൾഫ് വോയ്സിൻ്റെ ചില ലക്കങ്ങളിൽ എഴുതുമായിരുന്നു. പിന്നീട് എഡിറ്റർ കൊച്ചുബാവ അകാല ചരമമടഞ്ഞതിനു പുറമെ മറ്റു ചില സാഹചര്യങ്ങളും ധന നഷ്ടവും കൂടി ആയപ്പോൾ ഗൾഫ് വോയ്സ് നിലച്ചുപോയി. എന്നാൽ രണ്ടുവർഷം മുമ്പ് അത് ഓൺലൈനായി എൻ.എ. അബൂബക്കറിൻ്റെ ശ്രമത്തോടെ വീണ്ടും തുടങ്ങിയെങ്കിലും സ്ഥിരമായി പിന്നിൽ പ്രവർത്തിക്കാൻ ആളില്ലാതെ വന്നപ്പോൾ കുറച്ചേ മുന്നോട്ട് പോവാനായുള്ളു. എൻ.എ അബൂബക്കറിൻ്റെ പേരിൽ ഇപ്പോഴും ഡിക്ലറേഷൻ നിലവിലുണ്ട്.
മുൻ ചൊന്ന ദുബായ് സന്ദർശന വേളയിൽ എൻ്റെ വീട്ടിൽ കെപികെ വെങ്ങര ഉമ്മുൽ ഖുവൈൻ റേഡിയോക്ക് വേണ്ടി എംടിയുമായി നടത്തിയ ഒരു ഇൻ്റർവ്യൂയെക്കുറിച്ച് കെ പി കെ വെങ്ങര ഗൃഹാതുരയോടെ ഓർമിച്ചപ്പോൾ ഇൻ്റർവ്യൂ തരപ്പെടുത്തി കൊടുത്ത എന്നെയാണത്രെ എം ടി മരിച്ചതറിഞ്ഞപ്പോൾ ആദ്യം കെപികെക്ക് ഓർമ വന്നത്. അങ്ങിനെയാണ് എന്നെ വിളിച്ചത്. കൊച്ചുബാവ കെ.പി.കെയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. എൻ്റെ വീട്ടിൽ വരുമ്പോൾ എം ടി യോടൊന്നിച്ച് അദ്ദേഹത്തിൻ്റെ പത്നിയും ഉണ്ടായിരുന്നുവെന്ന് കെ.പി.കെ വിളിച്ച ശേഷം ഓർമ്മിച്ചെടുത്തതു എൻ്റെ ഭാര്യയാണ്.
അബൂദാബിയിൽ എം ടിയും പത്നിയും താമസിച്ച വീട്ടിൻ്റെ ഉടമയായിരുന്ന മഹിളയടക്കം വേറെയും ചിലരും അന്ന് വീട്ടിൽ വന്നിരുന്നതായി ഭാര്യ ഓർക്കുന്നു. പേരുകൾ ഓർക്കുന്നില്ല. എം ടിയും പത്നിയും അടക്കമുള്ള അതിഥികൾ ഒരുപാട് സമയം ചെലവഴിച്ച ശേഷം ഉച്ചഭക്ഷണം കഴിച്ചാണ് എൻ്റ വീട്ടിൽ നിന്ന് പിരിഞ്ഞതെന്ന് കെ. പി. കെ. ഓർമിച്ചു. ആ യുഎഇ യാത്രയിൽ ദുബായിലെ ജബൽ അലിക്ക് അടുത്ത് അബ്ദുൽ വഹാബിൻ്റ ഒരു ഗസ്റ്റ് ഹൗസിൻ്റെ വിശാല അങ്കണത്തിൽ ഗൾഫ് വോയ്സി ൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന വലിയൊരു യോഗത്തിൽ തുഞ്ചൻ പറമ്പിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഗൾഫ് വോയ്സിനെ പോലെ ആ കാല ഘട്ടത്തിൽ പ്രവാസികൾക്കായി ഒരു പ്രസിദ്ധീകരണത്തിൻ്റെ അനിവാര്യതയെ കുറിച്ചും എം.ടി. സംസാരിച്ചിരുന്നു.
ആ യോഗത്തിൽ ഒരുപാട് പ്രമുഖർ പങ്കെടുത്തിരുന്നു. ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്ദൂമിൻ്റെ പാലസിലെ എൻ്റെ ദീർഘകാല സുഹൃത്തും മലയാളിയും ഇപ്പോൾ യു എ ഇ പൗരനമായ ഷംസുദ്ദീൻ ബിൻ മുഹ് യുദ്ദീൻ പങ്കെടുത്തതായി ഞാൻ ഓർക്കുന്നു. സകല കാര്യങ്ങളിലും കെ.പി..കെ വെങ്ങരയുടെ ഇപ്പോഴുമുള്ള മൂർച്ചയുള്ള ഓർമ്മ ശേഷി അപാരമാണ്. സാധാരണ ഗതിയിൽ ഇൻ്റർവ്യൂവിലൊന്നും അത്ര തൽപരനല്ലാതിരുന്ന എംടി അര മണിക്കൂറാണ് അന്ന് കെ.പി.കെക്ക് അനുവദിച്ചിരുന്നതെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോൾ അഭിമുഖം ഒന്നര മണിക്കൂർ നീണ്ടു. നാല് എപ്പിസോഡുകളായിട്ടായിരുന്നു അഭിമുഖം സംപ്രേഷണം ചെയ്തിരുന്നത്.
എം ടി തമാശ പറയുന്നതും ചിരിക്കുന്നതും ഞാൻ പല അവസരങ്ങളിലും കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. ചിരിക്കാറില്ലെന്നത് അദ്ദേഹത്തെക്കുറിച്ച് ഒരു അപരാധ സങ്കല്പമാണ്. ഈ അവസരത്തിൽ എനിക്ക് ഓർമ്മ വരുന്നത് കോഴിക്കോട്ടെ പരേതനായ രാമനാഥവൈദ്യരെയാണ്. പരമ സരസനും അനുവാചകനുമാണ് വൈദ്യർ. എം ടിയുടെ കട്ട ആരാധകനും. മാധ്യമ പ്രവർത്തകരോടും സാഹിത്യകാരന്മാരോടും അടുത്ത ബന്ധമായിരുന്നു പരേതന്ന്. ഞാൻ കോഴിക്കോട്ട് ഉണ്ടെന്നറിഞ്ഞാൽ ഹോട്ടലിൽ വന്നു കാണും. ചിരിച്ചു മണ്ണു കപ്പിക്കും. ഒരിക്കൽ ചോദിച്ചു. എം ടി ചിരിക്കുന്ന ഫോട്ടോ എവിടെയെങ്കിലും താങ്കൾ കണ്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ ഒരു സമ്മാനം.
പണം എറിഞ്ഞും ബന്ധപ്പെട്ടവരെ സ്വാധീനിച്ചും അവാർഡ് വാങ്ങുന്നതും നല്കുന്നതും എം.ടി.യെ പോലെ യഥാർത്ഥ അർഹരെ അവമതിക്കലാണെന്ന് അദ്ദേഹം പറയാറുണ്ട്. ഈ പ്രവണതയെ കളിയാക്കി വൈദ്യർ ഒരിക്കൽ പറഞ്ഞത് താൻ അവാർഡ് നൽകുന്നെങ്കിൽ അത് കോഴിക്കോട്ട് മുതലക്കുളത്തെ അലക്കു കല്ലിനായിരിക്കും. ഓർമ വച്ച കാലം മുതൽ ഇന്നോളം പരശ്ശതം മഹാന്മാരുതേടക്കം ആയിരങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങളുടെ തല്ലു കൊണ്ടേയിരിക്കുന്നു ആ കല്ല്. അതാണ് അർഹത. സൗന്ദര്യ റാണി മത്സരങ്ങളെ പരിഹസിച്ചു കൊണ്ട് പറഞ്ഞത് ഞാൻ ഒരു വിരൂപ റാണി മത്സരം നടത്തുന്നുവെന്നാണ്. താങ്കൾ സഹായിക്കുമോ എന്നും ചോദിച്ചു.
എംടിയെ വ്യാപകമായി വായിച്ചപ്പോൾ എനിക്ക് ബോധ്യമായത് അദ്ദേഹം ആർദ്രതയുള്ള ഒരു പരസഹായി എന്നാണ്. ഇന്നിൻ്റയും ഇന്നലെയുടെയും കംപ്ലീറ്റ്. സൂപ്പർ, മെഗാ സ്റ്റാറുകളടക്കം പലരും തിളങ്ങിയത് എം.ടി.യുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയല്ലെ. പല എഴുത്തുകാരെയും മാതൃഭൂമിയിലൂടെയും മറ്റും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
കെ.പി.കെ എന്നിൽ ഉണർത്തിയ സ്മരണങ്ങളോടൊപ്പം പല നേരിട്ടനുഭങ്ങൾ എനിക്ക് വേറെയുമുണ്ട്. അവയിൽ ഒന്ന് മാത്രം കുറിക്കുന്നു. രണ്ടര ദശാബ്ദങ്ങൾ മുമ്പ് ഒരിക്കൽ ബഹ്റൈൻ മലയാളി സമാജത്തിൻ്റെ വലിയൊരു വാർഷിക ചടങ്ങിൽ മുഖ്യാതിഥിയായി എംടിയെ ക്ഷണിച്ചു. ബഹ്റൈൻ മലയാളി സമാജം അംഗവും ഒരു പത്രവിതരണ സ്ഥാപന ഉടമയുമായിരുന്ന എൻ്റ സുഹൃത്ത് പരേതനായ സുരേഷും സമാജം ഭാരവാഹികളും ഞാൻ മുഖാന്തിരമാണ് എ.ടിയെ ബന്ധപ്പെട്ടത്. ഞാനും ഒന്നിച്ച് വരണമെന്നായി എംടി.
അങ്ങിനെ 3 ദിവസം ഞങ്ങൾ ബഹ്റൈനിൽ കടൽകരയുള്ള വലിയ ഹോട്ടലിൽ താമസിച്ചു. ഹോട്ടലിൻ്റെ പേര് ഓർമയില്ല. പഴയ ഡയറിയിൽ കാണുമായിരിക്കും. രാവിലെകളിൽ കടൽ കരയിലൂടെ പ്രഭാത സവാരി നടത്തി. അതിനിടയിൽ ഒരുപാട് അറിവുകൾ അദ്ദേഹം പകർന്നു തന്നു. ബഹ്റൈനിൽ ക്ഷണിക്കപ്പെട്ട ചടങ്ങൊഴിച്ച് മറ്റൊന്നിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഒരു വൈകുന്നേരം സുരേഷ് ഞങ്ങളെ കടൽ കരയിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസ് ടവറിനു മുകളിലെ കാഴ്ച ഗാലറിയിലേക്ക് കൊണ്ടുപോയി. രാത്രി വരെ അവിടെ ചെലവഴിച്ചു.
ബഹ്റൈൻ ഒട്ടാകെയും സൗദി അറേബ്യയിലെ അൽഖോബാർ നഗരവും സഊദിയെ - ബഹ്റൈനോട് ബന്ധിപ്പിക്കുന്ന കിങ്ങ് ഫഹദ് കോസ് വെ എന്ന പാലവും രാത്രിയിൽ സുന്ദരമായ കാഴ്ചയാണ്. 25 കിലോമീറ്റർ നീളവും 23.3 മീറ്റർ അകലവുമുണ്ട് ഈ പാലത്തിന്. 1986ലാണ് ഇത് തുറന്നത്. വാരാന്ത്യം ആഘോഷിക്കാൻ വ്യാഴാഴ്ച വൈകുന്നേരങ്ങളിലും ദേശീയ ഒഴിവു ദിനങ്ങളിലും സഊദിയിൽ നിന്ന് ബഹ്റൈനിലേക്കു പാലം വഴിവരുന്ന ഭൂരിഭാഗം അറബികളുടേതടക്കമുള്ള സഊദി വാഹനങ്ങൾ നദി പോലെ ഒഴുകുന്നതും ബഹ്‌റൈൻ്റെയും സഊദിയുടെയും മനോജ്ഞമായ നിശാ സൗന്ദര്യവും എംടിക്ക് നന്നേ ഇഷ്ടമായി. ഞാൻ മുമ്പും പലവട്ടം അവിടെ പോയിട്ടുള്ളതാണ്.
ടവറിൽ നിന്ന് ഇറങ്ങി ഞങ്ങൾ മാത്രം താഴെയുള്ള വിശ്രമ ഞ്ചെഞ്ചിലിരുന്ന് കുറേ ആശയ വിനിമയം നടത്തി. സിനിമാ അന്തരംഗത്തെക്കുറിച്ച് കുറച്ചു യാഥാർത്ഥ്യങ്ങളുടെ തിരക്കഥകൾ കൂടി അദ്ദേഹം ഹൃസ്വമായി പറഞ്ഞു. മറ്റു ചില കാര്യങ്ങളും. അവയിൽ ചിലത് വലിയ തിളങ്ങുന്ന നടീ നടന്മാരുടെ വെള്ളയണിഞ്ഞ മൂടു പടങ്ങൾ അഴിഞ്ഞു വീഴുന്നവയാണ്. ഹേമ കമ്മിറ്റിയുടെ വെളിപ്പെടുത്തലുകളോട് കിടപിടിക്കാൻ പോന്നവയാണവ.
ഒന്നും എഴുതണമെന്ന് കരുതിയതല്ല. എഴുതണമെന്ന കെ.പി.കെയുടെ പ്രേരണ. മറ്റൊന്ന് എംടിയെന്ന മഹാമേരുവിൻ്റ ചുവടെ ഭാഗികമായെങ്കിലും നേരിട്ട് ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിച്ച് കുറച്ചു വർഷങ്ങൾ നിൽക്കാൻ കഴിഞ്ഞുവെന്ന മനസ്സിൽ സൂക്ഷിക്കുന്ന അഭിമാനം ഞാനെന്തിന് പുറത്തു പറയാതിരിക്കണം. അഞ്ച് വർഷം മുമ്പാണ് ഞാൻ കൊട്ടാരം റോഡിലുള്ള വീട്ടിൽ എം.ടിയെ പോയിക്കണ്ടത്. പിന്നീടൊരിക്കൽ അവിടെയടുത്ത് താമസിക്കുന്ന മുൻ മുഖ്യമന്ത്രി സി എച്ചിൻ്റെ പുത്രി ഫരീദയുടെ ഭർത്താവും എൻ്റെ ഭാര്യാബന്ധുവുമായ പി. എ. ഹംസയുടെ വീട്ടിൽ പോയി വരുമ്പോഴും ചെന്നു കണ്ടു. പഴയ കാര്യങ്ങൾ അദ്ദേഹം ആവുന്നത്ര ഓർത്തെടുത്ത് സംസാരിച്ചു.
അപ്പോഴും എനിക്ക് ബോധ്യമായത് എംടി നേർക്കുനേരെ ഒരു സഹാനുഭൂതിയുള്ള മനുഷ്യനായാണ്.
പരേതൻ്റെ ചില മുൻകാല നിലപാടുകളെ കുറിച്ചും ചര്യകളെക്കുറിച്ചും ഇപ്പോൾ മരണശേഷം ചിലരൊക്കെ സംസാരിച്ചു കേൾക്കുന്നു. അത് എന്നെ പോലെയുള്ളവരുടെ അറിവിൽ പെട്ടിട്ടുള്ളവയല്ല. അതിലേക്ക് ചൂഴ്ന്നിറങ്ങേണ്ടതുമില്ല. കഥാവശേഷനായ ആ അതുല്യ കഥാകാരൻ്റ ഓർമക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
#MTVasudevanNair #MalayalamLiterature #GulfVoice #Memories #Tribute #Kerala