● പേരിന്റെ അവസാനത്തെ അക്ഷരങ്ങൾ വ്യത്യസ്ത തറവാടുകളെ സൂചിപ്പിക്കുന്നു.
● കച്ചവടവും വിവാഹബന്ധങ്ങളും പേരിന്റെ പരിണാമത്തെ സ്വാധീനിച്ചു.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 23
(KVARTHA) നമ്മുടെ സ്വന്തമാണെങ്കിലും, നമ്മളെക്കാൾ കൂടുതൽ അതുപയോഗിക്കുന്നത് മറ്റുള്ളരാണ്. നമ്മുടെ പേരിന് അങ്ങനെയൊരു പ്രത്യേകതയുണ്ട് അല്ലേ. പേര് പരസ്പരം തിരിച്ചറിയപ്പെടാനുള്ളതാണെങ്കിലും അതിനുശേഷം ചേർക്കുന്ന വാലുകൾ പോലെ ചില പേരുകൾ കൂടെ ഉണ്ടാകാറുണ്ട്. അതെന്തിനാണെന്നും എന്താണെന്നും ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. അഞ്ചാം വയസ്സിൽ എന്നെ സ്കൂളിൽ ചേർക്കുമ്പോൾ റിക്കാർഡിൽ എഴുതാൻ എന്റെ മാതാപിതാക്കൾ കൊടുത്ത പേര് എം.ടി.പി അബ്ദുൽ റഹിമാൻ എന്നാണ്. അന്ന് ഹാജർ വിളിക്കുമ്പോൾ മാഷ് എം.ടി.പി അബ്ദുൽ റഹിമാനെന്നു നീട്ടി വിളിച്ചു. അന്നാണ് എൻ്റെ പേര് അങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാക്കിയത്.
കാരണം അത് വരെ എന്നെ വീട്ടിൽ വിളിച്ചിരുന്നത്, കുഞ്ഞി, ചെക്കൻ, മോൻ, എന്നീ പേരുകളാണ്. പിന്നെ എട്ടാം ക്ലാസിലെത്തിയപ്പോഴാണ് അത് മണക്കാട് തെക്കേപീടികയിൽ അബ്ദുൽ റഹിമാൻ എന്നായിരുന്നു എന്ന് മനസ്സിലാക്കിയത്. അന്നത്തെ പേര് വിളിയിലും വ്യത്യാസമുണ്ടായിരുന്നു. അദ്രെഹമാൻ, അന്ത്രു മാൻ, അബ്ദുറഹീം, ഇങ്ങിനെയൊക്കെയാണ് വിളിയുടെ പോക്ക്. കരിവെള്ളൂരിലെ ചില വീടുകൾ കാണുമ്പോൾ ഓരോന്ന് ചൂണ്ടി ഉമ്മാമ ഇങ്ങനെ പറയും. ഇത് പള്ളിക്കൊവ്വലിലെ മായിച്ചാൻ്റെ വീടും മറ്റേത് മണക്കാട്ടെ മജീദിച്ചാൻ്റെ വീടും, അതിനപ്പുറത്തെ തെക്കേ പുരയിലെ അബ്ദുച്ചാൻ്റെ വീടും, കുട്ടിക്കൊവ്വലിലെ സാറിത്താ ൻ്റെ വീടും ചന്തേരയിലെ ആസീത്താൻ്റെ വീടുമൊക്കെയാണെന്ന്.
ഒക്കെ നമ്മുടെ കുടുംബക്കാരുമാണ്. പിന്നെ ഇവിടുത്തെ ആളുകളെയൊക്കെ മണക്കാട് തെക്കേപീടികക്കാരാണെന്നാണ് അറിയപ്പെടുന്നത്. മാത്രമല്ല നമ്മളെല്ലാം പാട്ടില്ലത്ത് കാരാണ്. ഒന്നും മനസ്സിലാവില്ലെങ്കിലും ആ പറച്ചിലിന് ഞാനും തലയാട്ടും. എങ്കിലും അതിൽ നിന്നൊക്കെ ഒരു കാര്യം എനിക്ക് മനസ്സിലായിരുന്നു. എങ്ങിനെയാണ് എം.ടി.പി. എന്ന വാല് എന്റെ പേരിന് പിന്നിൽ വന്നതെന്ന്. എൻ്റെ ഉമ്മ എം.ടി.പി. ആയതു കൊണ്ട് ഞാനും അങ്ങിനെയായി. ഇതേ പോലെ പരമ്പരാഗതമായി ഉമ്മമാരിൽ നിന്നാണ് ഈ തറവാട് പേര് നമ്മുടെ പേരിനൊപ്പം കിട്ടുന്നത്. അങ്ങിനെയാണെങ്കിൽ ആദ്യം ഉമ്മാമാർക്ക് ഒരു വാല് ഉണ്ടാവേണ്ടെ? അത് എവിടെ നിന്നാവും കിട്ടിയിട്ടുണ്ടാവുക.?
ആ അന്വേഷണത്തിൽ നിന്നാണ് മണക്കാട് എന്ന പ്രദേശത്താണ് ഈ തറവാടുകളുടെ ഉത്ഭവമുണ്ടായതെന്ന് മനസ്സിലായത്. സ്ഥലം കൃത്യമായി തിരിച്ചറിയാൻ തെക്കേ മണക്കാട് എന്നും ആ ഭാഗത്തുള്ള പീടികയിലാണെന്നും മനസ്സിലായി. അന്നത്തെ മുസ്ലിം വിഭാഗത്തിൻ്റെ പ്രധാന തൊഴിൽ കച്ചവടമായിരുന്നു. അവരുടെ വീടിനെ 'പീടിക' എന്നും പറയാറുണ്ട് പോലും. വ്യക്തികളെ തിരിച്ചറിയാനാണ് പേര് നൽകുന്നത്. താമസസ്ഥലമറിയാനാണ് ഈ വീട്ട് പേര് ചേർക്കുന്നതും. ഇവിടത്തുകാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമായതിന് ശേഷമായിരിക്കാം തറവാടിൻ്റെയോ, വീടിൻ്റെയോ ചുരുക്കം (ഇനീഷ്യൽ) എഴുതാൻ തുടങ്ങിയത്.
മുസ്ലിം വിഭാഗത്തിൻ്റെ ഉൽഭവം അറേബ്യയിലാണ്. ഇന്ത്യയിൽ മുസ്ലീം വിഭാഗമുണ്ടായത് അറബികൾ ഇവിടേക്ക് വന്നതിന് ശേഷമാണ്. അങ്ങിനെയാണെങ്കിൽ എം.ടി.പി. എന്ന തറവാട്ടുകാരുടെ ഉൽഭവം അറബി പുരുഷന്മാരിൽ നിന്നാവനാണ് സാധ്യത. അറബികളായ പുരുഷന്മാർ ഇവിടുത്തേക്ക് കച്ചവടത്തിനായി വന്നു. കൂടെ സ്ത്രികൾ ഇല്ലായിരുന്നു. ദീർഘനാൾ ഇവിടെ താമസിച്ചു വരുമ്പോൾ ദേഹേഛകളെല്ലാം സാധിക്കേണ്ടെ? ഇതര മതസ്ഥരായ സ്ത്രീകളെ വിവാഹം കഴിച്ചോ അല്ലാതെയോ മക്കളുണ്ടായിട്ടുണ്ടാവും. അതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഒരു വായ്മൊഴി ചരിത്രം കേൾക്കാനിടയായത്.
മുഹിയുദ്ധീൻ എന്ന് പേരായ ഒരറബി തുണിക്കച്ചവടക്കാരനുണ്ടായിരുന്നു. അദ്ദേഹം തലച്ചുമടായി തുണിത്തരങ്ങൾ കൊണ്ടു വീടുവീടാന്തരം കയറി വില്പന നടത്താറുണ്ടെന്നും പറഞ്ഞു കേൾക്കുന്നു. കാസർകോട് നിന്ന് നീലേശ്വരം, ചെറുവത്തൂർ തൃക്കരിപ്പൂർ കരിവെള്ളൂർ,വരെ എത്താറുണ്ട്. സ്ഥിരമായി ചിലവിടുകളിൽ തുണിവിൽപ്പനയുമായി അദ്ദേഹം എത്തിപ്പെടാറുണ്ട്. മനുഷ്യപരമായ പ്രണയവും മറ്റും അദ്ദേഹത്തിനുമുണ്ടായി. അങ്ങിനെ പിലിക്കോട് രയരമംഗലംബ്രാഹ്മണ കുടുംബത്തിൽ മുഹ്‌യുദ്ദീൻ എന്ന അറബിക്കാരൻ നിത്യവും തുണിക്കച്ചവടത്തിനായി എത്തിത്തുടങ്ങി. അവിടെ ശ്രീദേവി എന്ന് പേരായ യുവതിയെ കാണുകയും അവളോട് അനുരാഗം തോന്നുകയും ചെയ്തു.
ശ്രീദേവിക്കും ആകച്ചവടക്കാരനോട് അടുപ്പം തോന്നി. പ്രേമത്തിന് കണ്ണും മൂക്കുമൊന്നുമില്ലല്ലോ? അങ്ങനെ അദ്ദേഹത്തിന്റെ കൂടെ ശ്രീദേവി ഇറങ്ങിത്തിരിച്ചു. കാസർകോടെത്തി. അവിടെ വെച്ച് ശ്രീദേവി മതം മാറി ഇസ്ലാം മതം സ്വീകരിച്ചു. ആമിന എന്ന് പേര് സ്വീകരിച്ചു. കാലം നീങ്ങിയപ്പോൾ അവർ പത്ത് മക്കളെ പ്രസവിച്ചു. അതിൽ ഒൺപത് പേർ പെൺകുട്ടികളും ഒരാൾ ആൺകുട്ടിയുമായിരുന്നു. മുഹമ്മദ് എന്നായിരുന്നു മകൻ്റെ പേര്. അവനും പ്രായ പൂർത്തിയായപ്പോൾ പിതാവിനൊപ്പം കച്ചവടത്തിനിറങ്ങി. ബാപ്പയും മകനും കച്ചവടത്തിലൂടെ ഒരുപാട് സ്വത്ത് സമ്പാദിച്ചു. ആയിടക്ക് മകൻ മുഹമ്മദും കരിവെള്ളൂരിനടുത്തുള്ള ചെട്ടി സമുദായത്തിൽ പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു എന്നും പറയപ്പെടുന്നു. അതിൽ മൂന്നു മക്കളുണ്ടായെന്നും കേൾക്കുന്നു.
മോയിഞ്ഞിക്കും മുഹമ്മദിനും പ്രായമായപ്പോൾ സമ്പാദിച്ച സ്വത്ത് മക്കൾക്ക് വീതിക്കണമെന്ന ധാരണയുണ്ടായി. മൊത്തം സ്വത്ത് പന്ത്രണ്ട് മക്കൾക്ക് ഭാഗം പെയ്തു. അതിൽ മൊയ്ഞ്ഞിക്കായുടെ 9 മക്കൾക്ക് ഒമ്പത് ഓഹരിയും മുഹമ്മദിൻ്റെ മൂന്ന് മക്കൾക്ക് മുന്നോഹരിയും വെച്ചു. തൃക്കരിപ്പൂർ ഭാഗത്തുള്ളവർക്കാണ് ഒമ്പത് ഓഹരി കിട്ടിയത്. അവരാണ് വി.പി.പി. തറവാട്ടുകാര്. ഒമ്പതോഹരിക്കാർ എന്നാണ് വി.പി.പി. തറവാട്ടുകാരെ അറിയപ്പെടുന്നത്. മുഹമ്മറിൻ്റെ മക്കളായ കരിവെള്ളൂർക്കാരായ എം.ടി.പി. തറവാട്ടുകാരെ മൂന്നോഹരിക്കാർ എന്ന പേരിലും അറിയപ്പെടുന്നു.
ഇതൊരു കേട്ടുകേൾവി മാത്രമാണ് കേട്ടോ. ചരിത്രരേഖകളൊന്നുമില്ല. നാലോ അഞ്ചോ നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന സംഭവമാണ്. അന്ന് ഒമ്പതോഹരിക്കാരും മൂന്നോ ഹരിക്കാരും വലിയ ഭൂഉടമകളായിരുന്നെന്നും ക്രമേണ അതൊക്കെ അന്യാധീനപ്പെട്ടു പോയെന്നും പറയപ്പെടുന്നു. ചുരുക്കത്തിൽ ഞാൻ എം.ടി.പി.ക്കാരനായത് അങ്ങിനെയാണെന്ന് പറയാം. എൻ്റെ പിതാവ് ഒമ്പതോഹരിക്കാരനായ വി.പി.പി. മുഹമ്മദ് കുഞ്ഞിയും, മാതാവ് മൂന്നോഹരിക്കാരിയായ എം.ടി.പി. സൈനബയുമാണെന്നാണ് എന്റെ കണ്ടത്തൽ.
#MalayalamHistory #Genealogy #KeralaHistory #FamilyHistory #OralHistory #CulturalHeritage #India