എസ്.എ.ഗഫൂര്‍
അദ്ദേഹം അധ്യക്ഷനായി 'സല്‍മാന്‍ ജസ്റ്റിസ് ഫോറം' രൂപീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെതന്നെയും പല ഭാഗങ്ങളില്‍ നിന്നും സമാനമായ പ്രതികരണങ്ങള്‍ ഉണ്ടാവുകയും അത് സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്യുന്നു. പ്രശ്‌നങ്ങളുടെ തുടക്കംതന്നെ സോഷ്യല്‍ മീഡിയയിലാണ് എന്നതുകൊണ്ട് അവിടെ അതൊരു ചര്‍ച്ച തന്നെയാണ്, കുറേ ദിവസങ്ങളായി.
പക്ഷേ, പുറത്തെ മാധ്യമങ്ങള്‍ ഈ സംഭവത്തില്‍ രണ്ടു ദിവസത്തെ വാര്‍ത്തയ്ക്കപ്പുറം പോയില്ല. അറസ്റ്റ് , റിമാന്‍ഡ്, ജാമ്യാപേക്ഷ തള്ളല്‍. അത്രതന്നെ. അതിനെക്കുറിച്ചുകൂടിയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബിആര്‍പിയുടെ ഉത്കണ്ഠ. പോലീസിന്റെ വിശദീകരണം അതേപടി ഏറ്റു പറയുന്നവരായി നമ്മുടെ മാധ്യമങ്ങള്‍ മാറിപ്പോകുന്നത് നല്ല സൂചനകളല്ല തരുന്നതെന്ന് അദ്ദേഹം പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ സല്‍മാന്‍ എന്ന ഫിലോസഫി വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു തിയേറ്ററില്‍ ഉണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായി അറസ്റ്റിലായത്. സല്‍മാനെതിരെ മുമ്പ് ഒരു പെറ്റീ കേസുപോലും ഉണ്ടായിട്ടില്ലെന്നും ശ്രദ്ധ നേടിയ വധശിക്ഷാ വിരുദ്ധ സമരത്തില്‍ ഉള്‍പ്പെടെ സജീവമായിരുന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു എന്നും സുഹൃത്തുക്കള്‍. ഏതായാലും സല്‍മാന്‍ മത വിശ്വാസിയോ മത നിഷ്ഠകള്‍ അനുസരിച്ചു ജീവിക്കുന്നയാളോ അല്ല.
പക്ഷേ, 'തിയേറ്റര്‍ സംഭവ'ത്തോടെ സല്‍മാന് ഒരു മത ഭീകരവാദിയുടെ പ്രതിഛായ വന്നിരിക്കുന്നു. ദേശീയ ഗാനത്തോട് അനാദരവു കാണിക്കുന്ന, ദേശദ്രോഹിയുടെ പ്രതിഛായ. പോലീസ് കേസ് എടുത്തിരിക്കുന്നതും ദേശദ്രോഹത്തിനെതിരായ വകുപ്പ് അനുസരിച്ചാണ്. ഐപിസി 124 എ. കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വകുപ്പ് 66 എയും. കളിയായോ ശരിയായ കാര്യഗൗരവം ഇല്ലാതെയോ തുടങ്ങിവെച്ച ചിലത് കൈവിട്ടുപോയിരിക്കുന്നു. സല്‍മാന്‍ ഇപ്പോള്‍ ജയിലിലാണ്. ദേശദ്രോഹക്കുറ്റത്തിനു ജാമ്യം ലഭിക്കുക എളുപ്പമല്ല. സല്‍മാന്റെ സുഹൃത്തുക്കളെയും പോലീസ് പിന്തുടര്‍ന്നു വേട്ടയാടുകയാണ് എന്ന് സല്‍മാന്‍ ജസ്റ്റിസ് ഫോറം കണ്‍വീനര്‍ എ.സി. സജു പറയുന്നു.
അരാജകവാദികളായ ഏതാനും പേര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തേക്കുറിച്ച് ഫേസ്ബുക്കില്‍ പാരഡിഗാനം പോസ്റ്റുചെയ്യുകയും അതിനു തുടര്‍ച്ചയായി തിയേറ്ററില്‍ ദേശീയ ഗാനത്തെ കൂവി വരവേല്‍ക്കുകയും ചെയ്തതാണ് കേസായിരിക്കുന്നത് എന്നാണ് പൊതുവെ പ്രചരിക്കുന്നത്. ദേശാഭിമാനികള്‍ ഒന്നടങ്കം പൊരുതി നേടിയ സ്വാതന്ത്ര്യത്തെ കളങ്കപ്പെടുത്തുന്നതിനെതിരായ ജാഗ്രതയാണ് പോലീസിന്റേത് എന്നു തോന്നിക്കുന്ന ഇടപെടല്‍. പക്ഷേ, സംഭവിച്ചത് എന്തൊക്കെയാണ് എന്ന് വേണ്ടവിധം അന്വേഷിക്കപ്പെടാതെ പോകുന്നു എന്ന സൂചനകള്‍ ശക്തമാണ്.
തലസ്ഥാനത്തെ തിയേറ്ററുകളില്‍ അടുത്ത കാലത്ത് തുടങ്ങിയ പുതിയ രീതിയാണ് സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനാലാപനം. റെക്കോഡ് ചെയ്ത ദേശീയ ഗാനം കേള്‍പ്പിക്കുന്നതിനു മുമ്പ്, അതേക്കുറിച്ച് തിരശീലയില്‍ അറിയിപ്പു വരികയും എഴുന്നേറ്റ് നില്‍ക്കണം എന്ന നിര്‍ദേശം ഉണ്ടാവുകയും ചെയ്യുന്നു. ഇത് പലരും അനുസരിക്കാറില്ല. ദേശീയ ഗാനം അങ്ങനെ തോന്നുന്നിടത്തൊക്കെ പ്ലേ ചെയ്യാനുള്ളതാണോ എന്ന സംശയം ആളുകള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സിനിമ കാണാന്‍ പോയ സല്‍മാനും ചില സുഹൃത്തുക്കളും എണീറ്റു നില്‍ക്കാന്‍ തയ്യാറായില്ല. ആരോ ചിലര്‍ കൂവുകയും ചെയ്തു. തിയേറ്ററില്‍ ഉണ്ടായിരുന്ന മറ്റു ചിലര്‍ ഇത് ഏറ്റെടുത്തു. സല്‍മാനും സുഹൃത്തുക്കളും എണീറ്റു നില്‍ക്കാതിരുന്നതിനെയും തിയേറ്ററിലെ ഇരുട്ടില്‍ ഉയര്‍ന്നു കേട്ട കൂവലിനെയും ഒരുമിച്ചു ചേര്‍ത്ത് അവര്‍ ചോദ്യം ചെയ്തു. അവരിലൊരാളായ അഖില്‍ ചന്ദ്രന്റെ പരാതിയിലാണ് അറസ്റ്റുണ്ടായത്.
അതുപക്ഷേ, യാദൃശ്ചികമായിരുന്നില്ല താനും. കാരണം, ഏതാനും ദിസവങ്ങള്‍ക്കു മുമ്പ്, സ്വാതന്ത്ര്യദിനത്തില്‍ ഫേസ്ബുക്കില്‍ സല്‍മാന്‍ പോസ്റ്റു ചെയ്ത ഒരു പാരഡി ഗാനവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. എന്നുവെച്ചാല്‍ ഫേസ്ബുക്കിലെ കലഹം പുറത്തേക്കു വന്നു തമ്മിലടിയും കേസുമായി മാറിയ അപൂര്‍വ സംഭവം കൂടിയാകുന്നു ഇത്. വരാന്‍ പോകുന്ന ഇത്തരം പല സംഭവങ്ങളുടെയും മുന്നോടി എന്ന് സ്വാഭാവികമായും കരുതുതുകയും ചെയ്യാമെന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായ പലരും ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റില്‍ മാത്രമായി ഇനി നില്‍ക്കുന്നില്ല, അത് പുറത്തേക്ക് ഇറങ്ങിവന്ന് പുതിയ ചേരിതിരിവുകളായി മാറുന്നു.
'ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല, ജനകോടികള്‍ നമ്മേ നാമാക്കി മാറ്റിയ ജന്മഗൃഹമല്ലോ'എന്ന സിനിമാ ഗാനത്തിനാണ് അസഭ്യം ചേര്‍ത്തു പാരഡി പോസ്റ്റു ചെയ്്തത്. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത് 1964ല്‍ പുറത്തിറങ്ങിയ ആദ്യ കിരണങ്ങള്‍ എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്‍ തന്നെ രചിച്ച് കെ രാഘവന്‍ സംഗീതം പകര്‍ന്ന ഗാനമാണിത്. മലയാളത്തിലെ ഒരു നിത്യഹരിത ഗാനം. പ്രത്യേകിച്ചും ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കാലത്ത് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സ്ഥിരമായി സംപ്രേഷണം ചെയ്യുക വഴി ആ സിനിമ കാണാത്ത തലമുറയ്ക്കും സുപരിചിതം.
പാരഡിയായി വന്ന പോസ്റ്റാകട്ടെ തെറിവാക്കുകൊണ്ട് മലീമസം. 'ഇന്ത്യയിലെ അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഈ ഗാനത്തിന് ഒരു പാരഡി നിര്‍മിക്കുന്നതിനെ ദേശദ്രോഹമായി ചിത്രീകരിക്കുന്നത് എങ്ങനെയാണ്?'എന്ന് ചോദ്യമാണ് സല്‍മാന്റെ അറസ്റ്റിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ജസ്റ്റിസ് ഫോറം ഉന്നയിച്ചത്. മാത്രമല്ല, സല്‍മാന്റെ മുസ്്‌ലിം പേരാണ് പോലീസ് നടപടിക്കു പിന്നിലെന്ന് അവര്‍ സംശയിക്കുകയും ചെയ്യുന്നു. പക്ഷേ, സല്‍മാന്റെ അറസ്റ്റിനെ ന്യായീകരിക്കാത്ത സാമൂഹ്യപ്രവര്‍ത്തകരില്‍തന്നെ എല്ലാവരും ഈ വാദം അതേപടി അംഗീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല.
മാവോയിസ്‌റ്റോ മറ്റോ ആണ് ആ ചെറുപ്പക്കാരന്‍ എന്ന തരത്തിലാണ് പോലീസ് കേസ് കൈകാര്യം ചെയ്തത് എന്നു പറയുന്നവരുമുണ്ട്. ഏതായാലും അറസ്റ്റിനെയും കേസിനെയും കുറിച്ച്് അവരുടേതായി തുടര്‍ വിശദീകരണത്തിനൊന്നും പോലീസ് തല്‍ക്കാലം തയ്യാറല്ല. സല്‍മാനല്ല ദേശദ്രോഹി, ദേശീയ ഗാനത്തെ തോന്നുംപോലെ പ്ലേ ചെയ്ത് അനാദരിച്ച തിയേറ്ററുകാരാണ് എന്ന് ബിആര്‍ബി ഭാസ്‌കര്‍ വിമര്‍ശിക്കുന്നു. ഏതായാലും ഈ വിവാദത്തെത്തുടര്‍ന്ന് തലസ്ഥാനത്തെ തിയേറ്ററുകളില്‍ ദേശീയ ഗാനാലാപനം അവസാനിപ്പിച്ചു.
ദേശീയ അഭിമാനങ്ങളെ നിന്ദിക്കുന്നതിനെതിരായ 1971ലെ നിയമത്തില്‍ പറയുന്നത് ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുന്നത് കുറ്റകരമല്ല എന്നാണ്. 2002ല്‍ ബിഹാറിലെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ ദേശീയ ഗാനത്തിന്റെ സമയത്ത് എഴുന്നേറ്റു നിന്നില്ല. മുഖ്യമന്ത്രിയായിരുന്ന റാബ്റി ദേവിക്കും ഭര്‍ത്താവ് ലാലു പ്രസാദ് യാദവിനുമെതിരേ പ്രതിപക്ഷം കോടതിയെ സമീപിച്ചു. കോടതി പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ തള്ളുകയാണുണ്ടായത്.
തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ താന്‍ കൂവിയില്ലെന്ന് സല്‍മാന്‍ തറപ്പിച്ചു പറയുന്നു. സല്‍മാന്‍ പറയുന്നത് വിശ്വസിക്കാമെന്നാണ് എ.സി. സജുവും റാഫിയും മറ്റു സുഹൃത്തുക്കളും പറയുന്നത്. മറ്റാരോ കൂവിയത് സല്‍മാന്റെയും സുഹൃത്തുക്കളുടെയും ചുമലില്‍ വയ്ക്കുകയാണ് പരാതിക്കാര്‍ ചെയ്തത്. പക്ഷേ, പോലീസ് ആ പരാതി അതേപടി പരിഗണിച്ചിരുന്നില്ല. ഫേസ്ബുക്കിലെ പോസ്റ്റിനെക്കുറിച്ചും പരാതി ഉണ്ടായതുകൊണ്ട് അത് ഇട്ട സല്‍മാനും ഷെയര്‍ ചെയ്ത ചിലര്‍ക്കുമെതിരെ ഐടി ആക്ട് പ്രകാരമുള്ള കേസെടുക്കാന്‍ മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നാണു വ്യക്തമാകുന്നത്.
പക്ഷേ, എവിടെവെച്ചാണ് കാര്യങ്ങള്‍ ദേശദ്രോഹക്കുറ്റത്തിലേക്കു മാറിയത്? വിചിത്രവും എന്നാല്‍ ആപത്കരവുമായ ഒന്നാണ് ഈ മാറ്റത്തിനു പിന്നിലെ ഒരു കാരണം. കേസ് എടുക്കാന്‍ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ മുസ്്‌ലിമാണ്; സല്‍മാനും. ഐടി ആക്ട് പ്രകാരം മാത്രം കേസെടുത്തു ജാമ്യത്തില്‍ വിട്ടാല്‍ അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നുവന്നു. അതോടെയാണ് കേസ് 124 എ എന്ന ഗുരുതരവും ജാമ്യമില്ലാത്തതുമായ വകുപ്പിലേക്ക് നീങ്ങിയത്. ഇത് വെറും ഊഹമല്ലെന്നു ബിആര്‍പി ഭാസ്‌കറും സമ്മതിക്കുന്നു. ഇതിനൊപ്പംതന്നെ, കേസ് എടുക്കാതിരിക്കരുത് എന്ന് ആവശ്യപ്പെടുന്ന ശക്തമായ ഇടപെടലും ഉണ്ടായി.
തലസ്ഥാനത്തെ ഒരു നാടകവേദിയുമായി മുമ്പ് ബന്ധമുണ്ടായിരുന്നവരാണ് പരാതിക്കാരനും തിയേറ്ററില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും. ആ നാടകവേദിയില്‍ പ്രവര്‍ത്തിച്ചിരുന്ന നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ആളാണ് ഇടപെട്ടത്. അവരുടെ വിളികള്‍ വന്നതായി പോലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. സല്‍മാനെക്കൂടാതെ കൂടാതെ കൂടുതല്‍ അറസ്റ്റുകള്‍ക്കുള്ള തീരുമാനത്തില്‍ നിന്നു പോലീസ് പിന്നോട്ടു പോയിട്ടില്ല. പക്ഷേ, ധൃതി കാണിക്കുന്നുമില്ല. അനാവശ്യ വിവാദവും ധൃതിയും വേണ്ടെന്നു സര്‍ക്കാര്‍ തലത്തില്‍ തന്നെ നിര്‍ദേശമുണ്ടായിട്ടുമുണ്ട്.
അത് സര്‍ക്കാരും പോലീസും വെളിപ്പെടുത്തുന്നില്ല എന്നേയുള്ളു. ഇത്തരം പ്രശ്‌നങ്ങളില്‍ കടുത്ത നിലപാടെടുക്കുന്ന ബിജെപിയോ അനുബന്ധ സംഘടനകളോ പോലും അവഗണിച്ച സംഭവത്തെ പൊലിപ്പിച്ച് വഷളാക്കിയെന്ന അഭിപ്രായം സര്‍ക്കാരിന്റെ തലപ്പത്ത് രൂപപ്പെട്ടത് സല്‍മാന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ അനുകൂല നിലപാടെടുക്കാനും കാരണമായേക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Article, Facebook, Communal violence, Police, Complaint, Court, Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.