സാം ബഹാദൂര്‍ - മരണം മുഖാമുഖം കണ്ട അജയ്യനായ ഫീല്‍ഡ് മാര്‍ഷല്‍

 


തരുണ്‍ കുമാര്‍ സിന്‍ഹ

(www.kvartha.com 09.04.2014) നമ്മുടെ കാലഘട്ടത്തില്‍ ആര്‍ക്കും അധികം തിരിച്ചറിയാന്‍ സാധിക്കാതെപോയ വ്യക്തിത്വമാണ് ഫീല്‍ഡ് മാര്‍ഷല്‍ സാം ഹോര്‍മൂസ്ജി ഫാംജി ജാംഷഡ്ജി മനേക്ഷായുടേത്. സാം ബഹാദൂര്‍ എന്നാണ് അദ്ദേഹം  അറിയപ്പെടുന്നത്. സാധാരണക്കാരുടെ നാവിനു വഴങ്ങാത്ത അദ്ദേഹത്തിന്റെ പാഴ്‌സി നാമം ഉച്ചരിക്കാന്‍ പരിശ്രമിച്ച് പരാജയപ്പെട്ട ഒരു ഗൂര്‍ഖാ  പട്ടാളക്കാരനാണ് അദ്ദേഹത്തെ ഇങ്ങനെ ആദ്യമായി അഭിസംബോധന ചെയ്തത് - സാം എന്നാല്‍ ഭയമില്ലാത്തവന്‍, ധീരന്‍ എന്നാണ് അര്‍ത്ഥം. ആ പേര് ഇപ്പോഴും അങ്ങനെ നില നില്ക്കുന്നു.

യുദ്ധത്തിനിടയിലും മറ്റു സന്ദര്‍ഭങ്ങളിലും സാം പല തവണ മരണത്തെ പൊരുതി തോല്‍പ്പിച്ചിട്ടുണ്ട്. വാര്‍ദ്ധക്യം ബാധിക്കാത്തതു പോലുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. മിലിട്ടറിയില്‍ ഡോക്ട്‌റായിരുന്നപിതാവിനെ പോലെ ഒരു ഭിഷഗ്വരനാകാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ, ഒടുവില്‍ ഫീല്‍ഡ് മാര്‍ഷല്‍ ആവുകയായിരുന്നു.

ചെറുപ്പക്കാരനായ ക്യാപ്റ്റന്‍ ആയിരിക്കെ 1942 ല്‍ ബര്‍മ്മയില്‍ ജപ്പാനുമായുള്ള യുദ്ധത്തില്‍ അദ്ദേഹത്തിന് മാരകമായ പരിക്കേറ്റു. ഏതാണ്ട് ഒന്‍പതു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചു കയറി. മരണവുമായി മല്ലടിച്ചു കിടക്കുമ്പോള്‍  അദ്ദേഹത്തിന്റെ ധീരനായ സിക്ക് ഓര്‍ഡെര്‍ലി ഷേര്‍സിംങ് എത്തി, മരണവക്ത്രത്തില്‍ നിന്ന് സാമിനെ മോചിപ്പിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ പ്ലാറ്റൂണിലെ രണശൂരാരായ സിക്ക് പട്ടാളക്കാര്‍ ആര്‍ത്തുവിളിച്ചു- ഞങ്ങളുടെ ശിരസിലെ കിരീടമാണ് ക്യാപ്റ്റന്‍ മനേക്ഷാ. ഞങ്ങള്‍ എങ്ങിനെയും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കും. അദ്ദേഹത്തിന്റെ ഓര്‍ഡെര്‍ലി ഷേര്‍ സിംങ് മനേക്ഷായെ തന്റെ പുറത്തേറ്റി വളരെ ദൂരം നടന്ന് മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍ എത്തിക്കുകയായിരുന്നു. അവിടെ പട്ടാള ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്കി.

അസാധാരണമായ അദ്ദേഹത്തിന്റെ ധീരത പരിഗണിച്ച് രാഷ്ട്രം സാം മനേക്ഷായെ മിലിട്ടറി ക്രോസ് പുരസ്‌കാരം നല്കി ബഹുമാനിച്ചു. 94 വയസുവരെ അദ്ദേഹം ജീവിച്ചു. നീലഗിരിയിലെ കൂനൂരിലുള്ള സ്വഭവനമായ സ്റ്റൗക്കില്‍ 2008 ജൂണ്‍ 27 നാണ് സാം ശാന്തമായി നിത്യതയിലേയ്ക്കു യാത്രയായത്.

പട്ടാള സേവനത്തിനിടയില്‍ മാരകമായ പരിക്കുകള്‍ സംഭവിച്ചിട്ടും ജീവിതത്തിന്റെ അവസാന കാലം വരെ സാം മനേക്ഷാ നല്ല ആരോഗ്യവാനായിരുന്നു. ഇടയ്കിടെ അനുഭവപ്പെട്ടിരുന്ന ശ്വാസതടസം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്ന ഏക ആരോഗ്യ പ്രശ്‌നം.

ശ്വാസകോശവിദഗ്ധനായ മേജര്‍ ജനറല്‍ ബിഎന്‍ബിഎം പ്രസാദ് എന്ന  മിലിട്ടറി ഡോക്ടറായിരുന്നു സാം മനേക്ഷായെ ചികിത്സിച്ചിരുന്നത്. ഡോക്ടര്‍ - രോഗി ബന്ധത്തിനുപരിയായ ആത്മ ബന്ധമായിരുന്നു ഇവര്‍ ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. അതു സാമിന്റെ മരണം വരെ തുടര്‍ന്നു.

ഇപ്പോള്‍ കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡ് ഹോസ്പിറ്റലില്‍ കമാന്‍ഡന്റായ മേജര്‍ ജനറല്‍ പ്രസാദ് മരണസമയം വരെ ഫീല്‍ഡ് മാര്‍ഷലിനടുത്ത് ഉണ്ടായിരുന്നു. മരണത്തില്‍ പോലും അദ്ദേഹം നിര്‍ഭയനായി കാണപ്പെട്ടു എന്നാണ് മേജര്‍ ജനറല്‍ പ്രസാദ്  സാക്ഷ്യപ്പെടുത്തുന്നത്. ചികിത്സാവേളകളില്‍ തന്റെ ജീവിതത്തിലെ ധാരാളം കഥകള്‍ സാം ഡോക്ടറുമായി പങ്കു വച്ചിരുന്നു.  തന്റെ ഭാര്യ സില്ലൂവുമായും ഇത്തരം അനുഭവങ്ങള്‍ സംസാരിക്കുന്നത് മനേക്ഷായ്ക്ക് ഇഷ്ടമായിരുന്നു. പക്ഷെ, അവര്‍ അദ്ദേഹത്തിനു മുമ്പേ 2001 ഫെബ്രുവരി 13-ന് മരണമടഞ്ഞു. തന്റെ വത്സല മക്കളായ ഷെറി, മാജ അവരുടെ ഭര്‍ത്താക്കന്മാരായ ഡിങ്കി ബാട്ടിവാല, ധും ദരുവാല എന്നിവരുമായും, സാം എന്ന് അദ്ദേഹത്തെ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന കൊച്ചു മക്കളുമായും അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.

തന്റെ കുടുംബാംഗങ്ങളെക്കാള്‍ കൂടുതലായി അദ്ദേഹം സ്‌നേഹിച്ചിരുന്ന പ്രിയപ്പെട്ട ഗൂര്‍ഖാ പട്ടാളക്കാരെ കുറിച്ച് സംസാരിക്കാനായിരുന്നു സാം  എപ്പോഴും  ഇഷ്ടപ്പെട്ടിരുന്നത്.  കൂനൂരില്‍   തന്റെ ഔദ്യോഗിക വസതിയായ സ്റ്റൗക്ക യ്ക്കു സമീപം വിശ്വസ്തരായ ഗൂര്‍ഖ കുടുംബങ്ങളെ അദ്ദേഹം പാര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് അത്രയ്ക്കും ഇഷ്ടമായിരുന്നു, തന്റെ കീഴിലുണ്ടായിരുന്ന ആ ധീര യോദ്ധാക്കളെ.

മൈസൂര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്ന 1971 കാലഘട്ടം മേജര്‍ ജനറല്‍ പ്രസാദിന്റെ ഓര്‍മ്മയിലുണ്ട്. ''മറ്റു ജോലികള്‍ അന്വേഷിക്കാതെ ദേശസ്‌നേഹത്തിന്റെ ആവേശത്തില്‍ എന്നെപോലെ പല മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അന്ന് സായുധ സേനയില്‍ ചേര്‍ന്നു. അന്നത്തെ ഞങ്ങളുടെ ആവേശമായിരുന്നു സാം ബാഹദൂര്‍. ഞാന്‍ 1977 ല്‍ പട്ടാളത്തില്‍ ഡോക്ടറായി എങ്കിലും എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനും കേള്‍ക്കാനും ആദ്യ അവസരം ലഭിച്ചത് 1990 കളുടെ ആരംഭത്തില്‍ മാത്രമായിരുന്നു. അന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ യുവ ഓഫീസര്‍മാരുടെ പാസിംങ് ഔട്ട് പരേഡില്‍ അദ്ദേഹം മുഖ്യാതിഥിയായി എത്തി''-പ്രസാദ് ഓര്‍മിക്കുന്നു. തന്റെ  ജീവിതത്തിലുടനീളം  ആവേശം പകര്‍ന്ന ആ ധീരനായകനെ കാണുന്നതിന് പിന്നീട് ഒരു ദശാബദ്മാണ് മേജര്‍ ജനറല്‍ പ്രസാദിന് കാത്തിരിക്കേണ്ടി വന്നത്. വര്‍ഷം 2003. ഫീല്‍ഡ് മാര്‍ഷല്‍ മനേക്ഷാ ആദ്യമായി ന്യൂ ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ എത്തുന്നു - ശ്വാസകോശ സംബന്ധമായ അസുഖവുമായി.

ആദ്യത്തെ ആ കണ്ടുമുട്ടലില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ കാന്തികശക്തിയായിരുന്നു.  ആശുപത്രിയുടെ ഇടനാഴിയിലൂടെ അദ്ദേഹം സാവകാശം നടന്നുവന്നപ്പോള്‍ ആളുകള്‍ ശ്വാസമടക്കി ആദരപൂര്‍വം ആ പ്രതിഭയെ നോക്കുന്നതും രോഗിയും വയോധികനുമായ അദ്ദേഹത്തെ നിശബ്ദമായി ആരാധിക്കുന്നതും ഞാന്‍ കണ്ടു-മേജര്‍ ജനറല്‍ പ്രസാദ് ഓര്‍മിച്ചു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യന്‍ സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഡോക്ടര്‍ എന്ന നിലയില്‍ എത്രയോ തരം രോഗികളെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു. ചിലര്‍ വളരെ ശാഠ്യക്കാരാണ്. മറ്റു ചിലരാകട്ടെ വളരെ സാധുക്കളും. ഒരു പിറുപിറുക്കലും കൂടാതെ അവര്‍ എന്റെ ഉപദേശങ്ങള്‍ കേള്‍ക്കും. പക്ഷെ, ഫീല്‍ഡ് മാര്‍ഷല്‍ അവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തനായിരുന്നു.

അവസാന കാലത്തോളം അദ്ദേഹം ഒരു  കരുത്തനായ പോരാളിയായിരുന്നു.
ഒരു വര്‍ഷം കഴിഞ്ഞ്  മുംബെയില്‍ ഹോട്ടലില്‍ താമസിക്കുന്നതിനിടെ അദ്ദേഹത്തിന് കലശലായ നെഞ്ചുരോഗം ഉണ്ടായി. എയര്‍കണ്ടീഷനറില്‍ നിന്നുള്ള തണുപ്പടിച്ചതായിരുന്നു കാരണം. ഉടന്‍ തന്നെ അദ്ദേഹത്തെ വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിച്ച് ആര്‍മി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഞാന്‍ അദ്ദേഹത്തെ പരിശോധിക്കുമ്പോള്‍ അദ്ദേഹം തീര്‍ത്തും അവശനിലയിലായിരുന്നു. എഴുന്നേറ്റു നില്ക്കാന്‍ പോലും ശേഷിയുണ്ടായിരുന്നില്ല. എന്നിട്ടും വിനീതനായി ഒരു വീല്‍ ചെയറില്‍ ഇരിക്കാന്‍ കൂട്ടാക്കാതെ അദ്ദഹം നെഞ്ചിന്റെ എക്‌സറേ എടുക്കുന്നതിനായി റേഡിയോളജി വിഭാഗത്തിലേയ്ക്കുള്ള വഴിയത്രയും നടന്നു. അദ്ദേഹത്തിന്  നെഞ്ചുരോഗം കലശലായിരുന്നു. അടിയന്തിരമായി അഡ്മിറ്റ് ചെയ്യേണ്ടിയിരുന്നു.

എന്നാല്‍ അത്ര പെട്ടെന്ന് വഴങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല അദ്ദേഹം. ഞാന്‍ ഒരു അപകടം പിടിച്ച നടപടി സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഡല്‍ഹിയിലുള്ള ഇളയ മകളുടെ വീട്ടില്‍ താമസിപ്പിച്ച് ചികിത്സ നല്കുക എന്നതായിരുന്നു ഞാന്‍ സ്വീകരിച്ച മാര്‍ഗ്ഗം. പക്ഷെ, അതിനുള്ള സാഹചര്യങ്ങള്‍ ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്താന്‍ എനിക്ക് നന്നേ കഷ്ടപ്പെടേണ്ടി വന്നു. മേജര്‍ ജനറല്‍ പ്രസാദ് പറഞ്ഞു.

മനേക്ഷായുടെ ആരോഗ്യകാര്യങ്ങളില്‍ പിതാവ് ഡോ.ഹോര്‍മൂസ്ജി മനേക്ഷായ്ക്കുണ്ടായിരുന്ന ഉത്ക്കണ്ഠകള്‍ ഡോക്ടറോട് സാം പങ്കുവച്ചു. മദ്യപാനവും പുകവലിയും വര്‍ജ്ജിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അയച്ച ഒരു കത്ത് അദ്ദേഹം ഡോക്ടറെ കാണിക്കുകയും ചെയ്തു. കര്‍ശനമായ മുന്നറിയിപ്പാണ് പിതാവ് കത്തിലൂടെ നല്കിയിരുന്നത് - മകനെ നീ നിന്റെ മദ്യപാനവും പുകവലിയും ഉപേക്ഷിച്ചില്ലെങ്കില്‍ അധികം വൈകാതെ മരിച്ചു പോകും എന്നാണ് പിതാവ് എഴുതിയിരുന്നത്.

സാം പൊട്ടിച്ചിരിച്ചു. എന്റെ പിതാവിന്റെ ഉപദേശം കേട്ട് ഞാന്‍ മദ്യപാനവും പുകവലിയും ഉപേക്ഷിരുന്നെങ്കില്‍ ഞാന്‍ എത്രയോ മുമ്പേ മരിക്കുമായിരുന്നു. തന്നെ ഒരു രോഗിയായി എല്ലാവരും കണ്ട് സഹതപിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അതിന് അവസരമൊരുക്കാന്‍ അദ്ദേഹം രോഗത്തെ അനുവദിച്ചിരുന്നുമില്ല.

സാം ബഹാദൂര്‍ - മരണം മുഖാമുഖം കണ്ട അജയ്യനായ ഫീല്‍ഡ് മാര്‍ഷല്‍ദുര്‍ബലമായ ശ്വാസകോശവും പ്രായാധിക്യവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിക്കൊണ്ടിരുന്നു. അവസാന നാളുകള്‍ തനിക്കു പ്രിയപ്പെട്ട കൂനൂരിലെ വസതിയായ സ്റ്റൗക്കില്‍ കഴിച്ചു കൂട്ടുവാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.  തന്റെ വീടിന്റെ ചുറ്റുപാടുകളും, അവിടുത്തെ ഉദ്യാനവും, വളര്‍ത്തു മൃഗങ്ങളും, നാട്ടുകാരും എല്ലാറ്റിനുമുപരി  പ്രിയപ്പെട്ട ഗൂര്‍ഖാ ഓര്‍ഡേര്‍ലികളുടെ പരിചരണവും അദ്ദേഹത്തെ ഏറെ സന്തുഷ്ടനാക്കിയിരുന്നു.

അന്ത്യനാളുകള്‍ ഡോക്ടര്‍ക്കൊപ്പം
ഞാന്‍ അദ്ദേഹത്തെ അവസാനമായി കാണുന്നത് നീലഗിരിയില്‍ വെച്ചായിരുന്നു. സാമിന്റെ ആരോഗ്യം വളരെ മോശമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഞാന്‍ പെട്ടെന്ന് എത്തുകയായിരുന്നു.  2008 ജൂണ്‍ 22-നായിരുന്നു അത്.

ഞാന്‍ എത്തുമ്പോള്‍ ഒരു വിളര്‍ച്ച ആ മുഖത്ത് കാണാമായിരുന്നു. ശ്വസിക്കുന്നതിനു  അദ്ദേഹം ക്ലേശിച്ചിരുന്നു. കണ്‍പോളകള്‍ തുറക്കാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ബ്രോങ്കോ ന്യുമോണിയ ബാധിച്ച നിരവധി കേസുകള്‍ കൈകാര്യം ചെയ്ത അനുഭവത്തില്‍ നിന്ന് അതേ രോഗത്തിന്റെ ഗുരുതരമായ അവസ്ഥയില്‍ എത്തിയിരിക്കുന്ന 94 കാരനായ ഫീല്‍ഡ് മാര്‍ഷല്‍ ജീവിതത്തിന്റെ  അന്ത്യ നിമിഷങ്ങളിലേയ്ക്ക് അടുക്കുകയാണ് എന്ന് എനിക്കു മനസിലായി. അനിവാര്യമായ  മരണത്തിന്റെ മണിമുഴക്കം ഞാന്‍ കേട്ടു. മരണത്തിന്റെ തണുത്ത കരങ്ങള്‍ ഞാന്‍ കണ്ടു. കൊലയാളിയായ ന്യുമോണിയ ധീരനായ ആ പോരാളിയെ വരിഞ്ഞു മുറുക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ മരണം ഉറപ്പായിരുന്നു.

കൊച്ചു മകന്‍ ജെഹാനും, മരുമകന്‍ ധുന്‍ ധര്‍വാലയും അദ്ദേഹത്തിന്റെ കിടക്കയ്ക്ക് അരികില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി. ഒരു അത്ഭുതം സംഭവിക്കുന്നതിനായി. അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഇരുവരും ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നും കൂനൂരിലേയ്ക്കുള്ള മാര്‍ഗത്തിലായിരുന്നു. അവര്‍ വന്നു ചേരും വരെയെങ്കിലും അദ്ദേഹം ജീവിച്ചിരിക്കണെ എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന. അതു നടന്നു. എക്കാലത്തും പ്രതിബന്ധങ്ങളെ അതിജീവിച്ചിട്ടുള്ള ഫീല്‍ഡ് മാര്‍ഷല്‍ തന്റെ പ്രിയപ്പെട്ട മക്കള്‍ വരുന്നതു വരെ രോഗവുമായി മല്ലടിച്ച് നിന്നു.

മക്കള്‍ ഇരുവരെയും അദ്ദേഹം തിരിച്ചറിഞ്ഞു. അവസാനമായി അവരുമായി സംസാരിച്ചു. തന്റെ ഐതിഹാസികമായ പട്ടാള നീക്കങ്ങള്‍ പോലെ അദ്ദേഹം തന്റെ മരണത്തിനും  സമയം അനുവദിച്ചു. മരണത്തിലും അദ്ദേഹം വിജയിയായി, ജീവിതത്തിലെന്നപോലെ.
അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും നിമിഷം മുമ്പ് ഒരു അത്ഭുതം സംഭവിച്ചു. അതിന് അവിടെ നിന്നവര്‍ എല്ലാവരും സാക്ഷികളായി.

മനേക്ഷായുടെ മരണ കിടക്കയ്ക്കരികില്‍ നിന്ന ഇളയ മകള്‍ മാജാ ദര്‍വാലാ
കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെടുകയായിരുന്നു. പിതാവ് കടന്നുവന്ന പോരാട്ട
വഴികളെ കുറിച്ച് അവര്‍ അടുത്തു നിന്നവരോട് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം
മക്കളുടെ മേല്‍ ചൊരിഞ്ഞ സ്‌നേഹത്തെ കുറിച്ചും കുടുംബത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന കരുതലിനെ കുറിച്ചു വിവരിക്കവെ അവര്‍ സാന്ദര്‍ഭികമായി അമ്മയെ കുറിച്ചു പറഞ്ഞു. സില്ലൂവിന്റെ പേര് ശ്രവിച്ച മാത്രയില്‍ കടുത്ത അബോധാവസ്ഥയിലും മനേക്ഷാ പ്രതികരിച്ചു. അതുവരെ വളരെ ദുര്‍ബലമായിരുന്ന അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം പൊടുന്നനെ ഉയര്‍ന്ന് സാധാരണനിലയിലെത്തി.

2008 ജൂണ്‍ 27 പകലായിരുന്നു അദ്ദേഹത്തിന്റെ മരണം. മക്കള്‍ രണ്ടു പേരും പ്രാര്‍ത്ഥനാനിരതരായി അദ്ദേഹത്തിന്റെ കിടക്കയ്ക്ക് അരികില്‍ ഉണ്ടായിരുന്നു.

ഇരുവരും  അദ്ദേഹത്തിന്റെ കൈകളില്‍ മുറുകെ പിടിച്ചിരുന്നു.
അദ്ദേഹം തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവോ. കാരണം മരണത്തിന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു ഡോക്ടറോട് സാം തന്റെ കൈപ്പത്തിയിലെ ഒരു പാട് കാണിച്ചുകൊണ്ട് പറഞ്ഞു: ഈ പാട് മായുമ്പോള്‍ ഞാന്‍ മരിക്കും. പറഞ്ഞതു പോലെ സംഭവിച്ചു. അദ്ദേഹം മരിച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ ആ പാട് കാണാനില്ലായിരുന്നു. കെട്ടുകഥയായി തോന്നാം.

ഗുരുതരമായ രോഗാവസ്ഥയിലും ഒരിക്കല്‍ ഫീല്‍ഡ് മാര്‍ഷല്‍ മേജര്‍ ജനറല്‍ പ്രസാദിനോട് ചോദിച്ചു: എന്റെ പേര്‍ക്ക് ഒരു പെഗ് സ്‌കോച്ച് കഴിച്ചുകൂടെ? എന്റെ അവസ്ഥ അങ്ങേയ്ക്ക് അറിയാമല്ലോ. അങ്ങേയ്ക്ക് ഒരു കമ്പനി തരാന്‍ സാധിക്കാത്തതില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ദുഖിക്കുന്നു. ക്ഷമാപണം.

ഫീല്‍ഡ് മാര്‍ഷലിന്റെ മരണശേഷം  കൃത്യം ഒരാഴ്ച്ച കഴിഞ്ഞ് മേജര്‍ ജനറല്‍ പ്രസാദിനെ അമ്പരപ്പിച്ചുകൊണ്ട് ഒരു സന്ദര്‍ശകന്‍ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ഓഫീസില്‍ എത്തി. ഫീല്‍ഡ് മാര്‍ഷലിന്റെ കൊച്ചുമകന്‍ ജെഹാന്‍. മരിക്കുന്നതിന് മുമ്പ് വല്യച്ഛന്‍ പറഞ്ഞ് ഏല്പ്പിച്ച ഒരു സമ്മാനപൊതി കൈമാറാനായിരുന്നു ജൊഹാന്‍ വന്നത്.  സമ്മാനം ഒരു കുപ്പി സ്‌കോച്ച് ആയിരുന്നു. അതിനൊപ്പം ഇങ്ങനെ ഒരു കുറിപ്പും - കേണല്‍ പ്രസാദ്, ഫീല്‍ഡ് മാര്‍ഷല്‍ ക്ഷമാപണം അറിയിക്കുന്നു, അങ്ങേയ്ക്ക് ഒപ്പമിരുന്ന് ഈ സ്‌കോച്ച്  കുടിക്കാന്‍ സാധിക്കാത്തതില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Sam Hormusji Framji Jamshedji Manekshaw, Sam Manekshaw, Sam Bahadur, Military, Article, Tharun Kumar Sinha,Sam Bahadur - The Indefatigable Field Marshal and his Tryst with Death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia