Social services | സേവന സന്നദ്ധയാണവള്‍

 


അവള്‍ അവളുടെ കഥ പറയുന്നു - 5 

-കൂക്കാനം റഹ്മാന്‍

(www.kvartha.com) എന്നും യാത്ര ചെയ്യാന്‍ അവള്‍ തയ്യാറാണ്. വെറുതെയുളള യാത്രയല്ല വൃദ്ധരെ, രോഗികളെ, ആശുപത്രികളിലും, വൃദ്ധസദനങ്ങളിലും കൊണ്ടുപോകാനാണ് പ്രധാനമായും യാത്ര ചെയ്യുന്നത്. അനുഭവങ്ങള്‍ നിരവധി ഉണ്ടാവുന്നതും ഇത്തരം യാത്രകളിലാണ്. ഇന്നത്തെ യാത്രയില്‍ പതിനാറുകാരി പെണ്‍കുട്ടിയും അവളുടെ അമ്മയും കൂടെയുണ്ട്. പത്താം ക്ലാസുപരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണവള്‍. എല്ലാ ക്ലാസിലും ഉയര്‍ന്ന മാര്‍ക്കോടെയാണ് പത്താം ക്ലാസുവരെ എത്തിയത്. ഡിസ്റ്റിംഗ്ഷന്‍ കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. നല്ല വായനക്കാരിയാണ്. പരീക്ഷയ്ക്ക് രണ്ട് മാസം മാത്രമെ ഉളളൂ. ഒരു ദിവസം എഴുന്നേറ്റതു മുതല്‍ ആരോടും സംസാരിക്കുന്നില്ല. സംസാരിക്കുന്നവരോടൊക്കെ നിശബ്ദരായിരിക്കാന്‍ ആക്ഷന്‍ കാണിക്കും. അവളുടെ അനുജത്തിയായിരുന്നു ഏറ്റവും നല്ല കൂട്ടുകാരി. ഒപ്പം കളിക്കുകയും ചിരിക്കുകയും കഥപറയുകയും ചെയ്യുന്നത് അവളുടെ സ്ഥിരം പരിപാടിയായിരുന്നു.
     
Social services | സേവന സന്നദ്ധയാണവള്‍

അനിയത്തിയോടുപോലും സംസാരിക്കുന്നില്ല. വായനയില്ല, കളിചിരിയില്ല, ഭക്ഷണം കഴിക്കും കിടന്നുറങ്ങും. വീട്ടുകാരൊക്കെ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ടു. ഇക്കഥയറിഞ്ഞ അവള്‍ പ്രസ്തുത വീട്ടിലെത്തി. കുട്ടിയെ കണ്ടു. അടുത്ത ദിവസം ബാംഗ്ലൂരിലുളള 'നിഹാംസ്' ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് നിര്‍ദ്ദേശവും നല്‍കി. അങ്ങിനെ അവരോടൊപ്പമാണ് ട്രെയിന്‍ യാത്ര ചെയ്യുന്നത്. ഇതേ സ്വഭാവക്കാരായ ഒന്നുരണ്ടു കുട്ടികളെ നിഹാംസിലെത്തിച്ച് സുഖപ്പെടുത്തിയ അനുഭവം അവള്‍ക്കുണ്ട്. ട്രെയിന്‍ പുറപ്പെട്ടു കിഴിഞ്ഞു. ഇത്തരം യാത്രകളില്‍ പുറത്തും അകത്തുമുളള കാഴ്ചകളിലാണ് അവളുടെ കണ്ണുടുക്കുക. പെണ്‍കുട്ടി നല്ല ഉറക്കത്തിലാണ് അവളുടെ അമ്മയുടെ മടിയില്‍ തലവെച്ച് ശാന്തമായി ഉറങ്ങുകയാണ്.

ട്രെയിനില്‍ ആള്‍ത്തിരക്ക് കുറവായിരുന്നു. ഞായാറാഴ്ചയായതുകൊണ്ട് ഓഫീസുകളും കോളേജുകളും ഇല്ലാത്തതുകൊണ്ടാവാം ട്രെയിനില്‍ തിരക്കുകുറവ്. ട്രെയിനില്‍ ജനലരികില്‍ ഇരിക്കുന്ന ഒരു സ്ത്രീയെ അവള്‍ ശ്രദ്ധിച്ചു. തലയില്‍ സാരിത്തലപ്പ് വലിച്ചിട്ടുണ്ട്. നോട്ടത്തില്‍ ഒരു മുസ്ലിം സ്ത്രിയാണെന്ന് തോന്നിച്ചു. ഇടയ്ക്ക് സ്ത്രീയുടെ മുഖം വെളിയില്‍ കണ്ടു. സൗന്ദര്യ ബോധമില്ലാത്തവളാണെന്നു തോന്നി. ചെവിക്കടുത്ത് പൊളളല്‍ ഏറ്റപോലെ ഒരടയാളമുണ്ടായിരുന്നു. അവള്‍ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. കാണാന്‍ സൗന്ദര്യമില്ലാത്ത സ്ത്രീകളെ ഇഷ്ടപ്പെടും. ധാര്‍ഷ്ട്യം കാണിക്കുന്ന പൊങ്ങച്ചം കാണിക്കുന്ന സ്ത്രീകളോട് അവള്‍ അടുപ്പം കാണിക്കാറില്ല.

പുറത്തേക്ക് നോക്കി ഏതോ ചിന്തയിലാണ്ടു നില്‍ക്കുന്ന ആ സ്ത്രീയുടെ അടുത്തേക്ക് അവള്‍ ചെന്നിരുന്നു. കുറേനേരം നിശബ്ദയായി ഇരുന്നു. ആ സ്ത്രീയോട് അവള്‍ ഒന്നു ചിരിച്ചു. കറുത്ത മുഖത്തെ വെളുത്ത പല്ലുകള്‍കാട്ടിയുളള ചിരി അവള്‍ക്കിഷ്ടപ്പെട്ടു. അവള്‍ നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ചോദിച്ചു 'പേരെന്താണ്?'
'നജ്മ' പേരുകേട്ടപ്പോള്‍ തന്നെ അവള്‍ ഉറപ്പിച്ചു മുസ്ലിം സ്ത്രീ തന്നെ. 'എവിടേക്കാണ് പോകുന്നത്?,. 'മംഗലാപുരത്തേക്ക്', പിന്നെ ചോദ്യമൊന്നുമുണ്ടായില്ല. നജ്മ തിരിച്ചും എന്തെങ്കിലും ചോദിക്കുമെന്ന് അവള്‍ കരുതി പക്ഷേ അതുണ്ടായില്ല. അവള്‍ക്ക് നിശബ്ദമായി ഇരിക്കാന്‍ കഴിയുന്നില്ല. എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കണം. അത്തരം സംസാരങ്ങളില്‍ നിന്ന് പല അറിവുകളും കിട്ടും. 'എന്തു ചെയ്യുന്നു?'.
'ഞാന്‍ മംഗലാപുരത്തെ മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് വിഭാഗത്തിലെ പ്രൊഫസറാണ്'. അവള്‍ക്ക് അത്ഭുതം തോന്നി. ഈ ചെറിയ പ്രായത്തില്‍ ഉന്നത പദവിയിലെത്തിയ നജ്മയെ അഭിനന്ദിച്ചുകൊണ്ട് അവള്‍ സംസാരിച്ചു.
   
Social services | സേവന സന്നദ്ധയാണവള്‍

അവള്‍ക്കും ഒരു നഴ്സ് ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആഗ്രഹങ്ങളൊക്കെ എപ്പോഴും സഫലീകൃതമാകണമെന്നില്ലല്ലോ. ഈ ആഗ്രഹം അവള്‍ അറിയിച്ചപ്പോള്‍ രണ്ടുപേരും കൂടുതല്‍ അടുക്കാന്‍ തുടങ്ങി. നജ്മയ്ക്ക് അവളേയും അവള്‍ക്ക് നജ്മയേയും കൂടുതല്‍ ഇഷ്ടപ്പെട്ടു. അവള്‍ ചെയ്തുവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ നജ്മയോടു സംസാരിച്ചു. ഇതു കേട്ടപ്പോള്‍ നജ്മയും അവളുടെ കഥപറയാന്‍ തുടങ്ങി. ഇന്നേവരെ ആരോടും പറയാത്ത അനുഭവമാണ് നജ്മ വേറൊരാളോട് പങ്കുവെക്കുന്നത്. ആകാംഷയോടെ അവള്‍ കഥ കേട്ടിരുന്നു. നജ്മ തുടങ്ങിയതു തന്നെ സൗന്ദര്യത്തെക്കുറിച്ചായിരുന്നു. പിന്നെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇതേവരെ എത്തിയ സംഭവങ്ങള്‍ എല്ലാം വ്യക്തമായി നജ്മ വിശദീകരിക്കാന്‍ തുടങ്ങി. അവളോട് പ്രത്യേകമായി എന്തോ മമത തോന്നിയതുകൊണ്ടാവാം ഉളളുതുറന്ന് സംസാരിച്ചത്.

ഞാന്‍ പാവപ്പെട്ട കുടുംത്തില്‍പെട്ടവളാണ്. പ്ലസ്ടു വരെ പഠിച്ചു. നല്ല മാര്‍ക്കോടെ ജയിച്ചു. ഞാന്‍ ജന്മനാ രോഗിയാണ്. എന്റെ ഇടതുചെവിയുടെ ഭാഗത്ത് ഒരടയാളം കാണുന്നില്ലേ. നര്‍വിന് ബാധിച്ച ഒരു രോഗമാണ്. ഇതുമൂലം ശാരീരികമായി എന്തല്ലാമോ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഒരു സ്ത്രീയെ സംന്ധിച്ചിടത്തോളം അവളുടെ പല ആഗ്രഹങ്ങളും സഫലീകരിക്കാതെ പോവുന്ന അവസ്ഥ സംജാതമാവും.
അവള്‍ക്ക് നജ്മ പറഞ്ഞതിന്റെ പൊരുള്‍ കിട്ടി. ഒരമ്മയാവാന്‍ സാധ്യതയില്ല എന്ന് മനസിലായി. അവള്‍ക്കും ഇതേ പ്രശ്നമുണ്ടായതാണല്ലോ പ്രസവിക്കരുതെന്ന് ഡോക്ടര്‍മാരൊക്കെ ശുപാര്‍ശ ചെയ്തതാണ്. എന്തോ അശ്രദ്ധമൂലം ഗര്‍ഭിണിയായി അവളുടെ പ്രസവം ജീവന്‍മരണ പോരാട്ടമായിരുന്നു. എന്നിട്ടും ഒരു കുഞ്ഞിനെ കിട്ടി. നജ്മയുടേത് അതിനേക്കാള്‍ കഷ്ടമാണ്. ഗര്‍ഭം ധരിക്കുകയേയില്ല എന്നതാണ് നജ്മയുടെ രോഗത്തിന്റെ അവസ്ഥ.

നജ്മ തുടര്‍ന്നു. 'അങ്ങിനെ നഴ്സിംഗ് പഠിക്കണമെന്ന് തീരുമാനിച്ചു. ബാപ്പയും ഉമ്മയും വിദ്യഭ്യാസമുളളതിനാല്‍ അതിന് സമ്മതം കിട്ടി. അഞ്ച് കൊല്ലക്കാലത്തെ പഠനം ഒരുപാട് അനുഭവങ്ങളുടെ പഠനമായിരുന്നു. വിത്യസ്തരായ പഠിതാക്കള്‍ വിവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ അതൊക്കെ കണ്ടും കേട്ടും പഠിച്ചപ്പോള്‍ എന്റെ പ്രശ്നം ഒന്നുമല്ലാതായി. നഴ്സിംഗ് കഴിഞ്ഞപ്പോള്‍ പ്രായം ഇരുപത് പിന്നിട്ടു. ഞങ്ങളുടെ നാട്ടുനടപ്പനുസരിച്ച് പതിനേഴ് പതിനെട്ടാവുമ്പോള്‍ വിവാഹാലോചന തകൃതിയായി നടക്കും വിവാഹവും നടക്കും. എന്റെ കാര്യത്തില്‍ അത്രയൊന്നും അന്വേഷണം നടന്നില്ല. ഒന്ന് എന്റെ സൗന്ദര്യ പ്രശ്നമായിരിക്കാം. അല്ലെങ്കില്‍ നഴ്സിംഗ് ജോലിയോട് താല്‍പര്യമില്ലാത്തത് കൊണ്ടാവാം'.
സൗന്ദര്യമില്ലായ്മ എന്ന കാരണം പറഞ്ഞപ്പോള്‍ അവള്‍ നജ്മയോട് പറഞ്ഞു. 'ഈ ബാഹ്യമായി കാണുന്ന സൗന്ദര്യം ജീവിതത്തില്‍ ഗുണം ചെയ്യില്ല. മനസ്സിന്റെ സൗന്ദര്യമാണ് പ്രധാനം. നജ്മയുടെ നിഷകളങ്കമായ പറച്ചില്‍ മതി മനസ്സിന്റെ സൗന്ദര്യം കാണാന്‍'.

നജ്മ തുടര്‍ന്നു. പഠിച്ച കോളേജില്‍ തന്നെ ട്യൂട്ടറായും ലക്ച്ചറായും ഇപ്പോഴിതാ പ്രൊഫസറായും ജോലി ചെയ്യുന്നു. ഞാന്‍ ഇന്ന് പൂര്‍ണ സംതൃപ്തയാണ്. കൂട്ടുകാരും ബന്ധുക്കളും വിവാഹത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു . എന്റെ യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന് ആരും മനസ്സിലാക്കുന്നില്ല. അന്വേഷിക്കുന്നുമില്ല. എനിക്ക് വിവാഹം വേണമെന്ന ചിന്തയൊന്നുമില്ല പക്ഷേ കാര്യങ്ങളെല്ലാം മനസിലാക്കി ജീവിതത്തിലേക്ക് കടന്നുവരാന്‍ താല്‍പര്യമുളള വ്യക്തിയായിരിക്കണം പങ്കാളിയായി വരുന്നത്. ജീവിതത്തില്‍ നിന്ന് ഞാന്‍ പലതും പഠിച്ചു. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യപ്പറ്റുളള വ്യക്തിയെ ജീവിതസഖിയായി കിട്ടുമെങ്കില്‍ അതാണുത്തമമെന്ന് തോന്നി.

നവ മാധ്യമങ്ങളിലൂടെ വിവിധതരത്തിലുളള വിവാഹപരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാണാന്‍ തീരെ ഗ്ലാമറില്ലാത്ത ചെറുപ്പക്കാരന്റെ ഫോട്ടോയും കുറിപ്പും കണ്ടു. അതില്‍ ഊന്നി പറഞ്ഞിരിക്കുന്നകാര്യം ജാതി-മതം-സൗന്ദര്യം ഇതൊന്നും പ്രശ്നമില്ല എന്നതാണ്. അതൊരു ക്രിസ്ത്യന്‍ ചെറുപ്പക്കാരനായിരുന്നു. ഞാന്‍ ജനിച്ചു വളര്‍ന്നത് തനി ഓര്‍ത്തഡോക്സ് കുടുംത്തിലാണ്. നാട്ടുകാരെല്ലാം അങ്ങിനെ ജീവിക്കുന്നവരുമാണ്. എന്റെ രോഗം ജോലി കുടുംകാര്യങ്ങളെല്ലാം ചൂണ്ടികാണിച്ചപ്പോള്‍ അവന്‍ വിവാഹത്തിന് തയ്യാറായി. ബാപ്പയോടും അടുത്ത കുടുംബാംഗങ്ങളോടും അന്വേഷിച്ചു അവരൊക്കെ അനുകൂലമായിരുന്നു. ഞാന്‍ പൂര്‍ണസംതൃപ്തയാണിന്ന്. പറ്റാവുന്നത്ര സാമൂഹ്യ സേവനം ചെയ്യുന്നു'.

'എന്റെ കൂടെ നജ്മ നില്‍ക്കണം. നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം'. അവളും നജ്മയും പരസ്പരം കെട്ടിപ്പിടിച്ചു. അപ്പോഴേക്കും ട്രെയിന്‍ മംഗലാപുരത്തേക്ക് എത്തിയിരുന്നു. രണ്ടുപേരും രണ്ടു വഴിക്ക് നീങ്ങി. ഇനിയും അവര്‍ ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം നമുക്ക്.



Keywords: Social services, Woman, Wedding, Charity, Treatment, Kookkanam Rahman, Article, Story, She is ready to social service.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia