ഒന്നും മിണ്ടാതെ പോയവള്‍

 


കൂക്കാനം റഹ്‌മാന്‍

വളെക്കുറിച്ചുളള ചിന്ത അയാളുടെ മനസിനെ ചിലപ്പോഴൊക്കെ മഥിച്ചുകൊണ്ടിരിക്കും. അറുപതിലെത്തിയിട്ടും. നാല്പതു വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച പ്രണയകഥയിലെ നായികാ-നായകന്മാരായിരുന്നു അവര്‍. കാലം ഇത്രയും പിന്നിട്ടിട്ടും, അവര്‍ മുത്തച്ഛനും മുത്തശ്ശിയുമായിട്ടും മധുരമൂറുന്ന ഓര്‍മയെ താലോലിക്കാന്‍ അയാള്‍ക്കിഷ്ടമാണ്.

അയാളുടെ ചിന്ത നാലുപതിറ്റാണ്ടിനപ്പുറത്തേക്കു നീണ്ടു. 'മധൂ നിന്റെ സൈക്കോളജി നോട്ട് ബുക്ക് ഒന്നു തരാമോ?' കൂട്ടുകാരികളോടൊത്ത് ക്ലാസ് വിട്ട് ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന അവള്‍ ആവശ്യപ്പെട്ടു. അവന്‍ നോട്ട് ബുക്ക് കൈമാറി. അടുത്ത ദിവസം ആ ബുക്ക് തിരിച്ചു തരുന്നതിനെക്കുറിച്ചായിരുന്നു പതിനെട്ടുകാരന്റെ ചിന്ത. അതിനകത്ത് എന്തെങ്കിലും കുറിപ്പ് വെക്കുമോ? എന്നോടുളള സ്‌നേഹത്തെക്കുറിച്ച് തമ്മില്‍ ഇതേ വരെ പറഞ്ഞില്ലല്ലോ? അത് കൊണ്ട് കുറിപ്പ് ഉണ്ടാവും തീര്‍ച.

അന്ന് രാത്രി മുഴുവന്‍ മധുവിന്റെ ചിന്ത അവളെക്കുറിച്ചായി. ചിന്നു മനോഹരിയാണ്. ചിരിച്ചു കാണുമ്പോള്‍ എന്തെന്നില്ലാത്ത മുഖകാന്തി. ഇരുവശത്തേക്കും പിന്നിയിട്ട ചുരുളന്‍ മുടിയില്‍ നമ്പ്യാര്‍വട്ട പൂവ് തിരുകിവെച്ചത് കാണുമ്പോള്‍ ചിന്നുവിന്റെ സൗന്ദര്യത്തിന് മാറ്റ് കൂടും. കറുത്ത ബ്ലൗസും കറുത്ത പുളളികളുളള വെളള സാരിയും ചിന്നുവിന് നന്നേ ചേരും.

ഇതൊക്കെ അവളോട് പറയാന്‍ എന്നും മനസു വെമ്പും. പക്ഷേ പറയാനുളള അവസരം കിട്ടുന്നേയില്ല. കാണാന്‍ കിട്ടുന്നത് ഉച്ചയ്ക്ക് മുമ്പുളള ഇന്റര്‍വെല്‍ സമയത്തും ഉച്ചയ്ക്കും, ക്ലാസുവിടുമ്പോഴും. ഒന്നു നോക്കാനും ചിരി കൈമാറാനും മാത്രം. അതിലപ്പുറമൊന്നും ഇരുവര്‍ക്കും ആയില്ല.

മധു നാടക നടനും, എഴുത്തുകാരനും, സ്‌കൂള്‍ ലീഡറുമൊക്കെയാണ്. അതൊക്കെയായിരിക്കാം ചിന്നുവിന് മധുവിനോടുളള സ്‌നേഹക്കൂടുതലിന്റെ കാരണം. ചിന്നുവിനെക്കുറിച്ച് മധു കയ്യെഴുത്തു മാസികയിലൊരു കവിത എഴുതിയിരുന്നു. അടുത്ത ദിവസം കവിത കണ്ടു വായിച്ചു എന്നവള്‍ പറഞ്ഞു.  'എനിക്ക് പറയാനുളളതെല്ലാം നിന്റെ നോട്ടുബുക്കിന്റെ പൊതിക്കുളളില്‍ ഒരു കടലാസിലുണ്ട് നോക്കണേ' എന്ന് അവള്‍ സൂചിപ്പിച്ചു.

അക്കാര്യം മധു ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലെത്തിയ ഉടനെ സൈക്കോളജി നോട്ടുബുക്കിന്റെ പൊതി അഴിച്ചു നോക്കി. മധു ചിന്തിച്ചതൊക്കെ ആ കുറിപ്പിലുണ്ടായിരുന്നു. മധുവിനെ എനിക്ക് മറക്കാനാവില്ല. ചിരിക്കുമ്പോഴും വര്‍ത്തമാനം പറയുമ്പോഴും ഉണ്ടാവുന്ന മധുവിന്റെ മുഖഭാവം എത്രമനോഹരമാണെന്നോ? എന്നും കണ്ടില്ലെങ്കില്‍ എന്തോ നഷ്ടപ്പെട്ട പോലെ തോന്നുന്നു. ഇതിനകത്ത് ഒരു ഫോട്ടോ വെച്ചിട്ടുണ്ട്. സ്വകാര്യമായി വെക്കണേ. എനിക്ക് മധുവിന്റെ ഒരു ഫോട്ടോ തരില്ലേ? കാണാത്തപ്പോള്‍ ആ മുഖത്ത് നോക്കിയിരിക്കാന്‍... ഇനിയും പറയാനുണ്ട് ഏറെ... പിന്നീടാവാം സ്വന്തം.....

തന്റെ ചിന്ത തന്നെ ചിന്നുവിനും എന്ന് തിരിച്ചറിഞ്ഞ നിമിഷം... തന്നെ സ്‌നേഹിക്കുന്നു എന്നറിഞ്ഞ ദിവ്യമൂഹൂര്‍ത്തം. ഇത് ഇപ്പോള്‍ യാര്‍ത്ഥ്യമായി. മധു സന്തോഷം കൊണ്ട് മതിമറന്നു. സ്‌കൂള്‍ ലീഡറെന്ന നിലയില്‍ സ്‌കൂളിലെ എല്ലാകാര്യങ്ങളിലും മധു സജീവമായിരുന്നു. രാവിലെ സ്‌കൂള്‍ അസംബ്ലിയില്‍ ക്ലാസ് ലീഡേര്‍സ് റിപോര്‍ട്ട് പറയുമ്പോള്‍ ക്ലാസ് ലീഡറായ ചിന്നു സ്‌കൂള്‍ ലീഡറായ മധുവിനെ സല്യൂട്ട് ചെയ്യും. മധു ചിരിക്കും. കാണുമ്പോള്‍ സല്യൂട്ടിന്റെ പോരായ്മകളെക്കുറിച്ച് സൂചിപ്പിക്കും.

നമ്പൂതിരി സാറിന്റെ കമ്പയിന്റ് ക്ലാസ് അവര്‍ക്ക് സ്വര്‍ഗതുല്യമായിരുന്നു. മുപ്പതു പെണ്‍കുട്ടികളും മുപ്പത് ആണ്‍കുട്ടികളുമായിരുന്നു  ടി.ടിസി ക്ലാസിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍. നമ്പൂതിരി സാര്‍ ഇരുന്ന ഇരിപ്പില്‍ നിന്നെണീക്കാതെ ലോകമഹായുദ്ധങ്ങളും നദീജല പ്രവാഹവും പറഞ്ഞു കൊണ്ടിരിക്കും. കടലാസ് ചുരുളുകള്‍ മധുവും ചിന്നുവും പരസ്പരം തറയിലൂടെ കൈമാറിക്കൊണ്ടിരിക്കും. അതോര്‍ക്കുമ്പോള്‍ ഇന്നും മധുവെന്ന അറുപതുകാരന്‍ പതിനാറുകാരനാവും.

കമ്മ്യുണിറ്റി വര്‍ക്കുളള അവസരങ്ങളും പരസ്പരം അടുക്കാനും പറയാനും അവസരമുണ്ടാക്കി. പലപ്പോഴും എന്തെങ്കിലും ആവശ്യവുമായി ചിന്നു മധുവിനെ സമീപിക്കും. അതെല്ലാം എന്തു ബുദ്ധി മുട്ടിയും മധു ചെയ്തു കൊടുത്തിരിക്കും. കോര്‍സ് അവസാനിക്കാറായി...

ജീവിതത്തെക്കുറിച്ചൊന്നും അവരിരുവരും സംസാരിച്ചിരുന്നില്ല. പറയുമ്പോള്‍ പറയട്ടെയെന്ന് മധുവും കരുതി. ഒന്നിച്ചുളള ജീവിതത്തെക്കുറിച്ച് മധു സ്വപ്നം നെയ്തിരുന്നു. കോഴ്‌സ് കഴിഞ്ഞ് പരീക്ഷയെഴുതി. വിജയിച്ച് ഒരു ജോലിതരപ്പെടുത്തണം. ചിന്നുവിനും ആ മോഹം കാണുമെന്ന് മധു കരുതി. വിവാഹഹത്തെക്കുറിച്ചും ഒരു കൊച്ചു വീടിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചുമെല്ലാം സ്വപ്നങ്ങള്‍ കണ്ടു. ഒക്കെ നടക്കുമെന്നും മധു കരുതി.      
           
ചിന്നുവിന്റെ കുടുംബത്തെക്കുറിച്ചോ, മറ്റോ മധു ഒന്നും ചോദിച്ചറിഞ്ഞില്ല. അതിന്റെ ആവശ്യമൊന്നുമില്ലെന്നു കരുതി. ആശകള്‍ പെറുക്കി കൂട്ടിവെച്ച് മധു നാളുകള്‍ നീക്കി. അവസാന പരീക്ഷ ദിവസവും കഴിഞ്ഞു. എല്ലാവരും സ്വന്തം വീടുകളിലേക്ക് തിരിക്കാന്‍ ധൃതികൂട്ടുകയായിരുന്നു. ചിന്നു മധുവിന്റെ അടുത്തെത്തി. ആരുമില്ലാത്ത തക്കം നോക്കിയാണ് ചിന്നു വന്നത്. സാധാരണ കാണുമ്പോഴുളള അവസ്ഥയിലായിരുന്നില്ല അവള്‍. അധികമൊന്നും സംസാരിച്ചില്ല. 'മധു പോകട്ടെ...' എന്നു മാത്രം. ഒരു കവര്‍ കയ്യില്‍ തന്നു 'അതില്‍ എല്ലാമുണ്ട്. വായിച്ചു നോക്കി മറുപടി തരണേ' എന്നു കൂടി സൂചിപ്പിച്ചു.

കവര്‍ ഭദ്രമായി ബുക്കിനുളളില്‍ സൂക്ഷിച്ച് മധുവും തിരിഞ്ഞു നടന്നു. വീട്ടിലെത്താന്‍ ധൃതിയായിരുന്നു. കവര്‍ തുറക്കാന്‍. അതിലെ എഴുത്ത് വായിക്കാന്‍. എന്തൊക്കെയായിരിക്കും എഴുതിയിട്ടുണ്ടാവുക. ഭാവിയെക്കുറിച്ച്...... ജീവിത്തെക്കുറിച്ച്..... ജോലിയെക്കുറിച്ച്........ എത്രകാലം കാത്തിരിക്കണമെന്നതിനെക്കുറിച്ച്.... മധുവിന്റെ ചിന്ത പാറിപ്പറക്കുകയായിരുന്നു.

വീട്ടിലെത്തി. മുറിക്കകത്ത് കയറി. കതകടച്ചു. ആകാംക്ഷയോടെ കവര്‍ തുറന്നു. കൈവിറക്കുന്നു. ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. കത്തിലെ വാചകങ്ങള്‍ ഇങ്ങിനെ...

പ്രിയപ്പെട്ട മധുവിന്,
ഇതേ വരെ പറയാത്ത ഒരു കാര്യം ആദ്യമേ കുറിക്കട്ടെ. പറഞ്ഞാല്‍ മധുവിന്റെ സ്‌നേഹം എനിക്ക് കിട്ടാതാവും. അതെനിക്ക് സഹിക്കാനാവില്ല. കഴിഞ്ഞ കുറേ മാസങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. മധുവിനെ പോലുളള ഒരു സുഹൃത്തിനെ കിട്ടിയതില്‍ ഞാന്‍ മതിമറന്ന് ആഹ്ലാദിച്ചു. രണ്ട് വര്‍ഷം മുമ്പേ അന്ന് പതിനാറുകാരിയായ എന്നെ 30കാരന് വിവാഹം ചെയ്തു കൊടുത്തിരുന്നു. സ്‌നേഹിക്കാന്‍ അറിയാത്ത ആ മനുഷ്യന്റെ കൂടെ ശിഷ്ട ജീവിതവും കഴിക്കാന്‍ വിധിക്കപ്പെട്ടവളാണ് ഞാന്‍.... മധു എന്നോട് ക്ഷമിക്കണം. എനിക്ക് തന്ന സ്‌നേഹത്തിനും, സഹായത്തിനും ഒരു പാട് നന്ദിയുണ്ട്...

ഇത്തരമൊരു വഞ്ചന മധു പ്രതീക്ഷിച്ചില്ലായിരുന്നു... എല്ലാം ഒരു സ്പനം പോലെ കരുതി മധു സമാധാനിച്ചു... വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞു... പഠിച്ച സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം വെക്കാന്‍ അന്നത്തെ ചില സഹപാഠികളെക്കണ്ട് തീരുമാനിച്ചു. ഇന്‍സ്റ്റിട്യൂഷനില്‍ ചെന്ന് വിലാസം സംഘടിപ്പിച്ചു. ക്ഷണക്കത്തയച്ചു. ചിന്നുവിനെ കാണാനുളള ഒരവസരമൊരുക്കിയതായിരുന്നു. പക്ഷെ അവള്‍ വിളിച്ചു പറഞ്ഞു. മകളുടെ ജോലിയുമായി ബന്ധപ്പെട്ട് ബാംഗളൂരിലാണുളളത്. വരാന്‍ പറ്റില്ല എന്നറിയിച്ചു. പരിപാടി നടന്നു.

ഫോണ്‍ നമ്പര്‍ കിട്ടയതിനാല്‍ ചിന്നുവിനെ മധു ഇടയ്ക്കിടക്ക് വിളിച്ചു കൊണ്ടിരുന്നു, വെറുതെ ഒരു രസത്തിന്... ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍ ഇവരോടൊപ്പം ചിന്നുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പ്ലാനിട്ടു. അവള്‍ അറിയാതെ കടന്നു ചെല്ലാനായിരുന്നു മോഹം.

പോകാന്‍ തീരുമാനിച്ചതിന്റെ തലേന്നാള്‍ ചിന്നുവിന്റെ ഫോണിലേക്ക് വിളിച്ചു. മറുതലക്കല്‍ ഫോണ്‍ എടുത്തത് മകളായിരുന്നു... അവള്‍ കരച്ചിലടക്കി പറഞ്ഞു.

അമ്മ.. ഇന്നലെ... പോയി... സാര്‍.

ഒന്നും മിണ്ടാതെ പോയവള്‍

Keywords:  Article, Girl, Friends, school, Book, Love, Kookanam-Rahman, She's gone from me, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia