നോവൽ ഭാഗം - 1 / ഇബ്രാഹിം ചെര്‍ക്കള
(www.kvartha.com 20.05.2021) ഇരുട്ടില്‍ മൂടിയ പള്ളിപ്പറമ്പ് നിശ്ശബ്ദം. ജനാലയില്‍ കൂടി അരിച്ചിറങ്ങുന്ന തണുപ്പ്. സിദ്ദീഖ് ഉസ്താദ് നല്ല ഉറക്കത്തിലാണ്. സംഗീതം പൊഴിച്ച് കൊതുകുകള്‍ വട്ടമിട്ടു പറക്കുന്നു. പള്ളിയുടെ തട്ടിന്‍പുറത്താണ് ഉറക്കം. രാത്രിയുടെ അന്ത്യയാമത്തില്‍ മരക്കോണിയില്‍ നേരിയ പാദസ്പര്‍ശം... അത് അടുത്തടുത്തുവന്നു. പുതപ്പ് ഒന്നുകൂടി ഇറുക്കിപ്പിടിച്ചു. തനിക്ക് ചുറ്റും ചെറിയ പ്രകാശം പടരുകയാണ്, കൂടെ സുഗന്ധവും. ഒന്നുകൂടി ചുരുണ്ടുകൂടി.
തലയില്‍ നിന്നും ആരോ പുതപ്പ് വലിച്ച് നീക്കുകയാണ്. തലയില്‍ നേര്‍ങ്ങനെയുള്ള തടവല്‍. നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. കാതില്‍ എന്തോ മന്ത്രിക്കുന്നു. ഒന്നും വ്യക്തമല്ല. ഉറക്കെ ശബ്ദിക്കാന്‍ ശ്രമിച്ചു. ശബ്ദം പുറത്തുവരുന്നില്ല. കണ്ണുകള്‍ തുറക്കാന്‍ പണിപ്പെട്ടു. നേരിയ വെളിച്ചത്തില്‍ ആ രൂപം തെളിഞ്ഞുവന്നു. വെള്ള തലപ്പാവ് ധരിച്ചിരിക്കുന്നു, നീണ്ട താടിരോമങ്ങള്‍, കണ്‍പുരികങ്ങള്‍ പോലും വെളുത്ത രോമങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. തിളങ്ങുന്ന കണ്ണുകള്‍. ചുണ്ടില്‍ അപ്പോഴും മാന്ത്രികശബ്ദം തുടര്‍ന്നു. പണിപ്പെട്ടു കൈനീട്ടി ആ രൂപത്തെ തട്ടിമാറ്റാന്‍ ഒരു ശ്രമം നടത്തി.
അത് എഴുന്നേറ്റ് നിന്നു. ചുണ്ടില്‍ മന്ദഹാസം. നല്ല മുഖപരിചയം. നീണ്ടുനിവര്‍ന്നു നിന്നു. ശരീരം മൂടിയ വെള്ള കമ്മീസ്. അല്പസമയം നിശബ്ദമായി നോക്കിനിന്നശേഷം പതുക്കെ അത് അകന്ന് പോയി. കോണിപ്പടിയില്‍ ശബ്ദം കേട്ടില്ല. ഉറക്കം തീര്‍ത്തും അകന്നുപോയി. കണ്ണുതുറന്ന് ചാടിയെഴുന്നേറ്റു വെപ്രാളത്തോടെ ചുറ്റും നോക്കി. ആരെയും കാണുന്നില്ല.
പള്ളിയിലും പുറത്തും നല്ല ഇരുട്ട്. എന്താണ് സംഭവിച്ചത്? സ്വപ്നമാണോ? അതോ തോന്നിയതാണോ? ഏറെ സമയം സിദ്ദീഖ് ഉസ്താദ് ഇരുന്നു. ശരീരത്തിന് നേരിയ വിറയല്‍ തോന്നി. മനസ്സില്‍ പല മുഖങ്ങളും തെളിഞ്ഞുവന്നു. പക്ഷെ, ഉറക്കത്തില്‍ കടന്നുവന്ന രൂപത്തിനോട് സാമ്യം തോന്നിയില്ല. ജിന്നാണോ, അതോ മലക്കുകളോ. ഒന്നും അറിയാത്ത അസ്വസ്ഥത. നെടുവീര്‍പ്പോടെ ഉസ്താദ് എഴുന്നേറ്റ് പതുക്കെ കോണിയിറങ്ങി താഴെയെത്തി. കൂജയില്‍ നിന്നും അല്പം തണുത്ത വെള്ളം കുടിച്ചപ്പോള്‍ നേരിയ ആശ്വാസം.
വാതില്‍ തുറന്നു വരാന്തയില്‍ ഇറങ്ങി നിന്നു. എങ്ങും നിശ്ശബ്ദത. പള്ളിപ്പറമ്പില്‍ നിറഞ്ഞ കാട്ടില്‍ മിന്നാമിനുങ്ങുകള്‍ പാറി നടന്നു. ഖബറില്‍ നിന്നും ഉണര്‍ന്നുവന്ന ആത്മാവ് പോലെ അത് ലക്ഷ്യമില്ലാതെ അകന്നുപോയി. നെച്ചിക്കാട്ടില്‍ തവളയുടെ രോദനം. ധാരാളം പാമ്പുകള്‍ ഉണ്ടെന്ന് പലരും പറയാറുണ്ട്. പക്ഷെ ആരെയും ഉപദ്രവിക്കാറില്ല. പള്ളിയുടെ മുറ്റത്ത് തന്നെ വലിയ കുളമുണ്ട്. മഴയത്ത് നാട്ടിലെ എല്ലാ കുട്ടികളും നീന്തല്‍ പഠിക്കുന്ന കുളം. വേനലില്‍ വെള്ളം താഴ്ന്ന് പോകുന്നത് കൊണ്ട് പിന്നെ ഉപയോഗിക്കാറില്ല. പൊളിഞ്ഞ പടവുകളില്‍ പാമ്പിന്‍ ഉറകള്‍ കാണാം. മഴക്കാലത്തു തെളിഞ്ഞ പനിനീര്‍ജലമാണെങ്കിലും വേനലില്‍ പച്ചപ്പായലുകള്‍ മൂടും. കുളത്തിന് പള്ളിയെക്കാള്‍ പഴക്കമുണ്ട്. ആദ്യകാലത്ത് കൃഷിക്കുവേണ്ടി ഉപയോഗിച്ചിരുന്ന ഒരു കുഴി മാത്രമായിരുന്നു അത്. പള്ളി വന്നതോടെ അല്പം വീതി കൂട്ടി ചുറ്റും പടവുകള്‍ കെട്ടി കുളം രൂപപ്പെടുത്തി.
സിദ്ദീഖ് ഉസ്താദ് പള്ളിക്കകത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഉറക്കത്തില്‍ തന്നെ ചുംബിച്ച രൂപം മനസ്സില്‍ കിടന്നു പിടഞ്ഞു. സുബ്ഹി ബാങ്ക് വിളിക്കാന്‍ സമയമായി വരികയാണ്. അംഗശുദ്ധി വരുത്തി ഉസ്താദ് പ്രാര്‍ത്ഥനയില്‍ മുഴുകി. അല്ലാഹു അക്ബർ, അല്ലാഹു അക്ബര്‍... ബാങ്ക്‌വിളിയുടെ രാഗതാളം ഗ്രാമത്തിന്റെ ആലസ്യത്തെ ഉണര്‍ത്തി. ഒരു ദിവസത്തിന്റെ ഉണര്‍വ്വിലേക്ക് ഗ്രാമവഴികള്‍ ജീവന്‍വെച്ച് തുടങ്ങി. വീടുകളില്‍ വെളിച്ചം പടര്‍ന്നു. പലവഴിയായി വേലിപ്പടര്‍പ്പുകള്‍ കടന്ന് ആളുകള്‍ എത്തിത്തുടങ്ങി. അഷ്‌റഫ് ഹാജിയാണ് എന്നും ആദ്യം എത്തുന്നത്. ഇന്ന് എന്തുപറ്റി. നാട്ടിലെ നല്ല കാര്യങ്ങളുടെയെല്ലാം നെടുംതൂണ് ഹാജിയാറാണ്. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നല്ല മനസ്സോടെ അദ്ദേഹം ഏറെ സഹായിച്ചിട്ടുമുണ്ട്.
നിസ്‌കാരം കഴിഞ്ഞു ആളുകള്‍ പിരിഞ്ഞതിന്ന് ശേഷമാണ് ഹാജിയാര്‍ എത്തിയത്. 'എന്താ ഉറങ്ങിപ്പോയോ?' ഉസ്താദിന്റെ ചോദ്യം കേട്ട് ഹാജിയാര്‍ പുഞ്ചിരിച്ചു. 'ഉറങ്ങാന്‍ വളരെ താമസിച്ചു. റാബിയക്ക് നല്ല സുഖം പോരാ'. ഹാജിയാറ് നിസ്‌കരിക്കാന്‍ പള്ളിയുടെ അകത്ത് കയറിപ്പോയി.
ഹാജിയാരുടെ ഭാഗ്യമാണ് ഭാര്യയെന്ന് നാട്ടുകാര്‍ എല്ലാം പറയും. കാരണം, കേസ്സുകള്‍ നടത്തി തറവാട് ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും നിറഞ്ഞ സമയത്താണ് റാബിയയെ ഹാജിയാര്‍ വിവാഹം കഴിക്കുന്നത്. വര്‍ഷങ്ങള്‍ കടന്നപ്പോള്‍ അഷ്‌റഫ് ഹാജിയുടെ കച്ചവടം പലതും വീണ്ടും ഉയര്‍ച്ചയില്‍ എത്തി. റാബിയയുടെ ദാനധര്‍മ്മങ്ങളാണ് എല്ലാറ്റിനും നിദാനമെന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നു. വളരെ ശരിയാണ്. ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന പലരെയും റാബിയ ഉമ്മ സഹായിക്കും. വെള്ളിയാഴ്ച കുട്ടികള്‍ക്ക് നേര്‍ച്ചക്കഞ്ഞിയാണ്. പെരുന്നാള്‍ പോലെ കുട്ടികള്‍ സന്തോഷത്തോടെ മുറ്റത്ത് നിറയും.
ഉസ്താദ് ഓര്‍മ്മകളില്‍ ലയിച്ചു. തന്റെ മക്കളെയും കൂട്ടി പലപ്പോഴും അവിടെ എത്തും. ഹാജിയാരുടെ കുട്ടികളുടെ കൂടെ ഏറെ സമയം കളിച്ചു കഴിഞ്ഞു വീട്ടിലേക്ക് കുറേ ഭക്ഷണ സാധനങ്ങളം വസ്ത്രങ്ങളം എല്ലാം തന്നതിന്ന് ശേഷമാണ് മടക്കയാത്ര. മദ്‌റസയിലും സ്‌കൂളിലും കൂടെ പഠിക്കുന്ന കൂട്ടുകാര്‍ ആയതുകൊണ്ട് കുട്ടികള്‍ക്ക് എത്രസമയം ഒത്തുചേര്‍ന്നാലും മതിവരില്ല. പോകാന്‍ തിടുക്കം കൂട്ടി കുട്ടികളെ വഴക്കുപറയുമ്പോള്‍ റാബിയ പതുക്കെ വാതിലിന്‍ മറവില്‍ നിന്നു പറയും 'അവര്‍ കളിച്ചു പിന്നെയോ നാളെയോ വരട്ടെ ഉസ്താദെ' മറുപടി പറയാതെ നടന്നു നീങ്ങും.
ഹാജിയാര്‍ക്കും കുട്ടികളെ വലിയ ഇഷ്ടമാണ്. മകന്‍ അജ്മലിനെ കോളേജില്‍ അയച്ചു പഠിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുന്നത് ഹാജിയാരാണ്. 'ഉസ്താദ് പോയില്ലേ?' ഹാജിയാര്‍ പള്ളിയില്‍ നിന്നും ഇറങ്ങി നടന്നു. പിന്നാലെ സിദ്ദീഖ് ഉസ്താദും. 'ഭാര്യയുടെ അസുഖം എങ്ങനെയുണ്ട് ഉസ്താദേ?' ഹാജിയാരുടെ ചോദ്യം കേട്ട് അല്‍പ സമയം ഒന്നും പറഞ്ഞില്ല. മനസ്സില്‍ ഖദീജയുടെ ദയനീയ മുഖം അപ്പോഴും വേദന പടര്‍ത്തി. 'ഇപ്പോള്‍ ദാമോദരന്‍ വൈദ്യരുടെ മരുന്നാണ്. വലിയ മാറ്റമൊന്നും ഇല്ല.'
ഇടവഴി തിരിഞ്ഞു ഹാജിയാര്‍ യാത്ര പറഞ്ഞപ്പോള്‍ സിദ്ദീഖ് ഉസ്താദ് നടത്തത്തിന് വേഗത കൂട്ടി. പറമ്പില്‍ എത്തിയപ്പോള്‍ തന്നെ ഖദീജയുടെ ഉറക്കെയുള്ള ചുമ കേട്ടുതുടങ്ങി. വാതില്‍ തുറന്ന് തിടുക്കത്തില്‍ അകത്തെ മുറിയിലേക്ക് നടന്നു. ഉമ്മയ്ക്ക് ചൂടുവെള്ളം കൊടുക്കുകയാണ് ഷമീമ. 'എന്താ മോളെ?', 'ഇന്ന് കുറച്ചു കൂടുതലാ ഉപ്പാ. ചായ കൊടുത്തത് ഛര്‍ദ്ദിച്ചു. കുറച്ചു വെള്ളം കൊടുത്തു.'
ഉസ്താദ് ഭാര്യയുടെ അരികില്‍ ഇരുന്നു. നിര്‍ത്താതെ ചുമ തുടര്‍ന്നു. പതുക്കെ തടവിക്കൊടുത്തു. ഷമീമ അടുക്കളയിലേക്ക് നടന്നു. ഖദീജയുടെ മുഖത്ത് നിറഞ്ഞ വിഷമം. ഉസ്താദ് ആശ്വാസവാക്കുകള്‍ പറഞ്ഞു. 'അസുഖം മാറും.' 'അത് മരണത്തോടെ...' ഖദീജയുടെ നേരിയ ശബ്ദം ഉസ്താദിനെ നൊമ്പരപ്പെടുത്തി. നീ അങ്ങനെയൊന്നും പറയരുത്. എന്റെ കണ്ണടയ്ക്കുന്നതിന് മുമ്പ് മോളെ ഒരാളെ ഏല്‍പ്പിക്കണം. ചുമച്ച് തുപ്പിക്കൊണ്ട് ഖദീജ പറഞ്ഞു. ഒരു മറുപടി പറയാന്‍ കഴിയാതെ ഉസ്താദ് ഇരുന്നു.
'എന്താ ഒന്നും മിണ്ടാത്തത്?.' 'എന്ത് പറയാനാണ് ഖദീജ. നമ്മള്‍ വിചാരിച്ചാല്‍ പെട്ടെന്ന് നടക്കുന്ന കാര്യമാണോ വിവാഹം. എന്തെല്ലാം ഒരുക്കങ്ങള്‍ വേണം. പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഇപ്പോള്‍ ആളെ അത്ര എളുപ്പത്തില്‍ കിട്ടുമോ?' മൗനത്തിന്റെ നിമിഷങ്ങള്‍ നടന്നുപോയി. 'ഉപ്പാ ചായ.' ഷമീമ നീട്ടിയ കട്ടന്‍ചായ ഊതിക്കുടിച്ചു ഉസ്താദ് വരാന്തയിലേക്ക് നടന്നു.
വസ്ത്രംമാറി കൈയ്യില്‍ ഫയലുമായി ഇറങ്ങിവന്ന അജ്മല്‍ ഉപ്പയ്ക്ക് മുന്നില്‍ അല്പം നിന്നു. 'എങ്ങോട്ടാ മോനെ?.' 'ഒരു ഇന്റര്‍വ്യൂണ്ട്.' 'ഇത് എത്രാമത്തേതാ?. എന്നാണ് ഒരു ജോലി കിട്ടുക?.' ഒന്നും മിണ്ടാതെ മകന്‍ ഇറങ്ങിപ്പോകുന്നത് നോക്കി സിദ്ദീഖ് ഉസ്താദ് ഇരുന്നു. മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. തുച്ഛമായ ശമ്പളം വാങ്ങുന്ന ഒരു പള്ളി മുസ്‌ലിയാരുടെ ജീവിതം. നാലു വയറുകള്‍ നിറയ്ക്കണം. വിവാഹപ്രായം എത്തിനില്‍ക്കുന്ന മകള്‍. പലരുടെയും ഔദാര്യത്തില്‍ പഠിച്ച് ഡിഗ്രി നേടിയ മകന്‍. ജോലി തേടിയുള്ള അനന്തമായ അലച്ചില്‍. ഭാര്യയുടെ രോഗത്തിന് വേണ്ടി തന്നെ നല്ലൊരു സംഖ്യ വേണം.
സ്വന്തം ശരീരവും പല രോഗത്തിനും അടിമയാണെന്ന് അറിയാമെങ്കിലും അതിനെപ്പറ്റി ചിന്തിക്കാന്‍ സമയം കിട്ടാറില്ല. ചിലപ്പോള്‍ കാല്‍മുട്ടിന് വരുന്ന വേദന, അത് സഹിക്കാന്‍ പറ്റാറില്ല. ദാമോദരന്‍ വൈദ്യര്‍ തന്ന കുഴമ്പ് തടവി ചൂട്‌വെള്ളത്തില്‍ കുളിക്കുമ്പോള്‍ കുറച്ച് ദിവസം ആശ്വാസം തോന്നും. അല്പം നടന്നാല്‍ വരുന്ന കിതപ്പ്, അത് ചിലപ്പോള്‍ ശ്വാസതടസ്സമായി മാറും. തന്റെ ബാങ്ക്‌വിളിയുടെ ശബ്ദവും ഈണവും കേട്ട് അത്ഭുതം തോന്നിയ പലരും ഇപ്പോള്‍ അത് ഓര്‍മ്മപ്പെടുത്തും. ഉസ്താദിന്റെ ബാങ്ക് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുമ്പത്തെ മുഴക്കം തീരെ ഇല്ല. ഒരു കാലത്ത് ഗ്രാമത്തിന്റെ മാറ്റങ്ങള്‍ തന്റെ സ്വപ്നമായിരുന്നു. ഈ ഗ്രാമത്തില്‍ എത്തിയ നാളുകള്‍, നടന്നുതീര്‍ത്ത വഴികള്‍... മനസ്സില്‍ തെളിഞ്ഞുവരുന്ന മുഖങ്ങള്‍.
(തുടരും)
Also Read :
Keywords: Kerala, Article, Ibrahim Cherkala, Marriage, Girl, Novel, Silver stars caressing the minarets.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.