കുടുംബശ്രീ വാര്‍ഷികാഘോഷത്തിനു സോണിയ; ബി.ജെ.പി മന്ത്രിമാരെ ക്ഷണിക്കുന്നതിനെച്ചൊല്ലി വിവാദം

 


റിപ്പോര്‍ട്ട്/ പി എസ് റംഷാദ്

തിരുവനന്തപുരം: (www.kvartha.com 28.07.2014) കേരളത്തിലെ സ്ത്രീശാക്തീകരണ രംഗത്ത് വന്‍ സാന്നിധ്യം അറിയിച്ച കുടുംബശ്രീ മിഷന്‍ ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി എത്തുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എം.പി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും.

ആഗസ്റ്റ് 12, 13, 14 തീയതികളിലാണ് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍. ആദ്യ ദിവസമാണ് സോണിയ ഗാന്ധി എത്തുന്നത്. മൂന്നു ദിവസത്തെയും പരിപാടികളില്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ വനിതകള്‍ പങ്കെടുക്കും. സാമൂഹ്യനീതി വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായാണു വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. സാമൂഹ്യനീതി വകുപ്പിനു കീഴിലാണ് കുടുംബശ്രീ.

മന്ത്രി എം.കെ. മുനീറും കുടുംബശ്രീ ഭാരവാഹികളും ചേര്‍ന്നാണ് വിപുലമായ ആഘോഷ പരിപാടികള്‍ തീരുമാനിച്ചത്. അതേസമയം, കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരായതിനാല്‍ വനിതാ ശിശുക്ഷേമ മന്ത്രിയുള്‍പ്പെടെയുള്ളവരെ ആഘോഷത്തിലേക്കു ക്ഷണിക്കുന്നതിനേച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. പരിപാടികളുടെ പ്രഖ്യാപനം വൈകുന്നതിനു പിന്നിലെ കാരണവും അതാണത്രേ.

രാഷ്ട്രീയം നോക്കാതെ കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിക്കണം എന്നും ബി.ജെ.പി നേതാക്കള്‍ക്ക് യു.ഡി.എഫ് സര്‍ക്കാരിന്റെ വന്‍ ആഘോഷച്ചടങ്ങില്‍ കാര്യമായ പങ്കാളിത്തം നല്‍കേണ്ട എന്നുമുള്ള അഭിപ്രായങ്ങളുണ്ട്. കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയം കേരളം നോക്കിയാല്‍ തിരിച്ച് അവര്‍ കേരളം ഭരിക്കുന്നവരുടെ രാഷ്ട്രീയവും നോക്കുമെന്നും അത് കേരള വികസനത്തിനു ഗുണകരമാകില്ലെന്നുമാണ് മന്ത്രി മുനീറിന്റെ അഭിപ്രായം.

എന്നാല്‍ കുടുംബശ്രീയില്‍ ഇപ്പോഴും മേധാവിത്വമുള്ള സി.പി.എം പക്ഷ ഉന്നത ഉദ്യോഗസ്ഥര്‍ അതിനെതിരായി ചരടുവലിക്കുകയാണെന്ന് മന്ത്രിയുടെ ഓഫീസ് കരുതുന്നു. ലീഗ് മന്ത്രി ഭരിക്കുന്ന വകുപ്പിന്റെ കീഴിലുള്ള ആഘോഷത്തില്‍ ബി.ജെ.പി മന്ത്രിയെ ക്ഷണിക്കാന്‍ താല്‍പര്യമില്ലെന്നു വരുത്തുകയാണത്രേ ഇവരുടെ ലക്ഷ്യം. അതില്‍ വീഴാതിരിക്കാന്‍ കുടുംബശ്രീ വാര്‍ഷികത്തില്‍ കേന്ദ്ര മന്ത്രിമാരുടെ വന്‍ നിരയെ കൊണ്ടുവരണം എന്നാണ് മുനീറും മറ്റും ആലോചിക്കുന്നത്. അതേസമയം, ഇതിനോട് യോജിപ്പില്ലാത്തവര്‍ ലീഗ് നേതൃത്വത്തിലുമുണ്ട് എന്നതാണ് പ്രശ്‌നം.

ലോക തലത്തില്‍ തന്നെ വ്യാപകമായി ശ്രദ്ധിക്കപ്പെട്ട കുടുംബശ്രീ ദാരിദ്ര്യ നിര്‍മാര്‍ജ്ജന മിഷന്‍ 1999 ല്‍ ഇടതുമുന്നണി സര്‍ക്കാരാണ് രൂപീകരിച്ചത്. പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാരും നല്ല രീതിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. എന്നാല്‍ ഇത്തവണ യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ നയിക്കുന്ന ജനശ്രീമിഷനെ കുടുംബശ്രീക്കു പകരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ചില നീക്കങ്ങള്‍ നടന്നിരുന്നു. അതു നടപ്പായില്ലെങ്കിലും കുടുംബശ്രീക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നതിനേച്ചൊല്ലി ഇപ്പോഴും മുറുമുറുപ്പുകളുണ്ട്.

കടപ്പാട്: സമകാലിക മലയാളം വാരിക

കുടുംബശ്രീ വാര്‍ഷികാഘോഷത്തിനു സോണിയ; ബി.ജെ.പി മന്ത്രിമാരെ ക്ഷണിക്കുന്നതിനെച്ചൊല്ലി വിവാദം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കുണ്ടംകുഴിയില്‍ 17 കാരന്‍ കുളത്തില്‍ വീണ് മരിച്ചു

Keywords:  Kerala, Article, Sonia Gandhi, BJP, Minister, Article, Congress, UDF, League, Sonia will attend kudumbasree celebration; controversy on BJP leaders participation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia