സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

 


എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം- 4)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 18.03.2020) രണ്ടാം ക്ലാസുവരെ മാത്രം സ്‌ക്കൂള്‍ പഠനം. ചെറിയ പ്രായത്തില്‍ കച്ചവടക്കാരനായി ജീവിതം. വിവധതരം പക്ഷികള്‍, അണ്ണാന്‍, നായ തുടങ്ങിയവയെ കരുതലോടെ പോറ്റിവളര്‍ത്തുക അമ്മാവന് ഹോബിയായിരുന്നു. അരി പ്രാവുകളെ കെണി വച്ചു പിടിക്കും, കുറച്ചുകാലം കൂട്ടിലിട്ട് വളര്‍ത്തും പിന്നെ തുറന്നു വിടും. പക്ഷേ അത്തരം പക്ഷികള്‍ ഇര തേടി കഴിഞ്ഞ് തിരിച്ചുവരും. സ്‌നേഹത്തോടെ ചുമലിലും കൈത്തണ്ടയിലും വന്നിരിക്കും. അണ്ണാറക്കണ്ണണ്‍മാരെയും വളര്‍ത്തും. ഓമന കാണിച്ച് അവയും അമ്മാവനെ വിടാതെ കൂടും. സ്വതന്ത്രമായി വിട്ടാലും വീണ്ടും വളര്‍ത്തിയെടുത്ത വ്യക്തിയെ തേടിവരുന്ന പക്ഷി മൃഗാദികളുടെ സ്‌നേഹവായ്പ് ഗ്രാമത്തിലെ ആളുകള്‍ക്കെല്ലാം അത്ഭുതമായിരുന്നു. മുസ്ലീംകള്‍ പട്ടിയെ വളര്‍ത്താറില്ല അക്കാലത്ത്. പക്ഷേ അമ്മാവന്‍ പോറ്റിവളര്‍ത്തിയ ടിപ്പു എന്ന പട്ടി അമ്മാവന്റെ സന്തതസഹചാരിയായി സംരക്ഷകനായി എന്നും കൂടെത്തന്നെ ഉണ്ടായിരുന്നു.

അമ്മാവനൊരുപോളിസിയുണ്ട്.വരുമ്പോള്‍ഒന്നുംകൊണ്ടുവന്നിട്ടില്ല. പോവുമ്പോള്‍ ഒന്നും കൊണ്ടുപോവുന്നുമില്ല. കച്ചവടത്തിലൂടെ മോശമല്ലാത്ത സാമ്പത്തിക സ്ഥിതി കൈവരിച്ചിരുന്നു. പക്ഷേ ശീട്ടു കളിയിലും, സിനിമാ ഭ്രാന്തിലും,പുതിയ പുതിയ ഗ്രാമീണമായ ടെക്‌നിക്കുകള്‍ കണ്ടുപിടിക്കുന്നതിലും മുഴുകി സമ്പാദ്യമെല്ലാം പലവഴിക്കും ഒഴുകിപ്പോയി. ഗ്രാമീണരുടെ ടോര്‍ച്ച്, വാച്ച്, പമ്പ്‌സെറ്റ്, സൈക്കിള്‍ എന്നിവയൊക്കെ സൗജന്യമായി റിപ്പയര്‍ ചെയ്തുകൊടുക്കും. ടാങ്കില്‍ വെളളം നിറയുന്നത് പുറത്തുനിന്നു കാണാന്‍ സാധിക്കുന്ന ഒരു ഉപകരണവും സ്വയം ഉണ്ടാക്കിയെടുത്തിട്ടുണ്ട് അദ്ദേഹം.

വാശിക്കാരനാണ് അദ്ദേഹം സ്വന്തമായി കെട്ടി ഉണ്ടാക്കിയ ചെറിയൊരു വീട്ടിലാണ് താമസിച്ചിരുന്നത്. അത് പാറസ്ഥലമാണ്. അടുത്ത വീട്ടില്‍ നിന്നാണ് കുടിവെളളം കൊണ്ടുവന്നിരുന്നത്. അതിന് പ്രസ്തുത വീട്ടുകാര്‍ എന്തോ പരിഭവം പറഞ്ഞു. അതില്‍ പ്രതിഷേധിച്ച്‌സ്വയം ഒരു കിണര്‍ കുഴിച്ചു. അതില്‍ കനത്ത വേനലിലും ജല ലഭ്യത ന്നായിട്ടുണ്ടാവും. ഈ വാശി എല്ലാ കാര്യത്തിലും ഉണ്ടാവും എന്റെ പഠനത്തിന് പാരവെയ്ക്കാന്‍ പലപ്പോഴും തയ്യാറായി. തറവാടു വീട് എന്റെ ഉമ്മയുടെ പേരില്‍ ആക്കിയതില്‍ അദ്ദേഹത്തിനു മുറുമുറുപ്പുണ്ടായി.

വീട്ടില്‍ പഠന സൗകര്യമൊന്നും എനിക്കുണ്ടായിരുന്നില്ല. ഉമ്മുമ്മ കിടക്കുന്ന കട്ടില്‍ മേശയായി ഉമ്മുമ്മ കിടക്കുന്നതുവരെ ഞാന്‍ ഉപയോഗിച്ചിരുന്നു. എന്നോടുളള വിരോധം മൂലം അമ്മാവന്‍ കട്ടിലിന്റെ നാലു കാലും മുറിച്ച് ചെറുതാക്കി. അങ്ങിനെ എന്റെ എഴുത്തു മേശയും ഇല്ലാതായി. തറവാട്ടു വീട്ടില്‍ വലിയൊരു ചെമ്പുകലമൂണ്ടായിരുന്നു വീടും വൂട്ടുപകരണങ്ങളുമെല്ലാം ഉമ്മയ്ക്ക് കിട്ടിയതല്ലേ  പക്ഷേ ഒരു ദിവസം വലിയ ചെമ്പുകലവും പൊക്കി കക്ഷി സ്വന്തം വീട്ടിലേക്ക് നടക്കുകയായിരുന്നു. ഇതറിഞ്ഞ ഞാന്‍ പിറകേയോടി ചെമ്പുപാത്രത്തിനായി പിടിവലിയായി.എന്നെക്കാള്‍ പ്രായകൂടുതലും, തടിമിടുക്കുമുളള അമ്മാവന്‍ പാത്രവുമായി കടന്നു കളഞ്ഞു.

അമ്മാവന്റെ കടയില്‍ നിര്‍ത്തി എന്നെ വല്ലാതെ പണിയെടുപ്പിക്കും. രാവിലെ കട തുറക്കണം, മുറ്റമടിച്ചു വൃത്തിയാക്കണം, ചായ ഉണ്ടാക്കണം. ഇതൊക്കെ കഴിഞ്ഞേ അമ്മാവന്‍ എത്തൂ. പല ദിവസങ്ങളിലും സ്‌ക്കൂളില്‍ എത്താന്‍ പറ്റാറില്ല. ക്ലാസില്‍ വൈകി എത്തുന്നതുകാരണം അധ്യാപകരുടെ പഴികേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ  എന്റെ പഠനം മുടക്കാനുളള സൂത്ര പണികളായിരുന്നു.

ഇതൊക്കെയാണെങ്കിലും എന്നോട് ഉളളാലെ സ്‌നേഹമുണ്ടായിരുന്നു. എന്ന് പിന്നീട് ബോധ്യമായി. അക്കാലത്ത് ഹൈസ്‌ക്കൂളില്‍ ചെല്ലാന്‍ പഴയൊരു സൈക്കിള്‍ വാങ്ങി തന്നതും, കോളേജിലെത്തുമ്പോള്‍ വാച്ചു വാങ്ങി തന്നതും ഈ അമ്മാവനാണ്. വീണ്ടും കുടുംബപരമായും, സ്വത്തുപരമായും അദ്ദേഹത്തിനു വൈരാഗ്യം കൂടി കൂടി വന്നു. ശ്രദ്ധയില്ലാത്ത പ്രവര്‍ത്തനം മൂലം സാമ്പത്തീക തകര്‍ച്ച വന്നു. വിവാഹിതനായി, മക്കളുണ്ടായി ബാധ്യത കൂടി കൂടി വന്നു.

എന്നെ വേദനിപ്പിച്ച ഏറ്റവും വലിയ സംഭവം എന്റെ വിവാഹത്തിന് അദ്ദേഹം സഹകരിച്ചില്ലായെന്നതാണ്. ഞാനും, കൂട്ടുകാരും,ബന്ധുജനങ്ങളും വിവാഹത്തിനായി ഇറങ്ങി പുറപ്പെടുകയാണ്. ഞങ്ങള്‍ റോഡിലൂടെ നടക്കുമ്പോള്‍ അടുത്ത കടയിലിരുന്നു അദ്ദേഹം ശീട്ടു കളിക്കുകയായിരുന്നു. ഒന്നു തിരിഞ്ഞു നോക്കി നല്ല വാക്കു പറയാന്‍ പോലും സന്നദ്ധനാവാത്ത മനുഷ്യനാണദ്ദേഹം.

പരസ്പരം സംസാരിക്കാതേയും കാണാതേയും ഒരു പാട് വര്‍ഷം പിന്നിട്ടു. ഒരു ദിവസം ഉമ്മ വന്നു പറഞ്ഞു  നിന്റെ ചെറിയമ്മാവന്‍ കിടപ്പിലാണ്. ദേഹമാകെ ചൊറി പിടിച്ച് പൊട്ടി ഒലിക്കുകയാണ്. നിന്നെ ഒരു പാട് ദ്രോഹിച്ചെങ്കിലും, കൂറേ സഹായങ്ങളും ചെയ്തു തന്നിട്ടില്ലേ  ഒന്നു പോയി നോക്കൂ.

എല്ലാം മറന്ന് ഞാന്‍ ചെന്നു നോക്കി. അവശനാണ് ദേഹമാകെ കുമിളവന്ന് പൊട്ടി വ്രണമായിരിക്കുന്നു. ഞാന്‍ കരവെളളൂരിലെത്തി. എന്റെ സഹപാഠിയായ ഡോക്ടര്‍ എ.വി.ഭരതനെ കണ്ടു. കരിവെളളൂരില്‍ നിന്ന് കൂക്കാനത്തേക്ക് എത്താന്‍ നേരിട്ട് റോഡൊന്നുമില്ല. ഒരു ടാക്‌സി മാത്രമേ കരിവെളളൂരിലുളളൂ. പ്രസ്തുത ടാക്‌സിയില്‍ ഡോക്ടറെ കൂട്ടി അമ്മാവനെ പോയിക്കണ്ടു. ഉടനെ ഏതെങ്കിലും ആശുപത്രിയില്‍ എത്തിച്ചെങ്കിലേ രക്ഷയുളളൂ. എന്ന ഡോക്ടറുടെ അഭിപ്രായം മാനിച്ച് അതേ ടാക്‌സിയില്‍ കരിവെളളൂരിലുളള എന്റെ വീട്ടില്‍ കൊണ്ടുവന്നു. വരുമ്പോള്‍ ടാക്‌സി പൂഴിയില്‍ താണൂ. ഞാനും ഡോക്ടറും കൂടി വണ്ടി തളളി പൂഴിയില്‍ നിന്നു മാറ്റിയതും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മയാണ്. അന്ന് വീട്ടില്‍ കിടത്തി കിടക്കയിലാകെ ചലവും, രക്തവും പടര്‍ന്നു കിടക്കുന്നു. പ്രസ്തുത കിടക്ക പിറ്റേന്ന് രാവിലെ കത്തിച്ചു കളഞ്ഞതും ഓര്‍മ്മയുണ്ട്.

കാഞ്ഞങ്ങാട് ഗവ.ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു. മാസങ്ങളോളം ചികില്‍സ നടത്തി. രോഗം പൂര്‍ണമായി ഭേദമായി. വീണ്ടും പഴയ പടി ചെറിയ ചെറിയ ജോലി ചെയ്തു അദ്ദേഹം ജീവിച്ചു തുടങ്ങി. മകള്‍ വിവാഹ പ്രായമെത്തിയപ്പോഴും എന്റെയടുത്തു വന്നു സഹായം അഭ്യര്‍ത്ഥിച്ചു. എന്റെ വിവാഹത്തിനു വരാതെ പുറം തിരിഞ്ഞു നിന്ന വ്യക്തിയാണ് ഇപ്പോള്‍ സ്വന്തം മകളുടെ വിവാഹാവശ്യാര്‍ത്ഥം എന്നെ സമീപിക്കുന്നത്.

ഞാന്‍ ഒരു പത്ര പരസ്യം നല്‍കി. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു മലപ്പുറക്കാരന്‍ അന്വേഷണമായി വന്നു. വിവാഹം നടത്തിക്കൊടുത്തു. അവളിന്ന് അമേരിക്കയില്‍ സസുഖം ജീവിച്ചു വരികയാണ്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

Keywords:  Article, Kookanam-Rahman, Relation, Govt Hospital, Blood, Karivellur, Patient, Illness, Sulaimancha, My little uncle
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia