Personal Experience | കാൻഫെഡിൽ കാലൂന്നിയത് മുതൽ ഇന്നേവരെ

 
Photo Credit: Facebook/ KANFED
Photo Credit: Facebook/ KANFED

Alt Text: "Personal journey with Canfed and literacy movement"

● ലക്ഷ്യങ്ങൾ മഹത്തരമാണെന്ന് തോന്നി. വിദ്യാഭ്യാസ സത്തിൻ്റെ വേറൊരു രീതി അതെനിക്കിഷ്ടമായി. 
● പരീക്ഷയില്ല, ജയവും തോൽവിയുമില്ല എങ്കിലും പഠനം നടക്കും. 
● ഇതിനൊരു സംഘടന ഉണ്ടെന്നറിഞ്ഞപ്പോൾ ആവേശപൂർവ്വം അതിലേക്ക് എടുത്തു ചാടുകയായിരുന്നു ഞാൻ. 

 കൂക്കാനം റഹ്‌മാൻ 
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 35 

 

(KVARTHA) ജീവിതയാത്രയിൽ ചില വഴിത്തിരിവുകൾ ഉണ്ടാവുക സ്വാഭാവികമാണല്ലേ. ചിലപ്പോൾ പുതുവഴികൾ തുറക്കപ്പെടുകയും ചെയ്യും. കാൻഫെഡ് എന്ന പ്രസ്ഥാനത്തിലേക്ക് ഞനെത്തിപ്പെട്ടത് അവിചാരിതമായാണ്. പ്രസ്ഥാനത്തെ പരിചയപ്പെട്ടു. ലക്ഷ്യങ്ങൾ മഹത്തരമാണെന്ന് തോന്നി. വിദ്യാഭ്യാസ സത്തിൻ്റെ വേറൊരു രീതി അതെനിക്കിഷ്ടമായി. അനൗപചാരിക വിദ്യാഭ്യാസം. ക്ലാസില്ല, മാഷില്ല, സമയ ക്ലിപ്തതയില്ല. പരീക്ഷയില്ല, ജയവും തോൽവിയുമില്ല എങ്കിലും പഠനം നടക്കും. എവിടെ വെച്ചും എപ്പോൾ വേണങ്കിലും എന്തും പഠിക്കാം. എനിക്ക് ചെറുപ്പത്തിലേ തോന്നിയ ഒരു ആശയമായിരുന്നു ഇത്. 

ഇതിനൊരു സംഘടന ഉണ്ടെന്നറിഞ്ഞപ്പോൾ ആവേശപൂർവ്വം അതിലേക്ക് എടുത്തു ചാടുകയായിരുന്നു ഞാൻ. അതിൻ്റെ തലപ്പത്തിരിക്കുന്നവർ ആരാധ്യരായ വ്യക്തിത്വങ്ങൾ. പി.എൻ. പണിക്കർ, പി.ടി.ഭാസ്കര പണിക്കർ, ഡോ.എൻ.പി പിള്ള,  സുകുമാർ അഴീക്കോട്, ഡോ. കെ ശിവദാസൻ പിള്ള തുടങ്ങിയവരായിരുന്നു അവർ. പ്രതിഫലേഛയില്ലാതെ സാമൂഹ്യ സേവനം തയ്യാറുള്ള ആർക്കും കാൻഫെഡുമായി ചേർന്ന് പ്രവത്തിക്കാം. 1977 ജൂൺ മാസം റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാൻ തുടങ്ങിയ സംഘടനയിൽ അതേവർഷം ഡിസംബർ മുതൽ ഞാനും ചേർന്ന് പ്രവർത്തനം തുടങ്ങി. പ്രസിദ്ധീകരണങ്ങളിലാണ് എൻ്റെ ശ്രദ്ധ പതിഞ്ഞത്.

ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന 4 പേജുള്ള 'കാൻഫെഡ് ന്യൂസ്', രണ്ടാഴ്ചയിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന 'അനൗപചാരിക വിദ്യാഭ്യാസം' ദ്വൈവാരിക, മാസാമാസം പ്രസിദ്ധീകരിക്കുന്ന 'നാട്ടു വെളിച്ചം' ചുമർ പത്രിക, മൂന്നു മാസത്തിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന 'KAN FED Quarterly Report' എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം എന്നിവയായിരുന്നു ജനബോധനത്തിനായി തയ്യാറാക്കിയ പ്രസിദ്ധീകരണങ്ങൾ.  നവസാക്ഷരർക്കും, പ്രവർത്തകർക്കും ഉപകരിക്കത്തക്കവിധമായിരുന്നു ഇതിലെ ഉള്ളടക്കങ്ങൾ. ഒരു നാട്ടു വെളിച്ചം ചുമർ പത്രികയിലെ ഉള്ളടക്കം 'നാം ഒന്ന്' എന്ന ആശയമായിരുന്നു. 

തൃക്കരിപ്പൂരിലെ കാൻഫെഡിൻ്റെ പ്രധാന പ്രവർത്തകനായ കുഞ്ഞിക്കണ്ണൻ മാഷിൻ്റെ വീടിൻ്റെ മുൻഭാഗത്തെ ചുമരിൽ പതിച്ച 'നാം ഒന്ന്' എന്ന ചുമർ ചിത്രം കണ്ട കള്ളൻ വന്ന പോലെ തിരിച്ചു പോയ കാര്യം അദ്ദേഹം ഒരു മീറ്റിംഗിൽ പറയുകയുണ്ടായി. 1980 മുതൽ കേരളത്തിൽ സാക്ഷരതാപ്രവർത്തനം കാൻഫെഡ് മുഖേന ആരംഭിച്ചു. വിവിധ ഏജൻസികളുടെ സഹകരണത്തോടെയാണ് സാക്ഷരതാപ്രവർത്തനം നടത്തിയത്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ വഴി നിരക്ഷരരായ അംഗങ്ങളെ സാക്ഷരരാക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. അതേ പോലെ എസ്.സി./എസ്.ടി ഡിപ്പാർട്ടുമെൻ്റുകളുടെ ചുമതലയിൽ കോളണികൾ കേന്ദ്രീകരിച്ചും സാക്ഷരതാപ്രവർത്തനം സംഘടിപ്പിച്ചു. 

അനൗപചാരിക വിദ്യാഭ്യാസം ദ്വൈവാരികയിൽ ഞാൻ സ്ഥിര എഴുത്തുകാരനായി. ഡോ: കെ. ശിവദാസൻ പിള്ളയായിരുന്നു അതിൻ്റെ എഡിറ്റർ. കരിവെള്ളൂരും ചെറുവത്തൂരും നടത്തിയ കാൻഫെഡ് കണ്ടിന്യൂയിങ്ങ് എഡുക്കേഷൻ സെൻ്ററിലൂടെ പഠിച്ചുയർന്നവരെക്കുറിച്ചു 'കാൻഫെഡിലൂടെ കരകയറിയവർ' എന്ന ലേഖന പരമ്പര ഞാൻ കൈകാര്യം ചെയ്തിരുന്നു. ദേശാഭിമാനി പത്രത്തിൽ നിന്ന് ജില്ലാ റിപ്പോർട്ടറായി വിരമിച്ച പി.പി. കരുണാകരൻ (ഉദിനൂർ), ട്രൈനിംഗ് സ്കൂൾ അധ്യാപകനായും ഹെഡ്മാസ്റ്ററായും വിരമിച്ച ടി.വി. രവീന്ദ്രൻ (കരിവെള്ളൂർ), പോലീസ് ഇൻസ്പെക്ടറായി വിരമിച്ച പി. ലക്ഷ്മണൻ(കൊടക്കാട്), കേന്ദ്രജല വിഭവ വകുപ്പിൽ നിന്ന് വിരമിച്ച തമ്പാൻ മൂത്തൽ (മാണിയാട്ട്), സ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ച എ.വി.നാരായണൻ (നീലേശ്വരം), മിലിട്ടറി സ്കൂളിൽ നിന്ന് അധ്യാപകനായി വിരമിച്ച എം.ഗാധാധരൻ (വെള്ളൂർ), കാസർകോട് ഗവ. കോളേജിൽ ലക്ചർ ആയിരിക്കേ അന്തരിച്ച പി.വി. ചന്ദ്രൻ (നിടുവപ്പുറം), പ്രമുഖ വ്യാപാരിയായ ഗീതം ഗോപി ( ഓണക്കുന്ന്), ബാങ്കിൽ ജോലി ചെയ്യുന്ന പി.ജനാർദനൻ (പിലിക്കോട്), മിലിട്ടറിയിൽ നിന്ന് വിരമിച്ച മാധവൻ (വെള്ളൂർ) എന്നിവർ അവരിൽ ചിലർ മാത്രം. 

"Personal journey with Canfed and literacy movement"

കാൻഫെഡിൽ 101 ആജീവനാംഗങ്ങളാണ് ഉണ്ടായിരുന്നത്. മലബാർ ഭാഗത്തുനിന്നുള്ള ഏക അംഗം ഞാൻ മാത്രമായിരുന്നു. എനിക്ക് അംഗത്വം കിട്ടിയതിന് ഒരു കഥയുണ്ട്. 'നിരക്ഷരത ശാപമാണ് നാണക്കേടാണ്' എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന തലത്തിൽ നടത്തിയ പ്രബന്ധ രചനാ മൽസരത്തിൽ ഒന്നാം സമ്മാനം എനിക്കായിരുന്നു. ആ സമ്മാനത്തുക ഞാൻ കാൻഫെഡിന് സംഭാവനയായി നൽകി. അതിൽ സന്തോഷിച്ചാണ് 102-ാമത്തെ അംഗമായി കമ്മറ്റി എന്നെ നിശ്ചയിച്ചത്. കാൻഫെഡിന് സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ മാറി മാറിയാണ് ആഫീസ് പ്രവർത്തിച്ചിരുന്നത്. 

തുടക്കം മുതൽ 1995 ജൂൺ 19 ന് മരിക്കുന്നതുവരെ പി എൻ പണിക്കരായിരുന്നു കാൻ ഫെഡിൻ്റെ ജനറൽ സെക്രട്ടറി. മരണശേഷം ഡോ. കെ. ശിവദാസൻ പിള്ള ജനറൽ സെക്രട്ടറിയായി തുടർന്നു വന്നു. ആ കാലഘട്ടത്തിൽ നാല് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാൾ ഞാനായിരുന്നു. 1978 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാഷണൽ ലിറ്ററസി മിഷൻ മുഖേന ഓരോ സംസ്ഥാനത്തും സ്റ്റെയിറ്റ് റിസോർസ് സെൻ്റർ അനുവദിച്ചിരുന്നു. കേരളത്തിൽ എസ്.ആർ.സി.യുടെ ചുമതല കാൻഫെഡിനായിരുന്നു. പ്രവർത്തകരെ പരിശീലിപ്പിക്കൽ, സാക്ഷരതാപ്രവർത്തനത്തിൻ്റെ മോണിറ്ററിംഗ് നടത്തൽ, ബോധവൽക്കരണ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയെന്നത് എസ്.ആർ.സിയുടെ ചുമതലയായിരുന്നു. 

എസ്.ആർ.സിയുടെ ഡയരക്ടറായി പി.എൻ. പണിക്കരെ നിശ്ചയിച്ചു. ശമ്പളം പറ്റാതെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നുത്. ജില്ലാ കമ്മറ്റികൾക്കും പ്രത്യേക സഹായമൊന്നും ലഭിച്ചിരുന്നില്ല. ജില്ലാ കലക്ടർമാരുടെ ഉത്തരവ് പ്രകാരം മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകൾ അനുവദിച്ചു തന്ന കെട്ടിടങ്ങളിലാണ്  ജില്ല കമ്മറ്റി ഓഫീസുകൾ പ്രവർത്തിച്ചു വന്നത്. ഞാൻ 1984 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും കാസർകോട് ജില്ല രൂപീകരണം മുതൽ അതിൻ്റെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു വന്നിരുന്നു. 1995 ൽ പി.എൻ. പണിക്കരുടെ മരണശേഷം നടക്കുന്ന കാൻഫെഡ് സംസ്ഥാനക്കമ്മറ്റി യോഗത്തിൽ ചില പ്രശ്നങ്ങളുണ്ടായി. പിടിച്ചെടുക്കൽ പരിപാടിയാണ് അന്ന് നടന്നത്. 

പി.എൻ. പണിക്കരോട് പിണക്കമുള്ള ചില വ്യക്തികൾ, മീറ്റിംഗിൽ പങ്കെടുത്ത പി.എൻ. പണിക്കരെ അനുകൂലിക്കുന്ന പ്രവർത്തകരെ ഓഫീസിൽ നിന്ന് പിടിച്ചു പുറത്താക്കുന്നു. ഓഫീസ് പൂട്ടി അവർ താക്കോലും കൊണ്ട് കടക്കുന്നു. അടുത്ത ദിവസം മുതൽ രണ്ടു ഗ്രൂപ്പായി പിടിച്ചെടുത്തവരും, പുറത്താക്കിയവരും യോഗം ചേർന്നു. തെങ്ങമം ബാലകൃഷ്ണൻ സെക്രട്ടറിയായി ഒരു ഭാഗത്തും ഡോ: കെ. ശിവദാസൻ പിള്ള സെക്രട്ടറിയായി വേറൊരു ഭാഗത്തും പ്രവർത്തിക്കാൻ തുടങ്ങി. കാൻഫെഡിൻ്റെ പഴയ പ്രവർത്തകരെല്ലാം ഡോ. ശിവദാസൻ പിള്ളയുടെ ഭാഗത്ത് ഉറച്ചുനിന്നു. ഞാൻ സത്യത്തിൻ്റെ പക്ഷത്തുനിന്നു. 

ബലം പ്രയോഗിച്ചു പിടിച്ചെടുത്തവർ കാൻഫെഡിൻ്റെ എല്ലാ സ്ഥാവര ജംഗമസ്വത്തുക്കളും കൈക്കലാക്കിയിരുന്നു. അന്ന് തന്നെ ഡോ. കെ.ശിവദാസൻ പിള്ള ഗ്രൂപ്പ് കേസ് ഫയൽ ചെയ്തിരുന്നു. ഏതായാലും നന്മ പക്ഷം ജയിക്കില്ലെന്നറിയാം. ഇപ്പോൾ സംസ്ഥാന തലത്തിൽ ഒന്നും വല്ലാത്ത അവസ്ഥയിലാണ് കാൻഫെഡുള്ളത്. പക്ഷേ ജില്ലകളിലും ചില പ്രദേശങ്ങളിലും കാൻഫെഡ് പ്രവർത്തിച്ചു വരുന്നുണ്ട്. പഴയ നേതാക്കളെല്ലാം വിട പറഞ്ഞു പോയി. പഴയ പ്രവർത്തകരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ വളരെ അപൂർവമാണ്. തിരുവനന്തപുരത്ത് ബി എസ് ബാലചന്ദ്രൻ, കെ.കൃഷ്ണകുമാരി എന്നിവരും കോഴിക്കോട് കാഞ്ചന കൊറ്റങ്ങൽ, കണ്ണൂരിൽ വിയാർ വി ഏഴോം, കുക്കാനം റഹ്മാൻ എന്നീ ചുരുക്കം പേരെ കാൻഫെഡിൻ്റെ തുടക്കം മുതലുള്ളവരുള്ളു.

#CanfedJourney, #LiteracyMovement, #CommunityService, #EducationalReforms, #KeralaEducation, #CanfedHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia