മനസിലെ രാജകുമാരൻ

 


മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 8 

ഇബ്രാഹിം ചെർക്കള

(www.kvartha.com 10.07.2021) സന്ധ്യയുടെ ഇരുട്ട് താഴ്‌വാരമാകെ പരന്നു. ഒരു അസ്തമയത്തിന്റെ ചരമഗീതം ഉയര്‍ത്തി കാക്കകള്‍ പറന്നകന്നു. പടിഞ്ഞാറിന്റെ ചുവന്നുതുടുത്ത ഇളംചുവപ്പ്‌ മേഘങ്ങളില്‍ നോക്കി തസ്‌നി ഇരുന്നു. കോളേജ് അവധി ദിവസങ്ങളില്‍ അധികവും കൂട്ടുകാരി ജമീലയെയും കൂട്ടി വൈകുന്നേരം നടക്കാനിറങ്ങും. വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കുന്നതും ഇത്തരം ദിവസങ്ങളിലാണ്. അല്പം ദൂരത്തായി കാണുന്ന കുന്നിന്‍പുറത്ത് ഇരുന്നാല്‍ വളരെ അകലെയായി കടല്‍ കാണാം. ഇളംവെയിലില്‍ വെള്ളിയരഞ്ഞാണം പോലെ അത് തിളങ്ങും. പിന്നെ സന്ധ്യയിലെ ചുവപ്പും മനോഹരമായ കാഴ്ചയാണ്. ചിലപ്പോള്‍ അധികം പേര്‍ ഉണ്ടാകും. കോളേജിലെ യാത്രയിലും മൂന്നും നാലും കൂട്ടുകാര്‍ എന്നും ഉണ്ടാകും. അത് ബാപ്പയുടെ സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള തീരുമാനമാണ്. എല്ലാവരും ഒന്നിച്ചു പോകണം. മടക്കവും അതുപോലെയായിരിക്കണം. എവിടെയും ആരും ഒറ്റയ്ക്ക് പോകാന്‍ പാടില്ല. അതുകൊണ്ട് ജമീലയും നഫീസയും ഹാജിറയും സുമതിയും കൂടെ ഉണ്ടാകും. എല്ലാവര്‍ക്കും സ്വയം കാവല്‍ തീര്‍ക്കുന്ന കൂട്ടുകാരികള്‍.

ബാപ്പയുടെ ചില നേരങ്ങളിലെ വെപ്രാളം കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നു. നിങ്ങള്‍ പെണ്‍കുട്ടികളാണ്. അതുകൊണ്ട് എവിടെപ്പോകുമ്പോഴും നല്ല സൂക്ഷ്മത വേണം. കാലം അതാണ്. ബാപ്പയുടെ മുഖത്ത് ചിരിയോടെ നോക്കുമ്പോള്‍ പറയും, നിങ്ങളുടെ രക്ഷ നിങ്ങളില്‍ തന്നെയാണ്. അത് എപ്പോഴും ഓര്‍മ്മ വേണം. ചെറുതായി ഒരു കാല്‍ ഇടറിയാല്‍ ജീവിതത്തിന് വലിയ വില നല്‍കേണ്ടിവരും. ആണ്‍കുട്ടികള്‍ പലതരത്തിലും ഉണ്ടാകും. ഒന്നും ശ്രദ്ധിക്കാന്‍ പോകരുത്. ചെറിയ പ്രായത്തില്‍ മനസ്സിനെ നന്നായി നിയന്ത്രിക്കണം. എന്തിനെയും എതിര്‍ക്കണമെന്നും, കാര്യങ്ങള്‍ നിസ്സാരമായും തോന്നാം. അവിടെയാണ് താളപ്പിഴകള്‍ സംഭവിക്കുന്നത്. ബാപ്പ സമാധാനിക്ക് ഞങ്ങളെ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. ചെറിയ കുട്ടികളെപ്പോലെ ഇങ്ങനെ ഓരോന്നും പറയരുത്. കൂട്ടുകാരികള്‍ക്ക് മുന്നില്‍ വെച്ചുള്ള ബാപ്പയുടെ ഉപദേശം കേട്ട് മടുക്കുമ്പോള്‍ അങ്ങനെ പറഞ്ഞ് വേഗതയില്‍ നടക്കും.

മനസിലെ രാജകുമാരൻ

'എടീ, നേരം ഇരുട്ടി. വാ പോകാം.' ജമീല നടന്നു തുടങ്ങി. കടലും സന്ധ്യാ മേഘങ്ങളും പരത്തുന്ന ചുവപ്പിലേക്ക് നോക്കി പിന്നെയും കുറച്ചുനേരം കൂടി നിന്നു. ജമീലയ്ക്ക് പിന്നാലെ തിടുക്കത്തില്‍ നടന്നു. ബാപ്പ പള്ളിയിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. 'എവിടെയാ തസ്‌നി ഇരുട്ടും വരെ നടക്കുന്നത്.' ബാപ്പയുടെ മുഖം ദേഷ്യത്തില്‍ കറുത്തു 'ഞാന്‍ ജമീലയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഒരു പുസ്തകം വാങ്ങാന്‍ പോയതാ.' ബാപ്പ മിണ്ടാതെ ഇറങ്ങി നടന്നു. അകലുന്തോറും നോക്കി അല്പം നിന്നു. 'തസ്‌നീ.... തസ്‌നീ....' ഉമ്മയുടെ ശബ്ദം ഉയര്‍ന്നു. ഞാന്‍ ഇവിടെ ഉണ്ട് ഉമ്മാ.' വേഗതയില്‍ പുസ്തകം വെച്ചു ഉമ്മയുടെ അടുത്ത് എത്തി. 'നിന്നോട് എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാകില്ല. കോളേജ് ഇല്ലെങ്കില്‍ പിന്നെ ഒരു സര്‍ക്കീട്ട്. ബാപ്പ നല്ല ദേഷ്യത്തിലാ. നിന്റെ പേരും പറഞ്ഞ് എല്ലാ വഴക്കും ഞാന്‍ കേള്‍ക്കണം. നീ ഒരു വളര്‍ന്ന പെണ്ണാണെന്ന വിചാരം വേണം. എത്ര പറഞ്ഞാലും തിരിയൂല്ല. പോയി നിസ്‌കരിച്ച് ഓതാന്‍ നോക്ക്.' ഉമ്മ നിസ്‌കരിക്കാന്‍ പോയി.

ഭക്ഷണം കഴിഞ്ഞു പിന്നെ പഠിത്തവും വായനയുമാണ്. ഒരാഴ്ച കോളേജ് അവധിയായതുകൊണ്ട് പഠിക്കാന്‍ തോന്നിയില്ല. അടുക്കിവെച്ച പുസ്തകങ്ങളിലേക്ക് നോക്കി. ചെറുപ്പം മുതല്‍ കഥാപുസ്തകങ്ങള്‍ വായിക്കാന്‍ ശീലിപ്പിച്ചത് ഗോപിനാഥന്‍ മാഷാണ്. മാഷിന്റെ മകള്‍ സുമതി ധാരാളം വായിക്കും. അത്തരം പുസ്തകങ്ങളിലെ കഥകളെപ്പറ്റി കുറെ സംസാരിക്കുകയും ചെയ്യും. ബാലമാസികകളും അതുപോലെ ചിത്രകഥകളും അവള്‍ കൊണ്ടുത്തരും. കൗതുകത്തോടെ ഓരോന്നും വായിക്കും. കൂട്ടുകാരികളോട് രാജാവിന്റെയും രാക്ഷസന്റെയും കഥകള്‍ പറഞ്ഞു ചിരിക്കും. വളര്‍ന്നുവന്നപ്പോള്‍ പുസ്തകങ്ങളും മാറിവന്നു. വൈക്കം മുഹമ്മദ് ബഷീറും, തകഴിയും, എംടി വാസുദേവന്‍നായരും അങ്ങനെ നീണ്ട എഴുത്തുകാര്‍. ജീവിതത്തിന്റെ വിവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വലിയ ജീവിതപാഠങ്ങള്‍ നല്‍കുന്നു എന്ന് സുമതി പറയും.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലൂടെ കണ്ണും മനസ്സും അലഞ്ഞുനടന്നു. സുഹ്‌റയും മജീദും ഓരോ വരികളിലും മനോഹരമായ ജീവിതക്കാഴ്ചകള്‍. ഉറക്കം കണ്ണുകളെ തഴുകി. പുസ്തകം മടക്കിവെച്ച് കിടന്നു. ഓര്‍മ്മകള്‍ സ്വന്തം ബാല്യകാലത്തിന്റെ കൊച്ചുകൊച്ചു നിമിഷങ്ങളിലേക്ക് പിച്ചവെച്ചു. എത്രയെത്ര കൂട്ടുകാര്‍. മദ്രസയിലും സ്‌കൂളിലും കളിച്ചും ചിരിച്ചും കരഞ്ഞും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുപോയ വസന്തങ്ങള്‍. അജ്മലിന്റെ മുഖം തെളിഞ്ഞുവന്നു. അജ്മലിന് പുസ്തകങ്ങള്‍ വലിയ ഇഷ്ടമാണ്. താന്‍ വായിക്കുന്ന പല പുസ്തകങ്ങളും ആരും കാണാതെ കൊടുക്കും. കൂട്ടുകാര്‍ ഒഴിഞ്ഞ നേരങ്ങളില്‍ അജ്മല്‍ കഥകളെക്കുറിച്ച് സംസാരിക്കും. രാജകുമാരനെ സ്‌നേഹിച്ച മലയത്തിപ്പെണ്ണിനെ പടയാളികള്‍ കാട്ടില്‍ കൊണ്ടുപോയി കൊന്ന കഥവായിച്ച് കണ്ണ് നിറഞ്ഞ കാര്യം പറയുമ്പോള്‍ ചിരിക്കും.

ഷമീമ എന്നും നിഴലായി ഉണ്ടാകും. അവള്‍ക്ക് മദ്‌റസ പാഠങ്ങളും സ്‌കൂളിലെ പുസ്തകങ്ങളുമാണ് ഇഷ്ടം. എല്ലാ വിഷയത്തിലും നല്ല മാര്‍ക്ക് വാങ്ങും. അസൂയയോടെ ചോദിക്കും. എങ്ങനെയാ മോളെ എല്ലാ ഉത്തരങ്ങളും അറിയുന്നത്. ഇക്കാക്ക നന്നായി പഠിപ്പിക്കും. ഉപ്പയും പറഞ്ഞുതരും. അജ്മലിനെ ഇടക്കണ്ണ്‌കൊണ്ട് നോക്കി മന്ദഹസിക്കും. അധികം സംസാരിക്കില്ലെങ്കിലും അജ്മലിനെ വലിയ ഇഷ്ടമായിരുന്നു. ആരും കാണാതെ ഉപ്പും മാങ്ങയും കൊണ്ടുത്തരും. അതുപോലെ വലിയ നെല്ലിക്കയും. കൂട്ടുകാരികള്‍ ചോദിച്ചാല്‍ കൊടുക്കില്ല. ഇത് എവിടുന്നാ ഇത്രയും വലിയ നെല്ലിക്ക കിട്ടുന്നത്. ഷമീമക്ക് പോലും പറഞ്ഞു കൊടുക്കില്ല. പലപ്പോഴും കൂട്ടുകാരികള്‍ ഇക്കാര്യം പറഞ്ഞു പിണങ്ങും. ചെറുപുഞ്ചിരിയോടെ അജ്മലിന്റെ മുഖത്ത് നോക്കും. ചെറുപ്പത്തില്‍ അജ്മലും ഷമീമയും എല്ലാം വീട്ടില്‍ വരും. ഉമ്മക്ക് അവരെ വലിയ ഇഷ്ടമാണ്. സിദ്ദീഖ് ഉസ്താദിന്റെ മക്കളാണ്. അവര്‍ക്ക് ഓരോന്നും പ്രത്യേകം കൊടുക്കും. അജ്മല്‍ മടിയോടെ ഒന്നും വാങ്ങാന്‍ കൂട്ടാക്കില്ല. ഉമ്മ ദേഷ്യം നടിച്ചു പറയും. 'നിനക്കു വേണ്ടെങ്കില്‍ ഉമ്മയ്ക്ക് കൊണ്ടുകൊടുക്ക്.'

പതുക്കെ പതുക്കെ ഉറക്കത്തിലേക്ക് വഴുതി. മനോഹരമായ പൂന്തോട്ടം നിറയെ ചെടികളില്‍ പലനിറത്തിലുള്ള പുഷ്പങ്ങള്‍... സുഗന്ധങ്ങള്‍ക്ക് നടുവില്‍ രാജകുമാരന്‍ തേരില്‍ വന്നിറങ്ങി. അകലെ ഇരിക്കുന്ന പാട്ടുകാരി പെണ്ണ് അരികിലെത്തി. അവള്‍ നിര്‍ത്താതെ ഗസലിന്റെ ഈരടികള്‍ ഈണത്തില്‍ പാടി. രാജകുമാരന്‍ സ്വയം മറന്ന് അവളോടു ചേര്‍ന്നിരുന്നു. ഗാനത്തില്‍ ലയിച്ച് പ്രകാശത്തില്‍ കുളിച്ചിരുന്ന ഉദ്യാനത്തില്‍ പെട്ടെന്ന് നേരിയ ഇരുട്ട് പരന്നു. എങ്ങുനിന്നോ അട്ടഹാസത്തോടെ ഒരു രാക്ഷസന്‍ തീപാറുന്ന കണ്ണുകളുമായി പാട്ടുകാരിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. രാജകുമാരന്‍ എഴുന്നേറ്റ് രാക്ഷസന്റെ നേരെ ചാടിയെങ്കിലും രാക്ഷസന്‍ പൊട്ടിച്ചിരിച്ച് അട്ടഹസിച്ചുകൊണ്ട് പാട്ടുകാരി പെണ്ണിനെ കോരിയെടുത്തു വേഗത്തില്‍ ഓടി. പിന്നാലെ നിലവിളികളുമായി രാജകുമാരനും ഓടി. പക്ഷെ, ഇരുട്ടുമൂടിയ വഴികളില്‍ മുന്നോട്ട് നടക്കാന്‍ കഴിയാതെ രാജകുമാരന്‍ വേദനയോടെ നോക്കി നിന്നു. അപ്പോഴും പാട്ടുകാരിയുടെ ഗസല്‍ നേരിയ നാദം ഉണര്‍ത്തി. രാക്ഷസന്റെ അട്ടഹാസവും കണ്ണിലെ തീയും ഉയര്‍ന്നു. ശ്വാസംമുട്ടല്‍ തോന്നി. തന്നെ ആരോ വരിഞ്ഞുമുറുക്കുന്നത് പോലെ തസ്‌നി ശ്വാസം കിട്ടാതെ പിടഞ്ഞു. പണിപ്പെട്ടു കണ്ണുതുറന്നു ജനാലയില്‍ക്കൂടി അരിച്ചിറങ്ങുന്ന നേരിയ നിലാവിലൂടെ ചുറ്റുംനോക്കി. എവിടെ പാട്ടുകാരി, എവിടെ രാക്ഷസന്‍.... പുറത്തുനിന്നും വീശിയെത്തുന്ന കാറ്റ് ശരീരത്തെ പൊതിഞ്ഞു. പുതച്ചുമൂടിക്കിടന്നെങ്കിലും ഉറക്കം വന്നില്ല. മനസ്സില്‍ നേരിയ ദു:ഖം അറിയാതെ നിറഞ്ഞു. പാവം പാട്ടുകാരിയെ രാക്ഷസന്‍ എന്തു ചെയ്തു. സ്വപ്നത്തിലെ മുഖങ്ങള്‍ മനസ്സില്‍ ഇഴഞ്ഞുനടന്നു.

കുളിയും ചായകുടിയും എല്ലാം കഴിഞ്ഞു വസ്ത്രം മാറി പുറത്തുകടന്നപ്പോള്‍ ഉമ്മ തസ്‌നിയെത്തന്നെ തറപ്പിച്ചു നോക്കി. 'എന്താ രാവിലെ തന്നെ അണിഞ്ഞൊരുങ്ങി എങ്ങോട്ടാണ് പുറപ്പെടുന്നത്?' അവള്‍ ഒന്നും പറയാതെ അല്പസമയം ഉമ്മയുടെ മുഖത്ത് തന്നെ നോക്കി. 'കോളേജ് ഇല്ലെങ്കില്‍ വീട്ടിലെ ജോലി ചെയ്ത് പഠിക്ക്. നീ മറ്റൊരു വീട്ടില്‍ പോയി ജീവിക്കേണ്ടവളാണ്. അതുകൊണ്ട് ഒരു വീട്ടിന്റെ എല്ലാക്കാര്യങ്ങളും ചെയ്യാന്‍ അറിയണം. ഇല്ലെങ്കില്‍ നിന്നെ വളര്‍ത്തിയ എനിക്കായിരിക്കും കുറ്റം മുഴുവനും കേള്‍ക്കേണ്ടിവരിക.' ഉമ്മയുടെ ദേഷ്യം നിറഞ്ഞ മുഖത്ത് ചിരിയോടെ നോക്കി 'ഉമ്മാ എനിക്ക് അടുക്കളപ്പണി എല്ലാം അറിയാം. ഉമ്മയും നഫീസത്തയും ചെയ്യുന്നത് കൊണ്ടാണ് ഞാന്‍ ഒന്നും ചെയ്യാത്തത്.' 'എന്നാല്‍ ഇന്നത്തെ മീന്‍കറി നീ ഉണ്ടാക്ക്' ഉമ്മ അതുപറഞ്ഞ് അടുക്കളയിലേക്ക് നീങ്ങി. 'ഞാന്‍ സിദ്ദീഖ് ഉസ്താദിന്റെ വീട്‌വരെ പോയി വരാം. ഉമ്മയ്ക്ക് അസുഖമായി കിടക്കുന്നത് കുറേ കാലമായില്ലേ. ഷമീമയെയും കാണണം.' എതിര്‍ത്ത് ഒന്നും പറയാതെ ഉമ്മ നോക്കിനിന്നു.

തസ്‌നി വേഗതയില്‍ നടന്നു. വഴിയിലെ ഓരോ കാഴ്ചകളിലും നിറഞ്ഞുനിന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ അവളെ ആനന്ദിപ്പിച്ചു. സിദ്ദീഖ് ഉസ്താദിന്റെ പറമ്പിലെ ഉണ്ണിമാവിന്‍ ചുവട്ടില്‍ അവള്‍ ഏറെ നേരം നിന്നു. മധുരമുള്ള ഉണ്ണിമാങ്ങ മത്സരിച്ച് പെറുക്കിനടന്ന കാലം. പഴുത്ത മാങ്ങകള്‍ പറിച്ചെടുക്കാന്‍ അജ്മല്‍ ഉയരമുള്ള മാവിന്‍കൊമ്പുകളില്‍ കയറുമായിരുന്നു. ആര്‍ക്കും കൊടുക്കാതെ പഴുത്ത മാങ്ങകള്‍ സ്‌കൂള്‍ സഞ്ചിയില്‍ ഒളിച്ചു തനിക്കു കൊണ്ടുത്തരും. കൊതിയോടെ തിന്നപ്പോള്‍ മാറിനിന്നു മന്ദഹാസത്തോടെ നോക്കുന്ന ആ കണ്ണുകളിലെ തിളക്കം ഇപ്പോഴും മനസ്സില്‍ തറച്ചുനില്‍ക്കുന്നു.

'ഷമീമാ... ഷമീമാ...' മുറ്റത്ത് നിന്നും ഉറക്കെ വിളിച്ചു. ചിരിയോടെ ഷമീമ ഓടിവന്നു. തസ്‌നി അവളെ തന്നെ നോക്കിനിന്നു. തന്നെക്കാള്‍ സുന്ദരിയായിരുന്ന അവളുടെ മുഖത്തെ ശോകഭാവം അവളെ നൊമ്പരപ്പെടുത്തി. അവളെ കെട്ടിപ്പിടിച്ചു 'എന്താ നീ ആകെ മാറിപ്പോയല്ലോ? എന്തുപറ്റി മോളേ.' അവള്‍ ഒന്നും പറയാതെ അകത്തേക്ക് നടന്നു. പിന്നാലെ തസ്‌നിയും. ഉമ്മയ്ക്ക് അരികില്‍ ഇരുന്നു കുറേനേരം സംസാരിച്ചു; പിന്നെ പുറത്തുവന്നു ഷമീമക്ക് അരികില്‍ ഇരുന്നു. 'എടീ നീ നമ്മുടെ കുട്ടിക്കാലം മറന്നോ?. നിന്റെ യൂസഫിനെ ഓര്‍ക്കാറില്ലേ?' ഷമീമ ചിരിച്ചു. ആ കണ്ണുകളില്‍ പ്രകാശം.

( തുടരും)

Also Read :



ബാല്യത്തിലെ കളിക്കൂട്ടുകാരി 11


അത്രമേൽ സ്നേഹിക്കയാൽ 14


Keywords:  Kerala, Article, Ibrahim Cherkala, House, Village, Childhood, Love, Sun Set, The prince of the heart.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia