പാത്തുമ്മ സ്വര്‍ണ്ണം പണയംവച്ച കഥ

 


ജെ.പി.

തൃശൂര്‍ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനടുത്താണ് പാത്തുമ്മയും ഭര്‍ത്താവും, രണ്ട് മക്കളുമടങ്ങുന്ന കുടുംബം സന്തുഷ്ടമായി ജീവിക്കുന്നത്. സ്വന്തം നാട് മലപ്പുറത്താണ്. ഭര്‍ത്താവ് ശുക്കൂറിന് ഗവേഷണ കേന്ദ്രത്തിലാണ് ജോലി. അതുകൊണ്ടാണ് എല്ലാവരും തൃശൂരിലേക്ക് ചേക്കേറിയത്. പാത്തുമ്മയുടെ രണ്ട് സന്താനങ്ങളില്‍ മൂത്തത് പെണ്‍കുട്ടിയാണ്. ഇളയത് ആണും. ജോലിയും കൂലിയുമൊക്കെയായി സന്തോഷമായി കഴിയുന്നു. ഇതിനിടക്ക് ഇളയ മകന്‍ അനീസിന് കോളജില്‍ ഫീസ് അടയ്ക്കുന്നതിന് വേണ്ടി പാത്തുമ്മ തന്റെ അഞ്ച് പവനോളം വരുന്ന മാല പണയം വച്ചു. 14000 രൂപ മാത്രമേ ആവശ്യമായിരുന്നുള്ളൂവെങ്കിലും സ്റ്റേറ്റ് ബാങ്കിലാണല്ലോയെന്നോര്‍ത്ത് കഴുത്തില്‍കിടന്ന അഞ്ച് പവന്റെ മാല ഊരിയാണ് പണയം വച്ചത്.

നാളുകള്‍ക്കുശേഷം അനീസിന്റെ പഠനമെല്ലാം കഴിഞ്ഞു. പെങ്ങളെ വിവാഹം കഴിച്ചയക്കുന്നില്ലേയെന്ന് നാട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങി. ഒരുദിവസം പെട്ടന്ന് അനീസിന്റെ ഉമ്മ പാത്തുമ്മയ്ക്ക് വല്ലാതൊരു നെഞ്ചുവേദന. വേഗംതന്നെ തൃശൂര്‍ ശക്തന്‍സ്റ്റാന്റിനടുത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിര്‍ഭാഗ്യമെന്നുപറയട്ടെ, പാത്തുമ്മയുടെ ആയുസ് അല്ലാഹു അവിടെവരെയേ നിശ്ഛയിച്ചിട്ടുണ്ടായിരുന്നുള്ളൂ.
പാത്തുമ്മ സ്വര്‍ണ്ണം പണയംവച്ച കഥ

മാസങ്ങള്‍ പിന്നിട്ടു. ഉമ്മ മരിച്ച ദുഖത്തില്‍നിന്നും രണ്ട് മക്കളും, ബാപ്പയും മോചിതരായി. പിന്നെ അനീസിന്റെ സഹോദരിയുടെ വിവാഹം ആലോചിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ ഗള്‍ഫിലുള്ള ഒരു പയ്യനുമായി അനീസിന്റെ പെങ്ങള്‍ മൈമുനയുടെ നിക്കാഹ് ഉറപ്പിച്ചു. 21 ാം നൂറ്റാണ്ടാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. പുയ്യാപ്ലയുടെ വീട്ടുകാര്‍ക്ക് കാര്യമായിത്തന്നെ കൊടുക്കണം. അങ്ങനെ സ്ത്രീധനം സംഘടിപ്പിക്കുന്നതിനായി നെട്ടോട്ടമോടുന്നതിനിടയ്ക്കാണ് പണ്ട് പാത്തുമ്മ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പണയംവച്ച അഞ്ച് പവന്റെ മാലയെക്കുറിച്ച് ഓര്‍ക്കുന്നത്. ഇന്നത്തെ വിലയ്ക്ക് ഒരുലക്ഷത്തില്‍പ്പരം രൂപ ലഭിക്കും. പിറ്റേന്നുതന്നെ സ്വര്‍ണ്ണമെടുക്കുന്നതിനായി ബാങ്കില്‍ ചെന്നു. അപ്പോഴാണറിയുന്നത് പണയം വച്ചയാള്‍തന്നെ വരണം സ്വര്‍ണ്ണമെടുക്കണമെങ്കില്‍ എന്ന്. ഈ ലോകത്തുനിന്നും വിടപറഞ്ഞുപോയ പാത്തുമ്മയെ എങ്ങിനെയാണ് പണയംവച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ കൊണ്ടുവരിക. ഒടുവില്‍ പാത്തുമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റും, മറ്റ് അവകാശികളില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നായി ബാങ്ക് മാനേജര്‍.

അങ്ങിനെ മരണ സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കാന്‍ പോയി. അവിടെ നിന്നും അക്ഷയ ഇ-കേന്ദ്രത്തില്‍ പോകണമെന്ന മറുപടി ലഭിച്ചു. കുറച്ച് വട്ടം കറങ്ങിയെങ്കിലും അത് ലഭിച്ചു. പിന്നീട് ഇതുമായി വില്ലേജ് ഓഫീസറുടെ അടുത്തെത്തി. അവിടെ ചെന്നപ്പോള്‍ പാത്തുമ്മ മരിക്കുമ്പോള്‍ ഉള്ള രണ്ട് സാക്ഷകള്‍ വേണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. അതുപ്രകാരം കുറേ പണം മുടക്കി വീടിനടുത്തുള്ള രണ്ട് സാക്ഷികളേയും കൂട്ടി വില്ലേജ് ഓഫീസില്‍ ചെന്നു. അപ്പോഴാണ് വില്ലേജ് ഓഫീസര്‍ മറ്റൊരു കാര്യം പറയുന്നത്. നിങ്ങള്‍ പണ്ട് താമസിച്ചിരുന്ന മലപ്പുറത്തെ വില്ലേജ് ഓഫീസില്‍ നിന്നും മറ്റ് അവകാശികളാരും ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന്. അതുപ്രകാരം മലപ്പുറത്ത് പോയപ്പോള്‍ അവിടേയും വേണം സാക്ഷികള്‍. ഒടുവില്‍ രണ്ട് വില്ലേജുകളിലുമായി 3500 രൂപയുടെ ഗാന്ധി ചിലവാക്കി. അങ്ങിനെ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിച്ചു.

അപ്പോഴേക്കും മൂന്നാഴ്ച്ച പിന്നിട്ടിരുന്നു. ഇതിനിടെയാണ് മൈമുനയുടെ വീട്ടിലേക്ക് പുയ്യാപ്ലയുടെ വീട്ടുകാരില്‍ ചിലര്‍ അന്വേഷണവുമായെത്തുന്നത്. മൈമുനയെ കെട്ടാന്‍പോകുന്ന ചെറുപ്പക്കാരന്‍ പാരമ്പര്യമായി തറവാടിയും, ധനാഢ്യനുമാണ്. അനീസിന്റെ വീട്ടിലെ മോശം കാലവസ്ഥ മനസിലാക്കിയ ആ സുമനസ്‌കര്‍ മൈമുനയുമായുള്ള വിവാഹം പല മുടന്തന്‍ന്യായങ്ങളും പറഞ്ഞ് വേണ്ടെന്നുവച്ചു. കാരണം തൃശൂരിലെതന്നെ മറ്റൊരു മുന്തിയ തറവാട്ടില്‍ നിന്നും ആ പുയ്യാപ്ലയുടെ നിക്കാഹ് ഉറപ്പിച്ചിരുന്നു. പാത്തുമ്മ പണയംവച്ച അഞ്ച് പവന്റെ ആ മാല രണ്ടാഴ്ച്ചകൂടി കഴിഞ്ഞപ്പോള്‍ ലഭിച്ചു. ഒരു തവണ വിവാഹം മുടങ്ങിയ മൈമുനക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍തന്നെ ജാള്യതയാണ്. അഞ്ചുപവന്റെ മാലയും കഴുത്തിലിട്ട് ആ പാവം ഇപ്പോഴും കാണാമറയത്തെ കിനാവുകള്‍ കണ്ട് മുറിയുടെ ഒരു മൂലയില്‍ കുത്തിയിരിക്കുകയാണ്.

ബാങ്കില്‍ സ്വര്‍ണ്ണം പണയം വയ്ക്കുമ്പോള്‍ അനന്തരാവകാശികളുടെ പേര് എഴുതി നല്‍കണമെന്നത് കര്‍ശന നിയമമാണ്. അപ്രകാരം പാത്തുമ്മ തന്റെ മകന്റെ പേരായിരുന്നു അനന്തരാവകാശിയായി എഴുതിവച്ചത്. ആ മകനാണ് പെങ്ങളുടെ വിവാഹത്തിന് വേണ്ടി പണയമെടുക്കാന്‍ ബാങ്കില്‍ചെന്നത്. പക്ഷേ അതിനുവേണ്ടി കണ്ട സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ കയറിയിറങ്ങിയപ്പോഴേക്കും പെങ്ങളുടെ വിവാഹം പെരുവഴിയിലായി. അല്ലാഹുവില്‍ വിശ്വസിക്കുന്ന അനീസ് എന്ന ആ പാവം ചെറുപ്പക്കാരന്‍ മനസറിഞ്ഞ് ഒരു ശാപവാക്കുപോലും ഉരിയാടിയില്ല...

പരമ്പര 4 : അടുത്ത ദിവസം- മേല്‍പ്പോട്ട് മിഴിച്ചു നോക്കാനുള്ള വിധി

(ഉദ്യോഗസ്ഥ പ്രഭുത്വവും, കൈക്കൂലിയും അവസാനിക്കുന്നില്ല.... പരമ്പര അവസാനിക്കുന്നു)

പരമ്പര ഇവിടെ തുടങ്ങുന്നു : കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞ സത്യം...

പരമ്പര 1: രജിസ്ട്രാര്‍ കൈക്കൂലി സ്വീകരിക്കില്ല (മിനിമം 1000)

പരമ്പര 2: ജനനസര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ മരിക്കണം

Keywords: Gold Pawn, Village Office, Certificate, Officer, Article, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia