കിമ്പളം പോയതു പോകട്ടെ,ശമ്പളമെങ്കിലും കിട്ടിയിരുന്നെങ്കില്‍....

 


-എസ് എ ഗഫൂര്‍
(www.kvartha.com 01.12.2016) നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിക്കുകയും പ്രചരിക്കുകയും ചെയ്ത പല നല്ല കാര്യങ്ങളില്‍ ഒന്ന് ഓര്‍മയുണ്ടോ? സാധാരണക്കാരനെ പിഴിഞ്ഞ് ലക്ഷങ്ങള്‍,കോടികളാക്കി സമ്പാദിച്ചു വച്ചിരിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കൈയിലെ അഞ്ഞൂറും ആയിരവും വെറും കടലാസായിപ്പോയല്ലോ എന്നായിരുന്നു അത്.


കിമ്പളം വാങ്ങിയവര്‍ക്ക് അത് ഉപയോഗപ്പെടില്ല എന്ന് സന്തോഷിച്ചിരുന്നവര്‍ക്കും വാങ്ങിവച്ച കിമ്പളം പാഴായിപ്പോയല്ലോ എന്ന് വിഷമിച്ചവര്‍ക്കും ശമ്പളം പോലുമില്ലാതാകുന്ന സ്ഥിതിയിലാണല്ലോ കാര്യങ്ങള്‍.

കിമ്പളം പോയതു പോകട്ടെ,ശമ്പളമെങ്കിലും കിട്ടിയിരുന്നെങ്കില്‍....

ശമ്പളം കിട്ടുമോ,പണമായി കിട്ടുമോ, അതോ ബാങ്ക് അക്കൗണ്ടില്‍ വരുമോ, വന്നാല്‍ത്തന്നെ അത് മുഴുവനും ബാങ്കീന്ന് ഒന്നിച്ചെടുക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള ആശങ്കകള്‍ വേറെ. ശരിയായി പറഞ്ഞാല്‍ നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം ശരിയായി മനസിലാക്കാന്‍ പോകുന്നത് ഇപ്പോഴാണ്. ഒരു മാസത്തേക്കുള്ള വീട്ടുസാധനങ്ങളൊക്കെ ഒന്നിച്ചു വാങ്ങിവച്ച്, അത്യാവശ്യം പച്ചക്കറിക്കും പാലിനുമൊക്കെയുള്ള ചില്ലറ കൈയില്‍ വച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'ഡീമോണിട്ടൈസേഷന്‍ ഇഫക്റ്റ്' കാര്യമായി ബാധിച്ചിരുന്നില്ല.

എന്നുവച്ച്, ദിവസക്കൂലിക്കാരും അന്നന്നത്തെ കൂലികൊണ്ട് അന്നന്നത്തേക്കുള്ള അപ്പം വാങ്ങുന്നവരും നെട്ടോട്ടമോടുന്നത് കണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഉല്ലസിച്ചു എന്നൊന്നും അര്‍ത്ഥമില്ല. മാത്രമല്ല, മലയാളികള്‍ മുഴുവനും ധൂര്‍ത്തന്മാരായതുകൊണ്ടാണ് ഈ നെട്ടോട്ടം എന്ന് കണ്ടുപിടിച്ച കുമ്മനം രാജേട്ടനോടുള്ള രോഷം തിരക്കിട്ട കൃത്യനിര്‍വഹണത്തിനിടയിലും ഫേസ്ബുക് പോസ്റ്റുകളിലൂടെ അവര്‍ പ്രകടിപ്പിക്കുകയും ചെയ്യും.

കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് 1200 കോടി രൂപയുടെ നോട്ടുകള്‍ ചോദിച്ചു.അതിന്റെ ഒന്നാം ഗഡു റിസര്‍വ് ബാങ്ക് എത്തിക്കുകയും ചെയ്തു. പക്ഷേ, എ ടി എം വഴി ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്നത് ഇപ്പോഴും 24,000 രൂപ തന്നെ. പുതിയ നിക്ഷേപമാണെങ്കില്‍ കൂടുതല്‍ തുക ചെക്കോ വിത്‌ഡ്രോവല്‍ ഫോമോ ഉപയോഗിച്ച് പിന്‍വലിക്കാം. 

അതായത് ശമ്പളം ബാങ്കിലെത്തിയാല്‍ അതുപയോഗിച്ച് കാര്യങ്ങള്‍ കാണണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ബാങ്കില്‍ പോയി ക്യൂ നില്‍ക്കണം. അപ്പോള്‍ സ്വന്തം ജോലി മുടങ്ങും. അതുണ്ടാക്കുന്ന ഉത്പാദന നഷ്ടവും ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും വേറേ. എ ടി എം കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് കൂടിയായതുകൊണ്ട് വലിയ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും മറ്റും അത് ഉപയോഗിക്കാം. പക്ഷേ, നാട്ടുംപുറത്തെ പലചരക്ക് കടയില്‍ എവിടെയാണ് സൈ്വപ്പിംഗ് മെഷീന്‍. ധിം തരികിടധോം.

ഈ മാസം ജനങ്ങളുടെ ക്രയവിക്രയ ശേഷിയില്‍ കാര്യമായ കുറവുണ്ടായതുകൊണ്ട് അടുത്ത മാസം,അതായത് ഡിസംബറിലെ വരുമാനം കുറയുമെന്നും ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണം ഉണ്ടാകില്ലെന്നുമാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. താടി തടവി ചിരിച്ചുകൊണ്ടാണ് അദ്ദേഹം അത് വെളിപ്പെടുത്തുന്നതെങ്കിലും നിസാരമല്ല കാര്യം.

പക്ഷേ, ഒരു കാര്യമുണ്ട് കേട്ടോ. അപ്പോഴും പാവം ശമ്പളക്കാരുടെയും പെന്‍ഷന്‍കാരുടെയും കൈയില്‍ പണമുണ്ടാകും. ഇപ്പോള്‍ ബാങ്കിലെത്തുന്നത് അപ്പോഴും എടുത്തു തീര്‍ന്നിട്ടുണ്ടാകില്ല. പക്ഷേ, 24,000 ല്‍ താഴെ ശമ്പളവും പെന്‍ഷനുമുള്ളവര്‍ ഒരാഴ്ചകൊണ്ടുതന്നെ എടുത്ത് അടുത്ത മാസം വരാന്‍ കാത്തിരിക്കുകയായിരിക്കും. അവരും ഇവരും അന്തംവിട്ട് ഇരിക്കുമ്പോള്‍ മോഡിജിയുടെ വക മന്‍ കി ബാത് കേട്ട് സമയം പോക്കാമെന്നേ.പിന്നല്ലാതെ....


Also Read:
കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ദിനാചരണത്തില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; കുമ്പള പോലീസ് വലയത്തില്‍

Keywords:  What will do next month for salaryand this month for withdrawal, Prime Minister, Narendra Modi, Fake money, RBI, Pension, ATM, Article, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia