Life | ഞാൻ എന്തുകൊണ്ട് സെക്‌സ് വർക്കറായി? ഒരു യുവതിയുടെ അനുഭവ സാക്ഷ്യം


● കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാല്യം
● കൗമാരത്തിലും നേരിട്ട വെല്ലുവിളികൾ ഏറെ
● നിർബന്ധിത വിവാഹത്തിന് ശേഷവും ദുരിതം അനുഭവിച്ചു.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 45
(KVARTHA) 2006 ൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന എയ്ഡ്സ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഞങ്ങൾ കുറച്ചു പ്രവർത്തകർ ബാംഗ്ളൂരിലെ മല്ലേശ്വരത്ത് പ്രവർത്തിച്ചു വരുന്ന ഒരു സെക്സ് വർക്കേർസിൻ്റെ ഓഫീസ് സന്ദർശിച്ചു. അവിടുത്തെ പ്രവർത്തനം നേരിട്ടുകണ്ട് പഠിക്കാനും അവരുടെ എയ്ഡ്സ് പ്രതിരോധ പ്രവർത്തന രീതി മനസ്സിലാക്കാനുമാണ് ഞങ്ങൾ ചെന്നത്. ടീമിൽ 30 പേരുണ്ടായിരുന്നു. സർക്കാർ സഹായത്തോടെയാണ് അവരുടെ സംഘം പ്രവർത്തിക്കുന്നത്. നല്ലൊരു ഓഫീസ് കെട്ടിടമുണ്ട്. അവിടെ ഹെൽത്ത് സ്റ്റാഫ് പ്രവർത്തിക്കുന്നുണ്ട്.
പ്രശ്ന പരിഹാര സെല്ലും പ്രവർത്തിക്കുന്നു. നേതാക്കന്മാരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരാണ്.
ആ സംഘടന ചെയ്യുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഫീൽഡിൽ ചെന്നു കാര്യങ്ങൾ വിശദീകരിച്ചു തന്നു. കേരളത്തിലും സെക്സ് വർക്കേർസിനു മാത്രം ഇത്തരമൊരു സംരംഭം തുടങ്ങാൻ പറ്റും എന്ന ധാരണയോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഞങ്ങളുടെ 30 അംഗ ടീമിൽ സി.ബി.ഒ. പ്രതിനിധികളും ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു എറണാകുളം ജില്ലയിലെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന 'സ്വരുമ' എന്ന സി.ബി.ഒ. യുടെ സെക്രട്ടറി അശ്വതി.
അവിടെ സമയവും സന്ദർഭവവും കിട്ടമ്പോഴൊക്കെ വ്യക്തികൾക്കുണ്ടായ അനുഭവങ്ങളും പങ്കുവെച്ചിരുന്നു. അപ്പോൾ അശ്വതി അവരുടെ അനുഭവം പങ്കു വെച്ച തിങ്ങിനെയാണ്. 'പയ്യന്നൂരിനടുത്ത് ഒരു മലയോര ഗ്രാമത്തിലായിരുന്നു എൻ്റെ ജനനം. എസ്.എസ്.എൽ.സി വരെ പഠിച്ചു. കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. അമ്മയ്ക്ക് ചെറുപ്രായമായിരുന്നു. അതിനാൽ രണ്ടാമതൊരു വിവാഹത്തിന് അമ്മ തയ്യാറായി. പതിനഞ്ചു വയസ്സുള്ള കറുത്ത സുന്ദരിയായ പെൺകുട്ടിയായിരുന്നു ഞാൻ. രണ്ടാനച്ഛൻ എന്നിൽ കണ്ണ് വെക്കാൻ തുടങ്ങിയെന്ന് എനിക്ക് തോന്നിത്തുടങ്ങി.
അദ്ദേഹത്തിൻ്റെ സാമീപ്യത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ആവുന്നതും ഞാൻ ശ്രമിച്ചു കൊണ്ടിരിന്നു.
മനസ്സില്ലാമനസ്സോടെ ഒരു രക്ഷയുമില്ലാത്തതിനാൽ ബാഹ്യമായ ക്രീഡകൾക്കൊക്കെ ഞാൻ നിന്നു കൊടുത്തു. പക്ഷെ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ ദ്രോഹം ചെയ്തു തുടങ്ങി. ലൈംഗിക വേഴ്ചക്ക് ഒരുങ്ങിയപ്പോൾ അതു മാത്രം പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഞാൻ പുറത്തേക്കോടി. അതിന് സമ്മതിക്കാത്തപ്പോൾ വധഭീഷണിയായി.
സ്വന്തം അമ്മയോട് ഞാൻ ഇക്കാര്യം പറഞ്ഞു. പക്ഷെ അമ്മയും രണ്ടാനച്ഛന് എതിര് നിന്നില്ല. തന്നെയും ഉപേക്ഷിച്ച് പോയ്ക്കളയും എന്ന പേടിയായിരുന്നു അമ്മയ്ക്ക്. അതിന് എന്നോടുള്ള പ്രതികാരമാണോ എന്നറിയില്ല. പതിനാറുകാരിയായ എന്നെ ഒരു നാൽപ്പത്തെട്ടുകാരനെക്കൊണ്ട് കെട്ടിച്ചു. ഞാൻ എതിർത്തില്ല.
അങ്ങിനെയെങ്കിലും ഈ നരകത്തിൽ നിന്ന് രക്ഷപ്പെടാമല്ലോയെന്നോർത്തു. പക്ഷെ അവിടെയും ദൈവം തുണച്ചില്ല. മുഴുമദ്യപാനിയായിരുന്നു അയാൾ. കുടിച്ചു വന്ന് ശരീരിക പീഡനം തുടങ്ങും. ഒരു മാസത്തോളം സഹിച്ചു.
സഹിക്ക വയ്യാതായപ്പോ അവിടെ നിന്ന് രക്ഷപെട്ട് സ്വന്തം വീട്ടിലേക്ക് വന്നു. വീട്ടിലും സ്വൈര്യമില്ലാതായി. രണ്ടാനച്ഛനും അമ്മയും എന്നെ വഴക്കുപറയാൻ തുടങ്ങി. എൻ്റെ നിസ്സഹായാവസ്ഥ ആർക്കും മനസ്സിലാവുന്നില്ല. ഇനി ജീവിക്കാൻ വയ്യ മാർഗ്ഗം ഒന്നേയുള്ളു ആത്മഹത്യ. രണ്ടും തീരുമാനിച്ചു വീട്ടിൽ നിന്ന് ഇറങ്ങി. ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പോടെയാണ് വന്നത്. എത്തിപ്പെട്ടത് കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ഒരു ക്ഷേത്രപരിസരത്താണ്. ഭക്ഷണവും മറ്റും സൗജന്യമായി കിട്ടുന്നതിനാൽ രണ്ടുമൂന്നു ദിവസം അവിടെ കഴിച്ചു കൂട്ടി. പലരും സംശയദൃഷ്ടിയോടെ നോക്കാൻ തുടങ്ങി.
ഒരു ചെറുപ്പക്കാരൻ സമീപിച്ചു. അദ്ദേഹത്തോട് കാര്യം തുറന്നു പറഞ്ഞു. കൂടെ ചെല്ലാൻ പറഞ്ഞു. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. അങ്ങിനെ ആദ്യമായി ഒരന്യ പുരുഷന് എൻ്റെ എല്ലാം കാഴ്ചവെച്ചു. ആ മനുഷ്യൻ ഒരു തുക കയ്യിലേൽപ്പിച്ചു എങ്ങോട്ടോ പോയ്ക്കളഞ്ഞു. പിന്നീട് ഓരോ ദിവസവും ഓരോരുത്തരായി സമീപിച്ചു. ഏതായാലും ഞാൻ പിഴച്ചു. മരിക്കാത്തതിനേക്കാൾ നല്ലതല്ലേ ഇങ്ങിനെ ജീവിക്കുന്നത് എന്നായിരുന്നു എൻ്റെ ചിന്ത. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവിടം വിട്ടു.
ചെന്നെത്തിയത് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലായിരുന്നു. അവിടെ എന്നെ പോലുള്ള ധാരാളം പേരുണ്ടായിരുന്നു. അവരൊപ്പം കൂടി സെക്സ് വർക്കർ എന്ന നിലയിൽ തന്നെ തുടർന്നു വരികയും ചെയ്തു. ആയിടക്ക് സ്നേഹ ധനനായ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. അദ്ദേഹം എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് മനസ്സിലായി, ഇതേ വരെ ആരിൽ നിന്നും ഒരിറ്റു സ്നേഹം കിട്ടാത്ത എനിക്ക് അദ്ദേഹത്തിൻ്റെ സ്നേഹം വലിയൊരനുഗ്രഹമായി.
ഞാൻ സെക്സ് വർക്കിന് പോകുന്നത് നിർത്തി. ആറ് വർഷത്തോളം ഞങ്ങൾ ഭാര്യാഭർത്തക്കന്മാരെ പോലെ ജീവിച്ചു. എൻ്റെ നിർഭാഗ്യം. അദ്ദേഹം ഒരു മോട്ടോർ ആക്സിഡൻ്റിൽ പെട്ടു മരിച്ചു. ആ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ടായി. വീണ്ടും അനാഥത്വത്തിലേക്ക്. കൂടെ ഒരു കൊച്ചുകുഞ്ഞിൻ്റെ ബാധ്യതയും. വീണ്ടും പഴയ ലാവണത്തിലേക്ക് തന്നെ. എട്ടുവയസ്സുകാരിയായ മകളെ ഒരു കോൺവെൻ്റിൽ ചേർത്തു പഠിപ്പിക്കുന്നു'.
നാല്പതിനടുത്ത് പ്രായമുണ്ടെങ്കിലും വളരെ പ്രസരിപ്പോടെയാണ് അശ്വതി എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
ഇപ്പോഴും സെക്സ് വർക്കിന് പോകുന്നുണ്ട്. ശരിക്കും ജീവിതം പഠിച്ചതിനാൽ സമൂഹത്തിൻ്റെ ഉൾത്തുടിപ്പുകൾ അറിയാം. മാന്യമായി പെരുമാറും. കോണ്ടം ഉപയോഗിക്കാതെ സെക്സിൽ ഏർപ്പെടില്ല. പ്രായപൂർത്തിയാവാത്ത ചെറുപ്പക്കാർ സമീപിച്ചാൽ അവരെ ഉപദേശം നൽകി തിരിച്ചയക്കും.
കസ്റ്റമേർസിനോട് പറയും, 'നമ്മൾ തമ്മിലുള്ള ഇടപാട് അരമണിക്കൂറോ ഒരു മണിക്കൂറോ ആണ്. അത് കഴിഞ്ഞ് പിന്നൊരു ബന്ധവുമില്ല. അതിന് കൃത്യമായ കാശ് മുൻകൂർ തന്നിരിക്കണം. എന്തെങ്കിലും പ്രശ്നം പറഞ്ഞ് വഴക്കുണ്ടാക്കരുത്. അങ്ങിനെ ഉണ്ടായാൽ ഞാൻ വിളിച്ചു കൂവും. എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. നിങ്ങൾക്ക് ഭാര്യയും ബന്ധുക്കളും കാണും. വെറുതെ പ്രശ്നമുണ്ടാക്കരുത്'.
അശ്വതിയുടെ വാക്കുകൾക്ക് ശക്തിയുണ്ട്, ഊർജസ്വലതയുണ്ട്, മനുഷ്യത്വമുണ്ട്. 'സമൂഹത്തിലെ മാന്യന്മാരാൽ വഞ്ചിക്കപ്പെടുന്ന സഹോദരിമാരെ രക്ഷപ്പെടുത്താൻ ഞാൻ എന്നാലാവും വിധം ചെയ്യും. എന്നെ പോലെയുള്ള സഹോദരിമാരെ അകറ്റി നിർത്തി അവഹേളിച്ചു വിടുന്ന കപട മാന്യത മാറ്റണം. ഞങ്ങളെയും മനുഷ്യരായി കാണണം', ഇതായിരുന്നു അവളുടെ വാക്കുകൾ.
ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A woman's life journey from hardship to work and her thoughts on society’s treatment of marginalized individuals.
#LifeStruggles #Empathy #Survival #HumanRights #SocialChange