Criticism | യോഗി ഇനി ബിജെപിയുടെ താരപ്രചാരകന്‍; മോഡിയും ഷായും പുറത്തായതെങ്ങനെ?
ജമ്മു കശ് മിര്‍, യുപി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളിലൊന്നും ഇരുവര്‍ക്കും പങ്കാളിത്തമില്ല.
ഒരു പതിറ്റാണ്ടായി രാജ്യത്തെ മുഴുവന്‍ ബിജെപിയുടെ ചരട് ഇരുവരുടെയും കയ്യിലായിരുന്നു.
ഗുജറാത്ത് ലോബി എന്നറിയപ്പെടുന്ന ഇവരുടെ തോരോട്ടത്തിന് തടസം നേരിട്ടിരിക്കുകയാണ്.
അര്‍ണവ് അനിത
ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആര്‍ എസ് എസ് നേതൃത്വം ശക്തമായ വിമര്‍ശനമാണ് നടത്തിയത്. അതില്‍ വലിയ കഴമ്പില്ലെന്നും ഇരുകൂട്ടരും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന പരിപാടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് മോഡി നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആര്‍ എസ് എസ് നേതൃത്വം എതിരഭിപ്രായങ്ങള്‍ ഉന്നയിക്കാത്തത് എന്തെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ബിജെപിയിലും ആര്‍ എസ് എസിലും മോഡി-ഷാ കൂട്ടുകെട്ടിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരികയാണ്. ജമ്മു കശ് മിര്‍, യുപി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളിലൊന്നും ഇരുവര്‍ക്കും പങ്കാളിത്തമില്ല. ഒരു പതിറ്റാണ്ടായി രാജ്യത്തെ മുഴുവന്‍ ബിജെപിയുടെ ചരട് ഇരുവരുടെയും കയ്യിലായിരുന്നു. ഗുജറാത്ത് ലോബി എന്നറിയപ്പെടുന്ന ഇവരുടെ തോരോട്ടത്തിന് തടസം നേരിട്ടിരിക്കുകയാണ്.
മോഡിയും ഷായും ജമ്മുകശ്മീരിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടിവന്നു. പ്രാദേശിക ബിജെപി-ആര്‍ എസ് എസ് നേതാക്കളുടെയും പഴയ നേതാക്കളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും എതിരെ പോരാടിയവരെ ഗുജറാത്ത് ലോബി അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അവസരവാദികള്‍ക്കാണ് പ്രാധാന്യം നല്‍കിയതെന്നും അവര്‍ പലപ്പോഴും ബിജെപിക്ക് എതിരായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ (യുപി) നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡിയെ മുന്‍നിര്‍ത്തി പ്രചാരണം നടത്തേണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ ചേര്‍ന്ന ബിജെപി-ആര്‍ എസ് എസ് യോഗം തീരുമാനിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മോഡി പ്രചാരണം നടത്തിയത് തിരിച്ചടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും താമര വിരിയിക്കാനായില്ല. അതുകൊണ്ട് മോഡിയുടെ ചാണക്യ തന്ത്രവും സ്ഥാനാര്‍ത്ഥി നിര്‍ണയവും വേണ്ടെന്നാണ് തീരുമാനം. ഇക്കാര്യങ്ങളെല്ലാം ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചുമതലയാണ്. ബിജെപിയും ആര്‍ എസ് എസും സര്‍ക്കാരുമായി ഒരുമിച്ച് സഹകരിച്ച് മുന്നോട്ട് പോകാനും തീരുമാനിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ അമിത് ഷായുടെ പ്രധാന്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അട്ടിമറിയിലൂടെ കര്‍ണാടക, ജാര്‍ഖണ്ഡ് സര്‍ക്കാരുകളെ താഴെയിറക്കാനോ, വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ബംഗാളില്‍ ഓപ്പറേഷന്‍ താമര നടത്താനോ പദ്ധതിയിട്ടിരുന്നെങ്കിലും ഫലവത്തായില്ല. യുപിയിലെയും ജമ്മു കശ് മീരിലെയും തീരുമാനങ്ങള്‍ വഴി ആര്‍ എസ് എസ് അമിത് ഷായ്ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകപക്ഷീയ നിലപാടുകള്‍ വേണ്ടെന്നും ആര്‍ എസ് എസുമായി കൂടിയാലോചന നടത്തണമെന്നുമാണ് തീരുമാനം.
മോഡിയും അമിത് ഷായും സംസ്ഥാന ഘടകങ്ങള്‍ക്ക് മേല്‍ തങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. മോഡിക്ക് യുപിയില്‍ പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. കാരണം അവിടുത്തെ പിടി നഷ്ടപ്പെട്ടാല്‍ തന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാകുമെന്ന് മോഡിക്കറിയാം. അമിത് ഷായുടെ അനുയായിയും ഉപമുഖ്യമന്ത്രിയുമായ കേശവ പ്രസാദ് മൗര്യ വഴിയാണ് യുപിയിലെ കാര്യങ്ങളില്‍ ഇവര്‍ പിടിമുറുക്കിയിരുന്നത്. യോഗിയും കേശവ പ്രസാദും തമ്മിലുള്ള ഭിന്നതയും ഇവര്‍ കരുവാക്കി. എന്നാല്‍ ആര്‍ എസ് എസ് ഇടപെട്ടതോടെ യോഗിയും കേശവ പ്രസാദും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായി. അതും മോഡി-ഷാ കൂട്ടുകെട്ടിന് തിരിച്ചടിയായി.
യുപിയില്‍ തിരിച്ചുവരവിന് പത്തില്‍ ഏഴ് നിയമസഭാ സീറ്റുകളെങ്കിലും നേടാനുള്ള ആസൂത്രണമാണ് ആര്‍ എസ് എസ് നേതൃത്വം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജ്യത്തുടനീളമുള്ള കാവി രാഷ്ട്രീയത്തിന്റെ നാശത്തിലേക്ക് നയിക്കുമെന്ന് മുതിര്‍ന്ന ആര്‍ എസ് എസ് നേതാക്കള്‍ പല മാധ്യമപ്രവര്‍ത്തകരോടും അഭിപ്രായപ്പെട്ടു.
സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമയത്ത് സ്വതന്ത്ര ചിന്താഗതിക്കാരായ ആളുകളെ ചേര്‍ക്കാനാണ് ശ്രമം. സര്‍ക്കാരിനെയും സംഘടനകളെയും ഏകോപിച്ച് അംഗത്വ വിതരണം നടത്തണമെന്ന് ആര്‍ എസ് എസ് സഹ സര്‍കാര്യവാഹ് അരുണ്‍ കുമാര്‍ നിര്‍ദേശിച്ചത് അതുകൊണ്ടാണ്. മറ്റ് പാര്‍ട്ടികളിലുള്ളവരെ ബിജെപിയിലേക്ക് എത്തിക്കാന്‍ ആര്‍ എസ് എസ് നേതൃത്വം ഉദ്ദേശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപിയില്‍ മോദി നടപ്പാക്കിയ ഏകാധിപത്യം അവസാനിപ്പിക്കുകയാണ് ഇതിലൂടെയൊക്കെ ലക്ഷ്യമിടുന്നത്. ബിജെപി നേതാക്കളുമായി ആര്‍ എസ് എസ് നടത്തിയ സുപ്രധാന യോഗങ്ങളിലൊന്നും മോദിയെ ക്ഷണിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും മോഡിയില്ല എന്നത് പ്രതിപക്ഷനേതാക്കളെ പോലും അത്ഭുതപ്പെടുത്തുന്നു.
മോഡിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗം ആര്‍ എസ് എസ് നേതാക്കള്‍ പൂര്‍ണ തൃപ്തരല്ല. ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപിക്ക് വിജയിക്കാന്‍ കഴിയുമോ എന്ന് പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. മോഡി-ഷാ ലൈനില്‍ നിന്ന് മാറാതെ ബിജെപിക്ക് ഭാവിയില്ലെന്ന ചര്‍ച്ച ഉയര്‍ന്നു കഴിഞ്ഞു. അധികാരത്തില്‍ തുടരാനായി അവര്‍ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് സാധാരണക്കാര്‍ അകന്നതെന്നും ഇവര്‍ വിശ്വസിക്കുന്നു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷവും മോഡിയും ഷായും തിരുത്താന്‍ വിസമ്മതിക്കുകയും തങ്ങളുടെ ധിക്കാരപരമായ രാഷ്ട്രീയ സമീപനം തുടരുകയും ചെയ്യുന്നുവെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആര്‍ എസ് എസ് നേതാക്കളെ ഭരണകൂടത്തിന്റെ പങ്കാളികളാക്കിയത് മോഡിയാണെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ട മോഡി നടപ്പാക്കിയെന്നും ആര്‍ എസ് എസിലെ മോഡി വിമര്‍ശകര്‍ പോലും സമ്മതിക്കുന്നു.
രാമക്ഷേത്രം നിര്‍മ്മിക്കുകയും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംഘപരിവാറിന്റെ ശേഷിക്കുന്ന പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള ഏറ്റവും നല്ല നേതാവ് മോഡിയാണെന്നും അവര്‍ പറയുന്നു.
മോഡിയല്ല, യോഗിയാണ് ഇനി ഹിന്ദുത്വ മുഖമെന്ന ശക്തമായ സന്ദേശമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. പത്ത് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അവിടെ വിജയിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ആര്‍ എസ് എസിന് മനസിലായി. ബിജെപിയിലെ മോഡിയുടെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ആര്‍ എസ് എസ് നേതാക്കള്‍ തീരുമാനിച്ചെങ്കിലും പകരം ആര് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല.
നിതിന്‍ ഗഡ്ക്കരിയെ കൊണ്ടുവരണമെന്നുള്ള വാര്‍ത്തകള്‍ മോഡിയെ സമ്മര്‍ദത്തിലാക്കാനാണ്. അദ്ദേഹം പ്രധാനമന്ത്രിയായി തുടരുന്നതിനോട് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിന് വിയോജിപ്പില്ല, എന്നാല്‍ ആര്‍ എസ് എസ് നിര്‍ദേശിക്കുന്ന കാര്യങ്ങളില്‍ ഉത്തരവാദിത്തം കാണിക്കണം എന്നാണ് ആവശ്യം. അതിന് മോഡി വഴങ്ങുമോ എന്ന് അറിയില്ല.
#YogiAdityanath #BJP #Modi #AmitShah #IndianPolitics #UPPolitics