നെയ്പ്പത്തിരിയും പോത്തിറച്ചിയും

 


നബീസാൻറെ മകൻ മജീദ് (ഭാഗം 3) 

കൂക്കാനം റഹ്‌മാൻ

(www.kvartha.com 19.10.2021) ഉരലില്‍ എന്തോ ഇടിക്കുന്ന ശബ്ദം കേട്ടാണ് രാവിലെ ഉറക്കപ്പായയില്‍ നിന്ന് മജീദ് ചാടി എഴുന്നേറ്റത്. അടുക്കളയില്‍ നിന്ന് നബീസുമ്മ ഉരലില്‍ അരി പൊടിക്കുന്ന ശബ്ദമായിരുന്നു അത്. നെയ്പ്പത്തിരി ഉണ്ടാക്കാന്‍ അരി ഇടിച്ചുപൊടിക്കാറുണ്ട്. 'എന്താ ഉമ്മാ ഇന്നു പരിപാടി'. നബീസുമ്മ ചിരിച്ചു. മജീദിന്റെ കവിളില്‍ സ്‌നേഹത്തോടെ നുളളികൊണ്ട് പറഞ്ഞു: 'ഇന്നല്ലേ മോനേ ജുമാഅത്ത് പളളിയില്‍ ബദ്രിങ്ങളെ ആണ്ട്'. അത് കേള്‍ക്കേണ്ട താമസം മജീദ് തുളളിച്ചാടാന്‍ തുടങ്ങി. ഇതിനോളം സന്തോഷമുളള വേറെക്കാര്യമില്ല.

     
നെയ്പ്പത്തിരിയും പോത്തിറച്ചിയും



വൈകുന്നേരം നൈപ്പത്തിരി വയറു നിറച്ച് തിന്നാം. വലിയ ഉരുളി അടുപ്പത്ത് വെച്ച് തിളക്കുന്ന എണ്ണയിലിട്ട് പൊരിച്ചെടുക്കുന്ന നൈപത്തിലിന്റെ മണം വായില്‍ വെളളമൂറും. ആദ്യം ചുട്ടെടുക്കുന്ന പത്തിരി മജീദ് കൈക്കലാക്കും. ഉറക്കെ ശബ്ദിക്കുമ്പോഴും, പൊട്ടിച്ചിരിക്കുമ്പോഴും ഉമ്മുമ്മ താക്കീത് ചെയ്യും. 'ശബ്ദമുണ്ടാക്കല്ലേ തിളച്ച എണ്ണ വേഗം വറ്റിപ്പോവും' അതിന്റെ ഗുട്ടന്‍സ് മജീദിന് മനസ്സിലായില്ല. എങ്കിലും അടുപ്പിനടുത്തു നിശബ്ദനായിരിക്കും.


പളളിയിലേക്ക് പത്തിരി കൊണ്ടു പോകേണ്ട ചുമതല മജീദിനാണ്. വൈകുന്നേരമാവുമ്പോള്‍ വലിയ ചൂരല്‍ കൊട്ടയില്‍ ഉമ്മുമ്മ നൈപ്പത്തിരി എണ്ണിവെക്കും, ആ എണ്ണം എത്രയാണെന്ന് മജീദ് ഓര്‍മ്മിച്ച് വെക്കണം. വീട്ടിലെ ആളുകളുടെ എണ്ണവും ചോദിക്കും, അതും തെറ്റാതെ പറഞ്ഞു കൊടുക്കണം. മജീദും ഉച്ചന്‍ വളപ്പിലെ ഇബ്രാഹിനും, കൊക്കാലിലെ ഖാദറും, അക്കരമ്മലിലെ മമ്മതും എല്ലാവരും ഒപ്പമാണ് പളളിയിലേക്ക് പോക്കും തിരിച്ചു വരവും. ആ യാത്രയും പളളിയിലെ നേര്‍ച്ചയും അടുത്ത ദിവസത്തെ തിരിച്ചു യാത്രയും നല്ലൊരു ത്രില്ലാണ് മജീദിന്.


മജീദിനും കൂട്ടുകാര്‍ക്കും പത്തും-പന്ത്രണ്ടും വയസ്സേ ആയിട്ടുളളൂ. ഉമ്മമാരെല്ലാം വേണ്ടുവോളം ഓരോ ആള്‍ക്കും ഉപദേശം കൊടുത്തിട്ടേ പറഞ്ഞു വിടൂ. സന്ധ്യയ്ക്ക് മുന്നേ പളളിയിലെത്തിയാല്‍ പല കാഴ്ചകളും കാണാം. ആദച്ചാ, ഉസ്സന്‍ ഇച്ചാ തുടങ്ങിയ തടിമിടുക്കുളളവര്‍ വലിയ വട്ട്‌ളത്തില്‍ ഇറച്ചി വരട്ടി എടുക്കുന്നത് കാണാം. വലിയ ചട്ടുകം കൊണ്ടാണ് മുളകിലും മഞ്ഞളിലും പൊതിഞ്ഞു നില്‍ക്കുന്ന ഇറച്ചി ഇളക്കിക്കൊണ്ടിരിക്കുക. മദ്രസ്സയുടെ വരാന്തയിലെ ഒരു കോണിലാണ് ഇറച്ചി വേവിക്കുന്ന അടുപ്പു കൂട്ടിയിട്ടുണ്ടാവുക. കുട്ടികളേയൊന്നും അതിനടുത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. പക്ഷേ ദൂരം നിന്ന് ഇറച്ചി വേവുന്ന മണം ഞങ്ങള്‍ ആസ്വദിക്കും.


മദ്രസ്സയുടെ വേറൊരു കോണില്‍ നേര്‍ച്ച പത്തില്‍ സ്വീകരിക്കാന്‍ ആളുകള്‍ ഇരിപ്പുണ്ടാവും. ഞങ്ങള്‍ കുട്ടികള്‍ ക്യൂവായി നില്‍ക്കും. കയ്യില്‍ പിടിച്ച പത്തിരി പാത്രങ്ങള്‍ മേശമേല്‍ വെക്കും. പാത്രത്തിലെ പത്തിരി ഒരാള്‍ എണ്ണും, എണ്ണിയ പത്തില്‍ അവിടെ കൂട്ടിയിട്ടിരിക്കും. ഉടനെ എഴുതുന്ന ആള്‍ ആരുടെ വീട്ടില്‍ നിന്നാണ് പത്തിരി കൊണ്ടു വന്നതെന്നും, എത്ര ആളുകള്‍ ആ വീട്ടിലുണ്ടെന്നും അന്വേഷിച്ച് എഴുതി വെക്കും. പെട്രോമാക്‌സ്‌ന്റെ വെളിച്ചത്തില്‍ ഇതൊക്കെ കുട്ടികളായ ഞങ്ങള്‍ ആസ്വദിച്ച് നില്‍ക്കും.


വെളിച്ചെണ്ണ വാങ്ങാന്‍ നിവൃത്തിയില്ലാത്ത വീട്ടുകാര്‍ ‘ഓട്ടുപത്തിലാണ്’ പളളിയിലേക്ക് കൊണ്ടു വരിക. അതും സ്വീകരിക്കും. നേര്‍ച്ചപ്പത്തില്‍ അല്ലേ. സാമ്പത്തീകമായി കഴിവുളള ആളുകള്‍ നൈപ്പത്തിലും, അതില്ലാത്തവര്‍ ഓട്ടു പത്തിലും. ഇത് കൂടാതെ പളളിക്കമ്മറ്റിയും നൂറ് കണക്കിന് നൈപ്പത്തിരി വേറേയും ഉണ്ടാക്കി വെക്കും. പളളി കമ്മറ്റി ഇവ വിതരണം ചെയ്യുന്നതില്‍ സോഷ്യലിസം നടപ്പാക്കും. ആകെ ലഭിച്ച പത്തിരികളുടേയും കമ്മിറ്റി ഉണ്ടാക്കിയ പത്തിരികളുടേയും കണക്കെടുക്കും. മൊത്തം ജനങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ച് ഒരാള്‍ക്ക് എത്രപത്തില്‍ വീതം ‘ചീരണി’യായി നല്‍കണമെന്ന് കണക്കാക്കിയാണ് അടുത്ത ദിവസം വിതരണം നടത്തല്‍.


മജീദ് കണക്ക് കൊടുത്തത് ഇങ്ങിനെയാണ്. ‘തലയില്ലത്ത് ബീപാത്തു, ഏഴ് ആളുകള്‍’ രാവിലെ വിതരണ സമയത്തും ഈ പേരു വിളിക്കുമ്പോള്‍ വാങ്ങാനുളള പാത്രവുമായി അവിടെ എത്തണം. മഗ്‌രിബ് ബാങ്ക് കൊടുക്കും വരെ കുട്ടികള്‍ ഓടിച്ചാടി നടക്കും. തുടര്‍ന്ന് പളളി കുളത്തിലിറങ്ങി ‘ഒളു’ എടുക്കും. ‘ഇശാ’ നിസ്‌ക്കാരം കഴിഞ്ഞാല്‍ നേര്‍ച്ച തുടങ്ങും. നേര്‍ച്ച അവസാനിക്കാന്‍ മൂന്നു മണി കഴിയും. ‘സുബഹി’ നമസ്‌ക്കാര ശേഷമാണ് ഇറച്ചിയും പത്തിലും വിതരണം ചെയ്യല്‍. സുബഹി നിസ്‌ക്കാര ശേഷം കുട്ടികള്‍ക്ക് ഒരു സമ്മാനമുണ്ട്.


രണ്ട് നൈപ്പത്തിലും ഒരു വലിയ കഷ്ണം ഇറച്ചിയും കിട്ടും. അതു കഴിഞ്ഞാല്‍ ഓരോരുത്തരുടെ പേരും സ്ഥലവും ഉറക്കെ വിളിക്കും. വിളിക്കുമ്പോള്‍ റഡിയായി എത്തണം. മദ്രസയുടെ ഒരു മൂലയില്‍ വേവിച്ച പോത്തിറച്ചി കാണും. നേരത്തെ കണക്കാക്കിയ പ്രകാരമുളള എണ്ണം പത്തിരിയും ഇറച്ചിയും കിട്ടും. ഇറച്ചി ഇരുകൈകൊണ്ടും വാരികൊടുക്കലാണ്. അതിന് നല്ല എക്‌സ്പീരിയന്‍സ് ഉളള വ്യക്തിയാണ് സിങ്കപ്പൂര്‍കാരന്‍ അവ്വക്കറ് ഹാജിക്ക.


മുളക് പിടിച്ച ഇറച്ചി കൈക്കൊണ്ട് വാരികൊടുക്കുമ്പോള്‍ കൈ പുകയും. അതിന് അദ്ദേഹത്തിന്റെ അരികില്‍ വെളിച്ചെണ്ണ പാത്രം വെച്ചിരിക്കും. ഇടയ്ക്കിടക്ക് വെളിച്ചെണ്ണ പാത്രത്തില്‍ കൈമുക്കും. വീണ്ടും ഇറച്ചി വാരികൊടുക്കും. അടുത്ത ദിവസം രാവിലെ എട്ടുമണിയാവുമ്പോഴേക്കും വിതരണം പൂര്‍ത്തിയാവും. ഇനിയാണ് നാട്ടിലേക്ക് ഞങ്ങളുടെ തിരിച്ചുളള യാത്ര. മഴക്കാലത്താണ് പലപ്പോഴും നേര്‍ച്ച നടക്കാറ്. തോടും വയലും നിറഞ്ഞൊഴുകുന്നുണ്ടാവും.


ചങ്ങം വളളിതോട് കടന്ന് വയലിലെ അരയോളമെത്തിയ വെളളത്തിലൂടെ പത്ത് മിനിട്ട് നടന്നാലേ അക്കരെയെത്തൂ. വിശപ്പ് തുടങ്ങിയിട്ടുണ്ടാവും. വെളളത്തില്‍ കൈ കഴുകി തലയില്‍ വെച്ചിട്ടുളള ചീരണി പാത്രത്തില്‍ നിന്ന് പത്തിരിയും ഇറച്ചിയും എടുത്തു തിന്നുകൊണ്ടാണ് വയലിലെ വെളളം കടന്നു പോവല്‍. അതൊരു സുഖമുളള യാത്രയാണ്, മറ്റു വഴിയാത്രക്കാര്‍ വരുമ്പോള്‍ തീറ്റ നിര്‍ത്തും. വീട്ടില്‍ ഉമ്മുമ്മയും ഉമ്മയും അമ്മാവന്‍മാരും മറ്റും കാത്തു നില്‍പ്പുണ്ടാവും. അന്നത്തെ കത്തലടക്കല്‍ ചീരണികൊണ്ടാണ്. ഇറച്ചിയും പത്തിലും മോശമായാല്‍ ഉമ്മുമ്മ പളളിക്കമ്മിറ്റിക്കാരുടെ മേല്‍ ശാപവാക്കുകള്‍ കൊണ്ട് ചൊരിയും.


മജീദ് രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞതാണ്. നല്ല ക്ഷീണവുമുണ്ട്. വീട്ടില്‍ തന്നെ കൂടിയാല്‍ ഇറച്ചിയും പത്തലും കുശാലായി അടിക്കാം. പക്ഷേ നബീസുമ്മ വിടില്ല. മജീദിന് കുളിക്കാനുളള ചൂടുവെളളവും സോപ്പും തോര്‍ത്തും റഡിയാക്കി വെച്ചിട്ടുണ്ടാവും. സ്‌ക്കൂളില്‍ പോവാതിരിക്കാന്‍ പറ്റില്ല. നബീസുമ്മാന്റെ നിര്‍ബന്ധമാണ്. അന്ന് അഞ്ചാം ക്ലാസിലാണ് മജീദ് പഠിച്ചുകൊണ്ടിരുന്നത്. വീട്ടില്‍ നിന്ന് സ്‌ക്കൂളിലെത്താന്‍ മുക്കാല്‍ മണിക്കൂറെങ്കിലും വേണം. അന്ന് കൂട്ടുകാരൊക്കെ നേരത്തേ പോയ്ക്കഴിഞ്ഞു. ഇനി തനിച്ചു പോവണം. മടിയുണ്ടെങ്കിലും ഉമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്‌ക്കൂള്‍ ബാഗുമെടുത്ത് സ്‌ക്കൂളിലേക്ക് ഓട്ടം വെച്ചു കൊടുത്തു.


(തുടരും)



Keywords: Kookanam-Rahman, Article, Kerala, Celebrations, School, Food, Majeed, Pathiri and beef.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia