Innovation | ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തത് കേരളത്തിൽ! ചാലക്കുടിയിൽ നിന്നുള്ള വിപ്ലവം
ലവ് ബേഡ് എന്നായിരുന്നു കാറിന്റെ പേര്
1993-ൽ വികസിപ്പിച്ചെടുത്തു
ഡോൺ ജോസഫ്
(KVARTHA) മലയാളികൾക്ക് കാറുകളോട് പ്രത്യേകിച്ച് ഇഷ്ടം കൂടുതൽ ഉള്ളവരാണ്. റോഡുകളിൽ കൂടി നല്ലൊരു കാർ പോകുന്നത് കണ്ടാൽ അതിൽ കാര്യമായൊന്ന് ശ്രദ്ധിക്കുക മലയാളിയുടെ പൊതു സ്വഭാവത്തിൽപ്പെട്ടതാണ്. കാശ് ഉള്ളവരാണെങ്കിൽ എത്ര തുക മുടക്കിയാണെങ്കിലും പുതിയത് വാങ്ങാൻ ശ്രദ്ധിക്കാറുണ്ട്. അതിൽ കൂടുതലും മലയാളി സിനിമ നടന്മാർ തന്നെയാണ്. മമ്മൂട്ടിയും പൃഥിരാജും ഒക്കെ വലിയ കാർ സ്നേഹികളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പുതിയ മോഡൽ ഇറങ്ങിയാൽ അത് ഉടൻ കൈക്കലാക്കണമെന്ന് വിചാരിക്കുന്നവരാണ് ഇവരെപ്പോലെ പലരും.
ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കുന്നതിലും വലിയ പിശുക്കു കാണിക്കുന്നവരല്ല ഇവരൊന്നും. കാർ കമ്പനികൾക്ക് ഇഷ്ടപ്പെട്ട മാർക്കറ്റും ആകുന്നു അതുകൊണ്ട് തന്നെ ഈ കേരളം. ഇപ്പോൾ പുതിയ രീതിയിൽ ഇലക്ട്രിക്കാറുകളും വിപണിയിലെത്തുന്നുണ്ട്. പെട്രോൾ , ഡീസൽ വില വർദ്ധനവ് കാരണം പലരും ഇലക്ട്രിക്ക് കാറുകൾക്ക് പിന്നാലെയാണ് ഇന്ന്. ഇങ്ങനെ ഇലക്ട്രികാറുകളെ പറ്റി പറയുമ്പോൾ ആദ്യമായി ഇലക്ട്രിക് കാർ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തത് ഈ കൊച്ചുകേരളത്തിൽ നിന്നാണ് എന്ന് അറിയാതെ പോകരുത്. അത്തരത്തിൽ ഒരു അറിവ് പകരുന്ന കുറിപ്പാണ് ഇപ്പോൾ പൊതുസമൂഹത്തിൽ വൈറലാകുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇന്ത്യയിൽ ഇലക്ട്രിക്ക് കാറുകൾ ഇപ്പോൾ തരങ്കമായി മാറി എന്നത് സത്യം തന്നെയാണ് എന്നാൽ നമ്മളിൽ ചിലർക്ക് അറിയാത്ത ഒരു കാര്യമാണ് 1993 ൽ ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് കാർ നമ്മുടെ കേരളത്തിലെ ചാലക്കുടിയിലെ എഡ്ഡി ഇലക്ട്രിക് എന്ന സ്ഥാപനത്തിന്റെ ലവ് ബേഡ് എന്ന കാറാണ്. രണ്ടു സീറ്റുള്ള ലവ്ബേഡ് സ്റ്റീൽ ഷാസിയിൽ ഫൈബർ ഗ്ലാസിൽ നിർമിച്ചതായിരുന്നു. നഗര ഡ്രൈവിങ്ങിനായി രൂപകൽപന ചെയ്ത കൊച്ചു കാർ ഫുൾ ചാർജിങ്ങിൽ 60 കിലോമീറ്റർ ഓടുമായിരുന്നു (പെട്രോളിന് അന്ന് വലിയ വില ഇല്ലല്ലോ). ഇപ്പോഴത്തെ ആധുനിക ഇലക്ട്രിക് വാഹനങ്ങളെപ്പോലെ എഡിയും 6 മുതൽ 8 മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ആകും.
ചലച്ചിത്ര താരം ദിവ്യ ഉണ്ണിയാണ് പരസ്യമോഡൽ ആയിട്ട് വന്നത്. കയറ്റം കയറാൻ പര്യാപ്തമായത്ര കരുത്തുണ്ടായിരുന്നു എങ്കിലും 15 ഡിഗ്രിയിൽ കൂടുതൽ ഉള്ള ചരിവുള്ള കയറ്റം കയറാൻ പാടില്ല എന്നാണ് കമ്പനി പറഞ്ഞിരുന്നത്. ലവ് ബേഡിന് ലെഡ് ആസിഡ് ബാറ്ററിയായിരുന്നു അന്ന്. നമ്മൾ സാധാരണ കാറുകളിലുപയോഗിക്കുന്ന തരം ബാറ്ററി. ലിഥിയം അയൺ ബാറ്ററികളെപ്പറ്റി അക്കാലത്ത് ആരും കേട്ടിരുന്നില്ല. ഡിസി ഇലക്ട്രിക് മോട്ടറാണ് ഇവനേ ചലിപ്പിച്ചിരുന്നത്. പ്രായോഗികതയും ഒതുക്കവും ചെലവു കുറവുമായിരുന്നു.
ഇവന് ഓടിക്കാനും സുഖമായിരിക്കും ഇന്ന് vഇ വി ഓടിക്കുന്ന പലർക്കും അറിയാം അതിൻ്റെ പവർ. എന്തായാലും ലവ് ബേഡ് വാണിജ്യ വിജയമായിരുന്നില്ല. ലവ്‌ബേർഡിന്റെ വിൽപ്പന ഒരിക്കലും മൂന്നക്കം കടന്നില്ല എന്ന കാരണം കൊണ്ടാണ് ഇത് നിർത്തലാക്കേണ്ടി വന്നതും. കാലത്തിനു മുമ്പ് സഞ്ചരിച്ച എഡ്ഡി കമ്പനി. നമ്മുടെ കേരളത്തിന് സ്വന്തം എന്ന് ഓർത്ത് അഭിമാനിക്കാം'.
എന്തായാലും ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇന്നത്തെ പുതു തലമുറയ്ക്ക് വളരെ അറിവ് പകരുന്ന കാര്യമാണ്. ഇതിൻ്റെ ഫോട്ടോയും ഇപ്പോൾ വൈറലാകുന്നുണ്ട്. ഒരു ചെറിയ കുറിപ്പിൽ വലിയ കാര്യമാണ് പറഞ്ഞിരിക്കുന്നത്. ഇത് കാർ പ്രേമികൾക്ക് ഒരു പ്രചോദനമാകും എന്ന് കരുതുന്നു.
#electricvehicles #EV #India #Kerala #Lovebird #EddyElectric #innovation #history #technology