Bomb Scare | ബോംബ് ഭീഷണി: കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം കൊച്ചി-ബംഗളൂരു വിമാനം യാത്ര പുറപ്പെട്ടു
● സന്ദേശമെത്തിയത് എക്‌സ് അക്കൗണ്ടില്‍
● തുടര്‍ചയായ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു
കൊച്ചി: (KVARTHA) ബോംബ് ഭീഷണിയെ തുടര്‍ന്ന് കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം കൊച്ചി-ബംഗളൂരു വിമാനം യാത്ര പുറപ്പെട്ടു. യാത്രക്കാരെ അടക്കം പരിശോധനയ്ക്ക് വിധേയമാക്കി. വൈകിട്ട് ഏഴുമണിക്ക് കൊച്ചിയില്‍ നിന്നു ബംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയന്‍സ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയന്‍സ് എയറിന്റെ എക്‌സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്.
രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായരീതിയിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു. 15 മണിക്കൂറിനിടെ എട്ട് വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ചു വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു.
ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബൈ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. ഭീഷണിയെ തുടര്‍ന്ന് ഡെല്‍ഹിയില്‍ നിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനം ഫ്രാങ്ക് ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു.
കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ഇത് വ്യോമയാന കമ്പനികളെ കുഴക്കുന്നു. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്‍ വിമാനങ്ങള്‍ അടിയന്തരമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. മിക്ക സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
#BombThreat #AviationSecurity #KochiAirport #BengaluruFlight #AllianceAir #FlightSafety