Report | പെപ്‌സികോ, യൂണിലിവർ പോലുള്ള ഭീമന്മാർ ഇന്ത്യയിൽ വിൽക്കുന്നത് ഗുണനിലാവാരം കുറഞ്ഞ ഭക്ഷ്യ ഉത്‌പന്നങ്ങൾ! മികച്ചവ സമ്പന്ന രാജ്യങ്ങളിൽ മാത്രം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
● ഗ്ലോബൽ ആക്‌സസ് ടു ന്യൂട്രീഷൻ സൂചിക 2024 റിപ്പോർട്ട് ആണ് പുറത്തുവന്നത്.
● ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പോഷകമൂല്യമുണ്ട്.
● ഭക്ഷണത്തെക്കുറിച്ചുള്ള നിയമങ്ങൾ കർശനമാക്കേണ്ടത് ആവശ്യമാണ്.
ന്യൂഡൽഹി: (KVARTHA) ഗ്ലോബൽ ആക്‌സസ് ടു ന്യൂട്രീഷൻ സൂചിക 2024 റിപ്പോർട്ട് ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. കൊക്കകോള, മൊണ്ടെലെസ്, പെപ്‌സികോ, നെസ്‌ലെ, മാർസ്, യുണിലിവർ, കൊക്കകോള, പെപ്‌സി തുടങ്ങിയ ഭക്ഷ്യ ഭീമന്മാർ ഇന്ത്യ പോലുള്ള കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ആരോഗ്യകരമല്ലാത്തതും ഗുണനിലവാരം കുറഞ്ഞതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് വിൽക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഈ സൂചികയിൽ, ഒന്ന് മുതൽ അഞ്ച് വരെ സ്റ്റാറുകൾ നൽകിയാണ് ഉൽപ്പന്നങ്ങളെ വിലയിരുത്തിയത്. 3.5-ൽ കൂടുതൽ സ്റ്റാറുകൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ആരോഗ്യകരമാണെന്ന് കണക്കാക്കുന്നു. എന്നാൽ ഈ പഠനം വ്യക്തമാക്കുന്നത്, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സ്റ്റാറുകൾ ഉണ്ടെന്നാണ്. ശരാശരി, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് 2.3 സ്റ്റാറുകളും, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് 1.8 സ്റ്റാറുകളുമാണ് ഉള്ളത്.
ആരോഗ്യത്തെക്കുറിച്ച് ബോധവാരാകുന്നു
ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം വർധിച്ചതോടെ, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ പാക്കേജുചെയ്ത ഭക്ഷണ വ്യവസായം വലിയ വെല്ലുവിളി നേരിടുന്നു. ആളുകൾ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് കൂടുതൽ അവബോധവാന്മാരാകുന്നതോടെ, ഭക്ഷണ കമ്പനികൾ പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്താനും പുതിയ വിപണികൾ തേടാനും നിർബന്ധിതരായിരിക്കുന്നു.
ഇതിനകം തന്നെ പല ബഹുരാഷ്ട്ര കമ്പനികളും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളേക്കാൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ വരുമാനം നേടുന്നത്. യുണിലിവർ പോലുള്ള കമ്പനികളുടെ ബിസിനസിന്റെ 60% വളർന്നുവരുന്ന വിപണികളിൽ നിന്നാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഈ കമ്പനികൾക്ക് വലിയ സാധ്യതകൾ നൽകുന്നു.
വരുമാനത്തിൻ്റെ കാര്യത്തിൽ യുഎസിനുശേഷം യുണിലിവറിൻ്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. റെഡ് ലേബൽ, ബ്രൂക്ക് ബോണ്ട്, ലിപ്റ്റൺ, ഹോർലിക്സ്, ബൂസ്റ്റ്, ബ്രൂ, കിസാൻ, നോർ, ഹെൽമാൻസ്, ക്വാളിറ്റി വാൾസ്, മാഗ്നം തുടങ്ങിയ നിരവധി പ്രശസ്ത ബ്രാൻഡുകൾ ഇവരുടേതാണ്.
ആരോഗ്യത്തിൽ പിന്നിൽ
പഠനം അനുസരിച്ച്, ലോകത്തെ മുൻനിര ഭക്ഷണ-പാനീയ കമ്പനികളായ യൂണിലിവർ, കൊക്ക കോള, മൊണ്ടലെസ്, പെപ്‌സികോ തുടങ്ങിയവ ഇന്ത്യൻ വിപണിയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ പിന്നിലാണ്. 2030 ഓടെ ആരോഗ്യകരമായ ഉൽപ്പന്നങ്ങളിൽ നിന്നുള്ള വിൽപ്പന 50% ആക്കുക എന്ന ലക്ഷ്യത്തേക്കാൾ വളരെ ദൂരെയാണ് ഇവരുടെ നിലവിലെ സ്ഥിതി.
പഠനം വ്യക്തമാക്കുന്നത്, ഈ കമ്പനികളുടെ ആരോഗ്യകരമായ ഉൽപ്പന്നങ്ങളുടെ വിൽപ്പന 11% മുതൽ 38% വരെയാണ്. പെപ്‌സികോയ്ക്ക് 28%, നെസ്‌ലേക്ക് 25% എന്നിങ്ങനെയാണ് സ്ഥിതി. കൂടാതെ, ഉയർന്ന വരുമാനമുള്ള വിപണികളിലെ ഉൽപ്പന്നങ്ങളിൽ താഴ്ന്ന വരുമാനമുള്ള വിപണികളിലെ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് കൂടുതൽ പോഷകമൂല്യമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിയമങ്ങൾ കർശനമാക്കണം
പല കമ്പനികളും ഉൽപ്പന്നങ്ങളുടെ പോഷകമൂല്യം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇത് ലോകമെമ്പാടും ഒരുപോലെ നടപ്പാക്കപ്പെടുന്നില്ല. ഉദാഹരണത്തിന്, പെപ്സികോ പോലുള്ള കമ്പനികൾ ചില പ്രത്യേക രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് മാത്രം പോഷകമൂല്യം വർദ്ധിപ്പിക്കാനുള്ള ലക്ഷ്യം വെക്കുന്നു. എന്നാൽ, ആരോഗ്യകരമായ ഭക്ഷണം എന്താണെന്നതിനെക്കുറിച്ച് എല്ലാ രാജ്യങ്ങളിലും ഒരേ നിർവചനം ഇല്ലാത്തതിനാൽ, ഈ ശ്രമങ്ങൾ പലപ്പോഴും പോരായ്മകളുള്ളതാണ്.
വിദഗ്ധർ പറയുന്നത്, ഏത് ഭക്ഷണമാണ് ആരോഗ്യകരം, ഏത് ഭക്ഷണമാണ് ആരോഗ്യകരമല്ലാത്തത് എന്ന് വ്യക്തമാക്കുന്ന നിയമങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നാണ്. ഇല്ലെങ്കിൽ, അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇന്ത്യയിലെ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് കൃത്യമായി പറയണം എന്നാണ് പുതിയ നിയമം. കഴിക്കുന്ന ഭക്ഷണത്തിൽ എത്രത്തോളം ഈ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു എന്നറിയാൻ ഇത് സഹായിക്കും.
#GlobalNutritionReport #India #foodindustry #unhealthyfood #health #nutrition #Pepsi #Unilever