Tax Decision | 2,000 രൂപയ്ക്ക് താഴെയുള്ള ഓണ്‍ലൈന്‍ ഇടപാടിന് 18% ജിഎസ്ടി നിരക്ക് ഉടന്‍ ഈടാക്കില്ല
ന്യൂഡല്‍ഹി: (KVARTHA) ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി (GST) നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന തീരുമാനം ജിഎസ്ടി കൗണ്‍സില്‍ യോഗം മാറ്റിവച്ചു. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ നിലവിലെ 18% ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചു.
ബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ നേരത്തെ ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പോളിസി ഉടമകളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനാണ് ഇത്തരത്തിലൊരു ആവശ്യം ഉയര്‍ന്നത്. എന്നാല്‍, ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം മാറ്റിവച്ചു.
2000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍:
2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളില്‍നിന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് സേവനദാതാക്കള്‍ നേടുന്ന വരുമാനത്തിന് 18% ജിഎസ്ടി ഈടാക്കണമെന്ന നിര്‍ദേശം തല്‍ക്കാലം നടപ്പാക്കില്ല. ഈ വിഷയം പരിശോധിക്കാന്‍ ഫിറ്റ്മെന്റ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ പറഞ്ഞു. ജിഎസ്ടി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കമ്മിറ്റിയാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തുടര്‍ തീരുമാനങ്ങള്‍. 2,000 രൂപയ്ക്ക് താഴെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിന്മേലുള്ള വരുമാനത്തിന് 18% ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് അടുത്ത യോഗത്തില്‍ ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും.
ഹെലികോപ്റ്റര്‍ സര്‍വീസും ഗവേഷണ ഗ്രാന്റും:
ഷെയറിങ് അടിസ്ഥാനത്തില്‍ തീര്‍ഥാടനത്തിനും ടൂറിസത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളുടെ ജിഎസ്ടി 18%ല്‍ നിന്ന് 5% ആയി കുറച്ചു. എന്നാല്‍, ചാര്‍ട്ടേഡ് ഹെലികോപ്റ്റര്‍ സേവനങ്ങള്‍ക്ക് 18% ജിഎസ്ടി തുടരും.
സര്‍വകലാശാലകള്‍ക്ക് ഗവേഷണ-വികസന (ആര്‍ ആന്‍ഡ് ഡി) പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന ഗ്രാന്റിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കും.
വാഹന സീറ്റുകള്‍:
കാറുകളുടെ സീറ്റിനുള്ള ജിഎസ്ടി 18%ല്‍ നിന്ന് 28% ആയി ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍, ടൂവീലര്‍ സീറ്റുകളുടെ ജിഎസ്ടി 28%ല്‍ നിന്ന് കുറയ്ക്കണമെന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല.
#GST #India #tax #insurance #economy #finance