Inauguration | കണ്ണൂർ കെൽട്രോണിൽ ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 
Kerala Unveils India's First Supercapacitor Manufacturing Unit
Kerala Unveils India's First Supercapacitor Manufacturing Unit

Photo: Arranged

● സൂപ്പർ കപ്പാസിറ്റർ നിർമ്മാണത്തിന് ഐഎസ്ആർഒ സാങ്കേതിക സഹായം നൽകി.
● ഈ പദ്ധതിയിൽ 42 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
● ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ കഴിയും.

കണ്ണുർ: (KVARTHA) 1974ൽ ആരംഭിച്ച കെൽട്രോൺ രാജ്യത്താകമാനമുള്ള വിവര സാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ് രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്ല്യാശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്‌സ് ലിമിറ്റഡിൽ (കെസിസിഎൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നത് എന്നത് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. കേരളത്തിന് ഇതുപോലെ ഒട്ടേറെ പ്രത്യേകതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഐടി പാർക്ക് കേരളത്തിലാണ്. രാജ്യത്തിലെ ആദ്യത്തെ ഗ്രാഫീൻ കേന്ദ്രം, ആദ്യത്തെ ഡിജിറ്റൽ യൂനിവേഴ്‌സിറ്റി, ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ കേരളത്തിലാണ്. 

രാജ്യത്തിലെ പ്രഥമ ജെൻ എഐ കോൺക്ലേവ് നടന്നത് കേരളത്തിലാണ്. സൂപ്പർ കപ്പാസിറ്റർ നിർമ്മാണ പദ്ധതിയിൽ കെൽട്രോണുമായി സഹകരിച്ച ഐഎസ്ആർഒക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. 42 കോടി രൂപ ചെലവഴിച്ചാണ് സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെൽട്രോൺ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർച്ചയിലേക്ക് നയിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ നാടിനെ ഇലക്ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ് ആക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

Inauguration

അതിന് നിലവിലുള്ള ഉത്പാദന ശേഷി വിപുലീകരിക്കണം. ഉൻപാദന ഉപാധികൾ നവീകരിക്കണം. അതിനെല്ലാം സഹായകമാവും വിധത്തിൽ ആയിരം കോടിയുടെ അധിക നിക്ഷേപം ഇലക്‌ട്രോണിക്‌സ് മേഖലയിൽ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. കേരളത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ് ആക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ കെൽട്രോണിനാണ് സാധിക്കുക. അതിന് പ്രാപ്തമാക്കാൻ കെൽട്രോണിനെ കാലോചിതമായി നവീകരിക്കാനായി 395 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അതിൽ പല പദ്ധതികളും പൂർത്തീകരണത്തോട് അടുക്കുകയാണ്. 

കെൽട്രോണിന്റെ കരകുളം യൂനിറ്റിനെ പവർ ഇലക്‌ട്രോണിക്‌സിന്റെ ഭാഗമാക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ്. കേരളത്തെ ഇലക്‌ട്രോണിക് ഹബാക്കി മാറ്റുന്നതിന്റെ ഭാഗമായി ദേശീയപാതകളെ ബന്ധിപ്പിച്ച് ഐടി കൊറിഡോർ ഒരുക്കുന്നതിന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആമ്പല്ലൂരിൽ ഇലക്‌ട്രോണിക്‌സ് ഹാർഡ്‌വെയർ മാനുഫാക്ചറിംഗ് പാർക്ക് സ്ഥാപിക്കുകയാണ്. കേരളത്തിൽ നിലവിലുള്ള ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനികൾക്ക് സഹായകമാവും വിധം ഇലക്‌ട്രോണിക്‌സ് കോംപണൻറ്‌സ് ഇക്കോസിസ്റ്റം രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. ഇതിനായി ചെറുകിട മാനുഫാക്ചറിംഗ് ക്ലസ്റ്ററും ടെസ്റ്റിംഗ് സൗകര്യവും ലാബുകളും ടൂൾ റൂമുകളും ഒരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ് ആരംഭിക്കുന്ന പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിന് സാധിക്കും.

ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന ഇവ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. 

രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐ.എസ്.ആർ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർകപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉൽപാദന ശേഷി. ഇതോടെ കെ.സി.സി.എൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്‌സ് കോംപണന്റ്‌സ്  ഉൽപാദകരിലൊന്നായി മാറി കഴിഞ്ഞു.

കെസിസിഎൽ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പ്ലാൻറിന്റെ പ്രവർത്തനം നോക്കികണ്ടു. ഉദ്ഘാടന ചടങ്ങിൽ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കെൽട്രോൺ ചെയർമാൻ എൻ നാരായണ മൂർത്തി പദ്ധതി വിശദീകരിച്ചു. മുൻ മന്ത്രി ഇ പി ജയരാജൻ വിശിഷ്ടാതിഥിയായി. എം വിജിൻ എം എൽ എ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെസിസിഎൽ എം ഡി കെ ജി കൃഷ്ണകുമാർ, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, സ്പാറ്റൊ മേഖല സെക്രട്ടറി വിനോദൻ പൃത്തിയിൽ, കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ യൂണിറ്റ് സെക്രട്ടറി കെ സുന്ദരൻ എന്നിവർ സംസാരിച്ചു.
 

#supercapacitor #keltron #kerala #india #manufacturing #electronics #electricvehicles #defense #technology #business

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia