Controversy | വൈദ്യുതി നിരക്ക്: കെഎസ്ഇബിയുടെ തീരുമാനങ്ങളും പരിഷ്‌കാരങ്ങളും മന്ത്രി അറിയണമെന്നില്ലെന്ന് കെ കൃഷ്ണന്‍കുട്ടി
● കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങാമായിരുന്ന കരാര്‍ റദ്ദാക്കിയതില്‍ ദുരൂഹത.
● എഐടിയുസിയും നിരക്ക് വര്‍ധനക്കെതിരെ രംഗത്തുവന്നിരുന്നു.
● കോണ്‍ഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
തിരുവനന്തപുരം: (KVARTHA) കെഎസ്ഇബിയുടെ തീരുമാനങ്ങളും പരിഷ്‌കാരങ്ങളും മന്ത്രി അറിയണമെന്നില്ലെന്ന് വൈദ്യുതി നിരക്ക് വര്‍ധനവില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നടപ്പാക്കിയതാണെന്നും സ്വതന്ത്ര കമ്പനിയെന്ന നിലയില്‍ കെഎസ്ഇബിയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ എ കെ ബാലന്റെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തിപരമായി തന്നെ ലക്ഷ്യം വച്ച് നടത്തിയ വിമര്‍ശനങ്ങളെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി കമ്പനിയാക്കിയ ശേഷം ദൈനംദിന ഇടപെടലുകളില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. അധിക വൈദ്യുതി വാങ്ങുന്നതില്‍ അദാനിയുമായുള്ളത് രണ്ട് ഹ്രസ്വ കരാറുകളാണെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പറഞ്ഞ് എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു. ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം റഗുലേറ്ററി കമ്മീഷനാണെന്നും ബാലന്‍ വിമര്‍ശിച്ചു. വൈദ്യുതി വകുപ്പും മന്ത്രിയും പലതും അറിയുന്നില്ല. വൈദ്യുതി കമ്പനികളുമായുള്ള യു.ഡി.എഫ് ദീര്‍ഘകാല കരാര്‍ ക്രമവിരുദ്ധമായിരുന്നെങ്കിലും അത് റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത് വീണ്ട് വിചാരമില്ലാതെയാണ്. പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെയുള്ള തീരുമാനം വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയിലെത്തിച്ചുവെന്നും ബാലന്‍ വിമര്‍ശിച്ചു.
വിഷയത്തില്‍ വിമര്‍ശനവും പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങാമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അദാനിയില്‍ നിന്ന് വൈദ്യുതിവാങ്ങാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രവര്‍ത്തകസമിതി അംഗം രമേഷ് ചെന്നിത്തലയും ആരോപിച്ചു.
നേരത്തെ ഭരണാനുകൂല തൊഴിലാളി സംഘടനയായ എഐടിയുസിയും നിരക്ക് വര്‍ധനക്കെതിരെ രംഗത്തുവന്നിരുന്നു. അതേസമയം, വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
#KeralaPolitics #ElectricityTariff #KSEB #Kkrishnankutty #AKBalan #RegulatoryCommission