Delay | കേരളത്തിൽ നിന്നുള്ള വിദേശ മദ്യ കയറ്റുമതിക്ക് എന്താണ് തടസം? വിദഗ്‌ധ സമിതിയുടെ ശുപാർശകൾക്ക് അംഗീകാരം വൈകുന്നു; നടപടിയുണ്ടായാൽ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുമെന്ന് നിർമാതാക്കൾ
കേരളത്തിലെ ഡിസ്റ്റിലറി യൂണിറ്റുകളിൽ 60% ഉൽപാദന ശേഷിയുണ്ട്
അജോ കുറ്റിക്കൻ
തിരുവനന്തപുരം: (KVARTHA) കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിൻ്റെ കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള വിദഗ്‌ധ സമിതിയുടെ ശുപാർശകൾക്ക് അംഗീകാരം വൈകുന്നു. സംസ്ഥാനത്ത് നിന്നുള്ള മദ്യ കയറ്റുമതി വർധിപ്പിക്കുന്നതിന് അബ്കാരി നയത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.
എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം പിന്നിട്ടിട്ടും നടപടി ഇഴയുകയാണെന്നാണ് ആക്ഷേപം. വിദഗ്‌ധ സമിതിയുടെ ശുപാർശ നടപ്പാക്കുന്നതോടെ പുതിയ പരിഷ്‌കാരങ്ങളും സംരംഭങ്ങളുമുണ്ടാകും. ഇതിലൂടെ സംസ്ഥാനത്തിന് വിദേശ മദ്യ കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കാൻ കഴിയും. ശുപാർശ നടപ്പാക്കിയാൽ സർക്കാരിന് വൻ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നുമാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് നിന്ന് വിദേശ മദ്യം കയറ്റുമതി ചെയ്യാൻ 47 കമ്പനികൾക്ക് മാത്രമാണ് അനുമതി. എന്നാൽ മൂന്ന് കമ്പനികൾ മാത്രമാണ് ഇപ്പോൾ വിദേശ മദ്യ കയറ്റുമതി ചെയ്യുന്നത്. നിലവിലെ വിദേശ മദ്യ കയറ്റുമതി നയം മൂലമാണിത്. കേരളത്തിലെ ഡിസ്റ്റിലറി യൂണിറ്റുകളിൽ 60% ഉൽപാദന ശേഷിയുണ്ട്. 17 പ്രാദേശിക യൂണിറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് പൂർണ്ണമായി പ്രവർത്തിക്കുന്നത്. നിലവിൽ രാജ്യത്ത് കേരളത്തിൻ്റെ കയറ്റുമതി വിഹിതം 0.3 ശതമാനമാണ്.
ശേഷിക്കുന്ന 60 ശതമാനവും കൂടി വിനിയോഗിച്ചാൽ, സംസ്ഥാനത്തിന് 20 ലക്ഷം കെയ്സുകൾ കൂടി ഉൽപ്പാദിപ്പിക്കാനും ഇതുവഴി 3,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. കേരളത്തിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ കയറ്റുമതിക്ക് മാത്രമായതിനാൽ സംസ്ഥാനത്ത് ഉപഭോഗം വർദ്ധിക്കില്ലെന്ന് വിദേശ മദ്യ നിർമ്മാതാക്കൾ പറയുന്നു.
സംസ്ഥാനത്ത് നിന്നുള്ള വിദേശമദ്യ കയറ്റുമതി വർധിപ്പിക്കുന്നതിന് കയറ്റുമതി ലേബൽ അനുമതി ഫീസ്, ബ്രാൻഡ് രജിസ്ട്രേഷൻ ഫീസ്, എക്‌സ്‌പോർട്ട് പാസ് ഫീസ് എന്നിവയുടെ മൊത്തത്തിലുള്ള പുനർനിർമ്മാണത്തിന് കെഎസ്ഐഡിസിയുടെ മാനേജിംഗ് ഡയറക്ടർ നിർദ്ദേശിച്ച വിദഗ്ധ സമിതിയുടെ ശുപാർശയിൽ പറയുന്നു. കയറ്റുമതി പെർമിറ്റുകൾ നൽകുമ്പോൾ എല്ലാ പരിശോധനകളും മറ്റും ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ, വിദേശ മദ്യകയറ്റുമതിക്കായി എൻഒസി നേടുന്നതിനുള്ള വ്യവസ്ഥ നീക്കം ചെയ്യാനും കഴിയുമെന്നും ശുപാർശയിൽ പറയുന്നു.
#KeralaLiquorExport #KeralaEconomy #PolicyDelay #ExpertCommittee #Distilleries