കുറഞ്ഞവിലയ്ക്കു സവാള നല്‍കാമെന്നു വാഗ്ദാനം ചെയ്തു കേരളത്തിലെ വ്യാപാരികളില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തു; പുണെയില്‍ മലയാളി യുവാവ് അറസ്റ്റില്‍
Mar 10, 2021, 12:18 IST
പുണെ: (www.kvartha.com 10.03.2021) കുറഞ്ഞവിലയ്ക്കു സവാള നല്‍കാമെന്നു വാഗ്ദാനം ചെയ്തു കേരളത്തിലെ വ്യാപാരികളില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത മറുനാടന്‍ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിനിരയായവര്‍ പുണെ മലയാളി കൂട്ടായ്മയുടെ സഹായത്തോടെ നല്കിയ പരാതിയെത്തുടര്‍ന്ന് പുണെയിലെ ധനോരി കല്‍വട്ട് സ്കൈ സിറ്റിയില്‍ വാടകയ്ക്കു താമസിക്കുന്ന തൃശൂര്‍ പെരിങ്ങാവ് കുടുംബവേരുള്ള പരാഗ് ബാബു അറയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്വാസവഞ്ചന, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ പരാഗ് അറയ്ക്കലിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍നിന്നു തിരിഞ്ഞുമാറ്റിയ സവാളയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. രണ്ടു മാസം മുന്‍പ് സവാള വില കുത്തനെ കൂടിയപ്പോള്‍ കിലോയ്ക്ക് 13 രൂപ പ്രകാരം ടണ്‍ കണക്കിന് സവാള വില്ക്കാന് ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വയനാട് കമ്പളക്കാട് അഷറഫ് പന്ചാര, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എറണാകുളത്തെ വ്യാപാരി, കൊട്ടാരക്കരയിലെ ഷൈജു എന്നിവരാണ് പരാഗ് വിരിച്ച വലയില്‍ കുടുങ്ങിയവരില്‍ ചിലര്‍.
20 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് ഇവര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ലോറിയില്‍ സവാള ലോഡ് ചെയ്ത ചിത്രം മൊബൈലില്‍ അയച്ചുകൊടുത്ത ശേഷമാണ് അകൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ പരാഗ് ആവശ്യപ്പെട്ടിരുന്നത്. ലോഡ് എത്തിയപ്പോള്‍ മുഴുവന്‍ സവാളയും ചീഞ്ഞളിഞ്ഞു പുഴുക്കള്‍ അരിച്ച നിലയില്‍ ആയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യാപാരികള്‍ പറഞ്ഞു.
പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വയനാട്ടിലെ വ്യാപാരിയെ പുണെയില്‍ വിളിച്ചു വരുത്തുകയും നാസിക്കിലും മന്മാടിലെ സവാള കൃഷിയിടങ്ങളിലും മറ്റും കൊണ്ടുപോയി നല്ല സവാള തരാം എന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും ചതിക്കപ്പെടുമെന്നറിഞ്ഞ വ്യാപാരി കഴിഞ്ഞ മാസാവസാനം പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ കേസ് എടുക്കാന്‍ തയാറായില്ല.
ഇതിനിടെ പരാഗ് ചിലരെ അയച്ച് ഭീഷണിപ്പെടുത്താനും തുടങ്ങിയതായി ഇവര്‍ പറഞ്ഞു. പുണെ മലയാളി കൂട്ടായ്മ പ്രവര്‍ത്തകര്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം കഴിഞ്ഞ ദിവസം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തനിക്കു ലഭിച്ച 50 ടണ്‍ ഉപയോഗശൂന്യമായ സവാള ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടാന്‍ മാത്രം 2 ലക്ഷത്തോളം രൂപ ചെലവായതായി എറണാകുളത്തെ വ്യാപാരി പറഞ്ഞു.
കേരളത്തിലെ വ്യാപാരികളെ കൂടാതെ ഡെല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂകേരള റോഡ്വേയ്സിന് നാസികില്നിന്നു പല തവണ സവാള കയറ്റിയയച്ച വാഹനവാടക ഇനത്തില്‍ രണ്ടര ലക്ഷം രൂപ പരാഗ് നല്കാന് ഉണ്ടെന്ന് ഉടമ മാത്യു ചെറിയാന് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.