Demand | വിമാന യാത്രാനിരക്ക് വര്‍ധനവിനെതിരെ പ്രവാസി ഫെഡറേഷന്‍ പ്രതിഷേധ മാര്‍ച്
കണ്ണൂര്‍: (KVARTHA) യാതൊരു വ്യവസ്ഥയുമില്ലാത്ത വിമാന യാത്രാനിരക്ക് (Flight Rate) വര്‍ധനവുള്‍പെടെയുള്ള വിഷയങ്ങളില്‍ അനുകൂല തീരുമാനമുണ്ടാക്കാന്‍ പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് നിരന്തരമായി സമ്മര്‍ദം ചെലുത്തണമെന്ന് സിപിഐ ദേശീയ എക്‌സിക്യൂടീവംഗവും പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.പി സന്തോഷ് കുമാര്‍ എംപി. പ്രവാസി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ വിമാന യാത്രാനിരക്ക് വര്‍ധനവിനെതിരെ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനകംപനികള്‍ ടികറ്റ് നിരക്ക് എങ്ങനെയാണ് വര്‍ധിപ്പിക്കുന്നതെന്ന് യാതൊരു നിശ്ചയവുമില്ല. പല തവണ ഈ വിഷയമുള്‍പെടെ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടും മാറ്റമില്ല. സര്‍ക്കാരിനോട് ചോദിക്കുമ്പോള്‍ വളരെ യാന്ത്രികമായ മറുപടിയാണ് ലഭിക്കുന്നത്. ഡിമാന്റിനനുസരിച്ച് വില കൂടുന്നത് സ്വാഭാവികമാണെന്ന രീതിയിലാണ് അവര്‍ സംസാരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ പറ്റുന്നത് ഒരാളുടെ ഭാഗ്യം പോലെയിരിക്കുമെന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നഗ്‌നമായ ചൂഷണമാണ് നടക്കുന്നത്. ഇത്തരം നീക്കത്തിലൂടെ ആഘോഷ ദിവസങ്ങള്‍ പ്രവാസികള്‍ക്ക് ദുഃഖകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
യഥാര്‍ഥത്തില്‍ ലക്ഷക്കണക്കിന് മലയാളികളായ പ്രവാസികളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. എത്ര തവണ ഒരേ ആവശ്യം ഉന്നയിക്കാന്‍ സാധിക്കും അത്രയും തവണ ഉന്നയിച്ചിട്ടുമുണ്ട്. പക്ഷെ യാതൊരു ഫലവുമില്ല. പ്രയാസപ്പെട്ട് നില്‍ക്കുന്നതിന് പകരം ശക്തമായ സമരം നടത്തിയാല്‍ മാത്രമെ എന്തെങ്കിലും മാറ്റുണ്ടാകുയുള്ളു.
സംഘടനകള്‍ ഒത്തുചേര്‍ന്ന് നിരന്തര സമര്‍ദം ചെലുത്തേണ്ടത് അത്യാവശ്യമാണ്. കണ്ണൂര്‍ വിമാനത്താവളത്തെ സ്വകാര്യവത്കരിച്ച് അദാനിയെ ഏല്‍പിക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്. മോശപ്പെട്ട രീതിയിലാണ് കണ്ണൂര്‍ വിമാനത്താവളത്തെ കൈകാര്യം ചെയ്യുന്നത്. ഈ വിവേചനം അവസാനിപ്പിക്കുക തന്നെ വേണമെന്നും പി സന്തോഷ് കുമാര്‍ എം പി പറഞ്ഞു.
പ്രവാസി ജില്ലാ ജോയിന്റ് സെക്രടറി എ കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രടറി കെ വി ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ എക്‌സിക്യൂടീവംഗം വെള്ളോറ രാജന്‍, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജോ.സെക്രടറി വിജയന്‍ നണിയുര്‍, സംസ്ഥാന കമിറ്റിയംഗങ്ങളായ കുഞ്ഞില്ലത്ത് ലക്ഷ്മണന്‍, കെ പി രവീന്ദ്രന്‍, മുന്‍ ജില്ലാ പ്രസിഡന്റ് പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
#KeralaProtest #AirfareHike #PravasiFederation #IndiaNews #Aviation