Allegation | റിലയന്‍സ് പവറിന്റെ ഹരിത ഊര്‍ജ പദ്ധതികള്‍ക്ക് തിരിച്ചടി; ലേലം വിളിയില്‍ നിന്നും 3 വര്‍ഷത്തേക്ക് വിലക്ക്
ദില്ലി: (KVARTHA) റിലയന്‍സ് പവറിന്റെ ഹരിത ഊര്‍ജ പദ്ധതികള്‍ക്ക് തിരിച്ചടി. അനില്‍ അംബാനിയുടെ റിലയന്‍സ് പവറിനെ (Reliance Power) സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ (Solar Energy Corp. of India-SECI) അടുത്ത മൂന്ന് വര്‍ഷത്തേക്ക് വിലക്കി. അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ലിമിറ്റഡിനെയും അതിന്റെ അനുബന്ധ കമ്പനികളെയുമാണ് ടെന്‍ഡറുകളില്‍ ലേലം വിളിക്കുന്നതില്‍ നിന്ന് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്ഇസിഐ) വിലക്കിയത്. വ്യാജ ബാങ്ക് ഗ്യാരന്റി സമര്‍പ്പിച്ചതായി കണ്ടെത്തിയതോടെയാണ് വിലക്ക് നടപടി.
കഴിഞ്ഞ ജൂണില്‍ എസ്ഇസിഐ 1 ജിഗാവാട്ട് സോളാര്‍ പവറിനും 2 ഗിഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിനുമുള്ള ടെന്‍ഡര്‍ നടക്കുന്നതിന്റെ ഭാഗമായി ബിഡ്ഡുകള്‍ ക്ഷണിച്ചു. റിലയന്‍സ് പവറിന്റെ അനുബന്ധ സ്ഥാപനമായ ഇപ്പോള്‍ റിലയന്‍സ് എന്‍ യു ബിഇഎസ്എസ് ലിമിറ്റഡ് എന്നറിയപ്പെടുന്ന മഹാരാഷ്ട്ര എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച ബിഡിലെ പൊരുത്തക്കേടുകള്‍ കാരണം ഇത് റദ്ദാക്കി.
എന്നാല്‍, കമ്പനി പിന്നീട് ഒരു വിദേശ ബാങ്ക് ഗ്യാരന്റി സമര്‍പ്പിച്ചു. അതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മെയിലും അയച്ചു. എന്നാല്‍, എസ്ബിഐ ബാങ്ക് ഒരിക്കലും അത്തരത്തിലുള്ള പിന്തുണ നല്‍കിയിട്ടില്ലെന്നും വ്യാജ ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഇമെയില്‍ അയച്ചതെന്നും വിഷയത്തില്‍ എസ്ഇസിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഇതോടെ വ്യാജ ബാങ്ക് ഗ്യാരന്റി നല്‍കിയെന്നാരോപിച്ച് മൂന്നാം കക്ഷിയായ ഏജന്‍സിയെ ആണ് റിലയന്‍സ് കുറ്റപ്പെടുത്തിയത്. എന്നാല്‍ എസ്ഇസിഐയുടെ അന്വേഷണത്തില്‍ ഒരു മൂന്നാം കക്ഷിയെയും പരാമര്‍ശിച്ചിട്ടില്ല. ഇതോടെ റിലയന്‍സ് പവര്‍, റിലയന്‍സ് എന്‍ യു ബിഇഎസ്എസ് ലിമിറ്റഡ് എന്നിവയ്‌ക്കെതിരെ നടപടി എടുക്കാന്‍ എസ്ഇസിഐ തീരുമാനിക്കുകയായിരുന്നു
ബിസിനസ് വിജയങ്ങളുടെയും സമ്പത്തിന്റെയും നേട്ടങ്ങളാല്‍ മുകേഷ് അംബാനി നിത്യവും വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോള്‍ കടബാധ്യതയുടെയും ബിസിനസ് തകര്‍ച്ചയുടെയും പേരില്‍ വിഷാദ നായകനായിരുന്നു സഹോദരന്‍ അനില്‍ അംബാനി. ഓഗസ്റ്റില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അംബാനിയെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും 25 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ സെബിയെ ഒക്ടോബറില്‍ പിഴ ഈടാക്കുന്നത് തടഞ്ഞെങ്കിലും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്നുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
#ReliancePower #AnilAmbani #solarenergy #SECI #India #businessnews #corruption