ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കുറ്റക്കാര്‍ക്കെതിരെ 10,000 മുതല്‍ 1 കോടി രൂപ വരെ പിഴ; 3 വര്‍ഷം തടവും
Feb 15, 2022, 21:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 14.02.2022) ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കുറ്റക്കാര്‍ക്കെതിരെ 10,000 മുതല്‍ ഒരു കോടി രൂപ വരെ പിഴ. യുനീക് ഐഡന്റിഫികേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അവതരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നായ ആധാര്‍ പല സേവനങ്ങള്‍ക്കും വേരിഫികേഷനും നല്‍കുന്നുണ്ട്.
സര്‍കാര്‍ സബ്സിഡികള്‍ അടക്കം പല സേവനങ്ങളും ലഭിക്കണമെങ്കില്‍ ഈ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക തന്നെ വേണം. പല പോര്‍ടലുകളിലും വേരിഫികേഷനായും നമ്പര്‍ നല്‍കേണ്ടതായി വരുന്നു. ഒരു ഇന്‍ഡ്യന്‍ പൗരനെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. വോടര്‍ ഐഡി, പാന്‍ കാര്‍ഡ്, തുടങ്ങിയ മറ്റ് തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി ആധാര്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍, കഴിഞ്ഞ കുറച്ചു മാസങ്ങളായി ആധാര്‍ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് കൂടിയിട്ടുണ്ട്. ഇത്തരം കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
ഇത്തരം കേസുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആധാര്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ വന്‍ തുക പിഴ ചുമത്താന്‍ യുഐഡിഎഐക്ക് അടുത്തിടെ അനുമതി ലഭിച്ചിരുന്നു. 2021 നവംബറില്‍, ആധാര്‍ നിയമം ലംഘിക്കുന്നവരെ പ്രോസിക്യൂട് ചെയ്യാനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര സര്‍കാര്‍ യുഐഡിഎഐക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
2021 നവംബര്‍ രണ്ടിന് തന്നെ ഇത് സംബന്ധിച്ച് യുഐഡിഎഐ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നു. രാജ്യത്തെ നിയമമോ യുഐഡിഎഐയുടെ നിര്‍ദേശങ്ങളോ പാലിക്കുന്നതില്‍ ഒരു സ്ഥാപനമോ, വ്യക്തിയോ പരാജയപ്പെട്ടാല്‍ പരാതി നല്‍കാം. പരാതി ആധാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ വിവരങ്ങള്‍ യുഐഡിഎഐയ്ക്ക് കൈമാറുകയും ചെയ്യണം.
യുഐഡിഎഐ നിയമിച്ച, വിഷയം വിലയിരുത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ, വ്യക്തിക്കെതിരെ ഒരു കോടി രൂപ വരെ പിഴ ചുമത്താനും അനുമതിയുണ്ട്. 2021-ല്‍ ഏര്‍പെടുത്തിയ, യുഐഡിഎഐ നടപ്പിലാക്കുന്ന നിയമനിര്‍മാണം 2019-ലാണ് ആദ്യം പാസാക്കിയത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആധാര്‍ ദുരുപയോഗം ചെയ്യുന്ന കുറ്റക്കാരായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ യുഐഡിഎഐയ്ക്ക് അന്ന് വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല.
2019-ല്‍ പാസാക്കിയ നിയമത്തില്‍ സ്വകാര്യത സംരക്ഷിക്കുന്നതിനും യുഐഡിഎഐയുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതിനുമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഇതിനാലാണ് ആധാര്‍ നിയമത്തില്‍ പുതിയ ഭാഗങ്ങള്‍ ഉള്‍പെടുത്തിയത്.
ഇതിനുപുറമെ, തെറ്റായ ജനസംഖ്യാ വിവരങ്ങളോ ബയോമെട്രിക് വിവരങ്ങളോ നല്‍കി ആള്‍മാറാട്ടം നടത്തുന്നത് കുറ്റകരമാണെന്നും ആധാര്‍ നിയമം സൂചിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നയാള്‍ക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കും. ആധാര്‍ നമ്പര്‍ ഉടമയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങള്‍ മാറ്റി മറ്റൊരാളുടെ വിവരങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും ഇതിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കുമെന്നും യുഐഡിഎഐ വെബ്സൈറ്റില്‍ പറയുന്നുണ്ട്.
Keywords: Rs. 10,000 to Rs. 1 crore penalty to be slapped on violators of Aadhaar rules by UIDA, New Delhi, News, Business, Technology, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.