Certification | കേരള ബ്രാന്ഡ് സർട്ടിഫിക്കറ്റ് ലഭിച്ച ആറ് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾ ഇവയാണ്

 
Six Coconut Oil Manufacturing Units Receive Kerala Brand Certificate
Six Coconut Oil Manufacturing Units Receive Kerala Brand Certificate

Photo Credit: Facebook /P Rajeev

കേരളത്തിന്റെ തനത് ഉത്പന്നമായ വെളിച്ചെണ്ണയെയാണ് ആദ്യഘട്ടത്തിൽ ബ്രാന്ഡ് സർട്ടിഫിക്കേഷന് പരിഗണിച്ചത്. 

തിരുവനന്തപുരം: (KVARTHA) വ്യവസായ വാണിജ്യ വകുപ്പിന്റെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച ആറ് വെളിച്ചെണ്ണ (Coconut Oil) നിർമ്മാണ യൂണിറ്റുകൾക്ക് കേരള ബ്രാന്ഡ് (Kerala Brand) സർട്ടിഫിക്കറ്റ് ലഭിച്ചു. എംആർഎൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ- ആലപ്പുഴ (MRL Kuttanadan Coconut Oil, Alappuzha), കെഡിസൺ എക്സ്പെല്ലേഴ്സ്- കോട്ടയം (Kedison Expellers, Kottayam),  വരാപ്പെട്ടി കോക്കനട്ട് ഓയിൽ-എറണാകുളം (Varappetty Coconut Oil, Ernakulam), കെഎം ഓയിൽ ഇൻഡസ്ട്രീസ്-കണ്ണൂർ (KM Oil Industries, Kannur), അഞ്ചരക്കണ്ടി എഫ്എസ് സി ബാങ്ക് ലിമിറ്റഡിന്റെ സഹകാരി ഇൻറഗ്രേറ്റഡ് കോക്കനട്ട് പ്രൊസസിങ് പ്ലാന്റ്-കണ്ണൂർ (Sahakari Integrated Coconut Processing Unit, Kannur), കല്ലട്ര ഓയിൽ മിൽസ്-കാസർകോട് (Kallatra Oil Mills, Kasaragod) എന്നിവയാണ് ഈ സ്ഥാപനങ്ങൾ.

കേരളത്തിന്റെ തനത് ഉത്പന്നമായ വെളിച്ചെണ്ണയെയാണ് ആദ്യഘട്ടത്തിൽ ബ്രാന്ഡ് സർട്ടിഫിക്കേഷന് പരിഗണിച്ചത്. 25 അപേക്ഷകരിൽ നിന്ന് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച ആറു യൂണിറ്റുകളെയാണ് തെരഞ്ഞെടുത്തത്. മന്ത്രി പി രാജീവ് സർട്ടിഫിക്കറ്റുകൾ കൈമാറി.

ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ബ്രാൻ്റ് നെയിം ആയി കേരളം മാറാൻ പോകുന്നതിൻ്റെ തുടക്കമാണ് ഇതിലൂടെ സാധ്യമാകുന്നത്. പൂർണമായും കേരളത്തിൽ നിന്നും സംഭരിക്കുന്ന നാളികേരം/ കൊപ്ര മാത്രം ഉപയോഗിച്ച് കൊണ്ട്, കേരളത്തിൽ തന്നെ നിർമ്മിക്കുന്ന ഗുണമേന്മയുള്ള 6 വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കാണ് കേരള ബ്രാൻ്റ് ലൈസൻസുകൾ ഇന്ന് കൈമാറിയത്. സംസ്ഥാനത്തെ സംരംഭങ്ങളെ കേരള ബ്രാന്ഡ് ലഭിക്കുന്ന ഗുണനിലവാരത്തിലേക്ക് ഉയർത്തുകയാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരത്തിലും ധാർമ്മികതയിലും വിട്ടുവീഴ്ചയില്ലാത്ത ഉത്പന്നങ്ങളാണ് നാടിന് ആവശ്യം. ഇത് സാധ്യമാകുന്നതോടെ കേരള ബ്രാന്ഡ് അന്താരാഷ്ട്ര തലത്തിൽ ഉയർത്തപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വെളിച്ചെണ്ണ വിപണിയിൽ അംഗീകൃതമായ AGMARK, BIS 542:2018, എന്നീ സെർറ്റിഫിക്കേഷനുകളിൽ ഏതെങ്കിലും ഒരു സെർറ്റിഫിക്കേഷൻ ഉള്ളതും  UDYAM റെജിസ്ട്രേഷൻ  എടുത്തിട്ടുള്ള കേരളത്തിലെ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളെയാണ് പരിഗണിക്കുന്നത്. ഈ വ്യവസ്ഥകൾക്ക് പുറമെ കേരള ബ്രാൻഡിന് അപേക്ഷിക്കുന്ന എല്ലാ യൂണിറ്റുകളും കേരള ബ്രാൻഡിന് കീഴിൽ വിഭാവനം ചെയ്തിട്ടുള്ള ഗുണനിലവാരം, ധാർമ്മികത, ഉത്തരവാദിത്ത വ്യവസായ സമ്പ്രദായങ്ങൾ എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നവ ആയിരിക്കണം, മന്ത്രി വ്യക്തമാക്കി.

സാധാരണക്കാരായ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. വ്യവസായ സംരംഭങ്ങളിലൂടെ സംസ്ഥാനത്തെ തൊഴിലവസരങ്ങളും ഉത്പാദനക്ഷമതയും വർധിപ്പിക്കുകയെന്നതും ലക്ഷ്യമിടുന്നു. കേരള ബ്രാന്ഡ് നൽകുന്നതിലൂടെ കമ്പോളത്തിലെ അധാർമ്മികത ഒഴിവാക്കാന്‍ സാധിക്കും. തെരഞ്ഞെടുത്ത 14 ഓളം ഉത്പന്നങ്ങൾ എത്രയും വേഗം വിപണിയിലേക്ക് കൊണ്ടുവരാനും കേരള ബ്രാന്ഡ് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരത്തിനും ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യാതെ ഒരു സംസ്ഥാനം ഉത്പന്നങ്ങൾക്ക് ബ്രാന്ദ് നൽകുന്ന പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് സ്വാഗതം ആശംസിച്ച വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ്. ഹരികിഷോർ പറഞ്ഞു.

ചടങ്ങിൽ കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, പബ്ലിക്ക് സെക്ടർ ട്രാന്‍സ്ഫര്‍മേഷന്‍ ബോർഡ് എക്സിക്യുട്ടീവ് ചെയർമാൻ അജിത് കുമാർ കെ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എ നിസാറുദ്ദീൻ, ഫോറിൻ ട്രേഡ് അസി. ഡയറക്ടർ ജനറൽ ഹസൻ ഉസൈദ് എൻ.എ, കെ-ബിപ് സിഇഒ സൂരജ് എസ്, നാളികേര വികസന ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ഡി.എസ്, ബിഐഎസ് ജോയിന്‍റ് ഡയറക്ടർ സന്ദീപ് എസ് കുമാർ എന്നിവർ സംസാരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡീ. ഡയറക്ടർ രാജീവ് ജി. ചടങ്ങിന് നന്ദി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia