ഒത്തുപിടിച്ചാൽ മലയും പോരും: വനിതാ കൂട്ടായ്മയുടെ സംരംഭകത്വ വിജയം


● പങ്കാളികൾക്ക് നല്ല വരുമാനം ലഭിച്ചു.
● ഡൽഹിയിൽ നിന്നുള്ളവർ കാന്റീൻ സന്ദർശിച്ച് അഭിനന്ദിച്ചു.
● പിന്നീട് ഓരോരുത്തരും സ്വന്തമായി സംരംഭങ്ങൾ തുടങ്ങി.
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം ഭാഗം -55
(KVARTHA) പുതിയ സംരംഭങ്ങളിലൂടെ സ്ത്രീ സഹോദരിമാരെ പരിചയപ്പെടുത്തുക എന്നതായിരുന്നു എൻ്റെ ചിന്ത. പരിശീലനത്തിനെത്തുന്നവരുടെ കഴിവുകൾ ചോദിച്ചറിഞ്ഞു. പുതിയ കഴിവുകളുള്ളവരെ കണ്ടെത്തിയാൽ, അത് മറ്റുള്ളവർക്കും പകർന്നു നൽകാനാകുമോ എന്ന് ആരാഞ്ഞു. അതിനായുള്ള ചെലവ്, ദൈർഘ്യം, പ്രതീക്ഷിക്കുന്ന അലവൻസ് എന്നിവയും ചോദിച്ചറിഞ്ഞു. അങ്ങനെ പുതിയ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ചുരിദാർ, ബ്ലൗസ് കട്ടിംഗ് ആൻഡ് സ്റ്റിച്ചിംഗ് പരിശീലനത്തിനെത്തിയ സഹോദരിമാരുമായി സംസാരിച്ചിരിക്കെ ഒരു ആശയം ഉടലെടുത്തു.
'നമുക്കൊരു വനിതാ കാന്റീൻ തുടങ്ങിയാലോ?' ഒരാൾ ചോദിച്ചു. നാലഞ്ചുപേർ അതിനെ പിന്തുണച്ചു. നീലേശ്വരത്ത് അതിനൊരു സാധ്യതയുണ്ടെന്ന് എനിക്കും തോന്നി. 2000-ലാണ് ഈ ചിന്ത വന്നത്. പാൻടെക്കിന് അടുത്തായി റോഡ് സൈഡിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു കെട്ടിടമുണ്ടായിരുന്നു. അത് ആരുടേതാണെന്ന് അന്വേഷിച്ചപ്പോൾ കൂട്ടത്തിലൊരു സ്ത്രീ പറഞ്ഞു, 'അത് എൻ്റേതാണ്.' അപ്പോഴേക്കും കാര്യം നടക്കുമെന്ന് ഉറപ്പായി. കാന്റീൻ തുടങ്ങാൻ താല്പര്യമുള്ളവർ വീട്ടിൽ ചോദിച്ച് നാളെ വരണം. അവരുടെ മീറ്റിംഗ് നടത്തി കാര്യങ്ങൾ തീരുമാനിക്കണം. സ്ഥലത്തിൻ്റെ ഉടമയായ സുശീലയും അതിലുണ്ടാവണമെന്ന് ഞാൻ നിർദ്ദേശിച്ചു. സുശീലയടക്കം ഏഴ് സ്ത്രീകൾ മുന്നോട്ടുവന്നു. അവർ ചർച്ച ചെയ്തു. കെട്ടിടം സൗജന്യമായി നൽകാമെന്ന് സുശീലയുടെ വീട്ടുകാർ സമ്മതിച്ചു. പക്ഷേ, അറ്റകുറ്റപ്പണികൾ ചെയ്യണം, ഇരിപ്പിട സൗകര്യങ്ങളുണ്ടാക്കണം, പാത്രങ്ങൾ സംഘടിപ്പിക്കണം. ലളിതമായി തുടങ്ങാം. അത്യാവശ്യത്തിന് 20,000 രൂപ വേണം. ഓരോരുത്തരും 3,000 രൂപ അഡ്വാൻസ് നൽകണം. ഒരു മാസത്തെ പ്രവർത്തനം നോക്കി ശമ്പളം തീരുമാനിക്കാം. ഏഴുപേരും ഒരേപോലെ പ്രവർത്തിക്കണം. രാവിലെയും വൈകീട്ടും ചായയും പലഹാരങ്ങളും, ഉച്ചയ്ക്ക് കഞ്ഞിയും ആവാം എന്ന് തീരുമാനിച്ചു. സുശീലയെ കാന്റീൻ കൺവീനറായി നിശ്ചയിച്ചു.
നീലേശ്വരത്ത് അന്ന് വനിതാ കാന്റീനുകളില്ലായിരുന്നു. അതുകൊണ്ട് തന്നെ ആളുകൾ അവിടെനിന്നും ഭക്ഷണം കഴിക്കാൻ വന്നുതുടങ്ങി. വീട്ടിലെ ഭക്ഷണത്തിൻ്റെ രുചിയാണെന്ന് പ്രചാരം കിട്ടി. പ്രാദേശിക പച്ചക്കറികളും കുത്തരി കഞ്ഞിയുമൊക്കെ ആളുകൾക്ക് ഇഷ്ടമായി. അഞ്ചാറു മാസത്തിനുള്ളിൽ 'പാൻടെക് വനിതാ കാന്റീൻ' പ്രശസ്തമായി. പങ്കാളികൾക്ക് നല്ല വരുമാനവും കിട്ടിത്തുടങ്ങി. ആചാര്യ വിനോബാ ഭാവേ നാഷണൽ വളണ്ടിയർ അവാർഡിന് എൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് ആളുകളെത്തി എന്നെക്കുറിച്ച് അന്വേഷിച്ചു. അവരെന്നെ കാണാൻ വന്നപ്പോൾ ഉച്ചയായിരുന്നു. ഞാനവരെയും കൂട്ടി കാന്റീനിലെത്തി. അവിടെ നിറയെ ആളുകളുണ്ടായിരുന്നു. തിരക്ക് കഴിഞ്ഞപ്പോൾ അവർ കഞ്ഞി ഓർഡർ ചെയ്തു. ചക്കക്കുരു ഉപ്പേരി, തകരയില വറവ്, മാങ്ങാ പച്ചടി, പപ്പടം, അച്ചാർ എന്നിവയോടെ കഞ്ഞി കഴിച്ചു. കാന്റീൻ പ്രവർത്തകരെ അഭിനന്ദിച്ചു, ഫോട്ടോയെടുത്തു നന്ദി പറഞ്ഞു പോയി. ഡൽഹിയിലെ അവാർഡ് ചടങ്ങിൽ പോലും അവരതിനെക്കുറിച്ച് സംസാരിച്ചു. ഒന്നിച്ച് അധ്വാനിച്ചതിൻ്റെ ഫലം എല്ലാവരും അറിഞ്ഞു. നാലഞ്ചു വർഷം അത് അവരുടെ ഉപജീവനമാർഗ്ഗമായിരുന്നു. പിന്നീട് ഓരോരുത്തരും സ്വന്തമായി തുടങ്ങാനുള്ള ചിന്തയിലേക്ക് എത്തി. ലാഭം പങ്കിടാതെ എടുക്കാമല്ലോ എന്ന ചിന്ത വന്നു. അതുവരെയുള്ള ലാഭം പങ്കിട്ടെടുത്തു. സ്വന്തമായി തട്ടുകടയോ കാന്റീനോ തുടങ്ങാനായി അവരവരുടെ വഴിക്ക് പോയി. സുശീല മാത്രം ആദ്യത്തെ കാന്റീനിൽ തുടർന്നു. സ്ഥലവും കെട്ടിടവും അവരുടേതായതുകൊണ്ട് അവർക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ടായില്ല. പാൻടെക്കിൻ്റെ അഭിമാനമായി ആ വനിതാ കാന്റീൻ മാറി.
പാൻടെക്കിൻ്റെ രജിസ്ട്രേഷൻ കഴിഞ്ഞു. മൂന്നു വർഷം കാത്തിരുന്നു. സന്നദ്ധ സംഘടനകൾക്കുള്ള സർക്കാർ സഹായങ്ങളെക്കുറിച്ച് അന്വേഷിച്ചു. പി ടി ബി സാറിനെ ബന്ധപ്പെട്ടു. വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടു. ഒരു പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടു - എയ്ഡ്സ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ കെ.എസ്.എ.സി.എസ്സുമായി ബന്ധപ്പെടുക. ഫോൺ നമ്പർ ഭാഗ്യവശാൽ ഉണ്ടായിരുന്നു. വിളിച്ചപ്പോൾ വിശദാംശങ്ങൾ നേരിട്ട് പറയാമെന്ന് പറഞ്ഞു. താല്പര്യമുണ്ടെങ്കിൽ 1999 ഫെബ്രുവരി 2, 3, 4 തീയതികളിൽ തൃശൂർ കിലയിൽ ശിൽപ്പശാലയുണ്ടെന്നും അറിയിച്ചു. ആദ്യത്തെ അവസരമായിരുന്നു അത്. രണ്ടുപേർക്ക് പങ്കെടുക്കാമായിരുന്നു. ഞാൻ തയ്യാറായി. ഒരാളെക്കൂടി വേണം. സുഹൃത്തുക്കളോട് ചോദിച്ചു, ആരും വന്നില്ല. അവസാനം ചെറുവത്തൂരിലെ ജയനുമായി ബന്ധപ്പെട്ടു. 'മാഷ് പറഞ്ഞതുകൊണ്ട് ഞാൻ വരാം' എന്ന് ജയൻ സമ്മതിച്ചു. അങ്ങനെ ഞാനും ജയനും തൃശൂരിലേക്ക് പോയി.
കിലയിലെത്തി. അവിടെ കുറേ ആളുകളുണ്ടായിരുന്നു. ആദ്യദിവസം രാത്രി ഏഴുമണിക്കാണ് പ്രോഗ്രാം തുടങ്ങിയത്. തിരുവനന്തപുരത്തുനിന്ന് കെ.എസ്.എ.സി.എസ്സിലെ ആളുകളെത്തി. ക്ലാസ് തുടങ്ങി. പങ്കെടുത്തവർക്ക് എയ്ഡ്സിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അതിനാൽ വിശദമായി ക്ലാസെടുത്തു. ഭക്ഷണവും താമസവും സർക്കാർ ചിലവിൽത്തന്നെയായിരുന്നു. മൂന്നുദിവസം കൊണ്ട് എയ്ഡ്സിനെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും പഠിച്ചു. താല്പര്യമുണ്ടെങ്കിൽ പ്രൊജക്ട് പ്രൊപ്പോസൽ ഫോം വാങ്ങാമെന്ന് നിർദ്ദേശിച്ചു.
അന്നത്തെ പദ്ധതിയുടെ പേര് പി.എസ്.എച്ച് പ്രൊജക്ട് എന്നായിരുന്നു - പാർട്ണർഷിപ്പ് ഹെൽത്ത് പ്രോജക്ട്. ലൈംഗിക തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്നിവരെ സഹകരിപ്പിച്ച് ബോധവൽക്കരണം നടത്തണം. പലർക്കും ലൈംഗിക തൊഴിലാളി എന്ന വാക്ക് പുതിയതായിരുന്നു. ക്രിസ്ത്യൻ, മുസ്ലിം സംഘടനകൾക്ക് ആ വാക്ക് ഇഷ്ടപ്പെട്ടില്ല. ചിലരൊക്കെ മാറിനിന്നു. 'കാണുന്നിടത്തുവച്ച് കാണാം' എന്ന ചിന്തയോടെ ഞങ്ങൾ ഫോം വാങ്ങി നാട്ടിലെത്തി. പ്രധാന പ്രവർത്തകരുമായി സംസാരിച്ചു. പൊതുജനം എങ്ങനെ പ്രതികരിക്കുമെന്ന ഭയമുണ്ടായിരുന്നു. പ്രൊപ്പോസൽ ഉണ്ടാക്കാൻ പല കാര്യങ്ങളും അറിയണമായിരുന്നു. എങ്കിലും അറിയാവുന്ന രീതിയിൽ തയ്യാറാക്കി അയച്ചു.
തിരുവനന്തപുരം ഓഫീസിൽ നിന്ന് മറുപടി വന്നു - പ്രൊപ്പോസലിൽ തെറ്റുകളുണ്ട്, തിരുത്തി അയച്ചാലേ അംഗീകരിക്കൂ. അതായിരുന്നു ആദ്യത്തെ അനുഭവം. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. അവരുടെ സഹായമില്ലാതെ ശരിയാക്കാനാവില്ലെന്ന് ഞാൻ പറഞ്ഞു. കാസർകോടിൻ്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം, തിരുവനന്തപുരത്തുനിന്ന് രണ്ടുപേർ നീലേശ്വരത്തെത്തി. ഞങ്ങളുടെ ചെറിയ ഓഫീസ് കണ്ടപ്പോൾ അവർക്ക് അത്ഭുതമായി. 'ഈ ഓഫീസ് പറ്റില്ല, മാറണം. കൗൺസിലിങ്ങിന് ഒരു മുറി, സ്റ്റാഫിന് വേറെ മുറി, മൂന്നു മുറികളുള്ള കെട്ടിടം വേണം' എന്നതായിരുന്നു അവരുടെ ആദ്യ നിർദ്ദേശം. നോക്കാമെന്ന് ഉറപ്പു കൊടുത്തു. അതിനുശേഷമാണ് അവർ പ്രൊപ്പോസൽ പൂരിപ്പിക്കാൻ സഹായിച്ചത്. അന്ന് വൈകുന്നേരം വരെ ഇരുന്ന് പ്രൊപ്പോസൽ ശരിയാക്കി അവർ കൊണ്ടുപോയി.
സ്ത്രീ കൂട്ടായ്മയുടെ ഈ വിജയഗാഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
Summary: This is the success story of a group of women in Neeleswaram who started and successfully ran the 'Pantek Women's Canteen'. The idea originated during a training session, and with a rent-free space and minimal investment, they achieved good income through their collective effort and the popularity of their home-style food.
#WomensEmpowerment, #Entrepreneurship, #KeralaSuccessStory, #WomenCollective, #SmallBusiness, #Neeleswaram