Cultural Revival | കലോത്സവ വേദിയിലെ പുതിയ താളവിസ്മയം: എന്താണ് പളിയ നൃത്തവും പണിയ നൃത്തവും?
● കുമളിയിലെ ആദിവാസി ജന വിഭാഗത്തിന്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം.
● മഴയ്ക്കുവേണ്ടിയും, രോഗശമനത്തിനായുമൊക്കെയായി അവതരിപ്പിച്ചിരുന്നു.
● മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് അവതരിപ്പിച്ചിരുന്നു.
● വയനാട്ടിലെ ചില വിഭാഗക്കാരുടെ തനത് കലാരൂപമാണ് പണിയ നൃത്തം.
● വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു.
● വിശേഷാവസരങ്ങളിലും ഒഴിവുസമയങ്ങളിലും അവതരിപ്പിക്കുന്നു.
മിന്റാ മരിയാ തോമസ്
(KVARTHA) സ്‌കൂള്‍ കലോത്സവം എന്നാല്‍ മലയാളികളായ നമുക്കൊക്കെ ഒരു പ്രത്യേക ആവേശവും സന്തോഷവും ആണ്. സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് എക്കാലവും അത് നല്ലൊരു ഓര്‍മ്മയും. കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അതൊരു ആഹ്‌ളാദകരമായ കാര്യവുമാണ്. സ്‌കൂള്‍ പഠനകാലത്തെ മനോഹരമായ ഓര്‍മ്മകളിലേക്കും, പുതിയ തലമുറയുടെ കലാപരമായ കഴിവുകളിലേക്കും വെളിച്ചം വീശുന്ന വേദിയാണത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒരുപാട് വ്യത്യസ്തങ്ങളായ കലകളും കലാരൂപങ്ങളുമൊക്കെ ദര്‍ശിക്കാനാവും. പ്രത്യേകിച്ച് കുട്ടികളുടെ നൃത്തങ്ങളിലൊക്കെ. മനസിനെ പിടിച്ചിരുത്തുന്ന പല തരം നൃത്തങ്ങള്‍ കലോത്സവ വേദികളില്‍ കാണാവും. പലതും ഒന്നിനൊന്ന് വിത്യസ്തങ്ങളുമാണ്. ഇത്തവണ സ്‌കൂള്‍ കലോത്സവത്തില്‍ അരങ്ങേറിയ നൃത്തങ്ങളായിരുന്നു പളിയ നൃത്തവും പണിയ നൃത്തവും. ഈ രണ്ട് നൃത്ത രൂപങ്ങളും തമ്മിലുള്ള വ്യത്യാസവും അവയുടെ ചരിത്രപരമായ പ്രാധാന്യവും പരിശോധിക്കാം.
പളിയ നൃത്തം:
കേരളത്തില്‍ ഇടുക്കി ജില്ലയിലെ കുമളിയില്‍ അധിവസിക്കുന്ന പളിയര്‍ എന്ന ആദിവാസി ജന വിഭാഗത്തിന്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും, രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്. മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് അവതരിപ്പിച്ചിരുന്ന നാടന്‍ കലയായ ഈ നൃത്തം ഇപ്പോള്‍ നാടന്‍ കലാമേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.
മാരിയമ്മയെ ആരാധിക്കുന്ന പളിയര്‍ അവരുടെ കുലദേവതയായ മാരിയമ്മയുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയ നൃത്തം. പളിയ വിഭാഗം ആരാധിക്കുന്ന അമ്മദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിനായി അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയ നൃത്തം എന്നും പറയുന്നു. മുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര, ജനക എന്നിവയാണ് പളിയ നൃത്തത്തില്‍ പശ്ചാത്തല സംഗീതത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.
പണിയ നൃത്തം:
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമാണ് പണിയ നൃത്തം. ഇത് വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയില്‍ നിന്നു കൊണ്ട് ചുവടുവയ്ക്കുന്നതിനാലാണ് വട്ടക്കളിക്ക് ആ പേര് വന്നത്. വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ കുടിലുകളില്‍ വട്ടക്കളി അവതരിക്കപ്പെടാറുണ്ട്. മൂന്നു പുരുഷന്‍മാര്‍ ചേര്‍ന്ന് കൊട്ടുന്ന തുടിയുടെ താളത്തില്‍ സ്ത്രീകള്‍ ചുവടുവെക്കുന്നതാണ് ഇതിന്റെ രീതി. ചീനി ഈത്തില്‍ വിദഗ്ധനായ മറ്റൊരാളും ഉണ്ടായിരിക്കും. മരണാനന്തര ചടങ്ങുകളില്‍ ഒഴികെ മറ്റവസരങ്ങളില്‍ സ്ത്രീ കളാണ് വട്ടക്കളി കളിക്കാറുളളത്.
കളിയുടെ സമയത്ത് സ്ത്രീകള്‍ നിരവധി പാട്ടുകള്‍ പാടാറുണ്ട്. കുഴലൂത്തുകാരനെയോ തുടികൊട്ടുന്നയാളെയോ അല്ലെങ്കില്‍ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കവയും. വീടുകളില്‍ മാത്രം കളിച്ചിരുന്ന വട്ടക്കളി ഇന്ന് വേദികളില്‍ അവതരിപ്പിക്കുന്നുണ്ട്. വയല്‍പണി (കമ്പളം) സമയത്ത് അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ് കമ്പളകളി. ഞാറ് പറിക്കുമ്പോഴും നടുമ്പോഴും പുരുഷന്‍മാര്‍ കൊട്ടുന്ന തുടിയുടെ താളത്തില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നു. തുടിയുടെയും, ചീനിയുടെയും ശബ്ദം സ്ത്രീകള്‍ക്ക് കുടൂതല്‍ ഉര്‍ജ്ജം നല്‍കുകയും ജോലി ആയാസരഹിതമാക്കുകയും ചെയ്യുന്നു.
പണിയരെ കൂടൂതല്‍ പണിയെടുപ്പിക്കുന്നതിന് ജന്മിമാര്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് മൂന്നും നാലും വയലുകള്‍ ഈ രീതിയില്‍ നട്ടു തീര്‍ക്കാറുണ്ട്. ജന്മിത്ത സമ്പ്രദായം അവസാനിച്ചതുകൊണ്ടും നാട്ടില്‍പ്പണി കുറഞ്ഞതുകൊണ്ടും തന്നെ കമ്പളകളി ഇന്ന് വയലുകളില്‍ അവതിരിപ്പിക്കേണ്ടി വരാറില്ല. കമ്പളക്കളിയിലെ പാട്ടുകളും തൂടി കൊട്ടുകാരനെയോ കുഴലൂത്തുകാരനെയോ കളിയാക്കിയുള്ളവയാണ്. കെട്ടുന്നതാണ് സ്ത്രീകളുടെ വേഷം. വീടുകളിലും വയലുകളിലും കളിക്കുന്നതുകൊണ്ടുതന്നെ വട്ടക്കളിക്കും കമ്പളകളിക്കും പ്രത്യേകിച്ച് വേഷമില്ല.
എങ്കിലും ഈ കലാരൂപങ്ങള്‍ വേദികളില്‍ അവതരിപ്പിക്കുന്ന അവസരത്തില്‍ പരമ്പരാഗത വേഷവും ആഭരണങ്ങളുമാണ് ഉപയോഗിക്കുന്നത്. നീളം കൂടിയ ചേല ശരീരത്തില്‍ ചുറ്റി അതിന്റെ രണ്ടറ്റങ്ങള്‍ മുന്നിലൂടെയും പിന്നിലൂടെയും എടുത്ത് വലതുവശത്ത് നെഞ്ചിന്റെ മുകളിലായി കെട്ടുന്നതാണ് സ്ത്രീകളുടെ വേഷം. അരയില്‍കെട്ടുന്ന തുണിയാണ് 'അരാട്ടി'. കറുപ്പും ചുവപ്പും നിറത്തിലുളള അരാട്ടികള്‍ ധരിക്കാറുണ്ട്. വാട്ടിച്ചുരുട്ടിയെടുത്ത ഓല, കുന്നിക്കുരുകൊണ്ട് നിര്‍ഷിച്ച ചൂതുമണി, മുരുളെ എന്നിവ കാതിലണിയുന്ന ആഭരണങ്ങളാണ്. കഴുത്തിലണിയുന്ന മുടെചുളു, കുറിക്കല്ലെ, നാണയതുട്ടുകള്‍ ചേര്‍ത്ത് കെട്ടുന്ന ബളളികല്ലെ, താലിക്കല്ലെ എന്നിവയും ധരിക്കാറുണ്ട്. മുണ്ടാണ് പുരുഷന്‍മാരുടെ വേഷം.
ഇവ രണ്ടും തനത് ഗോത്ര വിഭാഗങ്ങളുടെ നൃത്ത രൂപങ്ങളാണ്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ചരിത്രപരമായ പശ്ചാത്തലവുമുണ്ട്. ഇങ്ങനെയുള്ള നൃത്ത രൂപങ്ങള്‍ നമ്മുടെ നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ്.
#palliydance #panyadance #tribaldance #keralaculture #artsfestival #indigenous #heritage